ഒരു മിനിറ്റിൽ 12 മുന്തിരി കഴിക്കണം... ഭാഗ്യം വരും!!

ക്ലോക്കിൽ 12 അടിക്കുമ്പോള്‍ പെട്ടിയുമെടുത്ത് വീട്ടിൽ നിന്ന് ഇറങ്ങിയോടുന്നതു മുതൽ, പാത്രങ്ങൾ എറിഞ്ഞുപൊട്ടിച്ച് വരെ ലോകം പുതുവർഷത്തെ സ്വാഗതം ചെയ്യാറുണ്ട്...
twelve grapes spanish tradition to welcome the new year
ഒരു മിനിറ്റിൽ 12 മുന്തിരി കഴിക്കണം...!! ഭാഗ്യം വരും
Updated on

ഡിസംബറിങ്ങെത്തി, പുതുവർഷവും വരാറായി... പുത്തൻ പ്രതീക്ഷകളുമായി പുതിയൊരു വർഷത്തെ വരവേൽക്കാനുള്ള തയാറെടുപ്പുകളിലേക്ക് നമ്മൾ കടന്നു കഴിഞ്ഞു. പടക്കങ്ങൾ പൊട്ടിച്ചും പപ്പാഞ്ഞിയെ കത്തിച്ചും നാം പുതുവർഷത്തിന്‍റെ വരവ് ആഘോഷമാക്കുന്നു. എന്നാൽ, ലോകത്തിന്‍റെ പല ഭാഗങ്ങളിലും പുതുവത്സരാഘോഷങ്ങൾ ഇങ്ങനെയൊന്നുമല്ല. വിചിത്രവും ഒറ്റപ്പെട്ടതുമായ നിരവധി ആചാരങ്ങൾ ലോകത്തിന്‍റെ വിവിധ കോണുകളിൽ പുതുവർ‌ഷത്തിന്‍റെ ഭാഗമായി പിന്തുടരുന്നുണ്ട്.

ക്ലോക്കിൽ 12 അടിക്കുമ്പോള്‍ പെട്ടിയുമെടുത്ത് വീട്ടിൽ നിന്ന് ഇറങ്ങിയോടുന്നതു, മുതൽ പാത്രങ്ങൾ എറിഞ്ഞുപൊട്ടിച്ചും പരമാവധി ഭക്ഷണം കഴിച്ചും ചിലർ പുതുവർഷത്തെ സ്വാഗതം ചെയ്യാറുണ്ട്. എന്നാൽ, സ്പെയിനിൽ കാര്യങ്ങൾ ഇങ്ങനെയൊന്നുമല്ല... കാലാകാലങ്ങളായി സ്പെയിനിലെ പുതുവത്സര താരം മുന്തിരിയാണ്....

സ്പെയിനും 12 മുന്തിരിയും...

ഡിസംബർ 31 ന് ക്ലോക്കിൽ 12 മണിയടിച്ചാൽ സ്പെയിനിലുള്ളവർ‌ ഒന്നിനു പുറകെ ഒന്നായി 12 മുന്തിരികൾ കഴിക്കും. ഓരോ മുന്തിരിയും അടുത്ത വർഷത്തെ ഒരോ മാസത്തെയും പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം. ഈ 12 മുന്തിരി കഴിക്കുന്നതിലൂടെ പുതുവർഷത്തിൽ ഐശ്വര്യവും സമൃദ്ധിയും വരുന്നുവെന്നാണ് വിശ്വാസം. പക്ഷേ, 12.01 ന് മുൻപായി മുന്തിരികൾ കഴിച്ചു തീർത്തിരിക്കണം, 12.01നു ശേഷം കഴിച്ചാൽ വർഷം മോശമാവുമെന്നും വിശ്വാസമുണ്ട്. സ്പെയിനിൽ മാത്രമല്ല സ്പാനിഷ് ഭാഷ സംസാരിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലും ലാറ്റിനമെരിക്കൻ രാജ്യങ്ങളിലുമെല്ലാം ഈ ആചാരം പിന്തുടർന്നു പോരുന്നു.

12 മുന്തിരി വന്ന വഴി

1895 കളോടെയാണ് സ്പെയിനിൽ ഇത്തരമൊരു വിശ്വാസം ഉടലെടുത്തതെന്നാണ് ചരിത്രം. ഈ വിശ്വാസത്തിന്‍റെ ഉറവിടത്തെക്കുറിച്ച് ഒന്നിലധികം കഥകൾ സ്പെയിനിൽ തന്നെ പറഞ്ഞു പോരുന്നു. 1890കളിൽ സ്പെയിനിൽ ധാരാളമായി മുന്തിരി കൃഷി വ്യാപിച്ചെന്നും, ഈ മുന്തിരികളുടെ വിൽപ്പന വർധിപ്പിക്കാൻ കർഷകർ തന്നെയാണ് മുന്തിരി കഴിക്കുന്നത് ഐശ്വര്യമാണന്ന് പ്രചരിപ്പിച്ചതെന്നും പറയപ്പെടുന്നു. ഇതാണ് പിന്നീട് സ്പെയിനിന്‍റെ പുതുവർഷ ആചാരത്തിന്‍റെ ഭാഗമായതെന്ന് ഒരു കൂട്ടർ പറയുന്നു.

പരിഹാസത്തിന്‍റെ ഭാഗമായി ഉയർന്നു വന്ന ആചാരമാണെന്നാണ് മറ്റൊരു വിശ്വാസം. 1880കളിൽ തന്നെ ഇത് നിലനിന്നിരുന്നു എന്നാണ് ഗവേഷകർ പറയുന്നത്. അക്കാലത്ത് പുതുവർഷ രാവിൽ ഷാംപെയ്ൻ കുടിക്കുന്ന ഫ്രഞ്ച് പാരമ്പര്യത്തെ അനുകരിക്കുന്ന ഉയർന്ന വിഭാഗങ്ങളെ പരിഹസിക്കുക എന്ന ലക്ഷ്യത്തിലാണത്രെ സ്പെയിനിലെ സാധാരണക്കാർ 12 മുന്തിരികൾ കഴിച്ചു തുടങ്ങിയത്.

മറ്റൊരു വിശ്വാസമനുസരിച്ച് 12 മുന്തിരിങ്ങ അർധരാത്രിയിൽ കഴിക്കുന്ന പാരമ്പര്യം ചീത്ത ശക്തികളെ ജീവിതത്തിൽ നിന്ന് ഓടിച്ചുവിടുമെന്നാണ്. സ്പെയിനിന്‍റെ ചില ഭാഗങ്ങളിൽ തന്നെയാണ് ഈ വിശ്വാസവും നിലനില്‍ക്കുന്നത്.

കഴിക്കേണ്ട വിധം...

മുൻപേ 12 മുന്തിരികൾ തയാറാക്കി വയ്ക്കും. തുടർന്ന് 12 മണിയാവാനായി കാത്തിരിക്കും. 12 മണിയുടെ ആ 60 സെക്കന്‍റുകൾ അവസാനിക്കുന്നതിനു മുൻപായി മുന്തിരികൾ ഒന്നുവീതം കഴിക്കണം. ഒരു മുന്തിരിയിൽ ഒരു തവണയെ കടിക്കാൻ പാടുള്ളു. ഇത്തരത്തിൽ 12 മുന്തിരികൾ കഴിച്ചു തീർക്കുന്നവർക്കു മാത്രമേ ഐശ്വര്യം ലഭിക്കൂ എന്നാണ് വിശ്വാസം.

സ്പെയിനിൽ കണ്ടുവരുന്നത് കൂടുതലായും കുരുക്കളുള്ള മുന്തിരിയാണ്. കഴിക്കുമ്പോൾ കുരുക്കൾ ഉൾ‌പ്പെടെ കഴിക്കണം. പ്രയാസപ്പെട്ട കാര്യമാണെങ്കിലും എല്ലാ ആളുകളും ഈ ആചാരം പിന്തുടർന്നു പോരുന്നു.

ആചരിക്കുന്ന വിധം...

രണ്ടു തരത്തിലാണ് സ്പെയിനിൽ ഇത് ആഘോഷിക്കുന്നത്. ഒന്നാമത്തേത്, പരമ്പരാഗതമായ നൊചെവിജ അത്താഴത്തിന് ശേഷം കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ വെച്ചോ അല്ലെങ്കിൽ രാജ്യത്തെ പ്രധാന സ്ക്വയറുകളിൽ, മാഡ്രിഡിലെ പ്യൂർട്ട ഡെൽ സോൾ ൽ വെച്ചും ആളുകൾ ഇത് ആചരിക്കുന്നു. ഈ പാരമ്പര്യം ആരംഭിച്ചത് പ്യൂർട്ട ഡെൽ സോളിൽ ആണെന്നാണ് വിശ്വാസം. 1962 മുതൽ ടെലിവിഷൻ എസ്പാനോല ഉൾപ്പെടെ സ്പെയിനിലെ എല്ലാ പ്രധാന ടിവി നെറ്റ്‌വർക്കുകളിലും ഈ ചടങ്ങുകൾ തത്സമയം കാണിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com