

പ്രതീകാത്മക ചിത്രം
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ പുണ്യ തടാകമായ ഗൊൻഖാർ ലായിൽ കുളിക്കുന്നതിനും നീന്തുന്നതിനും മാലിന്യം നിക്ഷേപിക്കുന്നതിനുമെതിരേ വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും മുന്നറിയിപ്പുമായി തവാങ് പൊലീസ്. വിലക്ക് ലംഘിക്കുന്നവർക്കെതിരേ പിഴ ചുമത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
നവംബർ ഏഴിന് ഒരു വിനോദസഞ്ചാരി വിലക്ക് ലംഘിച്ച് തടാകത്തിലിറങ്ങി കുളിച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ പ്രദേശവാസികളുടെ മതവികാരം വ്രണപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. ഉയർന്ന പ്രദേശത്തുള്ള തടാകത്തിന് വലിയ മതപരവും പാരിസ്ഥിതികവുമായ പ്രാധാന്യമുണ്ടെന്നും അതിനെ വെറുമൊരു വിനോദസഞ്ചാര കേന്ദ്രമായി കാണരുതെന്നും പൊലീസ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. തടാകത്തിന്റെ പവിത്രതയും പരിസ്ഥിതിയും സംരക്ഷിക്കുന്ന രീതിയിൽ പെരുമാറണമെന്നും സന്ദർശകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തടാകത്തിൽ നീന്തൽ, കുളി, വസ്ത്രങ്ങൾ കഴുകൽ എന്നിവ കർശനമായി നിരോധിച്ചു. വെള്ളത്തിലോ പരിസരത്തോ മാലിന്യം, പ്ലാസ്റ്റിക്, മതപരമായ വഴിപാടുകൾ, സോപ്പ്, രാസവസ്തുക്കൾ എന്നിവ നിക്ഷേപിക്കാനും വിലക്കുണ്ട്.
വിലക്ക് ലംഘിച്ച വിനോദസഞ്ചാരി ഷിബുൽ ഹസൻ ജാങ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാപ്പപേക്ഷ എഴുതി നൽകിയിരുന്നു. നിരോധനം അറിയാമായിരുന്നിട്ടും തടാകത്തിൽ കുളിച്ചതായി അദ്ദേഹം കത്തിൽ സമ്മതിച്ചു. പ്രദേശവാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം അവരുടെ വിശ്വാസത്തെയും പാരമ്പര്യത്തെയും സംസ്കാരത്തെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ആവർത്തിക്കില്ലെന്നും ഉറപ്പുനൽകി.
കഴിഞ്ഞ ഓഗസ്റ്റിൽ ജില്ലാ ടൂറിസം വകുപ്പും ഗൊൻഖാർ ലാ തടാകം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് പ്രത്യേക നിർദേശം നൽകിയിരുന്നു. മാലിന്യം വലിച്ചെറിയരുതെന്നും പ്രാദേശിക നിർദേശങ്ങൾ പാലിക്കണമെന്നും ഉയർന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശിച്ചിരുന്നു.
ജില്ലയിലെ മറ്റ് തടാകങ്ങളിലും വിനോദസഞ്ചാരികളുടെ സുരക്ഷയും പ്രാദേശിക ആചാരങ്ങളോടുള്ള അവഗണനയും ആശങ്കയുയർത്തിയിട്ടുണ്ട്. ജനുവരിയിൽ മഞ്ഞുറഞ്ഞ സെല തടാകത്തിൽ ഇറങ്ങിയ രണ്ട് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചിരുന്നു. ഇതേത്തുടർന്ന് അധികൃതർ സുരക്ഷാ നടപടികൾ ശക്തമാക്കുകയും അപകടസാധ്യതയുള്ള മേഖലകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു.
ജില്ലയിലെ തടാകങ്ങൾക്ക് ആഴത്തിലുള്ള സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ടെന്നും അവയുടെ പവിത്രതയ്ക്ക് ഭംഗംവരുത്തുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും തവാങ് ഡെപ്യൂട്ടി കമ്മിഷണർ നാംഗ്യാൽ ആങ്മോ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.