

പുസ്തകമല്ല, പുസ്തകത്തിന്‍റെ കവറാണ് ചർച്ചയാകുന്നത്
file photo
അക്ഷരജാലകം|എം. കെ. ഹരികുമാർ
ഹംഗേറിയൻ എഴുത്തുകാരൻ ക്രാസ്നാഹോർക്കെയുടെ "വാണ്ട്സ് ടു ഫൊർഗെറ്റ് ' എന്ന കഥയിൽ കലയെക്കുറിച്ച് ചർച്ച ചെയ്യാനാവാതെ നമ്മുടെ ഐന്ദ്രിയ, ബൗദ്ധികലോകം സ്തംഭിച്ചു നിൽക്കുന്നതായി പറയുന്നുണ്ട്. നമ്മൾ ഇപ്പോഴും കൃതികൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. എണ്ണത്തിൽ ഇതൊരു സർവകാല റെക്കോർഡ് ആയിരിക്കും. ഒരു സാഹിത്യകാരൻ കൃതികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ തന്‍റെ പ്രസക്തിയെ തുലനം ചെയ്യുന്നത് ആത്മഹത്യാപരമാണ്. എന്നാൽ കൃതികളിൽ എന്തെങ്കിലും പുതിയ സൂചനയോ പുതിയ ദിശയിലേക്കുള്ള ചിന്തയോ, ആഴമുള്ള ഒരു ആലോചനയോ കാണാനില്ല. ഇതല്ലേ ദുരന്തം?
എഴുതപ്പെടുന്നതിനെപ്പറ്റി നിഷ്കൃഷ്ടമായ ഒരു ചിന്തയോ വായനയോ ഒരിടത്തുമില്ല. മൂല്യപരമായ ചർച്ചകൾ എവിടെയുമില്ല. പുസ്തകമല്ല, പുസ്തകത്തിന്‍റെ കവറാണ് ചർച്ചയാകുന്നത്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുമ്പേ അതിന്‍റെ കവർ പ്രകാശിപ്പിക്കുകയാണ്! ചർച്ച ചെയ്യുകയാണ്. കവർ മാത്രമേ ചർച്ച ചെയ്യാനുള്ളൂ. ആശയപരമായ സമരങ്ങൾ നേരത്തെ അവസാനിച്ചതാണല്ലോ. കവറിൽ തുടങ്ങി കവറിൽ അവസാനിക്കുന്നതാണ് ഇന്നത്തെ സാഹിത്യം. ഇതിനിടയിൽ കവറിനു വിശ്രമിക്കാനുള്ള ഇടങ്ങളാണ് ഫെയ്സ്ബുക്കും മറ്റു സമൂഹ മാധ്യമങ്ങളും. കവർ ഒരു ആശയ ചർച്ചയാകാത്തിടത്തോളം എഴുത്തുകാരൻ സുരക്ഷിതനാണ്. അയാൾ ആഗ്രഹിക്കുന്നതും അതാണ്. യാതൊന്നും, തന്നെ അലട്ടരുത്. അയാൾ കൃതിയുടെ ഉള്ളടക്കത്തിൽ പ്രതികരണക്ഷമത നഷ്ടപ്പെട്ട ഒരു ഭീരുവായിരിക്കും. അതാണ് സുരക്ഷ. അതിന്‍റെ പ്രകടനമാണ് കവർ പ്രകാശനം.
സ്വന്തം കൃതിയാണ് സംസാരിക്കേണ്ടത്
ഇവിടെയാണ് ക്രാസ്നാഹോർക്കെ പറഞ്ഞ കാര്യം ശ്രദ്ധിക്കേണ്ടത്. കലാപ്രകടനങ്ങളുണ്ട്, കൃതികളുണ്ട്, പക്ഷേ ഒന്നുപോലും ഓർക്കപ്പെടാനുള്ളതല്ല. അവാർഡുകൾ എന്ന പൊയ്ക്കാലിൽ ഉയർത്തിനിർത്തിയാലും പെട്ടെന്നു തന്നെ പ്രഭ മങ്ങുന്നു. അവാർഡ് കൊടുക്കുന്നവൻ കൃതി വായിച്ചിട്ടുണ്ടാവില്ല. വായനക്കാർ കളങ്കിത മനസിന്‍റെ ചട്ടക്കൂടിലേക്ക് പലരീതിയിൽ ഒതുക്കപ്പെട്ടിരിക്കുന്നതു കൊണ്ട് അവരും വായിക്കില്ല. അവർക്ക് എഴുത്തുകാരുടെ ഖ്യാതി മതി. ഒരു എഴുത്തുകാരന് സ്വീകരണം നൽകണമെങ്കിൽ അയാൾക്ക് ഒരു ചെറിയ അവാർഡിന്‍റെയെങ്കിലും പ്രശസ്തി വേണം! നല്ല പുസ്തകങ്ങൾ എഴുതിയാൽ പോരാ. പുസ്തകങ്ങൾ എഴുതുന്നത് അപായക്കളിയായിരിക്കും. അതാരും വായിക്കുകയില്ലെന്ന് മാത്രമല്ല, അതിന്‍റെ പേരിൽ ഒരാദരവും ലഭിക്കുകയുമില്ല. പുസ്തകങ്ങൾ വായിച്ച് അവയ്ക്കുള്ളിലെ ആശയങ്ങളും സൗന്ദര്യാത്മകയുദ്ധങ്ങളും ഉൾക്കൊള്ളാൻ ശേഷിയുള്ള വായനക്കാരും കുറവാണ്.
അതുകൊണ്ട് എത്ര മഹത്തായ കൃതി എഴുതിയാലും അതാരും അംഗീകരിക്കുകയില്ല. ഇവിടെ മികച്ച എഴുത്തുകാരന് അനുവർത്തിക്കാവുന്നത് തന്‍റെ കൃതിയുടെ പരമാവധി ആവിഷ്കാരം മാത്രമാണ്. "ഹാംലറ്റ് ' എന്ന നാടകമെഴുതിയ ഷേക്സ്പിയറിനുള്ള അംഗീകാരം നാട്ടിലെ ഏതെങ്കിലും നാടകസംഘമോ ആസ്വാദക്കൂട്ടമോ നൽകുന്ന പൂച്ചെണ്ടല്ല ;ഹാംലെറ്റ് എന്ന നാടകം തന്നെയാണ്. അത് പരമാവധി പൂർണതയിൽ എഴുതുക എന്നുള്ളതാണ് അംഗീകാരം. ഭാവിയിൽ നാടകമായിരിക്കും ഷേക്സ്പിയറിനു വേണ്ടി സംസാരിക്കുക. ഷേക്സ്പിയർ ദിവംഗതനായി നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന് വേണ്ടി "ഹാംലറ്റ് ' ഒറ്റയ്ക്ക് സംസാരിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യ മനസിന്‍റെ എല്ലാ പ്രകൃതവും ആവിഷ്കരിച്ചതാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത. അദ്ദേഹം മനുഷ്യമനസിനെ നന്നായി പഠിച്ചു; അത് പുറത്തു കൊണ്ടുവരുന്നതിൽ ആത്മാർഥത കാണിക്കുകയും ചെയ്തു. എഴുത്തുകാരന് കാലത്തോടാണ് കൂറ്, പ്രതിബദ്ധത.
"ഹാംലെറ്റ്' നൂറ്റാണ്ടുകൾക്ക് ശേഷം വായിക്കപ്പെടുകയാണെങ്കിൽ അന്നത്തെ വായനക്കാർക്കും അത് വിസ്മയമാകണമെന്ന ചിന്ത ഷേയ്സ്പിയറെ സ്വാധീനിച്ചിരിക്കാം. ഇതാണ് സർഗാത്മകമായ പോരാട്ടം. തന്‍റെയുള്ളിലെ സർഗാത്മക ശേഷിയോടാണ് എഴുത്തുകാരന്‍റെ യുദ്ധം. തന്നിൽ നിന്നു പരമാവധി പുറത്തെടുക്കാനുള ആത്മപീഡനമാണ് ഓരോ രചനയും. ഇതിൽ ചിലത് വിജയിക്കുന്നു, ചിലത് പരാജയപ്പെടുന്നു. കൂടുതൽ കഷ്ടപ്പെടാൻ, പീഡനമനുഭവിക്കാൻ മനസുള്ളവർ മികച്ച ഒരു കൃതി എഴുതാൻ വേണ്ടി മാനസികമായ ക്ലേശം അനുഭവിക്കുന്നു. അതാണ് എഴുത്തുകാരന്‍റെ സത്യസന്ധത.
ക്രാസ്നാഹോർക്കെ പറഞ്ഞത് കലയെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചു എന്നാണ്. ഇനി നാം കൂടുതൽ അസ്വസ്ഥരാകേണ്ടിയിരിക്കുന്നു. നമ്മെ സുരക്ഷിതമായി ചേർത്തുനിർത്തിയിരിക്കുന്ന വലിയ ആശയങ്ങളിൽ നിന്നും സങ്കല്പങ്ങളിൽ നിന്നും പുറത്തു കടക്കേണ്ടിയിരിക്കുന്നു. കൂടുതൽ സ്വതന്ത്രനാവുകയാണ് പോംവഴി. ആ സ്വാതന്ത്ര്യം ചിലപ്പോൾ അസ്ഥിരപ്പെടുത്തുന്നതാകാം; ആകുലതകൾ സൃഷ്ടിക്കുന്നതാകാം. പക്ഷേ അപ്പോഴും സ്വതന്ത്രനാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കണം.
കലാസങ്കല്പം ആവർത്തിക്കപ്പെടുന്നു
ഉന്നതമായ കല അപ്രത്യക്ഷമായിരിക്കുന്നു. അത് റാഫേലിന്‍റെയും വാൻഗോഗിന്‍റെയും ചിത്രങ്ങളിൽ, കാഫ്കയുടെ കഥകളിൽ, വില്യം ഫോക്നറുടെ നോവലുകളിൽ ഉണ്ടായിരുന്നു. പിന്നീടത് സ്വതന്ത്രമായി വികസിച്ചില്ല. ആ കലാസങ്കല്പം വികലമായി ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇവരൊക്കെ എഴുതിയത് പുതിയ രീതിയിൽ പലരും പകർത്തിയെഴുതുന്നു. പുതിയ ആലോചനയില്ല. സർഗാത്മകമായ സാഹസത്തിനു ആരും മുതിരുന്നില്ല. രൂപപരമായ അന്വേഷണങ്ങളില്ല. ഒരേ അച്ചിൽ വാർത്ത പോലെയുള്ള നൂറുകണക്കിനു കൃതികൾ ഉണ്ടാവുകയാണ്. പുതിയൊരു ആശയമോ, ചിന്തയോ കാണാനില്ല.
മലയാള സാഹിത്യത്തിലെ ആദ്യകാല അഭിവാഞ്ചകളും പ്രമേയപരമായ പര്യവേക്ഷണങ്ങളും ഇല്ലാതായിരിക്കുന്നു. കേശവദേവ്, ത കഴി തുടങ്ങിയവരുടെ ആധി പാവപ്പെട്ട തൊഴിലാളികളുടെയും കുടിയിറക്കപ്പെടുന്നവരുടെയും ജീവിതത്തെക്കുറിച്ചുള്ളായിരുന്നു. അശരണരായവരുടെ തിരിച്ചുവരവിനായി അവർ ക്ഷോഭിച്ചു. അതിനുവേണ്ടി ഒരു രൂപം കണ്ടുപിടിച്ചു. ജീവിതത്തിൽ രോഗം, സാമ്പത്തികാവസ്ഥ, കുടുംബ പശ്ചാത്തലം തുടങ്ങിയ കാരണങ്ങളാൽ ഒറ്റപ്പെടുന്നവരെ അവർ ശ്രദ്ധിച്ചു. അത് ഉന്നതമായ ഒരു സാമൂഹ്യബോധത്തിൽ നിന്നുണ്ടാകുന്നതാണ്. താൻ മാത്രമല്ല തന്നോടൊപ്പം ഒരു കൂട്ടം മനുഷ്യരും ജീവിക്കുന്നു എന്ന അറിവ് പ്രധാനപ്പെട്ടതായിരുന്നു. പിന്നീട് നമുക്ക് അതെല്ലാം നഷ്ടപ്പെട്ടു. ചില വ്യക്തികൾ അവരുടെ സ്വകാര്യമായ മതിഭ്രമങ്ങളും ശൂന്യതയെക്കുറിച്ചുള്ള വ്യഥകളുമാണ് പിന്നീട് എഴുതുന്നത്.
അതിർത്തികൾ മാഞ്ഞുപോവുന്നു
ഒരു വ്യക്തി വ്യവസ്ഥാപിതത്വത്തെ വെല്ലുവിളിച്ചു എവിടേക്കോ പോകുന്നു. എന്നാൽ അക്കൂട്ടർക്ക് ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല. കലാപരമായ മികവുപോലും ഒരു ലക്ഷ്യമായിരുന്നില്ല. ആധുനികാനന്തര എഴുത്തുകാർ ഒരു പ്രമേയത്തുരുത്ത് കണ്ടെത്താനാവാതെ അലയുകയാണ്. തികച്ചും പുസ്തകജന്യമായ ലോകമാണ് അവരുടേത്. എല്ലാ ആവർത്തന വിരസമായ വീക്ഷണങ്ങളും ചെറുതാക്കപ്പെടുകയും അതിർത്തികൾ മാഞ്ഞുപോവുകയും ചെയ്യുന്ന കാലമാണിത്. ചതുരവടിവിലുള്ള സാഹിത്യരചനകൾക്ക് ഈ കാലം ആവശ്യപ്പെടുന്ന സംവേദനക്ഷമതയിൽ എത്താനാവുന്നില്ല.
യു.പി. ജയരാജ്, ടി.പി. കിഷോർ, വിക്റ്റർ ലീനസ്, ജയനാരായണൻ, അഷിത, പി. കെ. നാണു, എം. സുധാകരൻ തുടങ്ങിയ കഥാകൃത്തുക്കളുടെ ഭാവുകത്വപരമായ വേർപെടൽ പോലും ഇന്നത്തെ കഥയെഴുത്തുകാർക്ക് അപ്രാപ്യമാണ്. മനസിൽ രൂപപ്പെടുന്ന ഭാവസഞ്ചയത്തിന് ഇണങ്ങുന്ന ഭാഷ ഇന്നത്തെ കഥാകാരന്മാർക്കില്ല. വേണുഗോപാലൻ, അനന്തപത്മനാഭൻ തുടങ്ങിയ കഥാകാരന്മാർ എല്ലാ പകിട്ടും നഷ്ടപ്പെട്ട ഭാഷയിലാണ് എഴുതുന്നത്. ഒരു വിനിമയോപാധി എന്നതിൽ കവിഞ്ഞ് അതിൽ നവീന സാഹിത്യത്തിന്‍റെ കലാപരമായ മേന്മ അവകാശപ്പെടാനില്ല. തീവ്രമായ ജീവിതാഭിനിവേശമില്ല. അതുകൊണ്ടാണ് ഭാഷ നിർജീവമായിരിക്കുന്നത്. പറയാൻ പുതുതായി ഒന്നുമില്ല. കലാസൃഷ്ടിക്ക് ഒരു പ്രസക്തിയുമില്ലെന്ന ചിന്തയെ വീണ്ടും വീണ്ടും ഒരു ഭീഷണിയായി വായനക്കാരിൽ ജീവിപ്പിക്കുന്നതിനാണ് ഇന്നത്തെ ഭൂരിപക്ഷം രചനകളും ഇടയാക്കുന്നത്. അതുകൊണ്ടാണ് ക്രാസ്നാഹോർക്കെ പറഞ്ഞത് നാം നമ്മളിൽ തന്നെ കേന്ദ്രീകരിക്കുകയും നമ്മളെക്കുറിച്ച് മാത്രം എഴുതുകയും ചെയ്യുന്ന അബദ്ധം അവസാനിപ്പിക്കണമെന്ന്.
സ്വാനുഭവങ്ങളിൽ തളയ്ക്കപ്പെടരുത്
ഒരേമാനത്തിൽ, പരിപ്രേക്ഷ്യത്തിൽ എന്തിനാണ് എണ്ണിയാലൊടുങ്ങാത്ത രചനകൾ ? മനുഷ്യാവസ്ഥയെക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നത് കലയെ സംബന്ധിച്ച് ഒരു പരിമിതിയാകുമോ എന്നാണ് ക്രാസ്നാഹോർക്കെ ചിന്തിക്കുന്നത്. നമുക്ക് മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ ശേഷിയില്ല; അത്തരം മണ്ഡലങ്ങൾ എഴുത്തുകാരന്‍റെ ചിന്തയിൽ ഇപ്പോഴില്ല. ഇവിടെയാണ് സാഹിത്യവിമർശനം കാതലായ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. വിമർശകന് പരമ്പരാഗതമായ മാധ്യമങ്ങളുടെ അനുസരണയുള്ള വ്യാഖ്യാതാവോ ആസ്വാദകനോ ആയിരിക്കാൻ ഇനി കഴിയുകയില്ല.
കവിതയിലൂടെയും കഥയിലൂടെയും അവതരിപ്പിക്കപ്പെടുന്ന അനുഭവങ്ങളുടെ ഏകതാനത ഭയപ്പെടുത്തുന്നതാണ്. ചിലർ സ്വാനുഭവങ്ങൾ മാത്രം എഴുതുന്നു. മറ്റൊന്നും അവരുടെ ഓർമയിൽ പോലുമില്ല. സ്വയം കേന്ദ്രീകരിച്ച് മാത്രമാണവരുടെ ഭാവന. ഇത് എഴുത്തിനെ ആപത്കരമായി ചെറുതാക്കുകയാണ്. ഒരു ഉന്നതിയോ ഉൽക്കർഷമോ ഉയർന്ന വിതാനമോ അവകാശപ്പെടാനില്ലാത്ത രചനകൾ കൊട്ടും കുരവയുമായി അവതരിപ്പിക്കപ്പെടുന്നതാണ് ഇന്നത്തെ വൈരുദ്ധ്യം. കല ഒരു ചർച്ചയ്ക്ക് പോലും യോഗ്യമല്ലെന്ന കാഴ്ചപ്പാടിൽ വിമർശകരും എത്തിച്ചേർന്നിരിക്കുന്നു.
കവിതയെ രാഷ്‌ട്രീയ പാർട്ടിയുടെ കണ്ണിലൂടെ മാത്രം നോക്കി കാണുന്നവരുണ്ട്. എന്തെങ്കിലും പ്രസംഗിക്കണമെങ്കിൽ പാർട്ടിയോട് ചോദിച്ചിട്ടു വരുന്നവരുണ്ട്. അവർ കലയിൽ ഒന്നും സംഭാവന ചെയ്യുന്നില്ല; പാർട്ടിക്കാണ് സംഭാവന ചെയ്യുന്നില്ല. അതുകൊണ്ട് ഒരു യഥാർഥ സാഹിത്യവിമർശകൻ, വിമർശനത്തെ കലാവിഷ്കാരമായി കാണുന്നവൻ തന്‍റെ ഭാവനയെ മതിൽക്കെട്ടിനുള്ളിൽ നിന്ന് പുറത്തേക്ക് കൊണ്ടു വരേണ്ടതുണ്ട്. വ്യവഹാരങ്ങൾക്കുള്ളിലല്ല, പുറത്താണ് സർഗാത്മകഭാവന പടരേണ്ടത്.
ഒരു കവിതയെക്കുറിച്ചോ കഥയെക്കുറിച്ചോ മാത്രം എഴുതുന്നത് ഇന്നത്തെ വിമർശനബുദ്ധിയെ വ്യാപകമായി വിന്യസിക്കുന്നതിന് പര്യാപ്തമായിരിക്കില്ല. കുറേക്കൂടി വിപുലമായ സമ്പർക്കം, മുഴുകൽ, പരിചരണം വിമർശനത്തിന്‍റെ സൗന്ദര്യശാസ്ത്രത്തിനാവശ്യമാണ്. മറ്റു മാധ്യമങ്ങളിലെ ടെക്സ്റ്റുകൾ കൂടി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടതുണ്ട്. മാർഗരറ്റ് അറ്റ്‌വുഡ് പറഞ്ഞതുപോലെ എന്തിനെയും വ്യാഖ്യാനിച്ചുകൊണ്ടിരിക്കണം. എങ്കിൽ മാത്രമേ വസ്തുവിൽ നിന്ന്, വസ്തുതയിൽ നിന്ന് സത്യത്തെ വേർതിരിച്ചു കിട്ടുകയുള്ളൂ. കലാകാരൻ വസ്തുവിൽ നിലീനമായ സത്യത്തെ കാണാനാണ് ശ്രമിക്കുന്നത്. അത് വസ്തുവിന്‍റെ പ്രകൃതിയും നിലനിൽപ്പുമാണ്. നാം നേരത്തെ സങ്കൽപ്പിച്ചതോ വിചാരിച്ചതോ അല്ല ആ നിലനിൽപ്പ്. അത് വസ്തുവിന്‍റെ പ്രകൃതത്തിലുള്ളതാണ്. ആ പ്രകൃതിത്തെ മനസിലാക്കണമെങ്കിൽ നാം സ്വതന്ത്രമായിരിക്കണം. ഇതര പാഠങ്ങൾ കൂടി വിചിന്തനത്തിനും വ്യാഖ്യാനത്തിനുമായി തിരഞ്ഞെടുക്കേണ്ടതുണ്ട്. സമൂഹമാധ്യമങ്ങൾ, പരമ്പരാഗത മാധ്യമങ്ങൾ, ചരിത്രസംഭവങ്ങൾ, ദൃശ്യമാധ്യമങ്ങൾ, വീഡിയോകൾ, ബ്ലോഗുകൾ, ഫോട്ടോകൾ തുടങ്ങിയവയെല്ലാം ഇന്നത്തെ വിമർശനത്തിന് ആവശ്യമായിരിക്കുന്നു.
വളരെ അച്ചടക്കത്തോടെ, ഒരു മുറിയിലെന്ന പോലെ അടച്ചിടപ്പെട്ട ഭാവുകത്വമല്ല ഇന്നത്തെ വായനക്കാരനു വേണ്ടത്. അവനു വേണ്ടി പതിവ് കീഴടങ്ങൽ പ്രോത്സാഹിപ്പിക്കരുത്. വ്യാവഹാരിക ജീവിതഭാവനയുടെ മതിൽ പൊളിച്ച് വിമർശകൻ സാഹിത്യബാഹ്യമായ സൗന്ദര്യത്തെക്കൂടി ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. ഈ ലേഖകൻ മയിൽ, പുലി, സൂര്യൻ എന്നീ വിഷയങ്ങളെ ആധാരമാക്കി എഴുതിയ മൂന്നു ലേഖനങ്ങൾ ഈ രീതിയിലുള്ള അതിരുകൾ ഭേദിക്കുന്ന സാഹിത്യസംവേദനത്തിന്‍റെ വാതിൽ തുറക്കുകയായിരുന്നു. ഈ ലേഖനങ്ങൾ "ബുദ്ധിസ്റ്റ് നീലാകാശങ്ങൾ' (ബോധി ബുക്സ്) എന്ന പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
രജതരേഖകൾ
1) എഐ ചിത്രങ്ങൾ:
ജീവിച്ചിരിക്കുന്നവരുടെയോ ലോകം വിട്ടുപോയവരുടെയോ എഐ ചിത്രങ്ങൾ, വീഡിയോകൾ ഇപ്പോൾ പ്രചരിക്കുകയാണ്. ഇനി ഇതിന്‍റെ പ്രളയമാണ് വരാൻ പോകുന്നത്. സ്വന്തം എഐ മോഡലിന്‍റെ തടവുപുള്ളിയാവുകയായിരിക്കും ഇനി മനുഷ്യരുടെ നിയോഗം. കാണുന്നത് വിശ്വസിക്കണമോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ അകപ്പെടുകയാണ്. അതുകൊണ്ട് കാണുന്നതെന്തായാലും അതെല്ലാം വ്യാജമാണെന്ന ധാരണയാണ് ബലപ്പെടാൻ പോകുന്നത്. യഥാർഥ ചിത്രത്തിന് പോലും ഈ വിധിയുണ്ടാവും. കാഴ്ചയുടെ ആധികാരികത ഇല്ലാതാവുന്നത് മനുഷ്യനെ അസ്തിത്വപരമായ പ്രതിസന്ധിയിലെത്തിക്കും. എഐയാണോ ജീവിക്കുന്നത്, യഥാർഥ മനുഷ്യനാണോ ജീവിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. മരണമടഞ്ഞയാളുകൾ മാത്രമായിരിക്കും സുരക്ഷിതർ.
2) നോക്കുവിദ്യ പാവകളി:
കലാകാരിയും പദ്മശ്രീ ജേതാവുമായ കോട്ടയം മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷിയമ്മയെക്കുറിച്ച് കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ മനോഹര വർമ സംവിധാനം ചെയ്ത "നോക്കുവിദ്യ പാവകളി' എന്ന ഡോക്യുമെന്‍ററി ശ്രദ്ധേയമായി. മധ്യകേരളത്തിലെ പുരാതനമായ അനുഷ്ഠാന കലയെ അർഥവത്തായ ഛായാഗ്രഹണ, ശബ്ദ, സംഗീത വിന്യാസം കൊണ്ട് ആസ്വാദ്യകരമായ അനുഭവമാക്കി തീർത്തിരിക്കുകയാണ് സംവിധായകൻ. കേരളീയ പൈതൃകത്തെ നിത്യസ്മരണീയമാക്കുന്ന കലാപ്രവർത്തനത്തിന്‍റെ ഭാഗമാണിത്. ഈ പാവകളിയുടെ പിന്നിലെ അധ്വാനവും കലാകാരിയുടെ അർപ്പണവും അരമണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്‍ററിയിൽ നന്നായി പ്രതിപാദിച്ചു. എറണാകുളത്ത് കഴിഞ്ഞ ദിവസം ചിത്രം പ്രദർശിപ്പിച്ചു. പങ്കജാക്ഷിയമ്മയുടെ പിൻമുറക്കാരി കെ.എസ്. രഞ്ജിനി വർഷങ്ങളോളം താൻ ഈ കലാരൂപം അഭ്യസിക്കാൻ ചെലവിട്ട കാര്യം വിവരിച്ചു. ഡോ. കെ. ശിവപ്രസാദ്, ജോൺ ടി. വേക്കൻ, എം.കെ. ഹരികുമാർ, ഉൽപ്പൽ വി. നായനാർ, പാലേലി മോഹൻ തുടങ്ങിയവർ പ്രദർശനത്തോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ പങ്കജാക്ഷിയമ്മയെയും മനോഹര വർമയെയും അനുമോദിച്ചു.
3) രാജേഷ് നന്ദിയംകോട്
"കൊഴഞ്ഞ മണ്ണ്'(ലോഗോസ്) എന്ന കവിതാസമാഹാരം ആധുനികതയിൽ നിന്നും ഉത്തരാധുനികതയിൽ നിന്നുമുള്ള വേർപെടലാണ് സൂചിപ്പിക്കുന്നത്. "കാടെന്നതിൻ ബാക്കി' എന്ന കവിത ഇങ്ങനെയാണ്: "കാട് നഷ്ടപ്പെട്ട ഓരോ മരവും ഇലകളിലൂടെ ഒരിക്കലും തിരിച്ചെത്താത്ത ആ കാടിനെ സ്വപ്നം കാണുന്നു. വീട്ടുമുറ്റത്തോ വഴിയരികിലോ തൊടിയിലോ കുന്നിൻചെരിവിലോ തനിച്ചു നിൽക്കുന്ന മരങ്ങളുടെ ഉള്ളിൽ ഒരു കാട് ഉറങ്ങിക്കിടക്കുന്നു. ഓർമകൾ കാടുകയറിക്കൊണ്ടവറ്റകൾ ഭ്രാന്തമായ് പൂക്കുന്നു കായ്ക്കുന്നു. ഒരേകാന്തമരത്തിനു ചുറ്റും കാലത്തെ നിശ്ചലമാക്കി നോക്കൂ'.
4) ലിറ്റിൽ മാഗസിൻ
ഇപ്പോഴും ലിറ്റിൽ മാഗസിനു പ്രസക്തിയുണ്ട്. മിക്കവാറും പരമ്പരാഗത വാരികകൾക്ക് ഭാവുകത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. ബുദ്ധിജീവി പൊങ്ങച്ചങ്ങളും കലാശാല അക്കാദമിക് അഭ്യാസങ്ങളും എന്നൊക്കെ വിവരിക്കാവുന്ന തരത്തിൽ വായിക്കാൻ കൊള്ളാത്ത പ്രബന്ധങ്ങൾ മാത്രം തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കുന്നവരുണ്ട്. വായനക്കാരൻ ആരാണെന്നു സങ്കല്പത്തിലെങ്കിലും കാണാനുള്ള സിദ്ധിയാണ് പ്രധാനം.
5) അമ്മ അറിയാൻ
ജോൺ എബ്രഹാമിന്‍റെ "അമ്മ അറിയാൻ' എന്ന സിനിമ ഇപ്പോഴും ഓർക്കുന്നു. അത് ഇനി പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കപ്പെടാനുള്ള സാധ്യതയില്ല. അത് അന്നത്തെ പ്രേക്ഷകരുടെ ഓർമകളിലാണുള്ളത്. അതിൽ കവിതയും വിമർശനവുമുണ്ട്. അലച്ചിലും ഒറ്റപ്പെടലുമുണ്ട്. എല്ലാ ക്ലീഷേകളില്‍ നിന്നും മുക്തി നേടി കണ്ടെത്തിയ രൂപമാണത്.
6) മറ്റുള്ളവരുടെ മൂല്യം
പലപ്പോഴും ഒരാൾ എഴുതുന്നത് അയാളിൽ ഉള്ളതിനെക്കുറിച്ചല്ല; അന്യമായതിനെ കുറിച്ചാണ്. ദയയെക്കുറിച്ച് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാൾക്ക് ദയ ഉണ്ടാകണമെന്നില്ല. ദയ കാണിക്കേണ്ട സന്ദർഭം വന്നാൽ അയാൾ മൗനിയായി പിന്തിരിഞ്ഞു നടന്നേക്കാം. എന്നാൽ ഇതേക്കുറിച്ച് അയാൾ എഴുതിക്കൊണ്ടിരിക്കും. ഉണ്മ അല്ലെങ്കിൽ മൂല്യം മറ്റുള്ളവരുടേതാണ്.
7) എം.ജി. സോമൻ
പ്രശസ്ത നടൻ എം.ജി. സോമനെ വല്ലാതെ മിസ് ചെയ്യുന്നവരുണ്ടാകും. സോമന്‍റെ കണ്ണുകൾക്ക് പ്രത്യേകതയുണ്ടായിരുന്നു. നിഷേധത്തെ ഒരു കലാനുഭവമാക്കി മാറ്റാൻ സോമനു കഴിഞ്ഞു. അണിയറ, ഇതാ ഇവിടെ വരെ എന്നീ സിനിമകളിൽ ഒരു പുതിയ നായകനെ അദ്ദേഹം യാഥാർഥ്യമാക്കി. ആ അഭിനയശൈലി ധാരാളം ചെറുപ്പക്കാരെ ആകർഷിച്ചു. ഈറ്റ, ഞാൻ ഞാൻ മാത്രം, വാടകയ്ക്ക് ഒരു ഹൃദയം, ലേലം തുടങ്ങിയ ചിത്രങ്ങൾ ഓർക്കുകയാണ്. നൂറിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ.വി. ശശിയുടെ ആദ്യകാല സംരംഭങ്ങൾക്ക് ശക്തി പകർന്നത് സോമനാണ്, പ്രത്യേകിച്ച് 70കളിൽ.
8) ശില്പകല
കേരളത്തിൽ ശില്പകല പ്രതിസന്ധിയിലാണ്. ആധുനിക ലോക സാഹചര്യങ്ങൾക്കനുസരിച്ച് ശില്പകലയ്ക്ക് വളരാനായിട്ടില്ല. നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങൾക്ക് മുന്നിൽ പോലും ആധുനികമായ ശില്പങ്ങൾ കാണാനില്ല. ഓരോ സ്ഥാപനത്തിന്‍റെയും മുന്നിൽ ഒരു നവീന ശില്പം ആവശ്യമാണ്. നാം ശില്പ സാക്ഷരത നേടണം.
9) ചാർലി ചാപ്ലിൻ
പ്രമുഖ ചലച്ചിത്രകാരനായ ചാർളി ചാപ്ലിൻ പറഞ്ഞു: "ആധുനിക ലോകത്തിനു ആധുനിക ചിന്തയാണ് വേണ്ടത്. ആറ്റം ബോംബ്, ഹൈഡ്രജൻ ബോംബ് എന്നിവയെല്ലാം ഉപേക്ഷിക്കണം. അന്താരാഷ്‌ട്ര ഭിന്നതകൾ തീർക്കാൻ മേശയ്ക്കു ചുറ്റുമിരുന്നു ബന്ധപ്പെട്ടവർ ചർച്ച ചെയ്യണം. ആയുധങ്ങൾ നമ്മെ നശിപ്പിക്കുന്നതിനു മുമ്പ് നാം അതിനെയൊക്കെ നശിപ്പിക്കണം. ലോകത്ത് സമാധാനമാണ് വേണ്ടത്. യുദ്ധം എന്നെന്നേക്കുമായി ഇല്ലാതാകണം'.