കാഷ്വാൽറ്റി കതിർമണ്ഡപമായി; ആവണിക്കും ഷാരോണിനും സ്വപ്ന സാഫല്യം

നവദമ്പതികൾക്ക് ആശംസകൾ നേരാൻ അടുത്ത ബന്ധുക്കൾക്കൊപ്പം ഡോക്റ്റര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ചുറ്റുമുണ്ടായിരുന്നു.
wedding at casualty ; A dream come true for Awani and Sharon

ഷാരോണും ആവണിയും ആശുപത്രിയിൽ വിവാഹിതരാകുന്നു.

Updated on

കൊച്ചി: വാഹനാപകടത്തിൽ പരുക്കേറ്റആവണിക്ക് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിതവിഭാഗം കതിര്‍മണ്ഡപമായി. അധ്യാപികയായ ആവണിയും അസി. പ്രഫസറായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹമാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നടത്തിയത്. നവദമ്പതികൾക്ക് ആശംസകൾ നേരാൻ അടുത്ത ബന്ധുക്കൾക്കൊപ്പം ഡോക്റ്റര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ചുറ്റുമുണ്ടായിരുന്നു.

ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരി വീട്ടില്‍ എം. ജഗദീഷ്- ജ്യോതി ദമ്പതികളുടെ മകളായ ആവണി ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂളിലെ അധ്യാപികയാണ്. ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എൻജിനീയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അധ്യാപകനായ ഷാരോണുമായി വെള്ളിയാഴ്ച ഉച്ചക്ക് തുമ്പോളിയിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ മേയ്ക്കപ്പിനായി വധുവും കുടുംബാംഗങ്ങളും കുമരകത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കയറുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും നട്ടെല്ലിനേറ്റ പരുക്ക് ഗുരുതരമായതിനാല്‍ ആവണിയെ വിദഗ്ധ ചികിത്സക്കായി എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് വരന്‍ ഷാരോണും കുടുംബവും ആശുപത്രിയിലെത്തിയിരുന്നു. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്താമെന്ന് ഇരുകുടുംബങ്ങളും ഒരുമിച്ചാണ് തീരുമാനമെടുത്തത്. 12.15നും 12.30നും ഇടയിലായിരുന്നു വിവാഹ മുഹൂര്‍ത്തം. ബന്ധുക്കളുടെ ആവശ്യപ്രകാരം ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് ആശുപത്രി അധികൃതര്‍ അത്യാഹിത വിഭാഗത്തില്‍ വിവാഹത്തിനുള്ള സൗകര്യമൊരുക്കി. രോഗിക്ക് ‌ബുദ്ധിമുട്ടുമുണ്ടാകാത്ത വിധത്തിലാണ് വിവാഹം നടന്നത്.

ആവണിയുടെ നട്ടെല്ലിന് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നും ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നും ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്‍ പറഞ്ഞു. ഇരുവരുടെയും ആഗ്രഹത്തിനും മാനുഷിക പരിഗണനക്കും മൂല്യം നല്‍കിയാണ് അത്യാഹിത വിഭാഗത്തില്‍ തന്നെ വിവാഹം നടത്താനുള്ള അവസരം നല്‍കിയത‌െന്ന് ആശുപത്രി അധികൃതർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com