തിരുവനന്തപുരം - ക്വലാലംപുർ സർവീസ് കൂട്ടുന്നു, ടിക്കറ്റ് നിരക്കിൽ ഇളവ്

ഫ്ലൈറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നതിന്‍റെഭാഗമായി മലേഷ്യയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രത്യേക നിരക്കുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്

തിരുവനന്തപുരം: തിരുവനന്തപുരം - ക്വലാലംപുര്‍ റൂട്ടിലെ സര്‍വീസുകള്‍ ഇരട്ടിയാക്കി ഉയര്‍ത്തുവാന്‍ തയാറെടുത്ത് മലേഷ്യ എയര്‍ലൈന്‍സ്. ഉയര്‍ന്നുവരുന്ന ആവശ്യകതയും പോസിറ്റീവ് ലോഡ് ഫാക്റ്രറും മുന്‍നിര്‍ത്തി ഏപ്രില്‍ 3 മുതല്‍ പുതിയ സര്‍വീസുകള്‍ കമ്പനി ആരംഭിക്കും.

2023 നവംബറിലാണ് തിരുവനന്തപുരത്തു നിന്നും മലേഷ്യ എയര്‍ലൈന്‍സിന്‍റെ ആദ്യ ഫ്ലൈറ്റ് സര്‍വീസ് ആരംഭിച്ചത്. ആഴ്ചയില്‍ 4 ഫ്ലൈറ്റുകളാണ് നിലവില്‍ ഈ റൂട്ടിലുള്ളത്. അമൃത്സര്‍ - ക്വലാലംപുര്‍ റൂട്ടിലെ സർവീസുകളിലെ എണ്ണത്തില്‍ ജനുവരി 15 മുതല്‍ വര്‍ധനവ് വരുത്തിയതിന് പിന്നാലെയാണ് കമ്പനിയുടെ ഈ പുതിയ തീരുമാനം.

തിരുവനന്തപുരത്ത് നിന്നുമുള്ള മലേഷ്യ എയര്‍ലൈന്‍സിന്‍റെ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലൂടെ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള കണക്റ്റിവിറ്റി ആഴ്ചയില്‍ 71 ഫ്ലൈറ്റുകളായി ഉയരും.

ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ്, അമൃതസര്‍, തിരുവനന്തപുരം എന്നിങ്ങനെ 9 പ്രധാന നഗരങ്ങളില്‍ നിന്നും മലേഷ്യ എയര്‍ലൈന്‍സ് സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫ്ലൈറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നതിന്‍റെഭാഗമായി മലേഷ്യയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രത്യേക നിരക്കുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരത്തു നിന്നും ക്വാലാലംപുരിലേക്കുള്ള ടിക്കറ്റ് നിരക്ക് 12,999 രൂപ മുതലാണ് ആരംഭിക്കുന്നത്. അഹമ്മദാബാദില്‍ നിന്ന് 21,799 രൂപ മുതലാണ് നിരക്കുകള്‍. 2024 മെയ് 12 വരെയുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഫെബ്രുവരി 11 വരെയാണ് ടിക്കറ്റ് ബുക്കിങ്.

Trending

No stories found.

More Videos

No stories found.