

ജാൻവി കപൂർ
ബോളിവുഡിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മൂത്ത മകളായ ജാൻവി കപൂർ. മികച്ച വേഷങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ള 29കാരിയായ ജാൻവിക്ക് നിരവധി ആരാധകരുമുണ്ട്. താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും അറിയാൻ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ശാരീരികാരോഗ്യവുമായി ബന്ധപ്പെട്ട ജാൻവിയുടെ പുതിയ തുറന്നുപറച്ചിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
സൗനയിലോ സ്റ്റീം റൂമിലോ സമയം ചെലവഴിക്കുമ്പോൾ തനിക്ക് രക്തസമ്മർദം കുറയുകയും ബോധക്ഷയം സംഭവിക്കാറുണ്ടെന്നുമാണ് ജാൻവി കപൂർ വ്യക്തമാക്കിയിരിക്കുന്നത്. 'കോഫി വിത്ത് കരൺ' സീസൺ ഒൻപതിലെ പരിപാടിക്കിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
സൗനയിൽ സാറ അലി ഖാനും അനന്യ പാണ്ഡെയ്ക്കുമൊപ്പം അകപ്പെട്ടാൽ എന്തുചെയ്യുമെന്ന അവതാരകൻ കരൺ ജോഹറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജാൻവി. സ്റ്റീമിലോ സൗനയിലോ പോകുമ്പോൾ രക്തസമ്മർദം കുറയുന്നതിനാൽ തനിക്ക് ബോധം നഷ്ടപ്പെടുമെന്ന് താരം പറഞ്ഞു.
സൗനയിലെ ഉയർന്ന താപനില ശരീരത്തിന്റെ താപനിയന്ത്രണത്തെയും രക്തചംക്രമണത്തെയും ബാധിക്കാം. ശരീരം തണുപ്പിക്കുന്നതിനായി ചർമത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും രക്തക്കുഴലുകൾ വികസിക്കുകയും ചെയ്യുന്നു. ഇതുമൂലം രക്തസമ്മർദം കുറയാം. രക്തസമ്മർദം അമിതമായി താഴ്ന്നാൽ തലച്ചോറിലേക്കുള്ള രക്തയോട്ടം താൽക്കാലികമായി കുറയുകയും തലകറക്കത്തിനും ബോധക്ഷയത്തിനും കാരണമാകുകയും ചെയ്യും.
സ്വാഭാവികമായും രക്തസമ്മർദം കുറവുള്ളവർ, നിർജലീകരണം സംഭവിച്ചവർ, ഹൃദ്രോഗമുള്ളവർ, രക്തസമ്മർദം കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ എന്നിവർക്ക് സൗനയിൽ രക്തസമ്മർദം കുറയാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന താപനിലയുമായി ശരീരം പൊരുത്തപ്പെടാത്തവർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം.
തലകറക്കം, കാഴ്ച മങ്ങുക, കണ്ണിൽ ഇരുട്ടുകയറുക, അമിതമായി വിയർക്കുക, ക്ഷീണം, ഓക്കാനം, തലവേദന, നിൽക്കുമ്പോൾ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലർക്ക് ഹൃദയമിടിപ്പ് വേഗത്തിലാകുകയും ബോധം നഷ്ടപ്പെടുന്നതുപോലെ അനുഭവപ്പെടുകയും ചെയ്യാം. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ സൗനയിൽ നിന്ന് പുറത്തുകടന്ന് തണുപ്പുള്ള സ്ഥലത്തേക്ക് മാറണം. ചൂടിൽ തുടരുന്നത് പ്രശ്നം ഗുരുതരമാക്കാം.
സൗനയിൽ പ്രവേശിക്കുന്നതിന് മുൻപും ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കണം. കൂടുതൽ സമയം ചൂടിൽ ചെലവഴിക്കരുത്. ആദ്യമായി ഉപയോഗിക്കുന്നവർ കുറഞ്ഞ സമയം മാത്രം ചെലവഴിക്കണം. മദ്യപാനം ഒഴിവാക്കണം. സൗനയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ പെട്ടെന്ന് എഴുന്നേൽക്കരുത്. പനി, നിർജലീകരണം, മറ്റ് അസുഖങ്ങൾ എന്നിവയുള്ളപ്പോൾ സൗന ഉപയോഗിക്കുന്നത് ഒഴിവാക്കണം.