ക്രോക്സിന്‍റെ കഥ
Representative image
ആന്‍റണി ഷെലിന്‍
'ഏറ്റവും മോശം കണ്ടുപിടിത്തങ്ങളില്‍ ഒന്ന് ' എന്ന വിശേഷണത്തില്‍ നിന്ന് ഫുട്ട്‌വെയര്‍ ഇന്‍ഡസ്ട്രിയിലെ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ആയി മാറിയ കഥയാണ് ക്രോക്സ് എന്ന ബ്രാന്‍ഡിന്‍റേത്. കടല്‍ത്തീരങ്ങളില്‍ വാട്ടര്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെടാനെത്തുന്നവരെ ഉദ്ദേശിച്ച് നിര്‍മിച്ച 200 ചെരുപ്പുകളില്‍ നിന്നാണ് ക്രോക്സിന്‍റെ തുടക്കം. ഇന്ന് 80ലധികം രാജ്യങ്ങളില്‍ സാന്നിധ്യമാണ് ഈ ബ്രാന്‍ഡ്. 2024ലെ കണക്ക്പ്രകാരം ക്രോക്സിന്‍റെ വാര്‍ഷിക വരുമാനം 4.1 ബില്യണ്‍ ഡോളറാണ്.
ക്രോക്സ് ചെരുപ്പുകളെ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് അതില്‍ 13 ദ്വാരങ്ങള്‍ ഉള്ളതായി കാണാനാകും. ഒരു ജോഡി ചെരുപ്പില്‍ മൊത്തം 26 ദ്വാരങ്ങള്‍ ഇത്തരത്തിലുണ്ട്.
എന്തിനാണ് ഒരു ചെരുപ്പില്‍ ഇത്രമാത്രം ദ്വാരങ്ങള്‍ ? ക്രോക്സ് ചെരുപ്പ് ആദ്യമായി വിപണിയിലിറക്കിയപ്പോള്‍ ഈ ചോദ്യം എല്ലാവരുടെയും മനസില്‍ ഉയര്‍ന്നിരുന്നു.
ഒരു ബോട്ട് ഷൂ എന്ന നിലയിലാണ് ഡിസൈന്‍ ചെയ്തത്. ബോട്ടിങ്ങിനും മറ്റ് വാട്ടര്‍ സ്‌പോര്‍ട്‌സിലുമൊക്കെ ഏര്‍പ്പെടുന്നവര്‍ക്കു ധരിക്കാന്‍ വേണ്ടിയുള്ളതിനാല്‍ അതില്‍ ഈര്‍പ്പവും ദുര്‍ഗന്ധവും നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണു ദ്വാരം. മാത്രല്ല, ദ്വാരത്തിനു പിന്നില്‍ ഒരു സൗന്ദര്യശാസ്ത്രവുമുണ്ട്. ആ ശാസ്ത്രമാണ് ക്രോക്‌സിനെ മറ്റ് ചെരുപ്പുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും.
ക്രോക്സ് അവതരിപ്പിച്ച മറ്റൊരു വ്യത്യസ്തത ജിബിറ്റ്‌സ് ആണ്. ക്രോക്‌സ് ചെരുപ്പിന്‍റെ മുകളിലുള്ള ദ്വാരങ്ങളില്‍ ഘടിപ്പിക്കാവുന്ന ചെറിയ ആക്‌സസറിയാണ് ജിബിറ്റ്‌സ്. മൃഗങ്ങള്‍, പൂക്കള്‍, സ്‌പോര്‍ട്‌സ്, ഇമോജികള്‍, ഡിസ്‌നി കഥാപാത്രങ്ങള്‍ തുടങ്ങിയ വിവിധ ആകൃതികളിലും നിറങ്ങളിലും തീമുകളിലുമുള്ള രൂപങ്ങളാണു ജിബിറ്റ്‌സ്. ഇത് അവതരിപ്പിച്ചതിലൂടെ ക്രോക്‌സിന് വലിയ തോതില്‍ വില്‍പ്പന വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഒരു കസ്റ്റമറിന് സര്‍ഗാത്മകത പ്രകടിപ്പിക്കാനുള്ള അവസരവും ഇതിലൂടെ ലഭിച്ചു.
ഡച്ച് ക്ലോഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്രോക്സ് ചെരുപ്പ് നിര്‍മിച്ചത്. കട്ടിയുള്ള സോളുള്ള ഒരു തരം പാദരക്ഷകളാണ് ക്ലോഗുകള്‍. സാധാരണയായി ഇവ മരം കൊണ്ടാണു നിര്‍മിക്കുന്നത്. ക്രോക്സിന്‍റെ ഡിസൈനും ക്ലോഗുകള്‍ക്കു സമാനമാണ്.
വാട്ടര്‍ സ്പോര്‍ട്സിനോട് താത്പര്യമുള്ള മൂന്ന് സുഹൃത്തുക്കളാണ് സ്‌കോട്ട് സീമാന്‍സും, ലിന്‍ഡന്‍ ഹാന്‍സനും, ജോര്‍ജ് ബോഡെക്കര്‍ ജൂനിയറും. 2000-കളുടെ തുടക്കത്തില്‍ ഇവര്‍ അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ ഭാഗമായ കരീബിയന്‍ കടലില്‍ യാത്ര നടത്തുന്നതിനിടെ, ഒരു ക്ലോഗ് ചെരുപ്പ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. കനേഡിയന്‍ കമ്പനിയായ ഫോം ക്രിയേഷന്‍സ് നിര്‍മിച്ച ഒരു പ്രത്യേക തരം ചെരുപ്പ് ആണ് അതെന്ന് അവര്‍ കണ്ടെത്തി.
ക്രോസ് ലൈറ്റ് എന്ന മെറ്റീരിയല്‍ ഉപയോഗിച്ചാണ് ആ ക്ലോഗ് നിര്‍മിച്ചിരുന്നത്. ഭാരം കുറഞ്ഞതും, ധരിക്കാന്‍ വളരെ സുഖകരവുമാണ് ക്രോസ് ലൈറ്റ് കൊണ്ടു നിര്‍മിച്ച ക്ലോഗ്. മാത്രമല്ല ബോട്ടിങിന് അനുയോജ്യവും, സ്ലിപ്പ് റെസിസ്റ്റന്‍റുമായിരിക്കും ഇത്തരം ക്ലോഗ്. ഈ ക്ലോഗിന് വാണിജ്യപരമായി വലിയ സാധ്യതയുണ്ടെന്ന് മൂന്നു പേരും മനസിലാക്കി.
കനേഡിയന്‍ കമ്പനിയായ ഫോം ക്രിയേഷന്‍സില്‍ നിന്നും ക്ലോഗിന്‍റെ അവകാശങ്ങള്‍ നേടിയതിനു ശേഷം ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി കൊണ്ട് നിര്‍മിച്ച 200 ജോഡി ക്ലോഗ് മൂവരും ചേര്‍ന്നു 2002ല്‍ ഫ്ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ ബോട്ട് ഷോയില്‍ വില്‍പ്പനയ്ക്കു വച്ചു. ' ബീച്ച് ' എന്ന പേരായിരുന്നു ഈ ക്ലോഗ് മോഡലിന് നല്‍കിയ പേര്. ബോട്ട് ഷോയില്‍ മൂവരെയും അമ്പരിപ്പിച്ചു കൊണ്ട് ഈ 200 ജോഡി ക്ലോഗുകളും വിറ്റുപോയി.
പക്ഷേ, ഒരു ബോട്ടിങ് ഷൂ എന്നതിനപ്പുറം ഫുട്വെയര്‍ ഇന്‍ഡസ്ട്രിയില്‍ മതിപ്പ് ഉളവാക്കാനൊന്നും ക്രോക്സിന് സാധിച്ചിരുന്നില്ല. ചില കോണുകളില്‍ നിന്ന് ക്രോക്സിനെ പരിഹസിക്കുന്ന തരത്തില്‍ കമന്‍റുകള്‍ ഉയരുകയും ചെയ്തു. 2010ല്‍ ടൈം മാഗസിന്‍ ഏറ്റവും മോശം 50 കണ്ടുപിടുത്തങ്ങളില്‍ ഒന്നായിട്ടാണു ക്രോക്സിനെ തെരഞ്ഞെടുത്തത്.
കട്ടിയുള്ള രൂപവും, ആകര്‍ഷണീയമല്ലാത്ത നിറങ്ങളും, നിറയെ ദ്വാരങ്ങളുള്ളതുമായിരുന്നു ക്രോക്സ് ചെരുപ്പുകള്‍. ഇതൊക്കെയായിരുന്നു പോരായ്മയായി വിശേഷിപ്പിച്ചത്. എന്നാല്‍ ധരിക്കാന്‍ സുഖകരമാണെങ്കില്‍ മറ്റുള്ളതൊന്നും പോരായ്മകളല്ലെന്നു ക്രോക്സിന്‍റെ പിന്നീടുള്ള ചരിത്രം തെളിയിച്ചു.
ആദ്യ ഘട്ടത്തില്‍ ക്രോക്സിന്‍റെ ഡിസൈനിനെതിരേ പ്രചരിച്ചിരുന്ന മോശം പ്രതിച്ഛായയെ കമ്പനി പ്രതിരോധിച്ചത് തന്ത്രപരമായ ക്യാംപെയ്നിലൂടെയായിരുന്നു.
2005ല്‍ ക്രോക്സ് ' gly Can Be Beautiful' (വൃത്തികെട്ടതിനും സൗന്ദര്യമുള്ളതാകാന്‍ സാധിക്കും) എന്ന പരസ്യവാചകത്തോടെയായിരുന്നു ക്യാംപെയ്ന്‍ നടത്തിയത്.
ക്രോക്സിന്‍റെ ഡിസൈനിനെ ആദ്യം പരിഹസിച്ചവര്‍ പിന്നീട് അതിനെ സ്വീകരിക്കുന്ന കാഴ്ചയാണു കാണുവാന്‍ സാധിച്ചത്. അതിനുള്ള കാരണം മറ്റൊന്നുമല്ല, ക്രോക്സ് ധരിക്കുമ്പോള്‍ ലഭിച്ചിരുന്ന കംഫര്‍ട്ട് തന്നെയാണ്. ഇതിനു പുറമെ അമെരിക്കയുടെ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷും, ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയും, ഇംഗ്ലണ്ടിലെ വില്യം രാജകുമാരന്‍റെ മകന്‍ ജോര്‍ജ് രാജകുമാരന്‍റെയും ക്രോക്സ് ധരിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും ക്രോക്സിന്‍റെ ജനപ്രീതിക്ക് കാരണമായി.
മുതല എന്ന് അര്‍ഥമുള്ള ക്രൊക്കഡെയ്ലില്‍ (crocodile) നിന്നാണ് ക്രോക്സ് രൂപമെടുത്തത് എന്നു പറയപ്പെടുന്നു. ഈ വാദം ശരിയാകാന്‍ സാധ്യതയുണ്ട്. കാരണം കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവിയാണു മുതല. വെള്ളത്തിലും കരയിലും ധരിക്കാന്‍ സാധിക്കുന്ന വിധത്തിലാണു ക്രോക്സ് ചെരുപ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതും. ഇതിനു പുറമെ ക്രോക്സ് ചെരുപ്പുകള്‍ക്കു മുതലയെ അനുസ്മരിപ്പിക്കുന്ന രൂപവുമുണ്ട്.
ക്രോക്സിന്‍റെ യുണീക് സെല്ലിങ് പോയിന്‍റ് എന്നത് ക്രോസ് ലൈറ്റ് എന്ന വസ്തുവാണ്. ദുര്‍ഗന്ധം പ്രതിരോധിക്കുന്നതും, ലൈറ്റ് വെയ്റ്റും, വാട്ടര്‍ റെസിസ്റ്റന്‍റുമാണ് ക്രോസ് ലൈറ്റ്.
കാലക്രമേണ ക്രോക്‌സ് അതിന്‍റെ ഉത്പന്ന ശ്രേണി വിപുലീകരിച്ചു. ക്രോക്‌സിന് ഇന്ന് സാന്‍ഡലുകളും, ബൂട്ടുകളും, സ്‌നീക്കറുകളുമൊക്കെയായി നിരവധി മോഡലുകള്‍ വിപണിയിലുണ്ട്.
സെലിബ്രിറ്റികളുമായുള്ള സഹകരണം, സോഷ്യല്‍ മീഡിയയിലെ സാന്നിധ്യം എന്നിവയിലൂടെ ക്രോക്‌സിന്‍റെ ജനപ്രീതി സമീപകാലത്ത് വലിയ തോതിലാണു കുതിച്ചുയര്‍ന്നത്.
ഇന്നൊവേഷനും ക്രിയേറ്റിവിറ്റിയും ഉപയോഗിച്ച് മോശം ഇമേജില്‍ നിന്ന് ചൂടപ്പം പോലെ വിറ്റു പോകുന്ന ഒരു ഉത്പന്നമായി എങ്ങനെ മാറാന്‍ കഴിയുമെന്നതിന്‍റെ ശ്രദ്ധേയമായ ഉദാഹരണമാണ് ക്രോക്‌സ്.
ക്രോക്‌സ് ഒരിക്കലും ട്രെന്‍ഡുകള്‍ പിന്തുടരാന്‍ ശ്രമിച്ചില്ല. പകരം വ്യത്യസ്തയിലൂടെ ജനമനസില്‍ അതിന്‍റേതായ ഒരു ഇടം നേടാനാണ് ശ്രമിച്ചത്.
വിമര്‍ശനങ്ങളോ പരിഹാസങ്ങളോ ഉയര്‍ന്നപ്പോള്‍ അത് ആത്മവിശ്വാസത്തെ ബാധിക്കുന്ന തലത്തിലേക്ക് എത്താനും അനുവദിച്ചില്ല. പകരം ബ്രാന്‍ഡിനെ വേറിട്ടു നിര്‍ത്താനും ഉപയോക്താക്കളെ അത്ഭുതപ്പെടുത്താനുമുള്ള ഒരു അവസരമാക്കി പ്രതികൂല സാഹചര്യങ്ങളെ മാറ്റിയെടുത്തു.