Things to remember during teen age
Things to remember during teen ageFreepik

കൗമാരം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മദ്യപാനം, പുകവലി തുടങ്ങിയവ പരീക്ഷിക്കാനുള്ള വെമ്പല്‍, അപക്വമായ പ്രേമബന്ധങ്ങള്‍, അപകര്‍ഷതാബോധം തുടങ്ങിയവയും ലക്ഷ്യത്തിലേക്കുള്ള കുതിപ്പില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നു

തയാറാക്കിയത്: എൻ. അജിത്കുമാർ

സ്വന്തമായി ചിന്തിക്കാനും തീരുമാനമെടുക്കാനും പ്രാവര്‍ത്തകമാക്കാനും തനിക്കു പ്രാപ്തിയുണ്ട് എന്ന തോന്നല്‍ ശക്തമാകുന്ന കാലഘട്ടമാണ് +2 കാലം. സമൂഹത്തിന്‍റെയും രക്ഷിതാക്കളുടേയും വിലക്കുകളെ പുച്ഛത്തോടെ കാണുക, അവരുടെ ഇഷ്ടങ്ങള്‍ തന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്ന തോന്നല്‍ ശകതിപ്പെടുക എന്നിവ വൈകാരികമായ അസ്ഥിരതയും ആത്മനിയന്ത്രണക്കുറവുമുണ്ടാക്കുന്നു.

മുതിര്‍ന്ന ആളുകളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍, എതിര്‍പ്പ്, ശുണ്ഠി തുടങ്ങിയവ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. എതിര്‍ ലിംഗത്തില്‍പ്പെട്ടവരോട് കൂടുതല്‍ ആകര്‍ഷണം തോന്നുന്ന കാലഘട്ടം കൂടിയാണിത്. സിനിമയും മറ്റും മനസ്സില്‍ പതിപ്പിക്കുന്ന സങ്കല്‍പങ്ങള്‍ നല്‍കുന്ന സ്വപ്നലോകത്തിലായിരിക്കും മനസ്. മദ്യപാനം, പുകവലി തുടങ്ങിയവ പരീക്ഷിക്കാനുള്ള വെമ്പല്‍, അപക്വമായ പ്രേമബന്ധങ്ങള്‍, അപകര്‍ഷതാബോധം തുടങ്ങിയവയും ലക്ഷ്യത്തിലേക്കുള്ള കുതിപ്പില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നു.

ഇത്തരം പ്രശ്‌നങ്ങളെല്ലാം സ്വയം വിലയിരുത്തി ഞാന്‍ ആരാണ്, സമൂഹത്തോടും മറ്റുള്ളവരോടും എനിക്കുള്ള ഉത്തരവാദിത്വങ്ങള്‍ എന്താണ്‍? തന്‍റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ശീലങ്ങളെയും ചിന്തകളെയും ഒഴിവാക്കേണ്ടതെങ്ങനെ‍? എല്ലാവര്‍ക്കും സ്വീകാര്യവും ഉചിതവുമായുള്ള പെരുമാറ്റ രീതികളെന്തെല്ലാം‍? സ്വന്തം കഴിവുകളും പരിമിതികളും എന്തെല്ലാം‍? തുടങ്ങിയവയെല്ലാം അവലോകനം ചെയ്ത് ശരിയായ വഴിതെരഞ്ഞെടുക്കുവാന്‍ കഴിയുന്നവര്‍ക്കുള്ളതാണ് വിജയത്തിന്‍റെതായ നല്ല നാളുകള്‍.

പിയര്‍ പ്രഷര്‍

കൂട്ടുകാരും അയല്‍ക്കാരും സഹപാഠികളുമൊക്കെ ഒരു വ്യക്തിയുടെ സ്വഭാവത്തെയും ചിന്താഗതികളെയും സ്വാധീനിക്കാറുണ്ട്. ഇതിനെ പിയര്‍ പ്രഷര്‍ എന്നു വിളിക്കുന്നു. ഉദാഹരണമായി കൂട്ടുകാരുടെ സമ്മർദഫലമായി മദ്യപിക്കാനും പുകവലിക്കാനും നിര്‍ബന്ധിതനാകുന്നത്, കൂട്ടുകാരുടെ സമ്മർദഫലമായി ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങി നടക്കുന്നത്, നീന്താനൊന്നുമറിയില്ലെങ്കിലും പുഴയിലും വെള്ളക്കെട്ടുകളിലും ഇറങ്ങി അപകടം വരുത്തുന്നത് പിയര്‍ പ്രഷര്‍ മൂലമാണ്. എതിര്‍ത്താല്‍ കൂട്ടത്തില്‍ നിന്ന് പുറത്താകുമെന്ന ഭയമാണ് ഇത്തരം സാഹസങ്ങള്‍ക്കും തുടര്‍ന്നുള്ള ദുരന്തങ്ങള്‍ക്കും കാരണമാകുന്നത്.

അപകടസാധ്യതകളെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും എതിര്‍ ശബ്ദം പുറപ്പെടുവിക്കാന്‍ കഴിവില്ലാതാകുമ്പോള്‍ സ്വന്തം വ്യക്തിത്വമാണ് ഇല്ലാതാകുന്നതെന്ന് തിരിച്ചറിയണം. സാമൂഹിക അംഗീകാരമില്ലാത്ത ഒരു പ്രവര്‍ത്തി ഒരു കൂട്ടം അളുകള്‍ ഒന്നിച്ചു ചെയ്യുമ്പോള്‍ അറിയാതെ ചെയ്തു പോകും. എന്നാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ ജീവിതം മുഴുവന്‍ അനുഭവിക്കേണ്ടിവരുന്നത് ഓരോ വ്യക്തിയുമായിരിക്കുകയും ചെയ്യും. സ്വന്തം അഭിപ്രായവും സ്വഭാവവും കൂട്ടത്തിലെ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം നോക്കാതെ പ്രകടിപ്പിക്കാനും 'പറ്റില്ല' എന്ന് ലളിതമായി പറയാനും ഓരോ വ്യക്തിക്കും കഴിയണം. വിജയം അവന്‍റെ കൂടെയേ ഉണ്ടാവൂ.

വ്യക്തിപരമായി അംഗീകരിക്കാനാവാത്ത സന്ദര്‍ഭങ്ങള്‍

കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവ് എല്ലാവര്‍ക്കും ഉണ്ട്. നമുക്ക് അഭിപ്രായവ്യത്യാസമുള്ള ഒരു കാര്യം ചെയ്യാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ ഏത് രീതിയില്‍ അത് കൈകാര്യം ചെയ്യണമെന്ന് മുന്‍കൂട്ടി ചിന്തിച്ചു ഉറപ്പിക്കണം. ഒരു പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത ശ്രദ്ധയോടെ വിശകലനം ചെയ്തു മനസ്സിലാക്കണം അത് അറിയാതെ ഒരു പ്രശ്‌നത്തില്‍ അകപ്പെടാതെ നിങ്ങളെ സംരക്ഷിക്കും.നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ പറ്റില്ല എന്ന് വ്യക്തമായി പറയുക. മറ്റ് ഒഴിവുകഴിവുകള്‍ പറഞ്ഞ് തടിതപ്പുക കൂട്ടുകെട്ടിലെ തുറന്നുപറയാന്‍ മടിയുള്ള മറ്റ് സമാന ചിന്താഗതിക്കാരുമായി വ്യക്തിപരമായി സംസാരിച്ച് ചീത്ത പ്രവര്‍ത്തികള്‍ക്കെതിരായി അഭിപ്രായരൂപീകരണം നടത്തുക.കൂട്ടായ എതിര്‍പ്പ് പ്രകടിപ്പിച്ച് അത്തരം പ്രവര്‍ത്തികളില്‍ നിന്ന് മാറി നില്‍ക്കുക.

ഒരു കൂട്ടത്തിന്‍റെ ഭാഗം മാത്രമായി നില്‍ക്കാതിരിക്കുക. പല കൂട്ടത്തിലും ഭാഗഭാക്കാകണമെങ്കില്‍ നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന കൂട്ടുകെട്ടുകളില്‍ നിന്നും മാറി മറ്റൊരു കൂട്ടത്തില്‍ ചേരാന്‍ എളുപ്പമാകും.

എല്ലാ സമ്മർദങ്ങള്‍ക്കും മുന്‍പിലും എല്ലായിപ്പോഴും ശരിയെന്നു പറയാനെളുപ്പമാണ്. പറ്റില്ല എന്നു പറയാനാണ് പ്രയാസം. പറ്റില്ല എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിമര്‍ശിക്കപ്പെടുവാനും കൂട്ടുകെട്ടില്‍ നിന്നും പുറത്താക്കപ്പെടുവാനും പരിഹാസപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുന്നതിനും എത്രയോ നല്ലതാണ് നമ്മുടെ നിലപാട് വ്യക്തമാക്കുന്നത്. സ്വയം പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളില്‍ അകപ്പെടുകയാണ് എങ്കില്‍ മാതാപിതാക്കളോടോ അധ്യാപകരോടോ മുതിര്‍ന്നവരോടോ അഭിപ്രായം തേടാന്‍ മടികാണിക്കരുത്. നിങ്ങളുടെ ഒരു കൂട്ടുകാരന്‍ ആണെന്ന് കരുതി അയാളുടെ എല്ലാ അഭിപ്രായങ്ങളോടും നിങ്ങള്‍ യോജിക്കേണ്ട കാര്യമില്ല. പൂര്‍ണമായി ബോധ്യമുള്ള കാര്യങ്ങള്‍ക്ക് പറ്റില്ല എന്നു പറയാന്‍ വീട്ടില്‍ വച്ചു തന്നെ പരിശീലിക്കുക.

Trending

No stories found.

Latest News

No stories found.