

ഹർഷ പാത്തു വരൻ നസിം മുഹമ്മദ്
സർവാഭരണ വിഭൂക്ഷിതയായി വധു വേദിയിലേക്കെത്തുന്നു. കാണുന്നവരുടെ കണ്ണുകൾ അവളുടെ പൊന്നുകൊണ്ടും വസ്ത്രം കൊണ്ടും തിളങ്ങണം!! ഇതാണല്ലോ പൊതുവായ സമൂഹത്തിന്‍റെ വിവാഹ നിബന്ധനങ്ങൾ.
മകളുടെ കല്യാണത്തിന് സ്വർണം വാങ്ങാൻ കടം മേടിച്ച് കിടപ്പാടം വരെ നഷ്ടപ്പെട്ട മാതാപിതാക്കളും സ്വർണത്തിന്‍റെ തൂക്കം കുറഞ്ഞതിൽ പീഡനം സഹിക്കുന്ന സ്ത്രീകളും ഇന്നും അന്യം നിന്ന് പോവാത്ത ഈ കാലത്ത് കാതിലൊരു മൊട്ടു കമ്മൽ പോലുമിടാതെ വിവാഹ വേദിയിലേക്ക് കടന്നു വന്ന പെൺകുട്ടി.
മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇന്നും ഇത് വാർത്തയാവുന്നത് സമൂഹത്തിന്‍റെ ചിന്താഗതിയിൽ മാറ്റമുണ്ടാവാത്തതു കൊണ്ടാണെന്നതിൽ സംശയമില്ല.
ഇവിടെയിതാ ആഢംബരമില്ലാതെ, ആഭരണങ്ങളില്ലാതെ ഓവർ മേക്കപ്പില്ലാത്ത ഒരു സുന്ദരി വിവാഹം കഴിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇവരാണ് താരം. ഇത് വിവാഹമല്ല. പ്രചോദനമാണെന്നാണ് നെറ്റിസൺസ് പറയുന്നത്.
മേക്കപ്പ് ആർട്ടിസ്റ്റും ഹെന്ന ആർട്ടിസ്റ്റും ഇൻഫ്ലുവെൻസറുമായ ഹർഷ പാത്തുവിന്‍റെ വിവാഹ വിഡിയോയും ചിത്രങ്ങളുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ശരിക്കും ഇൻഫ്ലുവൻസ് എന്നാൽ എന്താണെന്നതിന്‍റെ ഉദാഹരണമായി മാറുകയാണ് ഹർഷ പാത്തുവും വരൻ നസിം മുഹമ്മദും.
ഇനി ഇതാവട്ടെ ട്രെന്‍ഡ് എന്നാണ് സോഷ്യൽ മീഡിയ കുറിക്കുന്നത്. പരസ്പരമുള്ള മനസിലാക്കലും സ്നേഹവുമാണ് വിവാഹത്തിന് വേണ്ടത്. എന്നാൽ പലപ്പോഴും അത് സ്വർണത്തിന്‍റെ തൂക്കവും ആഢംബരത്തിന്‍റെ രീതിയുമൊക്കെയായി ഇന്ന് മാറിയിരിക്കുന്നു. ആഢംബരത്തേക്കാൾ സ്നേഹത്തിന് വില കൊടുക്കുന്ന ഇത്തരം വിവാഹങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്നാണ് നിരവധിപ്പേർ കുറിച്ചിരിക്കുന്നു.
മലപ്പുറം മാറഞ്ചേരി സ്വദേശിയായ ഹര്‍ഷ പാത്തു. ഇവർക്ക് ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷത്തില്‍ അധികം ഫോളോവേഴ്സ് ഉണ്ട്. വിവാഹത്തോടെ ഹർഷയുടെ ആരാധകരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.