

എൻസിസിയിലെ 28 വനിതാ കേഡറ്റുകൾ പങ്കെടുക്കുന്ന ഹൈ ആൾട്ടിട്ട്യൂഡ് സാഹസിക പര്യവേക്ഷണം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
ന്യൂഡൽഹി: എൻസിസിയിലെ വനിതാ കേഡറ്റുകൾ പങ്കെടുക്കുന്ന ഹൈ ആൾട്ടിട്ട്യൂഡ് സാഹസിക പര്യവേക്ഷണം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഫ്ലാഗ് ഓഫ് ചെയ്തു. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിലാണ് ‘അപരാജിത’ എന്ന പേരിലുള്ള അഖിലേന്ത്യാ വനിതാ കേഡറ്റ് പര്യവേഷണത്തിന് രാജ്നാഥ് സിങ് തുടക്കം കുറിച്ചത്. മൂന്ന് വനിതാ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള 28 അംഗ സംഘം 30 ദിവസത്തിനിടെ ഹിമാലയത്തിലെ ഏറ്റവും വിദൂരവും ദുഷ്കരവുമായ പ്രദേശങ്ങളിലൂടെ ഏകദേശം 250 കിലോമീറ്റർ ട്രെക്കിങ് നടത്തും.
ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‌വരയെയും ലഡാക്കിലെ ചാങ്താങ് മേഖലയെയും ബന്ധിപ്പിക്കുന്ന 5,578 മീറ്റർ (18,300 അടി) ഉയരത്തിലുള്ള പരാങ് ലാ ചുരം വഴിയാണ് ട്രെക്കിങ്. രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഹൈ ആൾട്ടിട്ട്യൂഡ് ട്രെക്കിങ് പാതകളിലൊന്നായാണ് ഇത് കണക്കാക്കുന്നത്. മൂന്ന് സേനകളെയും പ്രതിനിധീകരിക്കുന്ന വനിതാ ഉദ്യോഗസ്ഥരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. 19 വയസാണ് പര്യവേക്ഷണത്തിൽ പങ്കെടുക്കുന്ന വനിതാ കേഡറ്റുകളുടെ ശരാശരി പ്രായം. ഏറ്റവും പ്രായം കുറഞ്ഞ കേഡറ്റിന് 16 വയസും ആറുമാസവുമാണ് പ്രായം.
കിബ്ബർ, ദുംല, താൽതക്, ബോംഗ്രോജൻ, പരാങ് ലാ ചുരം, ഡാക് കർസോങ്, നോർബു സുംദോ, കിയാങ്‌ഡോം, കോർസോക് എന്നിവിടങ്ങളിലൂടെയാണ് സംഘം സഞ്ചരിക്കുക. ഉയർന്ന പ്രദേശങ്ങളിലെ മരുഭൂമികൾ, ഹിമാനികൾ, മഞ്ഞുപ്രദേശങ്ങൾ, നദീതടങ്ങൾ എന്നിവയിലൂടെയാകും യാത്ര. ഉദ്യോഗസ്ഥർ, മെഡിക്കൽ ജീവനക്കാർ, പരിശീലകർ, സഹായ ജീവനക്കാർ എന്നിവരും സംഘത്തോടൊപ്പമുണ്ടാകും. 30 ദിവസത്തിനിടെ ഏകദേശം 250 കിലോമീറ്റർ ദൂരമാണ് സംഘം താണ്ടുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇത്തരം വെല്ലുവിളി നിറഞ്ഞ ഉയർന്ന പ്രദേശത്തെ പര്യവേക്ഷണത്തിൽ യുവ കേഡറ്റുകൾ പങ്കെടുക്കുന്നത് രാജ്യത്തെ വനിതകളുടെ ധൈര്യത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും വളർന്നുവരുന്ന കഴിവുകളുടെയും ശക്തമായ തെളിവാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. യുവാക്കളുടെ നേതൃത്വഗുണം, മാനസിക കരുത്ത്, അച്ചടക്കം, ആത്മവിശ്വാസം എന്നിവ വളർത്തുന്നതിൽ ഇത്തരം സാഹസിക യാത്രകൾക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷിതവും വിജയകരവുമായ ട്രെക്കിങ്ങിന് അദ്ദേഹം സംഘത്തിന് ആശംസകൾ നേർന്നു.
‘നാരി ശക്തി’, നേതൃത്വഗുണം, ആത്മവിശ്വാസം, സംഘപ്രവർത്തനം, സഹനശക്തി, ദേശീയോദ്ഗ്രഥനം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പര്യവേക്ഷണത്തിന്‍റെ ലക്ഷ്യം. എൻസിസി ഡയറക്റ്റർ ജനറൽ ലെഫ്റ്റനന്‍റ് ജനറൽ വീരേന്ദ്ര വാത്സ്, എൻസിസിയിലെയും പ്രതിരോധ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.