
അറിവിന്‍റെയും ഐശ്വര്യത്തിന്‍റെയും വിജയദശമി; പ്രാധാന്യം അറിയാം
ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെടുന്ന ഒരു ഹൈന്ദവോത്സവമാണ് വിജയദശമി. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഒരു ഉത്സവമാണിത്. രാവണനുമേൽ ശ്രീരാമന്‍റെ വിജയത്തെയും മഹിഷാസുരനുമേൽ ദുർഗാദേവിയുടെ വിജയത്തെയും പ്രതീകപ്പെടുത്തുന്നു.
ഹിന്ദു പഞ്ചാംഗം അനുസരിച്ച്, ദശമി ഒക്റ്റോബർ 1 ന് വൈകുന്നേരം 7.01 ന് ആരംഭിച്ച് ഒക്റ്റോബർ 2 ന് വൈകുന്നേരം 7.10 ന് അവസാനിക്കുന്നതാണ്. ദശമിയുടെ പ്രധാന ഭാഗവും ശുഭമുഹൂർത്തങ്ങളും ഒക്റ്റോബർ 2 ന് വരുന്നതിനാൽ അന്ന് ആഘോഷിക്കും.
വിജയ ദശമിയുടെ ചരിത്രം?
പുരാണങ്ങൾ അനുസരിച്ച്, ലങ്കയിലെ രാജാവായ രാവണൻ 14 വർഷത്തെ വനവാസത്തിനിടെ ശ്രീരാമന്‍റെ ഭാര്യയായ സീതയെ തട്ടിക്കൊണ്ടുപോയി. ലക്ഷ്മണൻ, ഹനുമാൻ, വാനരസേന എന്നിവരോടൊപ്പം ശ്രീരാമൻ സീതയെ രക്ഷിക്കാൻ കഠിനമായ യുദ്ധം ചെയ്തു. പത്താം ദിവസം രാമൻ രാവണനെ പരാജയപ്പെടുത്തി.
ഇന്ത്യയുടെ പല ഭാഗങ്ങളിലും, ആഘോഷങ്ങളുടെ ഭാഗമായി രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ പ്രതിരൂപങ്ങൾ കത്തിക്കുന്നു. ശേഷം ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്നു.
മഹിഷാസുരനെ പരാജയപ്പെടുത്തിയ ദുർഗയുടെ വിജയത്തെയും വിജയദശമി അനുസ്മരിപ്പിക്കുന്നു. വിവിധയിടങ്ങളിൽ നൃത്തവും വലിയ ആഘോഷവും ഇതിന്‍റെ ഭാഗമായി നടക്കുന്നു. ദുർഗാ വിഗ്രഹങ്ങളുടെ നിമജ്ജനം (ദുർഗാ വിസർജൻ) ഊർജസ്വലമായ ഘോഷയാത്രകളിലൂടെയാണ് നടക്കുന്നത്, ദേവിയുടെ സ്വർഗീയ വാസസ്ഥലത്തേക്കുള്ള തിരിച്ചുവരവിനെ ഇത് അടയാളപ്പെടുത്തുന്നു.
വിജയ ദശമിയുടെ പ്രത്യേകത...
ദുഷ്ടശക്തികളെ തോൽപ്പിച്ച് നല്ല കാര്യങ്ങൾ വിജയിക്കുന്നതിനെ ഓർമിപ്പിക്കുന്ന ദിനമാണ് വിജയ ദശമി.
വിദ്യാരംഭം
കുട്ടികൾ ആദ്യമായി അക്ഷരങ്ങൾ പഠിക്കാൻ തുടങ്ങുന്ന ഒരു പ്രധാന ദിവസമാണ്. ഇത് വിദ്യയുടെ ദേവിയായ സരസ്വതി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടിയുള്ളതാണ്. ‘ഓം ഹരിഃ ശ്രീ ഗണപതയേ നമഃ’ എന്ന് അരിയിലോ മണലിലോ എഴുതി വിദ്യാരംഭം കുറിക്കുന്നു.
പുതിയ തുടക്കം
ഏതൊരു പുതിയ കാര്യങ്ങൾക്കും തുടക്കം കുറിക്കാനുള്ള ശുഭദിനമായി വിജയദശമി കണക്കാക്കപ്പെടുന്നു.
നീലകണ്ഠ പക്ഷിയെ കാണുന്നത്
വിജയദശമി ദിനത്തിൽ നീലകണ്ഠ പക്ഷിയെ കാണുന്നത് ശുഭസൂചകമായി കരുതുന്നു.
ആയുധ പൂജ
പുരാതന കാലത്ത് ക്ഷത്രിയർ അവരുടെ ആയുധങ്ങൾ പൂജിക്കുന്ന പതിവുണ്ടായിരുന്നു. വിജയ ദശമി ദിനത്തിൽ ആയുധങ്ങൾ പൂജിക്കുന്നത് നല്ലതാണ്.