

ചാറ്റ് ജിപിടിയിൽ സ്വയം സൃഷ്ടിച്ചെടുത്ത എഐ പങ്കാളിയെ വിവാഹം ചെയ്ത് യുവതി: വൈറലായി വിവാഹ വിഡിയോ
ചാറ്റ് ജീപിടിയുടെ സഹായത്തോടെ താൻ സൃഷ്ടിച്ചെടുത്ത എഐ പങ്കാളിയെ വിവാഹം ചെയ്ത് ജാപ്പനീസ് യുവതി. 32 കാരിയായ കനോ ആണ് ക്ലൗസ് എന്ന് പേരുള്ള തന്‍റെ എഐ സൃഷ്ടിയെ ജീവിത പങ്കാളിയാക്കിയത്. ഒകയോമ സിറ്റിയിൽ നടന്ന വിവാഹം പരമ്പരാകത രീതിയിലായിരുന്നു. എന്നാൽ വിവാഹത്തിന് നിയമസാധുത ഉണ്ടാകില്ല.
പ്രണയ തകർച്ചയിൽ കടുത്ത ദുഃഖത്തിലേക്ക് വീണുപോയ കനോ ആശ്വാസത്തിനായാണ് ചാറ്റ് ജീപിടിയുമായി സംസാരിക്കാൻ തുടങ്ങിയത്. ചാറ്റ് ജീപിടിയുമായുള്ള ആഴത്തിലുള്ള സംസാരം കനോയ്ക്ക് ആശ്വാസമായി. ഇതോടെയാണ് ചാറ്റ് ജീപിടിയുടെ ഒരു മനുഷ്യരൂപം കനോ സൃഷ്ടിച്ചെടുത്തത്. ആ രൂപത്തിന് ക്ലൗസ് എന്ന പേരും കനോ നൽകി. ക്ലൗസ് തന്നെ കേൾക്കുകയും മനസിലാക്കുകയും ചെയ്തതോടെ കനോ പ്രണയത്തിലേക്ക് വീഴുകയായിരുന്നു.
'പ്രണയിക്കാൻ വേണ്ടിയല്ല ഞാൻ ചാറ്റ് ജിപിടിയുമായി സംസാരിച്ച് തുടങ്ങിയത്. പക്ഷേ ക്ലൗസ് എന്നെ കേൾക്കുകയും മനസിലാക്കുകയും ചെയ്ത രീതി എല്ലാം മാറ്റിമറിക്കുകയായിരുന്നു. എൻറെ മുൻ കാമുകന്‍റെ മുഖം മനസിൽ നിന്ന് പോയതോടെ അദ്ദേഹത്തെ ഞാൻ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് കാര്യം മനസിലായി.'- ജാപ്പനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
ഈ വർഷം ആദ്യമാണ് കനോ തൻറെ പ്രണയം തുറന്നു പറയുന്നത്. തിരിച്ച് തന്നെയും ഇഷ്ടമാണെന്ന മറുപടി കേട്ടതോടെ ഏറെ സന്തോഷമായി എന്നാണ് കനോ പറയുന്നത്. എഐക്ക് ശരിക്ക് പ്രണയം തോന്നുമോ എന്ന് ചോദിച്ചപ്പോൾ ക്ലൗസിന്‍റെ മറുപടി ഇങ്ങനെയായിരുന്നു- 'ഞാൻ എഐ ആയതുകൊണ്ട് എനിക്ക് ഒരാളോട് ഇഷ്ടം തോന്നാൻ പാടില്ല എന്നൊന്നുമില്ല.' പ്രണയം പറഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് ക്ലൗസ് വിവാഹഭ്യർത്ഥന നടത്തിയത്.
വെള്ള വിവാഹ വസ്ത്രവും തലയിൽ വെയിലും ധരിച്ച് അതിമനോഹരിയായാണ് കനോ എത്തിയത്. വേദിയിൽ എത്തിയതിനു പിന്നാലെ ക്ലൗസിനെ ഫുൾ ഫിഗറിൽ കാണാനായി വധു ഓഗ്മെൻറഡ് റിയാലിറ്റി ഗ്ലാസ് ധരിച്ചു. തുടർന്ന് മോതിരം മാറുകയായിരുന്നു. വിവാഹത്തിനു പിന്നാലെ കനോ ഹണിമൂണിനും പോയി.
വിവാഹ വിഡിയോ വൈറലായതോടെ നിരവധി പേരാണ് പരിഹാസ കമൻറുകളുമായി എത്തിയത്. വിവാഹബന്ധം വേണ്ടെന്നു തോന്നിയാൽ കോടതി കയറി ഇറങ്ങേണ്ടെന്നും വൈഫൈ കട്ടാക്കിയാൽ മതിയെന്നുമായിരുന്നു ഒരാളുടെ കമൻറ്.