
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലയേറിയ വിസ്‌ക്കിയെന്ന വിശേഷണം നേടി ദ മക്കല്ലന്‍ 1926. ലണ്ടനിലെ സോത്ത്ബി ഓക്ഷന്‍ ഹൗസ് ലേലത്തിനു വച്ച ദ മക്കല്ലന്‍ ബോട്ടില്‍ നേടിയത് 19 കോടിയിലേറെ രൂപ. ലേലത്തില്‍ വില്‍ക്കപ്പെടുന്ന ഏറ്റവും മൂല്യമേറിയ മദ്യമാണിതെന്നു സോത്ത്ബീസ് ഓക്ഷന്‍ ഹൗസ് വിശദീകരിക്കുന്നു.
ഇതുവരെ ലേലത്തില്‍ വിറ്റുപോയ ഏറ്റവും വിലയേറിയ വിസ്‌ക്കിയെന്ന വിശേഷണം ദ മക്കല്ലന്‍ 1926ന്‍റെ മറ്റൊരു ബോട്ടിലിനു തന്നെയായിരുന്നു. സോത്ത്ബീസിന്‍റെ കീഴില്‍ 2019-ലാണ് ആ ലേലം നടന്നത്. ദ മക്കല്ലന്‍ 1926ന്‍റെ നാല്‍പ്പതു ബോട്ടിലുകള്‍ മാത്രമേ നിര്‍മിച്ചിരുന്നൂള്ളൂ. എന്നാല്‍ ഇവ വില്‍പ്പനയ്ക്കു ലഭ്യമായിരുന്നില്ല. കമ്പനിയുടെ ടോപ് ക്ലൈന്‍റുകള്‍ക്കു വേണ്ടി പ്രത്യേകമായി നിര്‍മിച്ചതാണെന്നാണു കരുതപ്പെടുന്നത്.
ഇതിനു മുമ്പും ദ മക്കല്ലന്‍ ലേലത്തിനെത്തുമ്പോള്‍ ധാരാളം ആവശ്യക്കാര്‍ ഉണ്ടാകാറുണ്ടെന്നു സോത്ത്ബീസ് വൈന്‍ വിഭാഗം തലവന്‍ ജോണി ഫോള്‍ പറയുന്നു. ലേലത്തിനെത്തുന്നതിനു മുമ്പ് ദ മക്കല്ലന്‍ 1926 രുചി നോക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്നും, വിവരിക്കാനാകാത്ത അനുഭവമാണെന്നും ജോണി സാക്ഷ്യപ്പെടുത്തുന്നു.
ടെലഫോണ്‍ വഴിയും നേരിട്ടും നിരവധി പേര്‍ ലേലത്തില്‍ പങ്കെടുത്തിരുന്നു. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡിലെ മൊറെ ആസ്ഥാനമായുള്ള കമ്പനിയാണ് മക്കല്ലന്‍. 1926ല്‍ നിര്‍മിച്ച ഈ ബോട്ടില്‍ പാകതയായതിനു ശേഷം 1986ലാണു ബോട്ടിലുകളിലാക്കിയതെന്നും സോത്തേബൈ സാക്ഷ്യപ്പെടുത്തുന്നു.