
പിറന്നാൾ ദിവസം ബോളിവുഡ് താരം ഉർവശി റൗട്ടേല മുറിച്ച പിറന്നാൾ കേക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്‍റെ 30-ാം പിറന്നാൾ. 'ലൗ ഡോസ്2' എന്ന ചിത്രത്തിന്‍റെ സെറ്റിലായിരുന്നു പിറന്നാളാഘോഷം.
24 കാരറ്റ് സ്വർണം കൊണ്ടുണ്ടാക്കിയ കേക്കാണ് ആഘോഷത്തിന്‍റെ ഭാഗമായി മുറിച്ചത്. സ്വർണം കൊണ്ടുണ്ടാക്കിയ കേക്കാണെന്നും ഇതിന് മൂന്നുകോടി രൂപ വരുമെന്നും ഉർവശി അവകാശപ്പടുന്നു. റാപ്പർ ഹണി സിങ്ങാണ് ഈ കേക്ക് ഉർവശിക്ക് സമ്മാനിച്ചത്. ഹണി സിങ്ങും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
ചുവപ്പ് നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായാണ് താരം എത്തിയത്. ഇതിന് യോജിക്കുന്ന കല്ല് പതിപ്പിച്ച ചോക്കർ,കമ്മൽ,ബ്രേസ്ലെറ്റ് എന്നിവയും ധരിച്ചു. തിളങ്ങുന്ന കറുപ്പ് ഷർട്ടും കറുപ്പ് പാന്‍റുമായിരുന്നു ഹണി സിങ്ങിന്‍റെ വേഷം. ഉർവശി കേക്ക് മുറിക്കുന്നതും ആദ്യ കഷ്ണം ഹണി സിങ്ങ് ഉർവശിക്ക് കൊടുക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്.