knanaya wedding history
വചനം ചൊല്ലി തൊട്ട താലി...

വചനം ചൊല്ലി തൊട്ട താലി...|Video

പൈതൃകത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും പ്രൗഢി വിളിച്ചോതുന്ന താളാത്മകമായ ചടങ്ങുകളാൽ സമൃദ്ധമായ ക്നാനായ കല്യാണങ്ങളുടെ വിശേഷങ്ങളിലൂടെ...
Published on

നമിത മോഹനൻ

മന്ത്രകോടി മടിയിലിട്ടു

മാർഗമായ വചനം ചൊല്ലി

വചനം ചൊല്ലി തൊട്ട താലി

മാർഗമായി കെട്ടിനാലേ...

പതിഞ്ഞ താളത്തിൽ പെൺപാട്ടുണർന്നു. കസവുകരയുള്ള പുടവയുടുത്ത് പൊന്നും പൂവും ചൂടി പുത്തൻ തഴപ്പായിലിരിക്കുന്ന കല്യാണപ്പെണ്ണ്... തൊട്ടരികിൽ വെൺപാൽച്ചോറും ശർക്കരയും ചേർത്ത് കുഴച്ചൂട്ടാനൊരുങ്ങുന്നവരുടെ പൊട്ടിച്ചിരികൾ... പല തവണ പാടിക്കേട്ട് മനസിൽ പതിഞ്ഞ പാട്ടും നടവിളിയും കുരവയിടീലും.... അതിനെല്ലാം മേലേക്ക് ഉയരുന്ന മൈലാഞ്ചിയുടെ പുതുഗന്ധം.... പരമ്പരാഗത ആചാരങ്ങളുടെ ഒരു കലവറ തന്നെയാണ് ക്നാനായ കല്യാണങ്ങൾ. കല്യാണ ആഘോഷങ്ങൾ ദിവസങ്ങൾക്കു മുൻപേ തന്നെ ആരംഭിക്കുമെങ്കിലും ആചാരങ്ങൾ ആരംഭിക്കുന്നത് കല്യാണത്തലേന്നാണ്. താലികെട്ട് പള്ളികളിൽ സാധാരണ പോലെയാണ് നടക്കുന്നതെങ്കിലും ക്നാനായ കല്യാണങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ ഏറെയും പള്ളിക്കു പുറത്താണ് അരങ്ങേറുന്നത്.

മൈലാഞ്ചി ഇടീൽ

മൈലാഞ്ചി ഇടീൽ
മൈലാഞ്ചി ഇടീൽgoogle image

കല്യാണത്തിന്‍റെ ആചാരങ്ങളിൽ ആദ്യത്തേത് മൈലാഞ്ചി ഇടീലും ചന്തം ചാർത്തലുമാണ്. ഇവിടെനിന്നാണ് ക്നാനായ കല്യാണങ്ങളുടെ തുടക്കം. മൈലാഞ്ചി ഇടീൽ ചടങ്ങ് പൊതുവേ ഹൈന്ദവ വിവാഹങ്ങളിലും കണ്ടു വരാറുണ്ടെങ്കിൽ ക്നാനായക്കാർക്ക് ഈ ആചാരം പാപഭാരം കഴുകിക്കളയലിന്‍റേതാണ്.

പെണ്ണിന്‍റെ വീട്ടിൽ കല്യാണത്തലേന്ന് നടത്തുന്ന ചടങ്ങാണ് മൈലാഞ്ചി ഇടീൽ. പണ്ട് വിലക്കപ്പെട്ട കനി കഴിച്ച ഹവ്വ ചെയ്ത പാപം കഴുകിക്കളയുന്നതിന്‍റെ പ്രതീകമായാണ് മൈലാഞ്ചി ഇടുന്നതും പിന്നീട് കഴുകിക്കളയുന്നതും. പാപഭാരങ്ങളെല്ലാം കഴുകി പുതിയ ജീവിതത്തിലേക്ക് ശുദ്ധിയോടെ കടക്കുക എന്നാണ് ഇതിനെ ക്നാനായക്കാർ പറയുന്നത്.

വരന്‍റെ സഹോദരിമാർ തയാറാക്കിയ, വെള്ളത്തുണി വിരിച്ച സ്റ്റേജിലാണ് മൈലാഞ്ചി ഇടീൽ നടത്തുക. സർവാഭരണ വിഭൂഷിതയായ വധുവിനെ തഴപ്പായ വിരിച്ച് അതിലിരുത്തും. വധുവിന്‍റെ വല്യമ്മയാണ് മൈലാഞ്ചി ഇടുക. ഇരുകൈകളിലും മൈലാഞ്ചി തേച്ച് കൈകൾ കൂട്ടിപ്പിടിപ്പിക്കും. പിന്നീട് കാലിലും നഖങ്ങളിലും മറ്റുമെല്ലാം മൈലാഞ്ചി പുരട്ടും. ശേഷം കഴുകിക്കളയും. പരമ്പരാഗത പാട്ടുകൾ പാടി നടവിളിയും കുരവയിടീലുമായാണ് ചടങ്ങ് നടത്തുക.

വരനെ സുന്ദരനാക്കാൻ ചന്തം ചാർത്തൽ

ചന്തം ചാർത്തൽ
ചന്തം ചാർത്തൽ google

കല്യാണത്തലേക്ക് ചെറുക്കനെ സുന്ദരനാക്കുന്ന ചടങ്ങാണ് ചന്തം ചാർത്തൽ. സ്റ്റേജിൽ‌ പീഠത്തിൽ വെള്ളത്തുണി വിരിച്ച് അവിടെയാണ് വരനെ ചന്തം ചാർത്തലിനായി ഇരുത്തുന്നത്. ആദ്യം സഹോദരിമാർ കോലുവിളക്കുമായെത്തും. പിന്നാലെ അളിയന്മാർ വരനെ സ്റ്റേജിലേക്ക് ആനയിക്കും.

പണ്ടു കാലത്ത് ചെറിയപ്രായത്തിലേ വിവാഹം നടത്തുമായിരുന്നു. അന്ന് പുരുഷന്മാർ ആദ്യമായി മുഖം ക്ഷൗരം (Shave) ചെയ്യുന്നത് കല്യാണത്തലേന്നായിരുന്നു. ഇപ്പോൾ വിവാഹ പ്രായം ഉയർന്നതോടെ മണവാളന്മാർ പലവട്ടം ഷേവ് ചെയ്യ്ത് സുന്ദരന്മാരായിട്ടുണ്ടാവുമെങ്കിലും, കല്യാണത്തലേന്ന് ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുന്നിൽ ക്ഷൗരം ചെയ്യൽ നിർബന്ധമാണ്. അത്‍ ക്ഷുരകന്മാർ (Barber) തന്നെ ചെയ്യണമെന്നും ക്നാനായക്കാർക്ക് നിർബന്ധമുണ്ട്.

ക്ഷുരകൻ വരന്‍റെ അടുത്തു വന്ന് വേദിയോടായി ''മണവാളച്ചെറുക്കനെ ചന്തം ചാർത്തട്ടേ...‍?''എന്ന് മൂന്നു പ്രാവശ്യം വിളിച്ചു ചോദിക്കും. ആദ്യ രണ്ടു തവണ കേട്ടില്ല എന്നും മൂന്നാം തവണ ''ചന്തം ചാർത്തിക്കോളൂ'' എന്നും മറുപടി വരും.

ചന്തം ചാർത്തലിനു ശേഷം സഹോദരിമാർ എണ്ണ കൊണ്ടു വന്ന്, ''എണ്ണ തേപ്പിക്കട്ടേ...?'' എന്ന് മൂന്നു പ്രാവശ്യം സദസിനോടു ചോദിക്കും. തുടർന്ന് മണവാളനെ അളിയന്മാർ കുളിപ്പിച്ച് പുതുവസ്ത്രമണിയിച്ച് സ്റ്റേജിലെ വെള്ളവിരിച്ച പീഠത്തിലിരുത്തുന്നതോടെ ചന്തം ചാർത്തൽ പൂർത്തിയാവും.

ഇച്ഛപ്പാട് കൊടുക്കൽ

വധൂവരന്മാർക്ക് ആശംസകൾ നേരുന്ന ചടങ്ങാണ് ഇച്ഛപ്പാട് കൊടുക്കൽ. 'ഇച്ഛപോലെ ഭവിക്കട്ടെ' എന്ന ആശംസയാണ് ഇച്ഛപ്പാടുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് വരന്‍റെയും വധുവിന്‍റെയും വീട്ടിലും ഒരേ പോലെ നടക്കുന്ന ചടങ്ങാണ്. സഹോദരിമാർ വെൺപാൽച്ചോറും ശർക്കരയും കിണ്ടിയും കോളാമ്പിയും ചെറുക്കന്‍റെ/പെണ്ണിന്‍റെ അടുത്തു കൊണ്ടുവയ്ക്കും. മണവാളന്‍റെ/മണവാട്ടിയുടെ അച്ഛന്‍റെ മൂത്ത സഹോദരൻ രണ്ടാം മുണ്ടെടുത്ത് അറ്റം രണ്ടും മുകളിലേക്ക് വരത്തക്കവിധം തലയിൽ കെട്ടിയ ശേഷം ''ഇച്ഛപ്പാട് കൊടുക്കട്ടേ...?'' എന്ന് സദസിനോടായി മൂന്നുവട്ടം ചോദിക്കും. സദസ് അനുവാദം നൽകിക്കഴിഞ്ഞാൽ കിണ്ടിയിലെ വെള്ളത്തിൽ കൈകഴുകി വെൺപാൽച്ചോറിൽ ശർക്കരകൂട്ടിത്തിരുമ്മി ഇച്ഛ നൽകുന്നു.

അരിയും വെറ്റിലയും പിന്നെ താലിയും

താലി
താലിgoogle image

കല്യാണത്തലേന്ന്, പണിത താലിയുമായി തട്ടാനെത്തും. ഒരു പാത്രത്തിൽ ഒന്നേകാൽ ഇടങ്ങഴി അരിയിട്ട് അതിൽ വെറ്റിലയിട്ട് അതിനുമുകളിലായി താലിവച്ച് തട്ടാൻ വരന്‍റെ സഹോദരിക്ക് കൈമാറുന്നു. വരന്‍റെ സഹോദരി അത് സ്വീകരിച്ച് തട്ടാന് പാരിതോഷികം നൽകുന്നു.

ക്നാനായ താലിക്ക് ചില പ്രത്യേകതകളുണ്ട്. ആലിലയുടെ ആകൃതിയിലായിരിക്കും താലി. ഇതിൽ 21 മൊട്ടുകൊണ്ടുള്ള കുരിശുണ്ടാവും. 21 അരിമ്പ് ജാതി പ്രാമുഖ്യത്തെ സൂചിപ്പിക്കുന്നതിനൊപ്പം ഏഴിനെ (കൂദാശ) മൂന്നുകൊണ്ട് (ത്രിത്വം) ഗുണിക്കുന്നതായും വ്യാഖ്യാനിക്കപ്പെടുന്നു. താലികെട്ടുന്ന നൂല് മന്ത്രകോടിയിൽ നിന്നെടുക്കുന്ന ഏഴ് നൂലുകൾ പിരിച്ചാണ് ഉണ്ടാക്കുന്നത്. ഇത് ഏഴ് കൂദാശകളെ സൂചിപ്പിക്കുന്നു.

സ്തുതി ചൊല്ലി യാത്ര

പ്രാർഥന ചൊല്ലിയാണ് വരനും വധുവും വീട്ടിൽനിന്നിറങ്ങുന്നത്. മുതിർന്നവർ തുടങ്ങി, അർഹിക്കുന്നവർക്കും അവസാനം മതാപിതാക്കൾക്കും കൈകൂപ്പി തലകുമ്പിട്ട് സ്തുതി ചൊല്ലും. അവർ ഇരുകൈകളും നീട്ടി സ്തുതി സ്വീകരിക്കും. പിന്നെ വീട്ടിൽ നിന്നു നേരെ പള്ളിയിലേക്ക്. പാട്ടുകുർബാനയോടെ വിവാഹം. റോമൻ സംസ്കാരത്തിലെ മന്ത്രകോടി അണിയിക്കലും ഗ്രീക്ക് പാരമ്പര്യത്തിലെ കിരീടമണിയിക്കലും ഹൈന്ദവാചാര പ്രകാരമുള്ള താലികെട്ടലും ഉൾപ്പെടുന്നതാണ് വിവാഹം.

തുടർന്ന് ഓഡിറ്റോറിയത്തിലേക്ക്, അല്ലെങ്കിൽ വീട്ടിലേക്ക് കയറുന്നതിന് മുന്നോടിയായി മൂന്നു വട്ടം 'നടവിളി'. പെണ്ണിനും ചെറുക്കനും ചുറ്റിനും ബന്ധുക്കൾ നിന്ന് ''നട നടയോ'' എന്ന് മൂന്നു തവണ ആർപ്പു വിളിച്ച് വധൂവരന്മാരെ തോളിലേറ്റി ഉള്ളിലേക്ക്. പെണ്ണിന്‍റെയും ചെറുക്കന്‍റെയും അമ്മാവന്മാർക്കാണ് ഇതിനുള്ള അവകാശം.

വാഴ്‌വ് പിടിത്തം, കച്ച തഴയൽ

പെണ്ണിന്‍റെ അമ്മ വധൂവരന്മാരെ അനുഗ്രഹിക്കുന്ന ചടങ്ങd
പെണ്ണിന്‍റെ അമ്മ വധൂവരന്മാരെ അനുഗ്രഹിക്കുന്ന ചടങ്ങdgoogle

കല്യാണത്തിന് കൂടുതൽ പ്രാധാന്യം വധുവിന്‍റെ അമ്മയ്ക്കും അമ്മാവന്മാർക്കുമാണ്. പെണ്ണിന്‍റെ അമ്മ വധൂവരന്മാരെ അനുഗ്രഹിക്കുന്ന ചടങ്ങാണ് വാഴ്വ് പിടിത്തം. കൈ ക്രോസ് ചെയ്ത് കുരിശുപോലെ പിടിച്ചാണ് അനുഗ്രഹിക്കുന്നത്. പെണ്ണിന്‍റെ അമ്മാവൻ തലയിൽ മുണ്ടുകെട്ടി വധൂവരന്മാരെ അനുഗ്രഹിക്കുന്ന ചടങ്ങാണ് കച്ച തഴയൽ. ചെറുക്കന് അമ്മാവൻ മോതിരം ഇടും.

ചോറും തേങ്ങയും ചേർത്ത പാച്ചോറ്

ചെറുക്കന്‍റെ വീട്ടുകാരുടെ അതിഥികളാണ് പെണ്ണിന്‍റെ വീട്ടുകാർ. ഭക്ഷണം വിളമ്പിത്തുടങ്ങുന്നതിനു മുൻപ് പെണ്ണിന്‍റെ അമ്മാവനെ കോഴിത്തുട നൽകി സ്വീകരിക്കും. പൊരിച്ച കോഴിയാണ് ഇതിനായി എടുക്കുക. ചോറും തേങ്ങയും ചേർത്ത പാച്ചോറ് ക്നാനായക്കാരുടെ പാരമ്പര്യ വിഭവമാണ്. കരിപ്പെട്ടി ചേർത്താണ് ഇത് കഴിക്കുക. വരന്‍റെ വീട്ടിൽ നിന്നു വധുവിന്‍റെ വീട്ടുകാർ തിരികെ പോരുമ്പോൾ വരന്‍റെ അമ്മാവൻ വധുവിന്‍റെ അമ്മാവന് വെറ്റില നൽകുന്ന ചടങ്ങും ക്നാനായക്കാർക്കുണ്ട്.

കല്യാണത്തിന്‍റെ ചരിത്രം

google image

1650 മുതൽ ഇങ്ങോട്ട് നീളുന്ന ചരിത്രമാണ് ക്നാനായക്കാരുടേത്. പേർഷ്യൻ സാമ്രാജ്യത്തിലെ കാനാ ദേശത്തു നിന്ന് എഡി 345ൽ ക്നായി തൊമ്മന്‍റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയവരുടെ പിൻഗാമികളാണ് ക്നാനായക്കാർ എന്നാണ് വിശ്വാസം. കൂട്ടത്തിൽ ചില പുരോഹിതരും മെത്രാന്മാരുമുണ്ടായിരുന്നു. അന്ന് കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ ഇവർക്ക് പ്രത്യേകമായ ചില അവകാശങ്ങൾ നൽ‌കിയതായി പറയപ്പെടുന്നു. അവിടെ നിന്നാണ് ക്നനായക്കാരുടെ പാരമ്പര്യം ആരംഭിക്കുന്നത്. ക്നാനായ കല്യാണങ്ങളിൽ അതിന്‍റെ ഏറ്റവും തെളിമയുള്ള ഉദാഹരണങ്ങളായി ഇന്നും തുടരുന്നു.

ക്നനായ കല്യാണം- സിനിമ ദൃശ്യം
ക്നനായ കല്യാണം- സിനിമ ദൃശ്യംgoogle