പ്രത്യാശയുടെയും പ്രതീക്ഷയുടെയും പൊൻകണി

പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി മലയാളികള്‍ വിഷുവിനെ വരവേൽക്കും
Vishu festival Kerala

പ്രത്യാശയുടെയും പ്രതീക്ഷയുടെയും പൊൻകണി

Updated on

ഐശ്വര്യത്തിന്‍റേയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മകള്‍ പുതുക്കി ഇന്ന് വിഷു. കൊന്നയും വെള്ളരിയുമെല്ലാം കണികണ്ടുണരുന്ന സമൃദ്ധിയുടെ നാൾ. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി മലയാളികള്‍ വിഷുവിനെ വരവേൽക്കും. കണിക്കൊപ്പം കൈനീട്ടം നല്‍കിയാണ് വിഷു ആഘോഷം.

മേടപുലരിയില്‍ കണ്ണനെ കണികണ്ടുണരുന്ന മലയാളികള്‍ക്ക് കണിക്കൊന്ന ഒഴിച്ചുകൂട്ടാനാവാത്തതാണ്. ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളുമുണ്ടാകും. കണി കണ്ട ശേഷം കൈനീട്ടമാണ്. വീട്ടിലെ മുതിര്‍ന്നവര്‍ കയ്യില്‍ വച്ച് നല്‍കുന്ന അനുഗ്രഹം കൂടിയാണ് കൈനീട്ടം. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പോയവർഷത്തിന്‍റെ ഓര്‍മകള്‍ പുതുക്കല്‍ കൂടിയാണ് ഓരോ ആഘോഷങ്ങളും.

കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു. പുതിയ തുടക്കം. പുതിയ പ്രതീക്ഷ. വീടുകളിലെല്ലാം ഇന്നലെ കണി ഒരുക്കലിന്‍റെ രാത്രിയായിരുന്നു. ഓട്ടുരുളിയില്‍ നിലവിളക്കിനും ശ്രീകൃഷ്ണ വിഗ്രഹത്തിനും മുന്നില്‍ കണിക്കൊന്നയും കായ്കളും കനികളും കോടി മുണ്ടും കണ്ണാടിയുമെല്ലാം അണിനിരത്തി കണിയൊരുക്കി. ഇന്ന് പുലര്‍ച്ചെ നിലവിളക്ക് തെളിച്ചാണു പൊന്‍കണിയിലേക്കു മിഴി തുറന്നത്.

വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്കാണ്. രാവിലെ 2:45 മുതൽ 3:45 വരെ ആയിരുന്നു വിഷുക്കണി ദർശനം. ശബരിമലയിൽ വിഷുക്കണി കാണാൻ ഭക്തരുടെ തിരക്ക്.

പുലർച്ചെ നാല് മണിയ്ക്ക് നട തുറന്നു.ഏഴ് മണി വരെയാണ് വിഷുക്കണികാണാൻ അവസരം ഉള്ളത്.

നൂറ്റാണ്ടുകളുടെ ഉത്സവമാണ് വിഷു എന്ന് ചരിത്രങ്ങൾ പറയുന്നു. സംഘകൃതിയായ പതിറ്റുപത്തിൽ വിഷുവിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ ആദി ദ്രാവിഡരുടെ ആഘോഷങ്ങളിൽപ്പെട്ട ഉത്സവമായാണ് വിഷു കണക്കാക്കപ്പെടുന്നത്. മത്സ്യമാസം വർജ്ജിച്ചുകൊണ്ടുള്ള ഓണാഘോഷത്തിൽ നിന്ന് വിരുദ്ധമായി മാംസാഹാരം സദ്യയിൽ ഉൾപ്പെടുത്തുന്നത് വിഷുവിന്റെ പ്രത്യേകതയാണ്. ആദി ദ്രാവിഡരുടെ മാംസാഹാരത്തോടുള്ള താൽപര്യമാണ് വിഷുവിലും നിഴലിക്കുന്നത്. എങ്കിൽ ഓണത്തേക്കാൾ പഴക്കമുണ്ട് ഈ ആഘോഷത്തിന്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com