

തനുശ്രീ ഐപിഎസ്
എം.എസ്. ശരത് നാഥ്
തീവ്രവാദത്തിന് കുപ്രസിദ്ധിയാർജിച്ചിരുന്ന ജമ്മു കശ്മീരിലെ ഒരു പൊലീസ് ജില്ലയുടെ തലപ്പത്തെത്തിയ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ. തോക്കിന്റെയും സുരക്ഷാ സന്നാഹങ്ങളുടെയും ലോകത്ത് മാത്രം ഒതുങ്ങാതെ അവർ ജനങ്ങളിലേക്കിറങ്ങി. യുവാക്കളോട് സംസാരിച്ചു. കായികമത്സരങ്ങൾ സംഘടിപ്പിച്ചു. ലഹരിക്കെതിരേ ബോധവത്കരണം നടത്തി. ഒടുവിൽ ഡൽഹിയിലേക്കുള്ള സ്ഥലംമാറ്റത്തിന്റെ വാർത്തയെത്തിയപ്പോൾ, യൂണിഫോമിലെ ഒരു ഉദ്യോഗസ്ഥയെ മാത്രമല്ല, തങ്ങൾക്കിടയിൽ ഒരാളായി മാറിയ മനുഷ്യനെക്കൂടിയാണ് കശ്മീരികൾ യാത്രയാക്കിയത്. ആ കണ്ണീരോടെയുള്ള യാത്രയയപ്പ് തനുശ്രീയുടെ കശ്മീർ ജീവിതത്തിന്റെ ഏറ്റവും വലിയ അംഗീകാരമായി മാറി. യൂണിഫോമിനപ്പുറം കശ്മീരിന്റെ മനസ് കീഴടക്കിയ തനുശ്രീ ഐപിഎസിനെക്കുറിച്ച് വിശദമായി അറിയാം.
യൂണിഫോമിനോട് ചേർന്ന ബാല്യം
1987 ഏപ്രിൽ 24ന് ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ മോതിഹാരിയിലാണ് തനുശ്രീ ജനിച്ചത്. തനുശ്രീയുടെ ബാല്യം തന്നെ രാജ്യസേവനത്തിന്റെ അന്തരീക്ഷത്തിലായിരുന്നു. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) ഡെപ്യൂട്ടി ഇൻസ്പെക്റ്റർ ജനറലായി വിരമിച്ച സുഭോദ് കുമാറായിരുന്നു തനുശ്രീയുടെ പിതാവ്. പിതാവിന്റെ വിവിധ സ്ഥലങ്ങളിലെ നിയമനങ്ങൾക്കനുസരിച്ച് കുടുംബത്തിന് പല നഗരങ്ങളിലായി താമസം മാറേണ്ടിവന്നു.
സ്ഥിരമായ ഒരു സ്ഥലത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യം തനുശ്രീയുടെ പഠനത്തെയോ ലക്ഷ്യബോധത്തെയോ തളർത്തിയില്ല. മറിച്ച് മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും സ്ഥിരതയോടെ മുന്നേറാനും ആ ജീവിതം അവരെ പഠിപ്പിച്ചു. അമ്മ നീലം പ്രസാദ് കുടുംബത്തിന് ശക്തമായ പിന്തുണയായി നിന്നു. സിആർപിഎഫിൽ കമാന്റഡന്റാണ് തനുശ്രീയുടെ മൂത്ത സഹോദരി മനുശ്രീ. സഹോദരി യൂണിഫോമിൽ സേവനം ചെയ്യുന്നത് കണ്ടാണ് രാജ്യത്തിനായി പ്രവർത്തിക്കണമെന്ന ആഗ്രഹം തനുശ്രീയുടെ മനസിൽ ശക്തമായത്.
ടെക്സ്റ്റൈലിൽ നിന്ന് കൗണ്ടർ ടെററിസത്തിലേക്ക്
മോതിഹാരിയിലായിരുന്നു തനുശ്രീയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പിതാവിന്റെ സ്ഥലംമാറ്റങ്ങൾക്കനുസരിച്ച് പഠനവും വിവിധ ഇടങ്ങളിലായി. ഝാർഖണ്ഡിലെ ബൊക്കാറോയിലെ ഡിഎവി പബ്ലിക് സ്കൂളിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി. തുടർന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് ടെക്സ്റ്റൈൽ ഡിസൈനിങ്ങിൽ ബിരുദം നേടി. തുടർന്ന് ഏതാനും വർഷങ്ങൾ ഝാർഖണ്ഡിലെ ടെക്സ്റ്റൈൽ, കൈത്തറി മേഖലയിൽ പ്രവർത്തിച്ചു. ഈ മേഖലയിലെ ജോലി സമൂഹത്തിന്റെ ആവശ്യങ്ങളും സാമൂഹിക പ്രശ്നങ്ങളും അടുത്തറിയാൻ തനുശ്രീയെ തുണച്ചു. ഇതോടെയാണ് സിവിൽ സർവീസസിലൂടെ പൊതുസേവനത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള തീരുമാനം തനുശ്രീ കൈക്കൊണ്ടത്. പിന്നീട് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി ഡൽഹിയിലേക്ക് മാറി. ഇൻകം ടാക്സ് വകുപ്പിലേക്കുള്ള പരീക്ഷയിൽ യോഗ്യത നേടിയെങ്കിലും ജോലി സ്വീകരിച്ചില്ല. 2020ൽ രാജ്യത്തെ യുവ ഐപിഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ വെർച്വൽ സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക്സ്റ്റൈലും ഭീകരവാദവും രണ്ടും എങ്ങനെ കൈകാര്യം ചെയ്യും എന്ന് തനുശ്രീയോട് തമാശരൂപേണ ചോദിച്ചിരുന്നു. പൊലീസ് സർവീസിൽ ചേരുന്നതിന് മുൻപ് തനുശ്രീ ടെക്സ്റ്റൈൽ ഡിസൈങിന് പഠിച്ചിരുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.
ഐപിഎസിന് മുൻപ് സിആർപിഎഫിൽ
2014ൽ സിആർപിഎഫിൽ അസിസ്റ്റന്റ് കമാൻഡന്റായാണ് തനുശ്രീ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. സിആർപിഎഫിലെ എക്സ്പീരിയൻസ് പിന്നീട് ഐപിഎസ് ജീവിതത്തിലും നിർണായകമായി. സുരക്ഷാ മേഖലയുടെ യാഥാർഥ്യങ്ങൾ, കമാൻഡ് ഘടന, പ്രതിസന്ധി ഘട്ടങ്ങളിൽ തീരുമാനമെടുക്കൽ തുടങ്ങിയവ നേരിട്ട് മനസിലാക്കാൻ സിആർപിഎഫിലെ സേവനം തനുശ്രീയെ സഹായിച്ചു.
2015ലായിരുന്നു പ്രണിത് റെഡ്ഡിയുമായുള്ള വിവാഹം. അതിന് പിന്നാലെയുള്ള വർഷം തനുശ്രീയുടെ ജീവിതത്തിലെ വലിയ പരീക്ഷണകാലമായിരുന്നു. പുതിയ കുടുംബജീവിതവും വിവാഹബന്ധത്തിലെ ഉത്തരവാദിത്വങ്ങളും കൈകാര്യം ചെയ്യുന്നതിനൊപ്പം യുപിഎസ്സിക്ക് തയ്യാറെടുക്കേണ്ടി വന്നു. പൊതുജീവിതത്തിൽ നിന്ന് അകന്നു നിൽക്കുന്ന വ്യക്തിയാണ് തനുശ്രീയുടെ ഭർത്താവ്. കുടുംബജീവിതത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വേറിട്ട് സൂക്ഷിക്കാനാണ് ഇരുവരുടെയും താൽപര്യം.
2016ൽ നടന്ന യുപിഎസ്സി സിവിൽ സർവീസ് പരീക്ഷ ആദ്യ ശ്രമത്തിൽ തന്നെ തനുശ്രീ വിജയിച്ചു. അഖിലേന്ത്യാ തലത്തിൽ 652 റാങ്ക് ആയിരുന്നു തനുശ്രീക്ക് ലഭിച്ചത്. 2017 ഡിസംബർ 18ന് എജിഎംയുടി കേഡറിൽ ഐപിഎസ് ഉദ്യോഗസ്ഥയായി സർവീസിൽ പ്രവേശിക്കുകയും ചെയ്തു. അരുണാചൽ പ്രദേശ്, ഗോവ, മിസോറം, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് എജിഎംയുടി കേഡർ. ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ ശേഷം ജമ്മു കശ്മീരിലായിരുന്നു തനുശ്രീയുടെ ആദ്യ പോസ്റ്റിങ്.
കശ്മീരിൽ പുതിയ ചരിത്രം
തനുശ്രീയുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നായിരുന്നു കശ്മീരിലെ പോസ്റ്റിങ്. പരിശീലനത്തിനുശേഷം കശ്മീരിലെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്പി) ആയിട്ടായിരുന്നു ആദ്യ നിയമനം. തുടർന്ന് ഈസ്റ്റ് ശ്രീനഗർ എസ്പി ആയി പ്രവർത്തിച്ചു. പിന്നീട് ഷോപ്പിയാൻ, പുൽവാമ എന്നിവിടങ്ങളിൽ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്പി) ആയി സ്ഥാനക്കയറ്റം ലഭിച്ചു. ഇതോടെ കശ്മീരിൽ ഒരു പൊലീസ് ജില്ലയുടെ മേധാവിയാകുന്ന ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെന്ന നേട്ടവും തനുശ്രീയെ തേടിയെത്തി.
ചരിത്രപരമായി തീവ്രവാദവും സാമൂഹിക സംഘർഷങ്ങളും സുരക്ഷാസേനയോടുള്ള അവിശ്വാസവും നിലനിന്നിരുന്ന പ്രദേശങ്ങളായിരുന്നു ഷോപ്പിയാൻ, പുൽവാമ എന്നീ ജില്ലകൾ. ഈ ജില്ലകളിൽ എസ്എസ്പിയായിരിക്കെയാണ് തനുശ്രീ കശ്മീരിൽ അറിയപ്പെട്ടത്. മാനുഷിക മൂല്യങ്ങൾ മുൻനിർത്തിയുള്ള തനുശ്രീയുടെ വേറിട്ട രീതികൾ തന്നെയായിരുന്നു അവരുടെ ജനപ്രീതിക്ക് പിന്നിലെ കാരണം. സുരക്ഷാ നടപടികളിൽ മാത്രം ഒതുങ്ങിയതായിരുന്നില്ല തനുശ്രീയുടെ പ്രവർത്തനം. യുവാക്കളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കരിയർ കൗൺസലിങ് പരിപാടികൾ നടത്തി. ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തീവ്രവാദ ആശയങ്ങളിലേക്കുള്ള യുവാക്കളുടെ ആകർഷണം എന്നിവയ്ക്കെതിരായ നടപടികളിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. സുരക്ഷയും ജനങ്ങളുമായുള്ള ബന്ധവും ഒരുപോലെ പ്രധാനമാണെന്ന സമീപനമാണ് ഷോപ്പിയാനിലും പുൽവാമയിലും തനുശ്രീയുടെ പ്രവർത്തനത്തെ ശ്രദ്ധേയമാക്കിയത്. ഇതോടെ കശ്മീർ ജനത തനുശ്രീയെ സ്വന്തം മകളെ പോലെ ഏറ്റെടുക്കുകയായിരുന്നു.
2026ൽ ഗാലൻട്രി മെഡൽ
ഏതു നിമിഷവും ഭീകരാക്രമണം പൊട്ടിപ്പുറപ്പെടാവുന്ന കശ്മീരിൽ പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകിക്കൊണ്ട് നടത്തിയ സേവനത്തിന് രാജ്യത്തിന്റെ അംഗീകാരവും തനുശ്രീയെ തേടിയെത്തി. 2026ലെ റിപ്പബ്ലിക് ദിനത്തിൽ ഗാലൻട്രി മെഡൽ സമ്മാനിച്ചാണ് രാജ്യം 39 വയസ് മാത്രം പ്രായമുള്ള തനുശ്രീയെ ആദരിച്ചത്. കശ്മീരിലെ സേവനത്തിനിടെ കാഴ്ചവച്ച ധീരതയ്ക്കുള്ള അംഗീകാരമായിരുന്നു പുരസ്കാരം.
ഏതാനും ആഴ്ചകൾക്ക് മുൻപ് എജിഎംയുടി കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേന്ദ്ര സർക്കാർ നടപ്പാക്കിയതോടെയാണ് തനുശ്രീക്ക് കശ്മീരിനോട് താത്കാലികമായി വിടപറയേണ്ടി വന്നത്. ഓഗസ്റ്റ് 18ന് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്കായിരുന്നു തനുശ്രീയെ സ്ഥലംമാറ്റിയത്. ഡൽഹി പൊലീസിൽ അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണറായിട്ടാണ് നിയമനം. നിലവിൽ വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിലാണ് തനുശ്രീയുടെ പോസ്റ്റിങ്.
ഇൻസ്റ്റഗ്രാമിലും സജീവമാണ് തനുശ്രീ. ആയുധധാരികളായ നിരവധി സുരക്ഷാ സൈനികർക്കൊപ്പം കശ്മീരിൽ സഞ്ചരിക്കുന്ന തനുശ്രീയുടെ റീൽസുകൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്.