
അഡ്വ. ചാര്‍ളി പോള്‍
ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ സംരംഭമാണ് ലഹരിവിരുദ്ധ ദിനാചരണം. ലഹരിയെന്ന വന്‍വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1987 മുതല്‍ ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കുന്നു.
ലോകത്തെ ആദ്യ ലഹരിമരുന്ന് വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ചൈനയിലെ ഒന്നാം ഒപ്പിയം (കറുപ്പ്) യുദ്ധത്തിന്റെ (Opium war) ഓര്‍മ്മയിലാണ് ഈ ദിനം തെരഞ്ഞെടുത്തത്. "People first: Stop stigma and discrimination, strengthen prevention' (പ്രതിരോധം ശക്തിപ്പെടുത്തുക, വിവേചനവും കളങ്കപ്പെടുത്തലും ഇല്ലാതാക്കുക; ജനങ്ങളാണ് മുഖ്യം) എന്നാണ് ഇത്തവണ ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്ന പ്രമേയം.
ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധസമരങ്ങളും ജനകീയമുന്നേറ്റങ്ങളും നടത്തുമ്പോഴും ജനങ്ങള്‍ക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാതികമായി വളരുന്നുവെന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. ആഗോളതലത്തിലെ കണക്കുകള്‍ പ്രകാരം 2020 ല്‍ 275 ദശലക്ഷം ആളുകള്‍ മയക്കുമരുന്നിന് അടിമപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നത്. 2010 ലെ അപേക്ഷിച്ച് മയക്കുമരുന്ന് ഉപയോഗം 22 ശതമാനം വർധിച്ചതായി യുഎന്‍ ഡ്രഗ്സ് ആൻഡ് ക്രൈം ബ്യൂറോ പറയുന്നു. എല്ലാ രാജ്യങ്ങളിലും മയക്കുമരുന്ന് ഉപയോഗം ഓരോ വര്‍ഷവും കൂടിവരികയാണ്. ഇന്ന് ലോകത്ത് 27 കോടി മനുഷ്യര്‍ ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ട് എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണ്ടെത്തല്‍.
മയക്കുമരുന്നിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ആത്മനിയന്ത്രണത്തെ വെല്ലുവിളിക്കുകയും മയക്കുമരുന്ന് കഴിക്കാനുള്ള തീവ്രമായ പ്രേരണകളെ ചെറുക്കാനുള്ള അവരുടെ കഴിവില്‍ ഇടപെടുകയും ചെയ്യുന്ന തലച്ചോറിലെ മാറ്റങ്ങള്‍ക്ക് കാരണമാകും. മയക്കുമരുന്നുകള്‍ തലച്ചോറിനെയാണ് കടന്നാക്രമിക്കുന്നത്. അതിനാല്‍ മസ്തിഷ്ക തകരാറുകള്‍ സ്ഥിരമായ അടിമത്തത്തിലേക്ക് ഒരുവനെ നയിക്കും. മാത്രവുമല്ല മയക്കുമരുന്ന് ഉപയോഗത്തിലെ പ്രശ്നങ്ങളില്‍ നിന്ന് ചികിത്സവഴി കരകയറുന്നവര്‍ മയക്കുമരുന്ന് കഴിക്കാതെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒറ്റത്തവണ ഉപയോഗം കൊണ്ടുപോലും ലഹരിയാസക്തരാക്കി മാറ്റുന്ന സിന്തറ്റിക് ലഹരികളാണ് ഇന്ന് കുട്ടികൾ പോലും ഉപയോഗിക്കുന്നത്. എലിക്കെണി പോലെയാണ് മയക്കുമരുന്നുകള്‍. പെട്ടാല്‍ പെട്ടു. ദുരന്തം ഉറപ്പാണ്.
2023 ജൂണ്‍ 9ാം തീയതി വന്ന പൊലീസ് വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം ലഹരി മാഫിയായുടെ വലയില്‍ കുടുങ്ങിയ 1057 സ്കൂളുകള്‍ കേരളത്തിലുണ്ട്. വിദ്യാർഥികളെ ലഹരിവാഹകരായി ദുരുപയോഗം ചെയ്യുക മാത്രമല്ല, സ്കൂള്‍ പരിസരങ്ങളില്‍ ലഹരി സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലങ്ങളുമുണ്ടെന്ന വാര്‍ത്ത അമ്പരിപ്പിക്കുന്നതാണ്. 2021 ല്‍ 3922 കേസുകളാണ് എക്സൈസ് ഡിപാര്‍ട്ട്മെന്റ് NDPS ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2022-23 ല്‍ അത് 7116 കേസുകളായി വർധിച്ചിരിക്കുന്നു. 2022-23 വര്‍ഷം കുറഞ്ഞ അളവില്‍ മയക്കു മരുന്നുമായി പിടിയിലായശേഷം ജാമ്യം ലഭിച്ചത് 421 കുട്ടികള്‍ക്കാണ്. പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് 70 ശതമാനം പേരും ലഹരി ഉപയോഗം തുടങ്ങിയത്.
വ്യക്തികളും സമൂഹവും പ്രത്യേകിച്ച് വരുംതലമുറയും നമ്മുടെ കുഞ്ഞുങ്ങളും ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നിരിക്കുകയാണ്. എങ്ങനെ മുറിച്ചുമാറ്റിയാലും ഭയാനകമായ കരുത്തോടെ വീണ്ടും ആഴത്തിലും വ്യാപ്തിയിലും വേര് പടര്‍ത്തുകയാണ് ലഹരി സംഘങ്ങള്‍. നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെ ലഹരിമരുന്നുകളുടെ ഉപയോക്താക്കളെയും വില്പനക്കാരെയും കൊണ്ട് നിറയുകയാണ്. സ്കൂള്‍ പരസരങ്ങളിലും വിദ്യാർഥികള്‍ സ്കൂളിലേക്ക് പോകുന്ന വഴികളിലുമെല്ലാം ലഹരി വില്പനക്കാര് തമ്പടിക്കുന്നു. സംസ്ഥാനത്തെ ഒരു എസ്പിയുടെ രണ്ട് ആണ്‍കുട്ടികള്‍ ലഹരിമരുന്നിന് അടിമകളാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ വെളിപ്പെടുത്തല്‍ ഉണ്ടായതും കഴിഞ്ഞദിവസമാണ്. എല്ലാ റാങ്കിലുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മക്കളിലും ഇത്തരക്കാര്‍ ഉണ്ടെന്നും തിരുവനന്തപുരത്ത് ഒരു സഹപ്രവര്‍ത്തകന്റെ കുട്ടി ലഹരിമരുന്നിന് അടിമയായി മരിച്ചുവെന്നും പോലീസ് ക്വാര്‍ട്ടേഴ്സിലാണ് ഇത് സംഭവിച്ചതെന്നുകൂടി കമ്മിഷണര്‍ പറഞ്ഞത് ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. ചുരുക്കത്തില്‍ ലഹരിയുടെ ഒരു വലിയ അഗ്നിപര്‍വതത്തിനു മുകളിലാണ് കേരളം നില്‍ക്കുന്നത്.
മണി ചെയിന്‍ മാതൃകയില്‍ കേരളത്തില്‍ ലഹരി വില്പന വ്യാപിക്കുന്നതായി കേന്ദ്ര ലഹരിവിരുദ്ധ ഏജന്‍സിയായ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതീവ ഗുരുതരമായ ഈ സാമൂഹ്യപ്രശ്നത്തെ ഇനിയും കണ്ടില്ലെന്ന് നടിച്ചാല്‍ നമുക്ക് നഷ്ടമാകുന്നത് ഒരു തലമുറയെയാവും. പൊലീസും എക്സൈസും മാത്രം വിചാരിച്ചാല്‍ തടയാവുന്നതിനപ്പുറമാണ് ലഹരി മാഫിയായുടെ വ്യാപ്തി. എല്ലാ സംവിധാനങ്ങളെയും ഒരുമിച്ച് അണിനിരത്തി പ്രത്യേക കര്‍മ്മപദ്ധതി തന്നെ ആവിഷ്കരിക്കണം. രക്ഷിതാക്കള്‍ക്കും യുവജന പ്രസ്ഥാനങ്ങള്‍ക്കും പൊതുജനത്തിനും ഇതില്‍ വലിയ പങ്കുവഹിക്കാനുണ്ട്. ലഹരിയിലേക്ക് ഒഴുകിത്തീരാനുള്ളതല്ല പുതുതലമുറയെന്ന നിശ്ചയദാര്‍ഢ്യത്തോടെ നമുക്ക് മുന്നോട്ട് നീങ്ങാം. കുടുംബാന്തരീക്ഷത്തിലെ ശാന്തിയും തുറന്ന അഭിപ്രായ വിനിമയങ്ങളും കുട്ടികള്‍ക്ക് നല്കുന്ന സ്നേഹ സമൃദ്ധമായ കരുതലും അവരെ മോശമായ വഴികളില്‍നിന്ന് പിന്തിരിപ്പിക്കും. നമ്മുടെ മക്കളുടെ ഭാവിയുടെ താക്കോല്‍, രക്ഷിതാക്കളുടെയും അധ്യാപകരുടെയും സര്‍ക്കാരിന്റെയും കൈയിലാണ്. ഒറ്റക്കെട്ടായി, ഒന്നായി, ചെറുക്കാം ലഹരിയെ.
(ട്രെയ്നറും മെന്ററുമാണു ലേഖകൻ. ഫോൺ: 9847034600)