വിവാഹം: പൈതൃകം ചാലിച്ച പ്രതീകങ്ങൾ
വിവാഹം: പൈതൃകം ചാലിച്ച പ്രതീകങ്ങൾ

വിവാഹം: പൈതൃകം ചാലിച്ച പ്രതീകങ്ങൾ

താലി കെട്ടുന്നത് പരമാത്മാവും താലി സ്വീകരിക്കുന്നത് ജീവാത്മാവുമെന്ന് സങ്കൽപ്പം

എ.എം. അശ്വിൻ

താലിയുടെ പൊൻതിളക്കം, സിന്ദൂരത്തിന്‍റെ കനൽച്ചുവപ്പ്, വിരലിൽ തിളങ്ങുന്ന വിവാഹമോതിരം... ഓരോ ദാമ്പത്യജീവിതത്തെയും അടയാളപ്പെടുത്തുന്ന വിശ്വാസത്തിന്‍റെ പ്രതീകങ്ങൾ. പരമ്പരാഗത ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പൈതൃകവും വിവാഹത്തിന്‍റെ പവിത്രതയും ഉൾകൊള്ളുന്ന ഈ പ്രതീകങ്ങൾ ഓരോ ബന്ധത്തിന്‍റെയും ആത്മാർത്ഥതയെയും വിശുദ്ധിയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. വിവാഹം എന്ന വിശേഷനാളിലെ ആചാരാനുഷ്ഠാനങ്ങൾ പല നാടുകളിലും പല മതങ്ങളിലും പല പാരമ്പര്യങ്ങളിലും വ്യത്യസ്തമായിരിക്കും, എങ്കിലും താലി, സിന്ദൂരം, വിവാഹമോതിരം എന്നിവയ്ക്ക് ഇന്ത്യൻ സംസ്കാരത്തിൽ പ്രാധാന്യം ഏറെയാണ്.

താലി: അനുഷ്‌ഠാന പവിത്രതയുടെ അടയാളം

ഇന്ത‍്യയുടെ വൈവിധ്യമാർന്ന സംസ്കാരിക പാരമ്പര‍്യങ്ങളിൽ വിവാഹത്തിന്‍റെ പ്രധാന അടയാളമാണ് താലി. മംഗല്യസൂത്രം എന്നും അറിയപ്പെടുന്നു. 'താലി' എന്നത് തമിഴ് ഭാഷയിൽ നിന്നുണ്ടായ വാക്കാണ്. വിവാഹിതയായ സ്‌ത്രീയെ പ്രതിനിധീകരിക്കുന്ന താലി, സ്‌നേഹത്തിന്‍റെയും അനുഷ്‌ഠാന പവിത്രതയുടെയും അടിസ്ഥാനം കൂടിയാണ്. ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിൽ താലിയുടെ രൂപവും വർണവും വ്യത്യസ്തമായിരിക്കുന്നു. ഭാരതീയ വിവാഹ പാരമ്പര്യങ്ങളിൽ താലിക്ക് വളരെയധികം പ്രാധാന‍്യമുണ്ട്. വിവിധ കർമകാണ്ഡങ്ങളിലൂടെയാണ് നമ്മുടെ ആചാരങ്ങൾ കടന്നുപോകുന്നത്. ഇതിൽ താലികെട്ട് ഒരു സുപ്രധാന ഘട്ടമാണ്. വരൻ വധുവിന്‍റെ കഴുത്തിലണിയിക്കുന്ന താലി വെറുമൊരു സ്വർണാഭരണം മാത്രമല്ല, വിവാഹ ബന്ധത്തിന്‍റെ ദൈർഘ‍്യം, സുരക്ഷിതത്വം, ഒരുമ, വിശ്വാസം എന്നിവയുടെ പ്രതീകം കൂടിയാണ്. മംഗല്യധാരണത്തിന് മുൻപായി കൊടുക്കുന്ന താലി അനുഗ്രഹമായാണ് കരുതപ്പെടുന്നത്.

ആലിലയുടെ ആകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള താലി മഞ്ഞച്ചരടില്‍ കോർത്തു കെട്ടുന്നതാണ് കേരളത്തിലെ പൊതുരീതി. താലിയുടെ ചുവട്ടില്‍ ശിവസാന്നിധ്യവും, മധ്യത്തില്‍ വിഷ്ണുസാന്നിധ്യവും, തുമ്പത്ത് ബ്രഹ്മസാന്നിധ്യവുമുണ്ട് എന്നാണ് ഹൈന്ദവ വിശ്വാസം. അതിനാല്‍ ഭാരതീയാചാരപ്രകാരം താലിക്ക് വലിയ മൂല്യമാണ് സ്ത്രീകള്‍ നല്‍കുന്നത്. ക്ഷേത്രത്തിൽ പൂജ കഴിഞ്ഞ് വരൻ വധുവിന്‍റെകഴുത്തിൽ താലി കെട്ടുന്നു. താലി കെട്ടുന്നത് പരമാത്മാവും താലി സ്വീകരിക്കുന്നത് ജീവാത്മാവുമെന്ന് സങ്കൽപ്പം. താലി ധരിച്ച സ്‌ത്രീയെ 'സൗമ‍്യവതി' എന്നും 'ധന‍്യവതി' എന്നും വിശേഷിപ്പിക്കുന്നു. പുരുഷനാല്‍ ഒരു സ്ത്രീയുടെ കഴുത്തില്‍ ചരടു കെട്ടുമ്പോള്‍ ധാരണാബലമനുസരിച്ച്, ചരടു കെട്ടിയ ആളും കെട്ടപ്പെട്ടവരും പരസ്പരം ബന്ധിക്കപ്പെട്ടു എന്നര്‍ഥം. താലിയുടെ കെട്ടില്‍ (കൊളുത്ത്) സര്‍വലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതി ചെയ്യുന്നു. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. അപ്പോള്‍ പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു ഗുണങ്ങളും (ചരട്), ത്രിമൂര്‍ത്തികളും (താലി), മായാശക്തിയും (കെട്ട്) ഒന്നിച്ചു ചേരുമ്പോള്‍ താലിച്ചരട് പ്രപഞ്ചത്തിന്‍റെ സ്വരൂപമായി മാറുന്നു. ഈ താലിച്ചരടിനെ ബന്ധിച്ചയാള്‍ ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിനു തുല്യമാകയാല്‍ സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷന്‍ പരമാത്മാവായും ഗണിക്കപ്പെടുന്നു.

വിവാഹ മോതിരം: സമർപ്പണത്തിന്‍റെയും പ്രണയത്തിന്‍റെയും പ്രതീകം

വിവാഹ മോതിരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ പാശ്ചാത്യ സംസ്കാരങ്ങളിൽ നിന്ന് ഇന്ത‍്യയിലേക്കു വന്നതാണ്. എന്നാൽ, ഇന്ന് മോതിരം ഭാരതീയ ജീവിതശൈലിയിലെ അഭിവാജ‍്യ ഘടകമാണ്. വിവാഹ മോതിരം വിരലിലണിയുന്നത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണ്.

ഇടതു കൈയിലെ മോതിര വിരലിലാണ് വിവാഹ മോതിരം അണിയുന്നത്. ഈ വിരലും ഹൃദയവുമായി ബന്ധിപ്പിക്കുന്ന രക്തധമനി ഉണ്ടെന്നാണ് ഈജിപ്റ്റുകാരുടെ വിശ്വാസം. ഈ വിരലിൽ മോതിരം അണിയുന്നത് രണ്ട് വ്യക്തികൾക്കിടയിൽ നിലനിൽക്കുന്ന ശാശ്വതമായ സ്നേഹത്തെ പ്രതീകവത്കരിക്കുന്നു എന്നും, മോതിരം ആ സ്നേഹത്തിന്‍റെ നിരന്തരമായ ഓർമ്മപ്പെടുത്തലായിരിക്കുമെന്നുമാണ് അവരുടെ വിശ്വാസം.

അതിപുരാതന കാലം മുതൽക്കെ വിവാഹബന്ധത്തിലേർപ്പെടുന്നവർ ആഭരണം അണിയുന്ന പതിവുണ്ട്. ചൈനീസ് സംസ്‌കാരത്തിലും ഗ്രീക്ക്, റോമൻ, അമെരിക്കൻ സംസ്കാരങ്ങളിലും ഇതു പതിവാണ്.

സീമന്തരേഖയിലെ സിന്ദൂരം

സിന്ദൂരധാരണം പ്രാചീന ഭാരതീയ സമ്പ്രദായങ്ങളിൽ സ്‌ത്രീയുടെ വിവാഹാവസ്ഥയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. പുരാതന കാലം മുതൽ സിന്ദൂരം സുമംഗലിയായ സ്‌ത്രീയുടെ സീമന്തരേഖയിൽ ചാർത്തുന്ന പതിവുണ്ട്. പാർവതീ ദേവിയുമായി ബന്ധപ്പെട്ട സിന്ദൂരം ഭർത്താവിന്‍റെ ദീർഘായുസ് ഉറപ്പാക്കുമെന്നാണ് വിശ്വാസം. വിവാഹ ദിവസം വരന്‍റെ കുടുംബാംഗങ്ങൾ വധുവിന്‍റെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നത് ഒരു പുണ‍്യനിമിഷമായി കണക്കാക്കപ്പെടുന്നു.

Trending

No stories found.

Latest News

No stories found.