ടൂറിസം മേഖലയിൽ സംരംഭം തുടങ്ങാൻ വനിതകൾക്ക് സബ്സിഡി

ടൂറിസം മേഖലയില്‍ വനിതകള്‍ക്ക് വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നാല് ശതമാനം പലിശ സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം
ടൂറിസം മേഖലയിൽ സംരംഭം തുടങ്ങാൻ വനിതകൾക്ക് സബ്സിഡി | Subsidy for women in tourism

വനിതകൾക്ക് വായ്പാ സബ്സിഡി.

Updated on

തിരുവനന്തപുരം: ടൂറിസം മേഖലയില്‍ വനിതകള്‍ക്ക് വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നാല് ശതമാനം പലിശ സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ടൂറിസം മേഖലയില്‍ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണു സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പകള്‍ക്ക് സബ്സിഡി നല്‍കാന്‍ തീരുമാനിച്ചത്.

ഇന്‍ററസ്റ്റ് സബ് വെന്‍ഷന്‍ പ്രോജക്ട് 2025-26 എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിനായി നാല് കോടി രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവായി.നിലവില്‍ കേരള റസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ (കെആര്‍ടിഎംഎസ്) രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ടൂറിസം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായിട്ടാണ് സബ്സിഡി നല്‍കുന്നത്.വായ്പാ തുക എത്രയായാലും പരമാവധി 15 ലക്ഷം രൂപ വരെയാണ് നാല് ശതമാനം പലിശ സബ്സിഡി ലഭ്യമാകുക.

ഈ വായ്പാ പദ്ധതിയില്‍ പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, ജനറല്‍ വിഭാഗക്കാര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ക്കും നാല് ശതമാനം സബ്സിഡി ലഭിക്കും. വിനോദസഞ്ചാര വകുപ്പിന്‍റെ കീഴിലുള്ള കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന വനിതാ യൂണിറ്റുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമാണ് പദ്ധതി.

കേരള വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയില്‍ കൂടുതല്‍ വനിതാ സംരംഭകര്‍ക്ക് കടന്നുവരാന്‍ ഈ പദ്ധതി പ്രോത്സാഹനമാകുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വനിതാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോം സ്റ്റേ നടത്തിപ്പുകാര്‍, ടാക്സി ഓടിക്കുന്നവര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരെ പരസ്പരം ബന്ധപ്പെടുത്തി ഒരു ശൃംഖല രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കെആര്‍ടിഎംഎസ് സിഇഒ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com