തീരം തൊടുന്നവൾ, കവിത
തീരം തൊടുന്നവൾ, കവിതAI wing | Metro Vaartha

തീരം തൊടുന്നവൾ | കവിത

രതീഷ് തച്ചനാട്ടിൽ എഴുതിയ കവിത വായിക്കാം..., തീരം തൊടുന്നവൾ.

നാലുമണിക്കൂർ കൊണ്ട്

രാത്രിയെ അരിഞ്ഞു

പകലിനു കൊടുത്തു

നെട്ടോട്ടം ഓടുന്നൊരുവൾ...!

വിഷാദം രണ്ടു പോളക്കുള്ളിൽ

മറച്ചു വിടർന്ന കണ്ണിൽ ചിരി

തിരുകുന്നവൾ...!

സമയത്തെ മുക്കയറിൽ

കെട്ടിവലിച്ചടിതെറ്റാതെ

ഒരു പെൺപകൽ വരച്ചു

തീർക്കുന്നവൾ...!

ഒടുവിൽ... പകലുകളെ ഉറക്കി

സങ്കടം കൂട്ടിവച്ച രാത്രിയിൽ

അവളൊരു തീരം തൊടും...!

ഓർമ്മകളിൽ ഇടറിപ്പോകുന്ന

കണ്ണുനീർ തലയിണയിൽ

ഒരു വിരഹ കവിത എഴുതും...!

അവളുടേതായ നിമിഷങ്ങളിൽ...

എഴുതിയിട്ട വരികളിൽ

ഒരു ചോദ്യം നിഴലിക്കും

"ഇനി നമ്മെളെന്നാ ജീവിക്ക്യാ...‍"

കടലു കടന്നവൻ നാലുവാക്കിൽ

പിടഞ്ഞു പോകുന്ന കവിത!

രതീഷ് തച്ചനാട്ടിൽ

(ഫോൺ: 9388140753)

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com