ജർമൻ യാത്ര മുടങ്ങി; ടൂർ ഓപ്പറേറ്റർ 6 ലക്ഷം നഷ്ടപരിഹാരം നൽകണം

യാത്ര നിശ്ചയിക്കപ്പെട്ട തീയതിക്കു ശേഷമാണ് വിസ കിട്ടുന്നത്; അടച്ച തുകയും നഷ്ടപരിഹാരവും പരാതിക്കാർക്കു നൽകണം.
Tour operator ordered to compensate for missed German trip
Tour operator ordered to compensate for missed German tripFreepik

കൊച്ചി: ടൂർ പ്രോഗ്രാം അവതാളത്തിലാക്കിയ ട്രാവൽ ഓപ്പറേറ്റർ 6 ലക്ഷം രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. പൊളിമർ മാനുഫാക്ചറേഴ്സ് അസോസിയേഷനും എറണാകുളം സ്വദേശികളുമായ മറ്റ് മൂന്ന് പേരും സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

ജർമനിയിലെ ഡുസൽഡോർഫിൽ നടക്കുന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂഡൽഹിയിലെ ഡെൽമോസ് വേൾഡ് ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്. ഒരാളിൽ നിന്ന് ഒന്നര ലക്ഷം രൂപ വീതം ഈടാക്കിയാണ് ട്രാവൽ ഓപ്പറേറ്റർ വിദേശ ടൂർ വാഗ്ദാനം ചെയ്തത്.

എന്നാൽ, സമയബന്ധിതമായി ജർമൻ വിസ ലഭ്യമാക്കുന്നതിൽ ട്രാവൽ കമ്പനി പരാജയപ്പെട്ടു. യാത്ര നിശ്ചയിക്കപ്പെട്ട തീയതിക്കു ശേഷമാണ് വിസ കിട്ടുന്നത്. ടൂർ ഓപ്പറേറ്ററുടെ ഭാഗത്തുനിന്നുള്ള ഈ പ്രവർത്തി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ആരോപിച്ചാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് തുക എയർലൈൻസ്, ട്രാവൽ ഏജൻസിക്കു നൽകിയെങ്കിലും ആ തുക പരാതിക്കാർക്ക് കൈമാറുന്നതിലും എതിർകക്ഷി തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃതർക്ക പരിഹാര കോടതി എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനത കണ്ടെത്തിയത്.

ടൂറിസം രംഗത്തെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം പ്രവണതകളെ ചെറുക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ അനിവാര്യമാണെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ട്രാവൽ ഏജൻസിയുടെ സേവനത്തിനായി പരാതിക്കാർ നൽകിയ നാലര ലക്ഷം രൂപ കൂടാതെ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും 45 ദിവസത്തിനുള്ളിൽ പരാതിക്കാർക്ക് നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com