
കെഎസ്ആർടിസി കല്യാണ ഓട്ടത്തിനു വാടക കുറച്ചു
MV Graphics
തിരുവനന്തപുരം: വിവാഹങ്ങൾക്കും സ്വകാര്യ യാത്രകൾക്കും ഇനി കുറഞ്ഞ ചെലവിൽ കെഎസ്ആർടിസി ബസ് വാടകയ്ക്ക് ലഭിക്കും. ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിനായുള്ള പദ്ധതിയിൽ നിലവിൽ ലഭ്യമായ സ്പെയർ ബസുകൾ ഉപയോഗപ്പെടുത്തിയാണ് ചാർട്ടേർഡ് ട്രിപ്പുകൾ ലഭ്യമാക്കുന്നത്.
വിവാഹങ്ങൾക്കും സ്വകാര്യപരി പാടികൾക്കുമായുള്ള ചാർട്ടേർഡ് ട്രിപ്പുകൾക്ക് നിരക്ക് വലിയ രീതിയിൽ കെഎസ്ആർടിസി കുറവ് ചെയ്തിട്ടുണ്ട്. എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഓർഡിനറി മുതൽ വോൾവോ വരെ ഈ നിരക്ക് ബാധകമാണ്.
ബസുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിൽ ഇറക്കിയതോടെയാണ് കൂടുതൽ ബസുകൾ സ്വകാര്യ ട്രിപ്പിന് ലഭ്യമായത്. ഇതുപ്രകാരം നാല് മണിക്കൂർ ദൈർഘ്യമുള്ള 40 കിലോമീറ്റർ യാത്രയ്ക്ക് മിനി ബസാണെങ്കിൽ 3500 രൂപ നൽകിയാൽ മതി. എട്ട് മണിക്കൂർ (100 കി ലോമീറ്റർ), 12 മണിക്കൂർ (150 കിലോമീറ്റർ), 16 മണിക്കൂർ (200 കിലോമീറ്റർ) എന്നിങ്ങനെയും, ഒപ്പം കിലോമീറ്റററും ചേർത്താണ് നിരക്ക്. ജിഎസ്ടി ചേർത്തുള്ള തുകയാണിത്.
നാല് മണിക്കൂറിന് ഓർഡിനറി ബസാണെങ്കിൽ 3600 രൂപയാണ്. പഴയ വാടക പ്രകാരം നാല് മണിക്കൂറിന് ഓർഡിനറി ബസിന് 8500 രൂപയും ഫാസ്റ്റ് പാസഞ്ചറിന് 9000 രൂപയും സൂപ്പർ ഫാസ്റ്റ് 9500 രൂപയും സൂപ്പർ എക്സ‌്പ്രസിന് 10000 രൂപയും വോൾവോയ്ക്ക് 13000 രൂപയുമായിരുന്നു. ജിഎസ് ടി അതിന് പുറമേ നൽകണമായിരുന്നു.
40 കിലോമീറ്റർ എന്നത് ട്രിപ്പ് പോയി തിരിച്ചുവരുന്ന ദൂരമാണ്. അധികമായി വരുന്ന ഓരോ കിലോമീറ്ററിന് ബസിന്‍റെ ക്ലാസ് അനുസരിച്ചുള്ള തുകയും ജിഎസ്ടിയും നൽകണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെടുക.