

കൊല്ലത്ത് സമ്മർ ഇൻ ബെത്ലഹേം, യൂറോപ്യൻ ശൈത്യം.
കൊല്ലം: രണ്ടേക്കർ വിസ്തൃതിയിൽ സമ്പൂർണ യൂറോപ്യൻ ശൈത്യകാല അനുഭവം സമ്മാനിക്കുന്ന "സമ്മർ ഇൻ ബെത്‌ലഹേം' മെഗാ ഫെസ്റ്റ് കൊല്ലത്ത് നടക്കും. ചുങ്കത്ത് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ആഭിമുഖ്യത്തിൽ തിരുമുല്ലവാരം ബീച്ചിലാണ് ത്രൈമാസ ഫെസ്റ്റ് നടക്കുക. 3000 ചതുരശ്രയടി വിസ്തൃതിയിലുള്ള "സ്നോ വേൾഡ്' ആണ് ഫെസ്റ്റിന്‍റെ പ്രധാന ആകർഷണം. കൂടാതെ 18 ഡിഗ്രി സെൽഷ്യസിൽ താഴെ താപനിലയുള്ള 20,000 ചതുരശ്രയടിയുടെ വിശാലമായ ഹാളും യൂറോപ്യൻ കാലാവസ്ഥയുടെ അനുഭവം സമ്മാനിക്കും.
ദിവസേന 5000 മുതൽ 10,000 വരെ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഒരേസമയം 300ലധികം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ശനിയാഴ്ച വൈകിട്ട് 3ന് എക്‌സ്‌പീരിയൻസ് സെന്‍റർ പൊതുജനങ്ങൾക്ക് തുറക്കും.
വൈകിട്ട് 6ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഫെസ്റ്റിന്‍റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് "ക്ലാപ്പ് ഓൺ ക്ലാപ്പ്സ്' പ്രത്യേക സ്റ്റേജ് ഷോയും അരങ്ങേറും. പ്രശസ്ത ഗായകരായ മഞ്ജരി, സുദീപ്, ദീനനന്ദൻ എന്നിവർ നയിക്കുന്ന സംഗീത വിരുന്നുമുണ്ടാകും. നവംബർ 2ന് പന്തളം ബാലനും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് കൺസേർട്ട് നടക്കും.
തുടർന്നുള്ള എല്ലാ ദിവസവും വൈകിട്ട് പ്രശസ്ത സിനിമാ താരങ്ങൾ അണിനിരക്കുന്ന സ്റ്റേജ് ഷോ, റോയൽ ബ്രിട്ടീഷ് പരേഡ്, ഫ്‌ലാമിങ്കോ ഡാൻസ് തുടങ്ങി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കലാപരിപാടികളും അരങ്ങേറും.
മുതിർന്നവർക്ക് 400 രൂപ, 17 വയസിൽ താഴെയുള്ള കുട്ടികൾക്ക് 200 എന്നതാണ് ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക്. മൂന്ന് ദിവസത്തേക്കുള്ള പാസുകൾ യഥാക്രമം 1000, 500 രൂപയ്ക്കും ലഭ്യമാണ്.
ഫെസ്റ്റിന്‍റെ ഭാഗമായി "ആരോഗ്യത്തിനായി ജീനുകളിലൂടെ' എന്ന ആശയത്തിൽ അധിഷ്ഠിതമായ മൈ ഹെൽത്ത് ജെനിക്സ്- ഡികോഡ് മൈ ഡിഎൻഎ എന്ന നവീനമായ ഡിഎൻഎ അധിഷ്ഠിത ഹെൽത്ത് പ്രോഗ്രാമും നടക്കും. 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ജനിതക പരിശോധന പൂർണമായും സൗജന്യമാണെന്ന് ചുങ്കത്ത് ഗ്രൂപ്പ് മാനെജിങ് ഡയറക്റ്റർ രാജീവ് പോൾ ചുങ്കത്ത് പറഞ്ഞു.
