യുവജനോത്സവ സ്മരണകളുമായി ഗായകൻ പട്ടം സനിത്ത്

ബാലകലോത്സവം മുതൽ യുവജനോത്സവം വരെ താന്‍ പങ്കെടുത്ത കാലത്തെ ഓര്‍ക്കുകയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഗായകന്‍ പട്ടം സനിത്ത്
Pattam Sanith school youth festival memories

പട്ടം സനിത്ത്.

Updated on

ബാലകലോത്സവം മുതൽ യുവജനോത്സവം വരെ താന്‍ പങ്കെടുത്ത കാലത്തെ ഓര്‍ക്കുകയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഗായകന്‍ പട്ടം സനിത്ത്. സിനിമ സംഗീതമേഖലയിലെ കുലപതിയായ ജി. ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യരിൽ ഒരാളാണ് സനിത്ത്.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതല്‍ കലോത്സവരംഗത്തുണ്ട്. അന്ന് അക്കാഡമി കൗൺസിലാണ് ആദ്യം മത്സരം നടത്തുന്നത്. അതില്‍ ജയിക്കുന്നവരെയാണ് സബ് ജില്ലാ ബാലകലോത്സവത്തിനു കൊണ്ടുപോയിരുന്നത്. എട്ടാം ക്ലാസ് മുതലാണ് യുവജനോത്സവത്തിൽ പങ്കെടുക്കാൻകഴിയുന്നത്. 1989ല്‍ പാലക്കാട് മലമ്പുഴയിൽ നടത്തിയ സംസ്ഥാന യുവജനോത്സവത്സവത്തിൽ, ഒ.എൻ.വി. കുറുപ്പ് എഴുതി ജി. ദേവരാജന്‍ ഈണം പകർന്ന ഗാനം പാടിയ സനിത്തിന് ലളിതഗാന വിഭാഗത്തിൽ ഒന്നാം സ്ഥാനം കിട്ടി.

''ദേവരാജന്‍ മാസ്റ്റര്‍ക്ക് എന്നെ പരിചയപ്പെടുത്തിയത് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സാറാണ്. അത് എന്‍റെ സംഗീതവഴിയില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. സ്കൂൾ, കോളെജ്, സംസ്ഥാന കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടാനായി'', സനിത്ത് പറയുന്നു.

''അന്ന് എത്ര ഇനത്തിൽ വേണമെങ്കിലും പങ്കെടുക്കാം. ഇന്ന് അതിനു നിയത്രണമുണ്ട്. ഞാൻ ലളിതഗാനം, സമൂഹം ഗാനം, ശാസ്ത്രീയ സംഗീതം, പദ്യ പാരായണം, ഫാൻസി ഡ്രസ്, കഥാപ്രസംഗം തുടങ്ങി നിരവധി ഇനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്'', കലോത്സവ ഓർമകളിലൂടെ പിന്നിലേക്കു പോകുകയാണ് സനിത്ത്.

കലോത്സവകാലത്തിനു ശേഷം കലാരംഗം വിടുന്ന ഭൂരിപക്ഷത്തിന്‍റെ ഭാഗമായതുമില്ല അദ്ദേഹം. ബാങ്ക് മാനെജരായി ജോലി ചെയ്യുമ്പോഴും സംഗീതത്തിലുള്ള അഭിനിവേശം മാറ്റിവച്ചിട്ടില്ല.

2014ൽ ശങ്കർ മഹാദേവൻ അക്കാഡമി അഖിലേന്ത്യാതലത്തിൽ നടത്തിയ സംഗീത മത്സരത്തിൽ സനിത്തിന്‍റെ ആലാപനത്തെക്കുറിച്ച് ജൂറി പ്രത്യേക പരാമര്‍ശം നടത്തുക മാത്രമല്ല, വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

കെ.ജെ. യേശുദാസിനൊപ്പം പട്ടം സനിത്ത്.

കെ.ജെ. യേശുദാസിനൊപ്പം പട്ടം സനിത്ത്.

ഏകദേശം 11 സിനിമകളിൽ മാത്രമാണ് പാടിയിട്ടുള്ളത്. എന്നാൽ, ആ പാട്ടുകളിലെ സ്വരമാധുരികൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാനായിട്ടുണ്ട് ഈ ഗായകന്. "ലൗ ലാൻഡ്" എന്ന ചിത്രത്തിലെ "മനസ്സിന്‍റെയുള്ളിൽ നിന്ന്..." എന്നു തുടങ്ങുന്ന ഗാനം അമ്മയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാനാകില്ല, അത്രയും ഹൃദയസ്പര്‍ശിയായാണ് സനിത്ത് ആലപിച്ചിരിക്കുന്നത്. തുടർന്ന് ഏഴു വർണങ്ങൾ, ന്യൂ ലൗസ്റ്റോറി, ലേറ്റ് മാര്യേജ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ശ്രദ്ധ നേടി.

സിനിമ കൂടാതെ, വിവിധ ഗാനശാഖകളിലായി നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്. അതിൽ ലളിതഗാനങ്ങളും ദേശഭക്തി ഗാനങ്ങളും ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ ഭക്തിഗാനങ്ങളും, വിപ്ലവ ഗാനങ്ങളും ഉൾപ്പെടുന്നു. ഒ.എൻ.വി. കുറുപ്പ് രചിച്ച് ജി. ദേവരാജൻ മാസ്റ്റർ സംഗീതം നൽകി തരംഗിണി പുറത്തിറക്കിയ ആൽബങ്ങളിലും,13ാംപാർട്ടി കോൺഗ്രസിനു വേണ്ടി തരംഗിണി പുറത്തിറക്കിയ ചെങ്കൊടി ചെങ്കൊടി, ലാൽസലാം സഖാക്കളേ, കടലിനുമക്കെരെ നിന്നും തുടങ്ങിയ ഗാനങ്ങൾ ഉൾക്കൊള്ളുന്ന കാസറ്റിനും വേണ്ടി പാടാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു പട്ടം സനിത്ത്.

കെ.എസ്. ചിത്രയ്ക്കൊപ്പം പട്ടം സനിത്ത്.

കെ.എസ്. ചിത്രയ്ക്കൊപ്പം പട്ടം സനിത്ത്.

2015ൽ മികച്ച ഗായകനുള്ള ലയൺസ് ഇന്‍റർനാഷണൽ പുരസ്കാരംവും, 2018ൽ മികച്ച ഗായകനുള്ള നടൻ സുകുമാരൻ സ്മാരക ചലച്ചിത്ര അവാർഡും (ചിത്രം: ലൗ ലാൻഡ്. ഗാനം: മനസ്സിൻറെയുള്ളിൽ നിന്ന്...) 2019ൽ ബാലഭാസ്കർ അവാർഡും (ജീവകാരുണ്യ പ്രവർത്തന രംഗത്ത് നൽകിയ സംഭാവനകൾ മാനിച്ച്), 2022ലെ ബോധി പുരസ്കാരവും (സംഗീതത്തിനു നൽകിയ മികച്ച സംഭാവനയ്ക്ക്) പട്ടം സനിത്തിനെ തേടിയെത്തി.

കേന്ദ്ര ഭാരത് സേവക് സമാജിന്‍റെ ഭാരത് സേവക് നാഷണൽ അവാർഡ് 2023ൽ ലഭിച്ചു. സാമൂഹിക, ജീവകാരുണ്യ, ലഹരിവിരുദ്ധ രംഗത്ത് മികച്ച സേവനം കാഴ്ചവച്ചതിനാണ് പുരസ്കാരം. ദുബായ് ഗ്ലോബൽ മീഡിയ നൽകുന്ന 2023ലെ ഗോൾഡൻ അച്ചീവ്മെന്‍റ് അവാർഡിനും അർഹനായി.

പട്ടം സനിത് വേദിയിൽ.

പട്ടം സനിത് വേദിയിൽ.

സരോജിനി അമ്മയും രാമസ്വാമിയുമാണ് മാതാപിതാക്കള്‍. ഭാര്യ: രതിക. ഏക മകൻ അനൂപ് സനിത്ത് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com