ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കുക!! അല്ലെങ്കിൽ പണം ഗോവിന്ദ...

പെട്ടെന്ന് കടന്നു വരുന്ന രോഗങ്ങൾ നേരിടുന്നതിനുള്ള ചെറിയ പോംവഴിയാണ് ഹെൽത്ത് ഇൻഷുറൻസ്
Things to consider when taking out health insurance
health insurance
Updated on

ആഗ്രഹിക്കാതെ ജീവിതത്തിലേക്ക് കടന്നു വരുന്ന അതിഥികളാണ് അസുഖങ്ങൾ. ഇവ കാരണമുണ്ടാകുന്ന ചെലവ് താങ്ങുന്നത് സാധാരണക്കാർക്ക് വളരെ പ്രയാസകരവും. ഇതിൽ നിന്നു ചെറിയ ആശ്വാസം തന്നെയാണ് മുൻകൂട്ടിയുളള ഹെൽത്ത് ഇൻഷുറൻസ്. എന്നാൽ, അത് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുണ്ട്. അല്ലെങ്കിൽ അടച്ച പണത്തിന് മൂല്യമില്ലാതെയാവും.

എത്രയും നേരത്തെ ഇൻഷുറൻസ് എടുക്കുക

ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ, അസുഖം വരുന്നതു വരെ കാത്തിരിക്കേണ്ടതില്ല. ഏറ്റവും ആരോഗ്യത്തോടെയിരിക്കുന്ന സമയത്ത് തന്നെ ഇൻഷുറൻസ് ആരംഭിക്കണം. കാരണം, നിലവിലുള്ള അസുഖങ്ങൾക്ക് മിക്ക പദ്ധതികളിലും കവറേജ് ലഭിക്കാറില്ല. മാത്രമല്ല പ്രായവും ആരോഗ്യസ്ഥിതിയും അനുസരിച്ച് പ്രീമിയത്തിലും കുറവുണ്ടാകും.

മുറിവാടകയുടെ പരിധി അറിയുക

ഹെൽത്ത് ഇൻഷുറൻസ് പദ്ധതികളിൽ ഹോസ്‌പിറ്റൽ മുറിയുടെ വാടകയ്ക്ക് പരിധിയുണ്ടാകും. അത് എത്രയാണെന്ന് ചോദിച്ചറിയുക. അല്ലെങ്കിൽ മുറി വാടകയിൽ അധികമായി വരുന്ന തുക മാത്രമല്ല ആനുപാതികമായി വരുന്ന ചികിത്സാ ചിലവും നമ്മുടെ കൈയിൽ നിന്ന് ഈടാക്കും. സാധാരണഗതിയിൽ ഹെൽത്ത് കവറിന്‍റെ ഒന്നോ രണ്ടോ ശതമാനമായിരിക്കും മുറിവാടകയായി അനുവദിച്ചിട്ടുള്ള തുക.

ഇൻഷുറൻസ് ഏതൊക്കെ ആശുപത്രികളിൽ

ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെട്ടിട്ടുള്ള ഹോസ്‌പിറ്റൽ ശൃംഖലകൾ ഏതൊക്കെയെന്ന് മുൻകൂട്ടി മനസിലാക്കുക. അടുത്തുള്ളതും പോകാൻ സാധ്യതയുള്ളതുമായ ആശുപത്രികൾ ഈ ലിസ്റ്റിലുണ്ടെന്ന് ഉറപ്പുവരുത്തുക. ഇവയിൽ കാഷ്‌‌ലെസ് സംവിധാനം ഉണ്ടെന്നും ഉറപ്പാക്കുക. കാഷ്‌ലെസ് സംവിധാനം ഇല്ലെങ്കിൽ പണം കൈയിൽ നിന്ന് അടച്ച ശേഷം പിന്നീട് റീഇംബേഴ്സ്മെന്‍റിനു കാത്തിരിക്കേണ്ട അവസ്ഥ വരും.

നിലവിലുള്ള രോഗങ്ങൾക്ക് ക്ലെയിം ലഭിക്കാനുള്ള സമയം

പോളിസി എടുക്കുന്ന സമയത്ത് നിലവിലുള്ള അസുഖങ്ങൾക്ക് ക്ലെയിം ലഭിക്കാറില്ല. എന്നിരുന്നാലും പോളിസി എടുത്ത് കഴിഞ്ഞ് നിശ്ചിത കാലാവധി കഴിയുമ്പോൾ ഈ രോഗങ്ങളെ കൂടി ഉൾപ്പെടുത്താൻ സാധിക്കാറുണ്ട്. ഈ കാലാവധി സാധാരണഗതിയിൽ 24 മാസം മുതൽ 48 മാസം വരെയാണ്. ഇക്കാര്യം ചോദിച്ച് ഉറപ്പുവരുത്തുക.

നോ ക്ലെയിം ബോണസ്

നിങ്ങൾ പോളിസി എടുത്തശേഷം ക്ലെയിം ഒന്നും ചെയ്തിട്ടില്ലെങ്കിൽ ഇൻഷുറൻസ് കമ്പനി തരുന്ന ബെനഫിറ്റ് ആണ് നോ ക്ലെയിം ബോണസ്. പ്രീമിയത്തിൽ വർധന വരുത്താതെ തന്നെ കവർ ചെയ്യുന്ന തുക വർധിപ്പിക്കാൻ ഇതു സഹായിക്കും. ഓരോ ഇൻഷുറൻസ് പ്ലാനുകളിലും ഇത് വ്യത്യസ്‌തമായിരിക്കും എന്നതിനാൽ നോ ക്ലെയിം ബോണസ് വിവരങ്ങൾ കൃത്യമായി ചോദിച്ചു മനസിലാക്കുക.

ഇൻഷുറൻസ് പരിധിയിൽ ഏതൊക്കെ അസുഖങ്ങൾ?

ഇൻഷുറൻസ് പ്ലാൻ ഏതൊക്കെ അസുഖങ്ങൾക്കാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് അറിയുക. ഉദാഹരണത്തിന് ജന്മനാലുള്ള രോഗങ്ങൾ/ജനിതക വൈകല്യങ്ങൾ, കോസ്മെറ്റിക് സർജറി, മദ്യപാനം, പുകവലി, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ, ഐവിഎഫ്, വന്ധ്യതാ ചികിത്സകൾ, സ്വമേധയാലുള്ള ഗര്‍ഭച്ഛിദ്രം, സ്വയം സൃഷ്ടിച്ച പരുക്ക് തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് ലഭ്യമാകുകയില്ല.

24 മണിക്കൂർ അഡ്മിറ്റ് ആകാതെ ഇൻഷുറൻസ് കിട്ടുമോ?

സാധാരണഗതിയിൽ 24 മണിക്കൂറിൽ താഴെയുള്ള ട്രീറ്റ്മെന്‍റ് പ്രൊസീജ്യറുകൾക്ക് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ലഭിക്കാറില്ല. എന്നാൽ, ചികിത്സാ സൗകര്യങ്ങൾ വളരെ മെച്ചപ്പെട്ട ഇപ്പോഴത്തെ സാഹചര്യത്തിൽ ചെറിയ സർജറികൾക്ക് ആശുപത്രിവാസം ആവശ്യമായി വരാറില്ല. അതുകൊണ്ട് ചില ഇൻഷുറൻസ് കമ്പനികൾ ഡേ കെയർ ചികിത്സകൾക്ക് ക്ലെയിം അനുവദിക്കാറുണ്ട്. അതും മുൻകൂട്ടി മനസിലാക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com