

പ്ലൂട്ടോയും ഉടമയും സമ്മാനം കിട്ടിയ കാറും.
'എവെരി ഡോഗ് ഹാസ് എ ഡേ' എന്നാണല്ലോ. പ്ലൂട്ടോ എന്ന നായയുടെ ദിവസം അന്നായിരുന്നു. നാടിന്‍റെ ചരിത്രത്തിലാദ്യമായി മേഴ്‌സഡീസ് ബെൻസ് എന്ന ആഡംബര കാർ സ്വന്തമാക്കുന്ന നായ എന്ന ബഹുമതി സ്വന്തമായ ദിവസം.
പ്ലൂട്ടോ ബെൻസ് കാറിന്‍റെ അധിപതിയായ കഥ ഇങ്ങനെയാണ്:
വളർത്തുമൃഗങ്ങളുടെ ഹൃദയസ്പർശിയായ കഥകൾ പങ്കുവയ്ക്കാൻ യുഎഇയിലെ ഇൻഷുറൻസ് കമ്പനിയായ 'ഷോറി' ഒരു മത്സരം നടത്തിയിരുന്നു. തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പ്ലൂട്ടോയെ രക്ഷിച്ച് ദത്തെടുത്ത കഥയാണ് പ്ലൂട്ടോയുടെ ഉടമസ്ഥർ മത്സരത്തിൽ പങ്കുവച്ചത്. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത മത്സരത്തിൽ പ്ലൂട്ടോയുടെ 'കരളലിയിക്കുന്ന' കഥ ഒന്നാം സ്ഥാനം നേടി.
തെരുവിന്‍റെ അനാഥത്വത്തിൽ നിന്ന് 'രാജകീയ' ജീവിതത്തിലേക്കു കുരച്ചു കയറി അനുഭവം വിധികർത്താക്കളുടെ ഹൃദയം കീഴടക്കി. പ്ലൂട്ടോയുടെ ഉടമസ്ഥർക്ക് പുത്തൻ മേഴ്‌സഡീസ് ബെൻസ് കാറാണ് സമ്മാനമായി ലഭിച്ചത്.
വളർത്തുമൃഗങ്ങളെ ദത്തെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും അവയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്താനുമാണ് കമ്പനി ഈ ക്യാംപെയ്ൻ നടത്തിയത്. ആദ്യമായാണ് വളർത്തുമൃഗങ്ങൾക്കായി യുഎഇയിൽ ഇത്ര വലിയൊരു സമ്മാനം നൽകുന്നത്.