
കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിർമിക്കുന്ന വീഗന്‍ ഐസ് ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്‍ ഉപയോഗിച്ച് നിർമിക്കുന്നതാണ് വീഗന്‍ ഐസ് ക്രീം. മുംബൈ, തമിഴ്‌നാട് എന്നിവടങ്ങളില്‍ വീഗന്‍ ഐസ് ക്രീം നിർമിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് തേങ്ങാപ്പാല്‍ ഉപയോഗിച്ച് നിർമിക്കുന്നത്.
ഫെബ്രുവരി ആദ്യവാരം ഇതു വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വെസ്റ്റ ബ്രാന്‍ഡ് അംബാസഡർ കല്യാണി പ്രിയദര്‍ശന്‍ പ്രോഡക്ട് ലോഞ്ച് നിര്‍വഹിക്കും. വെസ്റ്റ കൊക്കോ പാം എന്ന പേരില്‍ പുറത്തിറക്കുന്ന ഐസ് ക്രീം വിവിധ രുചികളില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും.
ആറ് പതിറ്റാണ്ടായി കേരളത്തില്‍ പാലുത്പന്നങ്ങളും കാലിത്തീറ്റയും നിർമിക്കുന്ന കെഎസ്ഇ ലിമിറ്റഡിന്‍റെ ഐസ്‌ക്രീം ബ്രാന്‍ഡാണ് വെസ്റ്റ. കൊച്ചി, തിരുവനന്തപുരം, തൃശൂർ മേഖലകളിൽ കമ്പനിയുടെ റിസെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ടീം നടത്തിയ സർവെയിൽ പങ്കെടുത്ത 90% ആളുകളും ആരോഗ്യവും പരിസ്ഥിതി പരവുമായ കാരണങ്ങളാൽ വീഗൻ ഐസ് ക്രീം ലഭ്യമായാൽ ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ചവരാണെന്ന് കെഎസ്ഇ ചെയർമാൻ ടോം ജോസ്.
പാലിലും പാലുത്പന്നങ്ങളിലുമുള്ള ലാക്റ്റോസ് ശരീരത്തിന് ഫലപ്രദമായി ദഹിപ്പിക്കാന്‍ കഴിയാത്ത ലാക്റ്റോസ് ഇൻടോളറൻസ് എന്ന അവസ്ഥയുള്ളവരെ കൂടി പരിഗണിച്ചാണ് ലാക്റ്റോസ് രഹിത ഐസ് ക്രീം നിർമിക്കാന്‍ തീരുമാനിച്ചതെന്ന് കെഎസ്ഇ മാനെജിങ് ഡയറക്റ്റര്‍ എം.പി. ജാക്‌സണ്‍. പശുവിന്‍ പാല്‍ അലര്‍ജിയുള്ളവര്‍ക്കും ഇത് അനുയോജ്യമാണ്.
പ്രകൃതിദത്തമായ സുഗന്ധങ്ങളും നിറങ്ങളും മാത്രമാണ് അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ തളിയത്ത്, തൃശൂരിലെ കോനിക്കര, കോഴിക്കോട് കാക്കഞ്ചേരി, കോട്ടയത്തെ വേദഗിരി എന്നിവിടങ്ങളിലാണ് വെസ്റ്റയുടെ ഉത്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെഎസ്ഇ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ പോള്‍ ഫ്രാന്‍സിസ്.