

അഹാന കൃഷ്ണ
അടുത്തിടെയായിരുന്നു നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം. ആരാധകർ ഏറെ ഏറ്റെടുത്ത ഒരു വിവാഹമായിരുന്നു അഹാനയുടേത്. വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.
എന്നാൽ പോസിറ്റീവ് കമന്റുകൾക്കൊപ്പം തന്നെ നെഗറ്റീവ് കമന്റുകളും ധാരാളം ഉയർന്നിരുന്നു. അഹാനയുടെ വിവാഹ സാരിയെയും ലുക്കിനെയും പ്രതിപാദിച്ചുകൊണ്ടുള്ള നെഗറ്റീവ് കമന്റുകളും അഭിപ്രായങ്ങളുമാണ് കൂടുതലും ഉണ്ടായത്. ഇപ്പോഴിതാ നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് അഹാന തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
തന്നെ താൻ തന്റെ ലൈഫിൽ ഇത്ര സുന്ദരിയായി കണ്ടിട്ടില്ലെന്നും ഇനിയൊരു അവസരം ലഭിച്ചാലും യാതൊരു മാറ്റവുമില്ലാതെ താനീ ലൂക്ക് തന്നെ തെരഞ്ഞെടുക്കുമെന്നുമാണ് അഹാനയുടെ പ്രതികരണം. ഉപദേശിക്കാനും അഭിപ്രായം പറയാനും നിരവധി പേരുണ്ടാവുമെന്നും നിങ്ങളുടെ ഉള്ളിലെ വെളിച്ചം കണ്ടുപിടിക്കേണ്ടത് നിങ്ങൾ തന്നെയാണെന്നും അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കുറിപ്പിൽ പറയുന്നു.
കുറിപ്പ് ഇങ്ങനെ...
എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും മനോഹരിയായ നിമിഷം!
നമ്മുടെ സങ്കൽപ്പങ്ങളും പരിശ്രമങ്ങളും അന്തിമഫലവും എല്ലാം ഒത്തുചേർന്ന് പൂർണതയിലെത്തുമ്പോൾ ഉണ്ടാകുന്ന ഒരു പ്രത്യേക സംതൃപ്തിയുണ്ട്. ഈ ലുക്ക് എനിക്ക് നൽകിയത് കൃത്യമായി ആ ഒരു പൂർണതാബോധമാണ്. എനിക്ക് വീണ്ടും ഇതുപോലെ അണിയൊരുങ്ങാൻ ഒരു അവസരം ലഭിച്ചാൽ, ഒരു ചെറിയ മാറ്റം പോലും വരുത്താതെ ഞാൻ ഇതുപോലെ തന്നെ ഒരുങ്ങും!
എന്റെ അമ്മ എന്നെ നോക്കിയിട്ട് പറഞ്ഞു, ഈ വേഷം മാറ്റരുത് എന്ന്... കാരണം എന്നെ ഇങ്ങനെ തന്നെ നോക്കിക്കൊണ്ടേയിരിക്കാനാണ് അമ്മയ്ക്ക് തോന്നിയതെന്ന്!
വധുകളാവാൻ തയാറെടുക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങളുടെ വിവാഹദിനത്തിലോ (അല്ലെങ്കിൽ മറ്റേതൊരു ദിവസത്തിലോ) നിങ്ങൾ അണിയൊരുങ്ങാൻ തെരഞ്ഞെടുക്കുന്ന രീതി എന്നത് നിങ്ങളെത്തന്നെ എങ്ങനെ കാണുന്നു എന്നതിന്റെയും, നിങ്ങളുടെ വ്യക്തിത്വം, ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, വികാരങ്ങൾ എന്നിവയുടെയും പ്രതിഫലനം മാത്രമാണ്. നിങ്ങളെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്നത് നിങ്ങൾക്ക് തന്നെയാണ്!
നിങ്ങളുടെ ഹെയർസ്റ്റൈൽ വേറെ രീതിയിലാകാമായിരുന്നു, വസ്ത്രം മറ്റൊന്നാകാമായിരുന്നു, ആഭരണങ്ങൾ അങ്ങനെയല്ലായിരുന്നു വേണ്ടത്, നിറം വേറെയാവാമായിരുന്നു എന്നിങ്ങനെ എണ്ണമറ്റ കാര്യങ്ങൾ പറയാൻ ആളുകൾ എപ്പോഴും ഉണ്ടാകും.
എന്നാൽ സത്യമെന്തെന്നാൽ, അതൊന്നും ഒരു വിഷയമേയല്ല. സത്യത്തിൽ, അത് നമ്മെ ഒരിക്കലും ബാധിക്കാനും പാടില്ല.
നിങ്ങൾ എങ്ങനെ ഒരുങ്ങണമെന്ന് തീരുമാനിക്കേണ്ട ഒരേയൊരു കാര്യം, കണ്ണാടിയിൽ നോക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് എന്ത് തോന്നുന്നു എന്നത് മാത്രമാണ്.
എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്ക് വളരെ മനോഹരിയായി തോന്നി. ഉള്ളിന്റെയുള്ളിൽ നിന്ന് വരികയും ചുറ്റിലും തിളക്കം പരത്തുകയും ചെയ്യുന്ന തരത്തിലുള്ള ഒരു സൗന്ദര്യം!
അതുകൊണ്ട്, നിങ്ങളുടെ ഉള്ളിലെ ആ തിളക്കം കണ്ടെത്തൂ. അത് വേറെവിടെയും പോയി തിരയേണ്ടതില്ല, അതൊക്കെ നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്!