

മിഥുൻ
വി. റെജികുമാർ
രാജ്യത്തിന്‍റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും ഒരു കൂറ്റൻ കന്നുകാലിയാണ് ''മിഥുൻ'' അഥവാ ഗായൽ. വെറുമൊരു വളർത്തു മൃഗമല്ല 'മിഥുൻ'. പശു, എരുമ, ആട് പോലെ പാൽ തരുന്നമൃഗങ്ങളുടെ കാറ്റഗറിയുമല്ല. അത് ഗോത്ര കുടുംബാഭിമാനത്തിന്‍റെയും സമ്പത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും പ്രതീകമാണ്. നാഗാലാൻഡ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗം. കേന്ദ്ര സർക്കാർ ഇതിനെ ഒരു സവിശേഷ മൃഗമായി അംഗീകരിച്ചിട്ടുമുണ്ട്.
'മിഥുൻ' കാലികളെ സ്വന്തമാക്കുന്നത് പല ഗോത്രവർഗ വിഭാഗങ്ങളിലും അവരുടെ സാമൂഹിക പദവി ഉയർത്തുന്നു. ഒരാൾ വളർത്തുന്ന മിഥുനുകളുടെ എണ്ണം അവരുടെ സമ്പാദ്യത്തിന്‍റെയും സമൂഹത്തിലെ സ്ഥാനത്തിന്‍റെയും പ്രതീകമായി കരുതപ്പെടുന്നു. വിവാഹങ്ങൾ, ഉത്സവങ്ങൾ, മതാചാരങ്ങൾ എന്നിവയ്ക്കിടെ ഇവയെ ഭക്ഷ്യവിഭവമായി ഉപയോഗിക്കുന്നു. എത്ര മിഥുനുകളെ കശാപ്പു ചെയ്തു എന്നതാണു പല ഗോത്ര കുടുംബങ്ങളിലെയും വിവാഹങ്ങളുടെ പദവി തന്നെ നിശ്ചയിക്കുന്നത്.
തിരുവനന്തപുരം, തൃശൂർ മൃഗശാലകളിൽ പോയിട്ടുള്ളവർ മിഥുനുകളെ കണ്ടിട്ടുണ്ടാകും. കുഞ്ഞു കാട്ടുപോത്തിന്‍റെയും നാടൻ പോത്തിന്‍റെയും സമ്മിശ്ര രൂപം. 1,000- 3,000 മീറ്റർ വരെ ഉയരമുള്ള പ്രദേശത്ത് ഇടതൂർന്ന വനപ്രദേശങ്ങളിലാണ് ഇവ ജീവിക്കുന്നത്. കേന്ദ്ര കർഷക ക്ഷേമ മന്ത്രാലയത്തിന്‍റെ കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ), 'മിഥുൻ' ദേശീയ ഗവേഷണ കേന്ദ്രം, രാഷ്‌ട്രീയ ഗോകുൽ മിഷന്‍റെ 'മിഥുൻ' ബ്രീഡ് ഡവലപ്‌മെന്‍റ് സെന്‍റർ എന്നിവ ഇവയുടെ ശാസ്ത്രീയ വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിൽ പങ്കാളികളാണ്. വംശനാശം വരാതിരിക്കുക എന്നതാണു ലക്ഷ്യം.
മാംസാഹാരങ്ങൾ ഏറെ പ്രധാനമായ മിസോറാം സംസ്ഥാനവും ഇപ്പോൾ 'മിഥുൻ' വളർത്തലിൽ വലിയ ശ്രദ്ധ നൽകുന്നു. അവിടത്തെ മലയോര കർഷകർക്ക് കുറഞ്ഞ ചെലവിൽ ഉയർന്ന വരുമാനം നൽകുന്ന അവസരമായാണ് ഇതിനെ കാണുന്നത്. നാടൻ വളർത്തു കന്നുകാലികളും കാട്ടുപോത്തുകളും ഇണചേർന്നുണ്ടായ സങ്കര വിഭാഗത്തിൽ നിന്നു പരിണമിച്ചതാണ് പോത്തുകളുടെ രൂപമുള്ള മിഥുൻ. ബോസ് ഫ്രണ്ടാലിസ് എന്നത്രെ ശാസ്ത്രീയ നാമം. 'കുന്നുകളുടെ കന്നുകാലികൾ' എന്നറിയപ്പെടുന്ന ഈ മൃഗത്തിന്‍റെ കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞ, പ്രോട്ടീൻ കൂടുതലുള്ള, പോഷക സമൃദ്ധമായ മാംസം ഏറെ ഡിമാൻഡുള്ളതാണ്.
കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ സംഘം കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ക്ഷണപ്രകാരം മിസോറാമിലെ തെന്സ്വാളിലുള്ള "മിഥുൻ' ബ്രീഡിങ് ഫാം സന്ദർശിച്ചപ്പോൾ.
മനുഷ്യരുമായി ഇണക്കം കുറവാണെങ്കിലും 'മിഥുൻ' വളർത്തൽ ആ പ്രദേശവാസികൾക്കു വലിയ സാമ്പത്തിക നേട്ടം നൽകുന്നു. കുറഞ്ഞ പരിചരണം, ഗോത്ര പാരമ്പര്യം, സുസ്ഥിരമായ ഗ്രാമീണ ഉപജീവനമാർഗം, ഭക്ഷ്യസുരക്ഷ, മനുഷ്യരുടെ കുറഞ്ഞ ഇടപെടൽ, കുന്നിൻ പ്രദേശങ്ങളുമായി പൊരുത്തപ്പെടൽ, മറ്റു പരമ്പരാഗത കന്നുകാലികളെ അപേക്ഷിച്ച് കൂടുതൽ മാംസം, കൃഷിഭൂമിയോ കളപ്പുരകളോ വിലകൂടിയ തീറ്റയോ ആവശ്യമില്ല, അഴിച്ചുവിട്ടാൽ പ്രകൃതിദത്ത സസ്യങ്ങളും പുല്ലും തിന്നു ജീവിക്കും. തൂക്കം 400-500 കിലോ വരെ എത്തും. ഒരു കിലോയ്ക്ക് 450-500 രൂപ നിരക്കിൽ വിൽക്കാം. ഇവ വളരെ കരുത്തുറ്റതും കന്നുകാലികളിൽ സാധാരണയായി ഉണ്ടാകുന്ന രോഗങ്ങളെ ചെറുത്തുനിൽക്കുന്നവയുമാണ്. ആക്രമണാത്മകത കുറവാണ്, കൈകാര്യം ചെയ്യാൻ എളുപ്പം. സ്വതന്ത്രമായി മേയുന്നതിനാൽ തീറ്റച്ചെലവ് വളരെ കുറവ്.
സാംസ്കാരികം, സാമ്പത്തികം
ഗോത്ര സമൂഹങ്ങളിൽ മിഥുനെ വളരെ വിശേഷ മൃഗമായി കണക്കാക്കുന്നു. അരുണാചൽ പ്രദേശിൽ ഇതിനെ 'ദൈവത്തിന്‍റെ ഭക്ഷണ മൃഗം' എന്നാണു വിളിക്കുന്നത്, ജനനം, വിവാഹം, മരണം എന്നിങ്ങനെയുള്ള എല്ലാ പ്രധാന ജീവിത സംഭവങ്ങളുടെയും ഭാഗമാണിത്. കുടുംബങ്ങൾ അവരുടെ സമ്പത്ത് അളക്കുന്നത് പണത്തിലല്ല, അവർക്കുള്ള 'മിഥുൻ' പോത്തുകളുടെ എണ്ണത്തിലാണ്.
ഇതിന്‍റെ മാംസം മൃദുവും മെലിഞ്ഞതും വളരെ ഡിമാൻഡുള്ളതുമാണ്. ശരിയായ പരിപാലനവും പിന്തുണയുമുണ്ടെങ്കിൽ 'മിഥുൻ' കൃഷി വനവാസി കാലിക്കർഷകരുടെ വരുമാനം വർധിപ്പിക്കാനും ആ മേഖലയിലെ ഭക്ഷ്യസുരക്ഷയ്ക്ക് സംഭാവന നൽകാനും സഹായിക്കും. ഇവ കാട്ടിലെ ഇലകൾ, കുറ്റിച്ചെടികൾ, മുളകൾ എന്നിവയിൽ മേയും. കർഷകർ ഇവയ്ക്ക് ഇടയ്ക്കൊക്കെ ഉപ്പിട്ട വെള്ളം കൂടി നൽകുന്നതിനാൽ ഗ്രാമത്തിലെ വനത്തിനടുത്തു തന്നെ നിൽക്കും. സാധാരണ ദിവസം മുഴുവൻ കാട്ടിൽ തന്നെ തങ്ങുമെങ്കിലും വൈകുന്നേരം കൂട്ടമായി തിരിച്ചെത്തും. മൂന്നു വർഷത്തിനുള്ളിൽ ഇവ ലൈംഗിക പക്വത പ്രാപിക്കും, രണ്ടു വർഷത്തിലൊരിക്കൽ ഒരു കുട്ടിയെ പ്രസവിക്കും.
'മിഥുൻ' കാലികളുടെ പെൺവർഗത്തിൽ നിന്ന് ഒന്നര ലിറ്ററിലേറെ പാൽ കിട്ടില്ല. എന്നാൽ, പാൽ ഉത്പാദനം മെച്ചപ്പെടുത്താൻ ചില കർഷകർ മിഥുനെ പ്രാദേശിക കന്നുകാലികളുമായി ഇണ ചേർത്ത് സങ്കരയിനങ്ങളെ വളർത്തുന്നു. അവബോധം വളരുകയും സർക്കാരുകളുടെ പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുകയും ചെയ്യുമ്പോൾ, വരും വർഷങ്ങളിൽ ഈ മൃഗം അത്ഭുതകരമായി ഗോത്ര സമൃദ്ധിയുടെയും ഗ്രാമീണ സുസ്ഥിരതയുടെയും മൂലക്കല്ലായി മാറിയേക്കാം.
മിസോറാം പ്രതിവർഷം 630 കോടി രൂപ മാംസ ഉപഭോഗത്തിനായി മാത്രം ചെലവഴിക്കുന്നു എന്നാണു കണക്ക്. ഏകദേശം 40 കോടി രൂപയുടെ മാസം ഇറക്കുമതി ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ഇറക്കുമതി കുറച്ച് 'മിഥുൻ' വളർത്തൽ മുഖ്യ പദ്ധതിയായി കൊണ്ടുപോകാനാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ശ്രമം. മിസോറാമിലെ 41 ഗ്രാമങ്ങളെങ്കിലും 'മിഥുൻ' കൃഷിയെ ഇപ്പോൾ വളരെ ആശ്രയിക്കുന്നു. 15,000ത്തിലേറെപ്പേർ ഈ മൃഗത്തെ വളർത്താൻ രംഗത്തെത്തി. സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ വിപണി ബന്ധങ്ങൾ വികസിപ്പിച്ച് ഇതിനെ ഉപജീവന പ്രവർത്തനത്തിൽ നിന്ന് ഒരു സംരംഭക സംരംഭമാക്കി ഉയർത്തുക എന്നതാണ് സർക്കാരുകളുടെ ലക്ഷ്യം.
പന്നി വളർത്തലിനെ തകർത്ത ആഫ്രിക്കൻ പന്നിപ്പനി 2021 മുതൽ മിസോറാമിനെയും സാരമായി ബാധിച്ചിരുന്നു. തുടർന്ന് നിരവധി കർഷകർ ആടു വളർത്തലിലേക്കു മാറി. മിസോറാമിലെ കാർഷിക- കാലാവസ്ഥാ സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ആട് ഇനങ്ങളെക്കുറിച്ചു ശാസ്ത്രീയ പരിശോധനകൾ നടക്കുകയാണ്. അതിനൊപ്പമാണ് 'മിഥുൻ' വളർത്തലും പ്രോത്സാഹിപ്പിക്കാനുള്ള നീക്കം.
ശരിയായ വെറ്ററിനറി പരിചരണം, വിപണി ബന്ധങ്ങൾ എന്നിവയിലൂടെ 'മിഥുൻ' വളർത്തൽ എന്ന പുരാതന പാരമ്പര്യം ലാഭകരമായ ആധുനിക സംരംഭമായി മാറുമെന്നാണു പ്രതീക്ഷ. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും സാമ്പത്തിക സഹായവും എൻജിഒകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള പിന്തുണയും യുവ കർഷകർക്കും വനിതാ ഗ്രൂപ്പുകൾക്കും പുതിയ വാതിലുകൾ തുറക്കും.
കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ ഒരു സംഘം കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) നേതൃത്വത്തിൽ മിസോറാമിലെ തെൻസ്വാളിലുള്ള 'മിഥുൻ' ബ്രീഡിങ് സെന്‍റർ കഴിഞ്ഞ ദിവസം സന്ദർശിച്ചു. വിദൂരത്തായതിനാൽ അത്യപൂർവമായി മാത്രം ചെന്നെത്താൻ കഴിയുന്ന ഈ ഫാമിൽ ഏറെ നേരം ചെലവഴിച്ച സംഘം അവയുടെ വിശദാംശങ്ങൾ നേരിൽ കണ്ടു മനസിലാക്കി. വടക്കുകിഴക്കൻ മേഖലയുടെ സാമൂഹിക- സാമ്പത്തിക ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയ 'മിഥുൻ' എന്ന ഈ മൃഗത്തെ മാംസാഹാരപ്രിയരായ കേരളത്തിലെ മൂന്നാർ അടക്കമുള്ള മലമ്പ്രദേശങ്ങളിൽ വളർത്താനാകുമോ എന്നത് ആലോചിക്കാവുന്നതാണെന്നു ഫാം നടത്തിപ്പുകാർ ചൂണ്ടിക്കാട്ടി. ഉയർന്ന മൂല്യമുള്ള കന്നുകാലി വളർത്തലിൽ ഓപ്ഷൻ തേടുന്ന മലയോര കർഷകർക്ക് 'മിഥുൻ' ബുദ്ധിപരമായ ഒരു തെരഞ്ഞെടുപ്പായിരിക്കും. ഇതിനു കിടാങ്ങളെ എത്തിക്കാൻ കേരള സർക്കാർ കൂടി മുൻകൈയെടുക്കേണ്ടതുണ്ട്. നാഗാലാൻഡിലെ ഐസിഎആർ- നാഷണൽ റിസർച്ച് സെന്‍റർ ഓൺ 'മിഥുൻ' എന്ന സ്ഥാപനം അവയുടെ സംരക്ഷണത്തിലും പ്രജനനം മെച്ചപ്പെടുത്തലിലും സജീവമായി പ്രവർത്തിക്കുന്നു.