ജീവിതത്തിലെ സെൻ ബുദ്ധിസം

ചൈനീസ് ബുദ്ധസന്ന്യാസി ഹുവാങ് പോ പറയുന്നു:’ചിന്തകൾ ഉണരുമ്പോൾ, മറ്റെല്ലാം ഉണരുന്നു . ചിന്തകൾ ഇല്ലാതാവുമ്പോൾ മറ്റെല്ലാം അപ്രത്യക്ഷമാവുന്നു
ജീവിതത്തിലെ സെൻ ബുദ്ധിസം

സെൻ എന്നത് മഹായാന ബുദ്ധമതത്തിലെ ഒരു ബോധമണ്ഡലമാണ്, അറിവാണ്. ശുദ്ധമായ ബുദ്ധപ്രകൃതിയെ അന്വേഷിക്കുകയാണ് മഹായാനബുദ്ധമതം . എല്ലാ ജീവികളിലും അവർ ബുദ്ധനെ തേടുന്നു. മനുഷ്യനിലെ ശുദ്ധമായ അറിവ് പലവിധത്തിലുള്ള ക്ലേശങ്ങളാൽ, തെറ്റായ ധാരണകളാൽ, അനാവശ്യമായ വികാരങ്ങളാൽ മറയ്ക്കപ്പെട്ടിരിക്കുകയാണ്. അതിനെ ഉണർത്തുകയാണ് സെൻ ബുദ്ധിസ്റ്റ് ചെയ്യുന്നത്. നമ്മളിലെ യഥാർഥ പ്രകൃതിയെ നേരിട്ടറിയുക . അവിടെ സ്വസ്ഥതയും സമാധാനവുമുണ്ട്. അനുഷ്ഠാനങ്ങളോ പഠനങ്ങളോ അല്ല പ്രധാനം. ധ്യാനാത്മകമായ അച്ചടക്കത്തിലൂടെയാണ് ഒരാൾ തന്‍റെ ആന്തരപ്രകൃതിയെ അറിയേണ്ടത്. ഒരു ഗുരുവിൽ നിന്ന് പഠിക്കേണ്ടതാണെങ്കിലും സെൻ എന്ന ആശയം ജീവിതത്തിലാകെ സംവേദനക്ഷമമായി നിറഞ്ഞു നിലനിൽക്കുകയാണ് .

പ്രവൃത്തിയിലെ ബുദ്ധമാർഗം

വ്യക്തിപരമായ പൂർണതയിലെത്താൻ ബാഹ്യക്രമത്തിനനുസരിച്ച് നമ്മെ സജ്ജീകരിക്കുകയല്ല സെൻമാർഗം. സെൻ ഒരു ആന്തരമായ അറിവാണ്. അതിനു പുസ്തകങ്ങൾ വേണ്ട. ആചാരങ്ങളുമില്ല. വ്യക്തി അവന്‍റെയുള്ളിലെ ശരിയായ സ്വരം ശ്രദ്ധിക്കാൻ പരിശീലിക്കുകയാണ്.അതിലൂടെ ഭാരം ഇല്ലാതാവുന്നു. പുറത്തു കെട്ടിവച്ചിരിക്കുന്ന അനാവശ്യമായ ചിന്തകളും ആശയങ്ങളും വേണ്ടെന്ന് വെയ്ക്കുകയാണെങ്കിൽ സെൻ ബുദ്ധിസ്റ്റാകാം .ഒരു ഗ്ളാസ് നിറയെ വെള്ളമുണ്ടെന്ന് സങ്കൽപ്പിക്കുക . എങ്കിൽ ആ ഗ്ലാസിലേക്ക് നിങ്ങൾക്ക് ഒരു തുള്ളി വെള്ളം പോലും അധികമായി ഒഴിക്കാനാവില്ല . ഒഴിച്ചാൽ കവിഞ്ഞൊഴുകും. അതുപോലെയാണ് മനസിന്‍റെ കാര്യവും. മനസ്സിൽ നിറയെ ചിന്തകളും ആശയങ്ങളുമാണെങ്കിൽ മറ്റൊന്നിനു അവിടെ സ്ഥാനമുണ്ടാകില്ല . ഇതാണ് പൊതുവെ മനുഷ്യർക്ക് അവരുടെ ആന്തരികമായ പ്രകൃതത്തിലേക്ക് എത്തിനോക്കുന്നതിൽ തടസ്സമായി നിൽക്കുന്നത്. അതുകൊണ്ട് സെൻ ബുദ്ധിസ്റ്റുകൾ പറയും, മനസ്സ് ഒരു ഒഴിഞ്ഞ ഗ്ലാസ് പോലെയാകണമെന്ന്. അപ്പോൾ അവിടെ പുതിയ ചിന്തകൾ, അനുഭവങ്ങൾ പ്രഥമവും നവീനവുമായി ഇടം പിടിക്കും .

സെൻ ചൈനയിലും ജപ്പാനിലും വിയറ്റ്നാമിലും പ്രാദേശികമായ ഭേദങ്ങളോടെ പ്രചരിച്ചിട്ടുണ്ട് . സെൻ ധ്യാനമാണ്. ധ്യാനം എന്നു കേൾക്കുമ്പോൾ ഒരു വനത്തിൽ പോയി ദിവസങ്ങളോളം ധ്യാനിച്ചിരിക്കുന്നതാണെന്നു തെറ്റിദ്ധരിക്കരുത്. ധ്യാനം ഇവിടെ പ്രവൃത്തിയിലെ ബുദ്ധമാർഗമാണ്. ഓരോ വസ്തുവിലുമുള്ള ബുദ്ധപ്രകൃതിയെ അറിയുകയാണ് പ്രധാനം. അതോടെ മനുഷ്യന്‍റെ മനസ്സ് അതിന്‍റെ തന്നെ ശുദ്ധപ്രകൃതിയിൽ ജ്ഞാനപൂർണമാകും. ബുദ്ധനാകാൻ പ്രത്യേക പഠനമോ പുസ്തകമോ സഹായിക്കില്ല . മനുഷ്യമനസ്സിനെ വാക്കുകളുടെ സഹായമില്ലാതെ മനസ്സിലാക്കുകയാണിവിടെ. ബോധിധർമൻ മുതൽ നാളിതു വരെയുള്ള സെൻ ബുദ്ധിസ്റ്റുകളെല്ലാം ഒരു പ്രത്യേക ആത്മീയമായ വെളിപാട് നേടിയവരാണെന്നു കാണാം. സെൻ പരിശീലിക്കുന്നവർ പ്രാഥമികമായി ശ്രദ്ധിക്കുന്നത് മനസ്സ് സ്വസ്ഥമായിരിക്കാനാണ് . ആധുനിക മനുഷ്യൻ എന്ന കാറ്റഗറിയിൽ വരുന്നവർക്ക് ഈ സമാധാനം വേണമെന്നു തന്നെയില്ല. അവർ മനസ്സിനെ ദോഷകരമായ ചിന്തകൾ കൊണ്ട്, ആശയങ്ങൾ കൊണ്ട് നിറയ്ക്കുകയും എപ്പോഴും ഒരു കലാപത്തിനു തയാറായിരിക്കുകയും ചെയ്യുന്നു.

അഗാധമായ ശാന്തത

എത്രയും സമാധാനത്തോടെയിരിക്കാൻ കഴിയുന്നു എന്നത് ഒരാളുടെ മഹത്വമായി സെൻ ബുദ്ധിസ്റ്റുകൾ കരുതുന്നു. സെൻ ഒരു അധ്വാനമല്ല; അധ്വാനിക്കുകയാണെങ്കിൽ സംഘർഷമുണ്ടാകും. അത് സ്വസ്ഥത നശിപ്പിക്കും. ഒരു അദ്ധ്വാനം വേണ്ടിവരുമ്പോൾ അതിനൊരു ലക്ഷ്യമുണ്ടാകും. സെൻ ബുദ്ധിസ്റ്റിനു ലക്ഷ്യമില്ല . എന്തെങ്കിലും നേടാനല്ല അത്. നേട്ടമെല്ലാം നമ്മുടെ പക്കലുണ്ടല്ലോ. ഏറ്റവും അഗാധമായി ശാന്തതയിലെത്തുകയാണെങ്കിൽ അത് നമ്മെക്കുറിച്ച് തന്നെ ഒരു വെളിപാടു നൽകുന്നതായിരിക്കുമെന്ന് സെൻ ഗുരുക്കന്മാർ പറയുന്നു.

ചൈനീസ് ബുദ്ധസന്ന്യാസി ഹുവാങ് പോ പറയുന്നു:’ചിന്തകൾ ഉണരുമ്പോൾ, മറ്റെല്ലാം ഉണരുന്നു . ചിന്തകൾ ഇല്ലാതാവുമ്പോൾ മറ്റെല്ലാം അപ്രത്യക്ഷമാവുന്നു.’സംസ്കൃത വാക്കായ ധ്യാനത്തിൽ നിന്നാണ് സെൻ ഉണ്ടായത്. ഇതിന്‍റെയർഥം ചിന്തയിൽ നിന്ന് വിമോചനം എന്നാണ്. ഉന്നതമായ കലാപ്രവർത്തനത്തിൽ സെൻ ഘടകമുണ്ട് . രബീന്ദ്രനാഥ് ടഗോർ ‘ഗീതാഞ്ജലി’ എഴുതുമ്പോൾ സെൻ പ്രവർത്തിക്കുന്നു . മനസ്സ് എന്ന കാലുഷ്യത്തിൽ നിന്നുകൊണ്ടല്ല ‘ഗീതാഞ്ജലി’ എഴുതുന്നത്. സദാ ശബ്ദമുഖരിതമായ ഒരു മനസ്സിൽ പ്രാപഞ്ചികവും ജൈവികവുമായ പ്രാർഥനയും അനൈഹികമായ സാക്ഷാത്കാരവും എങ്ങനെ സംഭവിക്കും? എപ്പോഴും ഇടപഴകുന്ന ഒരു മനസ്സല്ല കലാകാരന്റെ സർഗാത്മകമായ അഭിനിവേശങ്ങളുടെയും അന്വേഷണങ്ങളുടെയും കേന്ദ്രമായി തീരുന്നത് . ജ്ഞാനത്തിലൂടെ നൈസർഗികമായ വിടുതൽ സംഭവിക്കുകയാണ്. മനസ്സിന്റെ അടിത്തട്ടിലേക്ക് പോവുകയാണ്. അപ്പോൾ ബാഹ്യതലത്തിലും ഉപരിതലത്തിലുമുള്ള ഒച്ചകൾ നിഷ്ക്രമിക്കും. കലാകാരൻ തനിച്ചാകുന്നു . അവിടെ അയാൾ സ്വയം ദർശിക്കുന്നു, ജ്ഞാനത്താൽ സ്വതന്ത്രമാകുന്നതുപോലെ.

നമ്മെക്കുറിച്ച് മറ്റുള്ളവർ പറയുന്നതിലല്ല നമ്മളുടെ അസ്തിത്വം. നാം നമ്മളല്ല, മറ്റുള്ളവരുടെ ആരവമാണ്. നമ്മളിൽ മറ്റുള്ളവർ വസിക്കുന്നു,പലതും തീരുമാനിക്കുന്നു. അതുകൊണ്ട് നമുക്ക് നമ്മെ നഷ്ടപ്പെടുന്നു. അവിടെയാണ് സെൻ ബുദ്ധിസ്റ്റുകൾ സ്വയം അന്വേഷിക്കുന്നത്.മറ്റുള്ളവർ അമിതമായി അധിവസിക്കുന്നതിനെ മനസ്സിൽ നിന്നു ഉന്മൂലനം ചെയ്യുമ്പോൾ സത്യമായ മനസ്സ് അവശേഷിക്കുന്നു. ഇവിടെയാണ് ഒരു സെൻ ബുദ്ധിസ്റ്റ് സ്വയം അറിയുന്നത്. കലയിലും സംഗീതത്തിലും എഴുത്തിലുമെല്ലാം ഒരു സെൻ ബുദ്ധിസ്റ്റ് ഉണർന്നിരിക്കുന്നു. പ്രകൃതിയിലെ പ്രതിഭാസങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ സെൻ ബുദ്ധിസ്റ്റ് ഘടകം ദർശിക്കാം. സൂര്യൻ ഒരു സെൻ ബുദ്ധിസ്റ്റാണ്. എന്തെന്നാൽ സൂര്യൻ എന്നും പുതിയതായി ഉദിക്കുന്നു. ഓരോ പ്രഭാതവും വേറിട്ടതും അതുല്യവുമാണ്. പ്രഭാതം പുതിയത് ഉണ്ടാവുക തന്നെ ചെയ്യും. അതിൽ പുതിയ പ്രതീക്ഷകൾ ഉണ്ടാകുന്നു. ഒരു ജീവന് പുത്തൻ ഉണർവ് ലഭിക്കാൻ പുതിയ സൂര്യൻ വേണം. സൂര്യന് ഇന്നലെകളുടെ ഭാരമില്ല . സൂര്യന് അസ്വസ്ഥതയില്ല. സൂര്യൻ അമിത ചിന്തകളാൽ കലങ്ങിമറിയുന്നില്ല.

ഈ നിമിഷത്തിൽ ജീവിക്കൂ

ചൈനീസ് തത്ത്വജ്ഞാനി ലാവോസു പറഞ്ഞു: നിങ്ങൾ മാനസികമായി തകർന്നിരിക്കുകയാണെങ്കിൽ, ഭൂതകാലത്തിലാണ് ജീവിക്കുന്നത്. നിങ്ങൾ ഉൽക്കണ്ഠയിലാണെങ്കിൽ, ഭാവിയിലാണ് ജീവിക്കുന്നത്. നിങ്ങൾക്ക് സമാധാനമുണ്ടെങ്കിൽ,ഈ നിമിഷത്തിൽ ജീവിക്കുന്നു എന്നാണർഥം. ‘നിങ്ങൾ വലിയ പ്രതീക്ഷകളിൽ നിന്നും ശത്രുതകളിൽ നിന്നും പഴയ ഓർമകളിൽ നിന്നും വിടുതൽ നേടുന്നതിനെ സ്വാതന്ത്ര്യമെന്നു വിളിക്കാം . ഭൂതകാലത്തോട് വല്ലാതെ ഒട്ടിപ്പിടിച്ചിരിക്കുമ്പോൾ അതിനു ഭാരമേറും . ‘ഉന്നതമായ അറിവുകൾ നേടിയ ഒരാൾ അവനവനിൽ തന്നെയാണ് തിരയുന്നത്. എന്നാൽ ഒരു സാധാരണക്കാരൻ അന്വേഷിക്കുന്നത് മറ്റുള്ളവരിലാണ്’ - ചൈനീസ് ദാർശനികൻ കൺഫ്യൂഷ്യസ് പറഞ്ഞു.

ഒരു സെൻ കഥ ഇങ്ങനെയാണ്: ‘ധ്യാനത്തിൽ പങ്കെടുക്കാൻ. ഒരാൾ ഒരു ബുദ്ധമത ആശ്രമത്തിൽ ചെല്ലുന്നു. ധ്യാനത്തിനുശേഷം മാനസികനില മെച്ചപ്പെട്ടെങ്കിലും എന്തോ ഒരു കുറവു അനുഭവപ്പെടുന്നതായി അയാൾക്കു തോന്നി. ഗുരു പറഞ്ഞു ഏതെങ്കിലുമൊരു സന്ന്യാസിയുമായി സംസാരിച്ചിട്ട് പോകാൻ. എന്നാൽ അയാൾ ആലോചനയിലാണ്ടു. കുറെക്കഴിഞ്ഞ് അയാൾ ചോദിച്ചു, എവിടെയാണ് സമാധാനം കിട്ടുകയെന്ന്. ഗുരു പറഞ്ഞു, എല്ലാം നല്ലതിനാണ്, സംഭവിക്കുന്നതെല്ലാം നല്ലതിനാണ്. അത് കേട്ട് തിരിച്ചുപോയ അയാൾക്ക് പിന്നീടാണ് അതിന്‍റെ പൊരുൾ മനസിലായത്. അത് ഒരു വലിയ അറിവായിരുന്നു. ജീവിതത്തോട് യെസ് പറയാൻ പഠിക്കണം. ജീവിതം എന്താണോ അതിനെ ചെറുക്കാതിരിക്കുമ്പോൾ സമ്മർദ്ദമോ യാതനയോ ഉണ്ടാവുന്നില്ല. അതായിരുന്നു അയാൾ അന്വേഷിച്ച സമാധാനം.

പൂർണചന്ദ്രൻ പതിവുപോല

വേറൊരു സെൻ കഥ ഓർക്കുകയാണ് . ഒരു ബുദ്ധസന്ന്യാസിയുടെ ചെറിയ വീട്ടിൽ രാത്രിയിൽ ഒരു മോഷ്ടാവ് പ്രവേശിച്ചു.ആ വീട് ഒരു കുന്നിന്‍റെ മുകളിലായിരുന്നു.അവിടെയുണ്ടായിരുന്ന ഏതാനും ഉപകരണങ്ങളും വസ്തുക്കളും അവൻ അപഹരിച്ചുകൊണ്ട് വന്നപ്പോൾ സന്ന്യാസി പുറത്ത് ഒരു കല്ലിൽ ഇരിക്കുന്നുണ്ടായിരുന്നു. സന്ന്യാസി അവനോട് ഒന്നും പറഞ്ഞില്ല. അവനാകട്ടെ ധൃതിയിൽ, കൈയിൽ കിട്ടിയ സാധനങ്ങളുമായി രക്ഷപെടുകയും ചെയ്തു. സന്ന്യാസി സാവധാനം സ്വന്തം ശാന്തത കൈവിടാതെ ആകാശത്തിലേക്ക് നോക്കി. പൂർണചന്ദ്രൻ പതിവുപോലെ, ശോഭയോടെ അവിടെ തന്നെയുണ്ടായിരുന്നു. അതുകണ്ട് സന്ന്യാസി വളരെ ആശ്വസിച്ചു . ചന്ദ്രനെ ആരു അപഹരിക്കുകയില്ലല്ലോ. അതുകൊണ്ട് ആ ചന്ദ്രനിൽ സമാധാനം തേടാനാവും. അങ്ങനെയും സമാധാനം നിലനിർത്താം. സന്ന്യാസിക്ക് ഭൗതികസ്വത്തിൽ ഉടമസ്ഥാവകാശം തോന്നുന്നില്ല. ഉപയോഗത്തിനുവേണ്ടി അത് കൊണ്ടുവന്നു എന്നു മാത്രം. അത് നഷ്ടപ്പെടുമ്പോഴും സന്ന്യാസിക്ക് വേവലാതിയില്ല. അദ്ദേഹം ആകാശത്തിലേക്ക് നോക്കുമ്പോൾ വീണ്ടും ഭൗതികാതീതമായ സത്യത്തെക്കുറിച്ച് ഓർമ്മ വരും. സെൻ വ്യക്തികൾ ജീവിതത്തിൽ നിന്നു ഒളിച്ചോടുകയാണെന്നു കരുതുന്നവർക്ക് തെറ്റി. അവർ യഥാർഥ ജീവിതം ജീവിക്കുകയാണ്. രോഗാതുരമായ ചിന്തകളും അസുഖകരമായ ആഗ്രഹങ്ങളും ചുമന്നുകൊണ്ട് നടന്ന് മനസ് ഒരു നരകമാക്കുന്നതിലും നല്ലത് വ്യക്തി അവന്‍റെയുള്ളിൽ തന്നെ ഒരു പോസിറ്റീവ് എനർജി കണ്ടെത്തുന്നതാണ്. അതാണ് വ്യക്തിയെ സുസ്ഥിരമായി നിലനിർത്തുന്നത് . ആഗ്രഹങ്ങൾക്ക് തിരിച്ചടി നേരിടുമ്പോൾ തകർന്നു പോകുന്നവരുണ്ട്. അവരിൽ ഒരു സെൻ ബുദ്ധിസ്റ്റുണ്ടെങ്കിൽ അതിനെ മറികടക്കാനാവും.

സെൻ പ്രായോഗിക ജീവിതത്തിലും പ്രസക്തമാണ്. കാര്യകാരണങ്ങളിൽ അമർന്നുപോകുന്ന ജീവിതങ്ങളിലേക്ക് സ്വതന്ത്രവും ശാന്തവുമായ വർത്തമാന നിമിഷങ്ങളെ കൊണ്ടുവരുന്നതിൽ സെൻ നിർണായകമാണ്. ഒരു പൂപ്പാത്രത്തെ മനോഹരമായി, ഭദ്രമായി, മറ്റു ശല്യങ്ങളൊന്നുമില്ലാതെ വൃത്തിയായി ഒരിടത്ത് അലങ്കരിച്ചു വെയ്ക്കുന്നത് പോലും സെൻ ബുദ്ധിസമാണ്. കാരണം, അത് നമ്മെ ഭൂതകാലത്തിന്‍റെ നൂലാമാലകളിൽ നിന്നു തത്കാലത്തേക്കെങ്കിലും മോചിപ്പിക്കും.

ഉത്തരരേഖകൾ

1)സാഹിത്യവിമർശനത്തിൽ എതിർപ്പ് ഒരു കലയാണോ ?

ഉത്തരം: സാഹിത്യവിമർശനം ആരെയെങ്കിലും എതിർക്കാനുള്ളതല്ല. ചില ആശയങ്ങളുടെ പേരിൽ വിയോജിപ്പ് പ്രകടിപ്പിച്ച ജോസഫ് മുണ്ടശ്ശേരി മഹത്തായ ഒരു പാരമ്പര്യമാണ് സൃഷ്ടിച്ചത്. വിയോജിപ്പുകൾക്കും ഭംഗിയുണ്ട് . അത് ആസ്വദിക്കേണ്ടതാണ്.

2)സി.ആർ. പരമേശ്വരന്‍റെ ‘പ്രകൃതിനിയമം’ എന്ന നോവലിനെക്കുറിച്ച് മുമ്പ് എഴുതിയിരുന്നില്ലോ. ആ അഭിപ്രായത്തിനു മാറ്റമില്ലേ ?

ഉത്തരം: ‘പ്രകൃതിനിയമം’ എന്നെ ആകർഷിച്ചില്ല. വ്യവസ്ഥാപിതത്വത്തോട് കലഹിക്കുന്ന പരമേശ്വരന്‍റെ നിലപാടുകൾ നല്ലതാണ്. എന്നാൽ നോവൽ ഒരു കലാരൂപമാണ്. നോവലിൽ രാഷ്ടീയത്തിനു രണ്ടാം സ്ഥാനമേയുള്ളു.

3)ശരാശരി എഴുത്തുകാർക്ക് വലിയ പുരസ്കാരങ്ങൾ കിട്ടുന്നത് സാഹിത്യ വിമർശനത്തെ ബാധിക്കുമോ?

ഉത്തരം: ഇത്തരം എഴുത്തുകാർക്ക് വലിയ പുരസ്കാരങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നത് സാഹിത്യവിമർശനത്തെ ബാധിക്കേണ്ട കാര്യമില്ല. എന്നാൽ വലിയ പുരസ്കാരങ്ങൾ കിട്ടുന്നതോടെ എഴുത്തുകാരനെ സമൂഹം വ്യവസ്ഥിതിയുടെ ഭാഗമാക്കുന്നു. പിന്നെ സത്യം കേൾക്കാൻ സമൂഹത്തിനു വിമുഖതയുണ്ടാവുന്നത് സ്വാഭാവികമാണ്.ഇത് വിമർശകൻ ഗൗരവത്തിലെടുക്കേണ്ടതില്ല .

4)കഥയിൽ എന്ത് ഭാഷാപരമായ വിപ്ലവം വേണമെന്നാണ് പറയുന്നത്?

ഉത്തരം: ഭാഷാവിപ്ലവം വേണമെന്നില്ല. പക്ഷേ, വായനക്കാരന് ആലോചിക്കാനും അനുഭവിക്കാനും പറ്റിയ വിഭവങ്ങൾ വേണം. പഴകി തുരുമ്പിച്ച ഭാഷയിൽ എഴുതുമ്പോൾ സൂക്ഷ്മമായ അനുഭൂതികൾ നഷ്ടപ്പെടും. എസ്. അനിലാൽ എഴുതിയ ‘ഓർമ്മശരീരം’(പ്രസാധകൻ, മെയ്)ഭാഷാപരമായി നിർജീവമാണ്. കഥാകൃത്ത് മനസ്സിലാക്കേണ്ട ഒരു രഹസ്യം പറയാം: ഭാഷയിൽ അഭിരമിക്കാൻ തക്കം പാർത്തിരിക്കുന്ന വായനക്കാരുണ്ട്. അവരെ നിരാശപ്പെടുത്തരുത് .

5)പ്രണയകവിതകൾക്ക് രാഷ്ട്രീയമുണ്ടോ ?

ഉത്തരം:രണ്ട് സാഹചര്യങ്ങളിൽ നിന്നു വരുന്ന കമിതാക്കൾക്ക് രാഷ്ട്രീയത്തെ അഭിമുഖീകരിക്കേണ്ടിവരും . എത്ര വിശുദ്ധമായ വികാരമാണെങ്കിലും അതിൽ മതവും ജാതിയും ദൈവവും അരിച്ചു നടക്കും. മഹമൂദ് ദർവീഷ് എഴുതിയ ‘പ്രണയം’ എന്ന കവിത (പരിഭാഷ: ഡോ. എം. എ. അസ്കർ, ഗ്രന്ഥാലോകം, മെയ്)യിൽ പ്രണയത്തെ ഈ മാറാലകളിൽ നിന്നു രക്ഷപ്പെടുത്താനുള്ള ആഹ്വാനമുണ്ട്.

“നമ്മുടെ കാലുകൾ എവിടെ നിന്നു ചുവടുവെച്ചു തുടങ്ങി?

യാത്ര പോക നാം, വഴി തീരാത്ത യാത്ര .

പുരാതനമായ കാവ്യപുസ്തകത്തിലെ

ശോകഗീതികൾ മാത്രം അന്വേഷിക്കുന്നതെന്തിന് നാം ?

നമ്മുടെ പ്രണയം അനശ്വരമോ എന്നു വ്യാകുലപ്പെടുന്നതെന്തിന് ?

ഞാൻ നിന്നെ പ്രണയിക്കുന്നു, സഞ്ചാരിക്കൂട്ടം മരുപ്പച്ചയെ എന്നപോൽ,

പട്ടിണിക്കാരൻ റൊട്ടിക്കഷ്ണത്തെ എന്ന പോൽ.”

സച്ചിദാനന്ദന്‍റെ ‘നടത്തം ‘(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 28) എന്ന കവിത ഹൃദ്യമായി. കവിതയുടെ ശുദ്ധമായ അനുഭൂതിയിലേക്ക് നയിക്കുകയാണ് കവി . ഒരു നടപ്പിൽ കവി സകല ഭൂതങ്ങളെയും ആവാഹിക്കുന്നു.

‘നടക്കും തോറുമെൻ ചുവടോരോന്നിലും

കിരുകിരുക്കുന്നു പലതരം മണ്ണിൻ

തരികൾ, നാഡികൾ നിറയെ ഗന്ധങ്ങൾ,

പരുക്കൻ സ്പർശങ്ങൾ, മൃദുലാശ് ലേഷങ്ങൾ,

ചെവിയിൽ തേൻ പെയ്യും കിളികൾ,

കുഞ്ഞുങ്ങൾ...

അനുനിമിഷമീ അണുക്കളാൽ തീർത്ത

ഗ്രഹം ചലിക്കുന്നു, പലതായി മാറുന്നു . ‘

സച്ചിദാനന്ദനു മൗനമില്ലെന്ന് നരേന്ദ്രപ്രസാദ് പണ്ട് പറഞ്ഞത് അർഥവത്തായ നിരീക്ഷണമായിരുന്നു. സച്ചിദാനന്ദനിൽ കവിത ഓരോ ഘട്ടത്തിലും ഋതുക്കൾ പോലെ മാറുന്നു.

6)കഥാകൃത്ത് ടി.എൻ.പ്രകാശിനെ ഓർക്കുമ്പോൾ?

ഉത്തരം: ടി.എൻ. പ്രകാശിനെ പരിചയപ്പെട്ടത് അങ്കണം സാംസ്കാരികവേദി തൊണ്ണൂറുകളിൽ കണ്ണൂരിൽ സംഘടിപ്പിച്ച ഒരു ക്യാമ്പിൽ വച്ചായിരുന്നു. അന്ന് ടി. പത്മനാഭനുമുണ്ടായിരുന്നു. പ്രകാശ് അവസാന കാലത്ത് ഒൻപതു വർഷം കിടപ്പിലായിരുന്നു. അദ്ദേഹം നല്ല കഥകളെഴുതിയിട്ടുണ്ട്. ‘വളപട്ടണം പാലം’ എന്ന കഥ ഓർക്കുകയാണ് . ടി.എൻ. പ്രകാശിനെപ്പറ്റി ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി.വി.കെ. പനയാൽ എഴുതിയ എഡിറ്റോറിയൽ (ഗ്രന്ഥാലോകം, മേയ്)ശ്രദ്ധേയമായി.

Trending

No stories found.

Latest News

No stories found.