തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം ശനിയാഴ്ച സമാപിക്കും

നടതുറപ്പിന്‍റെ പന്ത്രണ്ട് ദിനങ്ങളില്‍ വ്യത്യസ്ത നിറങ്ങളോടുകൂടിയ വെവ്വേറെ പട്ടുടയാടയില്‍ ദേവിയെ ദര്‍ശിക്കാം
തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ വ്യാഴാഴ്ച ദര്‍ശനത്തിനെത്തിയ ഭക്തരുടെ തിരക്ക്.
തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ വ്യാഴാഴ്ച ദര്‍ശനത്തിനെത്തിയ ഭക്തരുടെ തിരക്ക്.
Updated on

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടതുറപ്പ് ഉത്സവം നാളെ സമാപിക്കാനിരിക്കെ ശ്രീപാര്‍വ്വതീദേവിയെ ദര്‍ശിക്കാനും വര്‍ഷം മുഴുവന്‍ ചേര്‍ത്തുവച്ച പ്രാർഥനകളും അര്‍ച്ചനകളും അര്‍പ്പിക്കുവാനും നിരവധി ഭക്തരെത്തുന്നു. മംഗല്യപ്പട്ടുചുറ്റി, ദശപുഷ്പം ചൂടി, സര്‍വാഭരണ വിഭൂഷിതയായി, ദീപാലങ്കാരങ്ങളുടെ പ്രഭാവലയത്തില്‍ വിളങ്ങി നില്‍ക്കുന്ന ദേവീരൂപം ഭക്തര്‍ക്ക് മനംകുളിര്‍ക്കുന്ന കാഴ്ചയാണ്.

ദാരുശില്‍പ്പത്തില്‍ അഭയവരദയായ ശ്രീപാര്‍വതീദേവിക്ക് തങ്ക ഗോളകയിലുള്ള തിരുമുഖം ചാര്‍ത്തിയിക്കുന്നു. നടതുറപ്പിന്‍റെ പന്ത്രണ്ട് ദിനങ്ങളില്‍ വ്യത്യസ്ത നിറങ്ങളോടുകൂടിയ വെവ്വേറെ പട്ടുടയാടയില്‍ ദേവിയെ ദര്‍ശിക്കാം. ഒരു ഉടയാട ഒരിക്കല്‍ മാത്രമേ അണിയിക്കൂ. ആഭരണങ്ങളായി പൗരാണിക മാതൃകയിലുള്ള വലിയ വട്ടത്താലി, ഏഴിഴതാലിക്കൂട്ടം, കാശാലി, നാഗപടത്താലി, കിങ്ങിണി മാല, പാലയ്ക്കമാല എന്നിവക്കു പുറമേ കല്ലുപതിച്ച പുലിനഖ നെക്ലേസ്, ഗജലക്ഷ്മി, വിവിധ തരം കല്ലുകള്‍ പതിച്ച നെക്ലേസുകള്‍ തുടങ്ങിയവയാണ് അണിയിച്ചിട്ടുള്ളത്. മംഗല്യവരദായിനി സങ്കല്‍പ്പത്തോടുകൂടിയ ദേവിയുടെ തിരുവാഭരണങ്ങളില്‍ ഏറിയ പങ്കും താലിയാണ്. പ്രധാന വഴിപാടായി സമര്‍പ്പിക്കുന്നതും താലിയാണ്. വിശേഷ വഴിപാടായി കൂട്ടത്താലിയും സമര്‍പ്പിക്കുന്നുണ്ട്. വിവാഹ സംബന്ധമായ തടസങ്ങള്‍ നീങ്ങുന്നതിനും ദീര്‍ഘമംഗല്യത്തിനുമാണ് ഈ വഴിപാടുകാള്‍.

ഉത്സവനാളുകളില്‍ ദേവിയെ അണിയിക്കുന്ന ഉടയാടയും ഭക്തര്‍ വഴിപാടായി അര്‍പ്പിക്കുന്നതാണ്. വരും വര്‍ഷങ്ങളിലേക്കുളള നടതുറപ്പ് ദിവസങ്ങളിലേക്കുള്ള ഉടയാടകള്‍ ഇപ്പോഴേ ബുക്ക് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഭക്തര്‍ ദേവിക്കു പട്ടും പുടവയും സമര്‍പ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ദേവിക്കു ചാര്‍ത്തുന്ന വസ്ത്രങ്ങളെല്ലാം ഉത്സവ നാളുകളില്‍ തന്നെ മിതമായ നിരക്കില്‍ തീര്‍ത്ഥാടകര്‍ക്കു ലഭ്യമാണ്.

പ്രഭാത, സായാഹ്ന നടത്തം ശീലമാക്കിയവര്‍ക്കായി തിരുവൈരാണിക്കുളത്ത് വിവിധ സംവിധാനങ്ങളോടെ നടപ്പാതയും, കുട്ടികള്‍ക്കായി പാര്‍ക്കും ഒരുങ്ങി. 30 ലക്ഷം രൂപ ചെലവഴിച്ചാണ് നടപ്പാതയും, പാര്‍ക്കും, സ്റ്റേജും അനുബന്ധ സംവിധാനങ്ങളും നിര്‍മിച്ചിരിക്കുന്നതെന്നും നടതുറപ്പ് കഴിഞ്ഞാല്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുമെന്നും ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.എ പ്രസുണ്‍ കുമാര്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com