ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്ട്രുവൽ കപ്പും നാപ്കിൻ സംസ്‌കരണത്തിനുള്ള ഇൻസിനറേറ്ററും വിതരണം ചെയ്യുന്നു
menstrual cup haritha kerlam mission

പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുമായി ഹരിത കേരളം മിഷൻ.

Updated on

തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്ട്രുവൽ കപ്പും നാപ്കിൻ സംസ്‌കരണത്തിനുള്ള ഇൻസിനറേറ്ററും വിതരണം ചെയ്യുന്നു. ആർത്തവ ശുചിത്വ ഉത്പന്നങ്ങളുടെ പ്രചാരണവും ആർത്തവ ആരോഗ്യവും ഇതുസംബന്ധിച്ച ബോധവത്കരണവും ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 20ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.

കൊല്ലം ജില്ലയിൽ വെളിയംഗ്രാമപഞ്ചായത്തിലെ മുട്ടറ ഗവ. ഹയർ സെക്കൻഡറി ആന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഉച്ചയ്ക്ക് 2 ന് നടക്കുന്ന ചടങ്ങിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ലതാദേവി അധ്യക്ഷയാകും.

2025-26 ലെ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക ഉപയോഗിച്ച് എച്ച്എൽഎൽ ലൈഫ് കെയറുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആർത്തവകാല ഉപയോഗ ശേഷമുള്ള സാനിറ്ററി നാപ്കിനുകളുടെ ശാസ്ത്രീയ സംസ്‌കരണത്തിന് വിദ്യാർത്ഥിനികൾ കൂടുതലുള്ള സ്‌കൂളുകളിലും കോളേജുകളിലുമായി 322 ഇടങ്ങളിലാണ് ഇൻസിനറേറ്റർ സ്ഥാപിക്കുന്നത്.

ഹരിതകേരളം മിഷൻ നടത്തിയ സർവേ അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുത്ത സ്‌കൂളുകളിലും കോളേജുകളിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലുമായി 1.69 ലക്ഷം മെൻസ്ട്രുവൽ കപ്പുകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഒരു ജില്ലയിലെ അഞ്ച് ഹയർ സെക്കൻഡറി സ്‌കൂളുകളും എല്ലാ കേളേജുകളും നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിൻ ഏറ്റെടുത്ത 152 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുമാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

സ്‌കൂളുകളിലും കോളേജുകളിലും മതിയായ ആർത്തവ ശുചിത്വ സംവിധാനങ്ങൾ സജ്ജമാക്കുക, പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപകരണങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പദ്ധതി ഗുണഭോക്താക്കൾക്ക് ബോധവത്കരണം നൽകുന്നതിനായി പ്രത്യേക ക്ലാസുകളും ശിൽപശാലകളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com