പുള്ളിലെ പ്രകൃതി ഭംഗിയും നാടൻരുചിയും ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക്
പുള്ള്, തൃശൂർ

പുള്ളിലെ പ്രകൃതി ഭംഗിയും നാടൻരുചിയും ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക്

ചുറ്റും വെള്ളം നിറഞ്ഞ താമരപ്പാടങ്ങളുള്ള പുള്ളിന്‍റെ പ്രകൃതി രമണീയത നുകരാനെത്തുന്നവരിൽ ഭൂരിഭാഗം പേർക്കും പ്രിയപ്പെട്ടവയാണ് ഇവിടത്തെ നാടൻ തട്ടുകടകൾ

അന്തിക്കാട്: സ്കൂൾ അവധിക്കാലം അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, നാടൻ രുചിയും പ്രകൃതി ഭംഗിയും ആസ്വദിക്കാൻ പുള്ളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.

ചുറ്റും വെള്ളം നിറഞ്ഞ താമരപ്പാടങ്ങളുള്ള പുള്ളിന്‍റെ പ്രകൃതി രമണീയത നുകരാനെത്തുന്നവരിൽ ഭൂരിഭാഗം പേർക്കും പ്രിയപ്പെട്ടവയാണ് പുള്ള് മനക്കൊടി പാതയോരത്തെ നാടൻ തട്ടുകടകൾ. സായാഹ്നങ്ങളിൽ ഇവിടേക്കെത്തുന്നത് നൂറുകണക്കിനാളുകളാണ്. പുള്ളിൽ ഇപ്പോൾ പത്തോളം തട്ടുകടകളാണ്‌ സജീവമായി പ്രവർത്തിക്കുന്നത്.

തട്ടുകടകൾക്ക്‌ മുന്നിലൂടെ പോയാൽ ഒന്ന് ബ്രേക്കിടാൻ ഏത് വണ്ടിക്കാരനും തോന്നും വിധം വൈവിദ്ധ്യം നിറഞ്ഞതാണ് വിഭവങ്ങൾ. മുയൽ, ഞണ്ട്, കക്ക, താറാവ്, കൂന്തൾ, പോർക്ക്, ബീഫ്, ആട്ടിൻതല, തലച്ചോർ, മീൻ പനിഞ്ഞീൽ, മുട്ട, ബോട്ടി, കൊള്ളി തുടങ്ങി അങ്ങനെ വിഭവങ്ങൾ നീളും.

വൈകിട്ട് നാലു മണിമുതൽ പത്ത് മണി വരെയാണ് ഇവ തുറക്കുക. പ്രധാന വിഭവങ്ങൾ വീട്ടിൽ നിന്ന് ഉണ്ടാക്കി ഇവിടെ എത്തിക്കുകയാണ് ചെയ്യുന്നുത്.

തൃപ്രയാർ നിന്നു തൃശൂരിലേക്ക് എളുപ്പവഴിയായും ഇതിലേ പോകാം. പല കടക്കാർക്കും സ്പെഷൽ വിഭവങ്ങൾക്ക് സ്ഥിരം കസ്റ്റമേഴ്‌സ് വരെയുണ്ട്.