What is a good house
Representative graphicsFreepik

എങ്ങനെയിരിക്കും നല്ല വീട്

കാക്ക കടക്കുന്ന വീട്ടിലേ കാറ്റു കടക്കൂ എന്നൊരു പഴമൊഴിയുണ്ട്. ഇറങ്ങിപ്പോരാനുള്ള വഴി ഉറപ്പുള്ളിടത്തേ കാക്ക കയറൂ. അതുപോലെ ഗമന നിര്‍ഗമന വഴി തുറന്നു കിടപ്പുണ്ടെങ്കിലേ വീട്ടില്‍ കാറ്റും കടക്കൂ.

തയാറാക്കിയത്: എൻ. അജിത്കുമാർ

പ്രകൃതിയുടെ സുസ്ഥിരതയ്ക്ക് പരുക്കേല്‍പ്പിക്കാതെ, പ്രകൃതിവിഭവങളുടെ ഉപയോഗവും ചെലവും പരമാവധി കുറച്ച്, ശാസ്ത്രീയമായി, എന്നാല്‍ സൗന്ദര്യത്തിനും സൗകര്യത്തിനും ഒരു കുറവും വരുത്താതെ ഉണ്ടാക്കിയ വീടാണ് നല്ല വീട്. പ്രകൃതിദത്തമായ വായുവും വെളിച്ചവും വേണ്ടുവോളം കടന്നുവരുന്ന വീട്.

കാക്ക വരുന്ന വഴിയേ കാറ്റ് വരൂ

കാക്ക കടക്കുന്ന വീട്ടിലേ കാറ്റു കടക്കൂ എന്നൊരു പഴമൊഴിയുണ്ട്. ഇറങ്ങിപ്പോരാനുള്ള വഴി ഉറപ്പാക്കിയിട്ടേ കാക്ക വീട്ടിനകത്തു കടക്കൂ. അതുപോലെ ഗമന നിര്‍ഗമന വഴി തുറന്നു കിടപ്പുണ്ടെങ്കിലേ വീട്ടില്‍ കാറ്റും കടക്കൂ. കാറ്റും വെളിച്ചവും കടക്കാത്ത മുറിയില്‍ ഈര്‍പ്പം കെട്ടിനില്‍ക്കും. ഇത് പല രോഗങ്ങള്‍ക്കും കാരണമാകും.

കേരളത്തില്‍ കാറ്റ് വരുന്ന വഴി പ്രധിനമായും കടലിന്‍റെ ഭാഗത്തു നിന്നാണ്. പടിഞ്ഞാറന്‍ കാറ്റാണ് നമുക്ക് പ്രധാനം. അതുകൊണ്ടാണ് വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് നാം അടുക്കളയുണ്ടാക്കാത്തത്. വീടിന്‍റെ പടിഞ്ഞാറു ഭാഗത്ത് അടുക്കള വരുമ്പോള്‍ പുകയും പാകം ചെയ്യുന്ന ഭക്ഷണത്തിന്‍റെ മണവും മറ്റു മുറികളിലേക്ക് കാറ്റിനൊപ്പം അടിച്ചു കയറും. അടുക്കള കിഴക്കുഭാഗത്താണ് പണിയാറ്. പ്രഭാത സൂര്യനില്‍ നിന്നാണ് ആരോഗ്യദായകവും അണുനാശിനിയുമായ ഇന്‍ഫ്രാറെഡ് രശ്മികള്‍ വരുന്നത്. അടുക്കളയില്‍ പ്രഭാത രശ്മികള്‍ പരിക്കുമ്പോള്‍ അടുക്കളാന്തരീക്ഷം അണുവിമുക്തമാകും. വൃത്തിയാകും.

ചൂടും മഴയും തടഞ്ഞ്

ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കുന്ന വസ്തുക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരുന്നു കേരളീയ വാസ്തുവിദ്യാ രീതി. ഓടും അതിനടിയില്‍ നിരപ്പലകകള്‍ കൊടുള്ള തട്ടും ഫലപ്രദമായി ചൂടിനെ പ്രതിരോധിക്കുന്നതായിരുന്നു. മേല്‍ക്കൂരയുടെ ഇറക്കവും ചരിവും കടുത്ത സൂര്യപ്രകാശം നേരിട്ട് ചുമരില്‍ പതിക്കുന്നത് തടഞ്ഞ്, മഴ വെള്ളം പൂര്‍ണമായി തോര്‍ന്നുപോകാന്‍ സഹായിക്കും. നടുമുറ്റമാകട്ടെ, ഒരു ടണല്‍ പോലെ ചൂടിനെ വീട്ടിനുള്ളില്‍ നിന്നു വലിച്ചെടുത്ത് ആകാശത്തിലേക്ക് ഉയര്‍ത്തിവിടുന്നു.

നമ്മുടെ പ്രവര്‍ത്തന ശേഷി കുറയ്ക്കാനും വീടിനുള്ളിലെ അപകടങ്ങള്‍ കൂട്ടാനും പകര്‍ച്ചവ്യാധികള്‍ പെരുകാനുമൊക്കെ അമിത ചൂട് കാരണമാകുന്നു. ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കാത്ത വീടുകള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതു കൂടാതെ വൈദ്യുതി ഊര്‍ജ ചെലവ് കൂട്ടുകയും ചെയ്യുന്നു

നല്ല വീട്ടില്‍!

സുസ്ഥിരവും ആരോഗ്യപൂര്‍ണവുമായ ജീവിതത്തിന് വീടിനുള്ളില്‍ പരിഗണിക്കപ്പെടേണ്ട ചില പ്രധാന ഘടകങ്ങളുണ്ട്. ഗുണമേയുള്ള വായു, സൂര്യപ്രകാശം, ക്രമീകൃതമായ ചൂടും ഈര്‍പ്പവും, സുഖകരമായ ശബ്ദം, സുരക്ഷ, ഉള്ളില്‍ ആയാസരഹിതമായി സഞ്ചരിക്കാനുള്ള ഇടം, നല്ല ചുറ്റുപാട്, ശുദ്ധമായ കുടിവെള്ള ലഭ്യത എന്നിവയാണിവ. നല്ല പുറംകാഴ്ചകള്‍ ഒരു നല്ല വീടിന്‍റെ പ്രധാന ഗുണമാണ്. വീടിന്‍റെ പൂമുഖം പരമാവധി ആളുകളുമായി ഒത്തിടപഴകാന്‍ കഴിയും വിധമായിരിക്കണം.

സിക്ക് ബില്‍ഡിങ്‌ സിന്‍ഡ്രോം

വീട് / ഓഫീസ് തുടങ്ങിയ കെട്ടിടങ്ങള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ വഴിയുണ്ടാകുന്നആരോഗ്യപ്രശ്‌നങ്ങള്‍ ഈയിടെ ഭീതിതമാം വിധം പെരുകുകയാണ്.

വായുവിലെ പൊടിപടലങ്ങള്‍, ഈര്‍പ്പം, റേഡിയോ ആക്ടീവ് വസ്തുക്കള്‍, പുക, കരി, ചില നിര്‍മാണവസ്തുക്കളില്‍ നിന്നും വീട്ടു സാധനങ്ങളില്‍ നിന്നും സാധാരണ ചൂടില്‍ തന്നെ പുറത്തുവരുന്ന വിഷവസ്തുക്കള്‍, ആസ്ബസ്റ്റോസ് പോലെ വായുവില്‍ തങ്ങിനില്‍ക്കുന്ന സാധനങ്ങള്‍ കൊണ്ടുള്ള നിർമിതി, തിരക്കേറിയ തെരുവുകളിലെ വാഹനപ്പുക, വായുസഞ്ചാരമില്ലാത്ത മുറികള്‍, വീടിനുള്ളിലെ പുകവലി തുടങ്ങിയവയൊക്കെയാണ് ഇതിനു കാരണം.

വീടിനു ചുറ്റും അനുയോജ്യമായ ധാരാളം മരങ്ങള്‍ വച്ചു പിടിപ്പിക്കുക, ജനാലകള്‍ തുറന്നിടുക, വീടിന്‍റെ മുകള്‍ തലങ്ങളില്‍ നല്ല വെന്‍റിലേഷന്‍ ലഭ്യമാക്കുക, മുറികള്‍ അടിച്ചു തുടച്ച് ശുചിയാക്കി വയ്ക്കുക, മാലിന്യം ശരിയാംവണ്ണം സംസ്‌കരിക്കുക, ശുദ്ധ ജല സാദ്ധ്യത ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ ഏതു പ്രദേശത്തും സുസ്ഥിരവും ആരോഗ്യകര വ്യയാമവാസസ്ഥലങ്ങള്‍ നമുക്ക് സൃഷ്ടിക്കാന്‍ കഴിയുന്നതേയുള്ളു.

മാലിന്യ സംസ്‌കരണം

നമ്മുടെ നാട്ടിലെ ആകെ മാലിന്യത്തിന്‍റെ ഏകദേശം 60 ശതമാനവും വീടുകളിലാണ് ഉണ്ടാവുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ഇവ വീടുകളില്‍ തന്നെ കൈകാര്യം ചെയ്യാന്‍ കഴിയണം. വീടുകളില്‍ ഉണ്ടാകുന്ന മാലിന്യത്തെ പ്രധാനമായും മൂന്നായി തരംതിരിക്കാം. മനുഷ്യവിസര്‍ജ്യം അടങ്ങുന്ന ബ്ലാക്ക് പാട്ടര്‍ അഥവാ സീവേജ് പ്രധാനമായും കക്കൂസില്‍ നിന്നുള്ള മാലിന്യമാണ്. ഇത് വീട്ടിലുണ്ടാകുന്ന മാലിന്യത്തിന്‍റെ ഏകദേശം 30 ശതമാനം വരും.

അടുക്കള, കുളി മുറി, അലക്കല്‍ തുടങ്ങിയവയില്‍ നിന്നും ഉണ്ടാകുന്ന മലിന ജലത്തെ ഗ്രേവാട്ടര്‍ അഥവാ സള്ളേജ് എന്നാണറിയപ്പെടുന്നത്. ഇത് വീടുകളിലുണ്ടാകുന്ന മലിനജലത്തിന്‍റെ ഏകദേശം 70 ശതമാനം വരും. നഗര പ്രദേശത്ത് ഒരാള്‍ ഒരു ദിവസം 130 ലിറ്റര്‍ മലിനജലമുണ്ടാക്കുന്നുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്.

ഒരാള്‍ ഉപയോഗിക്കുന്നതിന്‍റെ 80 ശതമാനവും മലിന ജലമായി പുറത്തു വരുന്നു. നഗര പ്രദേശത്ത് വസിക്കുന്ന ഒരാള്‍ ഒരു ദിവസം 400 ഗ്രാം ഖര മാലിന്യം പുറന്തള്ളുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഇത് 250 ഗ്രാമാണ്. നാലു പേരുള്ള ഒരു അണു കുടുംബം ശരാശരി 2 കിലോഗ്രാം ഖരമാലിന്യം പുറന്തള്ളുന്നു.

മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാം?

ഖര മാലിന്യം വീടുകളിലായാലും സ്ഥാപനങ്ങളിലായാലും ഉണ്ടാക്കുന്ന സ്ഥലത്തു തന്നെ തരം തിരിച്ച് സംഭരിക്കണം. വേഗത്തില്‍ ചീഞ്ഞളിയുന്നവ ഒരു സംഭരണിയിലും ചീഞ്ഞളിയാത്തവ മറ്റൊരു സംഭരണിയിലും. ചീഞ്ഞളിയുന്ന കമ്പോസ്റ്റാക്കാം, ബയോഗ്യാസുണ്ടാക്കാം. സ്ഥല സൗകര്യമില്ലാത്തിടങ്ങളിലും ഫ്‌ളാറ്റുകളിലും വെര്‍മി കമ്പോസ്റ്റാക്കാം. ചീഞ്ഞളിയാത്ത മാലിന്യങ്ങളായ പ്ലാസ്റ്റിക്, ലോഹങ്ങള്‍ ഗ്ലാസ് മുതലായവ സംഭരിച്ച് വയ്ക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്താല്‍ റീസൈക്ലിങ് വ്യവസായശാലകള്‍ക്ക് കൈമാറുക.

വിവിധ തരത്തിലുള്ള അപകടകാരികളായ പാഴ് വസ്തുക്കളും വീടുകളില്‍ നിന്ന് പുറന്തള്ളുന്നുണ്ട്. ഫ്യൂസായ ട്യൂബ് ലൈറ്റുകള്‍, സിഎഫ്എല്ലുകള്‍, ബാറ്ററി, മരുന്നിന്‍റെയും കീടനാശിനികളുടെയും അവശിഷ്ടങ്ങള്‍ തുടങ്ങിയവയും തദ്ദേശസ്വയംഭരണ തലത്തില്‍ സംഭരിച്ചേ നിര്‍മാര്‍ജനം ചെയ്യാവൂ. വ്യക്തിശുചിത്വം പോലെ തന്നെ നമ്മുടെ വീടും പരിസവും ശുചിയായി സൂക്ഷിച്ചാലേ നല്ല വീടാവൂ. നല്ല വീടുകള്‍ മാത്രമുള്ള നല്ല നാടാവൂ.

ജീവിത നിലവാരം ഉയരുമ്പോള്‍

ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതിനനുസരിച്ച് മാലിന്യങ്ങളുടെ ഉത്പാദനവും വര്‍ധിക്കുന്നു. സാങ്കേതികവിദ്യയുടെ വളര്‍ച്ച പുത്തന്‍ ഉപഭോഗ വസ്തുക്കളുടെ പെരുകലിനും കാരണമായി. ഓരോ ദിവസവും നാം വാങ്ങിക്കൂട്ടുന്ന സാധന സാമഗ്രികകളോടൊപ്പം പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും ദോഷകരമായ കുറേ പാഴ്‌വസ്തുക്കളും നാം അറിയാതെ ശേഖരിക്കുന്നുണ്ട്. കൂടാതെ ദൈനംദിനാവശ്യങ്ങള്‍ക്കായുള്ള വസ്തുക്കളുടെ ഉത്പാദന വേളയിലും അനര്‍ഥമുണ്ടാക്കുന്ന ധാരാളം പദാര്‍ഥങ്ങള്‍ പുറന്തതള്ളപ്പെടുന്നുണ്ട്. വേണ്ടാത്തതെന്തും പരിസരത്തേക്ക് വലിച്ചെറിയുന്നത്‌ നമ്മുടെ ശീലം കൂടിയായപ്പോള്‍ വീടും പരിസരവും നാടുംമൊക്കെ മാലിന്യക്കൂമ്പാരമായി മാറി. ധാരാളം മാറാരോഗങ്ങളും നമ്മുടെ കൂടപ്പിറപ്പായി.

വമ്പന്‍ വ്യവസായശാലകളൊന്നുമില്ലാത്ത കേരളം മാലിന്യക്കൂമ്പാരമായി മാറാന്‍ പ്രധാന കാരണം നമ്മുടെ അവബോധമില്ലായ്മയാണ്. വേണ്ടതൊന്നും സ്വയം ഉത്പാദിപ്പിക്കാതെ എല്ലാം വിപണിയില്‍ നിന്ന് വാങ്ങി ജീവിക്കുന്ന മലയാളിയുടെ ജീവിതശൈലിയും മലിനീകരണ നിയന്ത്രണ ഏജന്‍സികളുടെയും സംവിധാനങ്ങളുടെയും കെടുകാര്യസ്ഥതയും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടുകയും ചെയ്തു.

ഒരു ദിവസം എത്ര മാലിന്യം?

കേരളത്തിലെ അഞ്ച് വന്‍ നഗരങ്ങളിലും 53 മുനിസിപ്പാലിറ്റികളിലും 999 പഞ്ചായത്തുകളിലുമായി ഒരു ദിവസം എത്ര മാലിന്യം പുറന്തള്ളപ്പെടുന്നുണ്ട്? 2006ല്‍ നടന്ന കണക്കെടുപ്പുപ്രകാരം 53 മുനിസിപ്പിലിറ്റികളില്‍ ദിനം പ്രതി 758 ടണ്‍ മാലിന്യം സൃഷ്ടിക്കപ്പെടുന്നുണ്ട്. അഞ്ച് കോര്‍പ്പറേഷനുകളില്‍ നിന്നും 1183 ടണ്‍ ഖര മാലിന്യം സൃഷ്ടിക്കപ്പെടുന്നുണ്ട്. 999 പഞ്ചായത്തുകളില്‍ നിന്നായി 45 - 65 ടണ്‍ ഖരമാലിന്യം പുറന്തള്ളപ്പെടുന്നുണ്ട്.

വന്‍നഗരങ്ങളിലെ ഒരാള്‍ ശരാശരി ഒരു ദിവസം 465 ഗ്രാം ഖരമാലിന്യവും, മുനിസിപ്പാലിറ്റികളില്‍ ഒരു ദിവസം ഒരാള്‍ 268 ഗ്രാം ഖരമാലിന്യവും പുറന്തള്ളുന്നു. പത്തു വര്‍ഷം കൊണ്ട് ഇതിന്‍റെ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടാകും. ഇതിന്‍റെ 50 ശതമാനവും പുറംത്തള്ളുന്നത് വീടുകളില്‍ നിന്നാണ്. ആശുപത്രികള്‍ ഹോട്ടലുകള്‍, കെട്ടിട നിര്‍മാണസ്ഥലങ്ങള്‍ തുടങ്ങിയവയാണ് ബാക്കിയുള്ളവയുടെ ഉറവിടങ്ങള്‍. ഈ മാലിന്യങ്ങളില്‍ 80 ശതമാനവും അഴുകുന്നവയും അതിനാല്‍ തന്നെ കമ്പോസ്റ്റ് ചെയ്യാന്‍ പറ്റിയവയുമാണ്. അതിന്‍റെ അര്‍ഥം ശരിയായി പ്ലാന്‍ ചെയ്യുകയും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്താല്‍ ഈ 80 ശതമാനം മാലിന്യവും പ്രയോജനപ്രദമാക്കി മാറ്റാം എന്നതാണ്.

Trending

No stories found.

Latest News

No stories found.