പത്താം കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ കോഴിക്കോട്ട്

ജനുവരി 21 മുതൽ 24 വരെ; ഓസ്‌ട്രേലിയ അതിഥി രാജ്യം
 The 10th Kerala Literature Festival in Kozhikode

പത്താം കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ കോഴിക്കോട്ട്

Updated on: 

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ (കെഎൽഎഫ്) പത്താം പതിപ്പിന് 2027 ജനുവരി 21 മുതൽ 24 വരെ കോഴിക്കോട് വേദിയാകും. 14 രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും നാലുദിവസം നീളുന്ന മേളയിൽ പങ്കെടുക്കും. ഓസ്‌ട്രേലിയയാണ് ഇത്തവണത്തെ അതിഥി രാജ്യമെന്നു സംഘാടകരായ ഡിസി കിഴക്കെമുറി ഫൗണ്ടേഷൻ അറിയിച്ചു.

സ്പെയ്‌ൻ, ബെൽജിയം, യുഎസ്, യുകെ, നെതർലൻഡ്‌സ്, അയർലൻഡ്, ഇറാൻ, ഇന്തോനേഷ്യ, സിംബാബ്‌‌വെ, സിംഗപ്പുർ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ഐസ്‌ലൻഡ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മേളയുടെ ഭാഗമാകും. മെഗ് മേസൺ, ഷെൽബി വാൻ പെൽറ്റ്, മീന കന്ദസാമി, അവ്‌നി ദോഷി, തവ്‌ലീൻ സിങ്, രാമചന്ദ്ര ഗുഹ, ആകൃതി ത്യാഗി, അനുപമ ചോപ്ര, അമീർ ഷാഹുൽ, ആരതി മേനോൻ, ക്രിസ്റ്റീന ധനുജ, അൽക സരോഗി, അഭയ് കെ., തനിഷ റാവു, ബോറിയ മജുംദാർ, ഒമൈർ അഹമ്മദ് തുടങ്ങി സാഹിത്യ, കലാ, ശാസ്ത്ര, ചലച്ചിത്ര മേഖലകളിലെ പ്രമുഖർ സംവാദങ്ങളിൽ അണിനിരക്കും.

ഓസ്‌ട്രേലിയൻ സാഹിത്യ പാരമ്പര്യം, ആദിമനിവാസികളുടെ കഥപറച്ചിൽ രീതികൾ, സമകാലിക കലാരൂപങ്ങൾ എന്നിവയും കേരളത്തിന്‍റെ വൈവിധ്യമാർന്ന സാഹിത്യ-തദ്ദേശീയ പാരമ്പര്യവും തമ്മിലുള്ള സംവാദങ്ങൾക്കാണ് ഇത്തവണ മുൻഗണന നൽകുന്നത്. ഭൂമി, പരിസ്ഥിതി, സ്വത്വം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. നരുങ്ക കലാകാരനും സംവിധായകനുമായ ജേക്കബ് ബോമി ഒരുക്കുന്ന ഓസ്‌ട്രേലിയൻ തദ്ദേശീയ കലാസംഘമായ "ഗുരണ്ട'യുടെ പ്രകടനം മേളയിലെ പ്രധാന ആകർഷണമായിരിക്കും.

വായനക്കാരിലേക്കും യുവതലമുറയിലേക്കും വർഷം മുഴുവൻ സാഹിത്യത്തെ എത്തിക്കുന്നതിനായി പുതിയ പദ്ധതികളും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള സാഹിത്യോത്സവത്തിന്‍റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി "കിക്കോ' എന്ന അണ്ണാനെ അവതരിപ്പിച്ചു. കഥപറച്ചിൽ, ശിൽപ്പശാലകൾ തുടങ്ങിയ പരിപാടികൾക്ക് കിക്കോ നേതൃത്വം നൽകും. തെരഞ്ഞെടുക്കപ്പെട്ട എഴുത്തുകാർ വിവിധ ഡിസി ബുക്ക് സ്റ്റോറുകളിൽ ഒരു ദിവസം മുഴുവൻ പുസ്തകവിൽപ്പനക്കാരായി എത്തുന്ന ഐ ആം യുവർ ബുക്ക് സെല്ലർ പദ്ധതിക്കും സാഹിത്യോത്സവം വേദിയാകും. എഴുത്തുകാർ ശുപാർശ ചെയ്യുന്ന പുസ്തകങ്ങളുടെ പ്രത്യേക ശേഖരവും ഇവിടെയുണ്ടാകും.

കോളെജുകളിലും സർവകലാശാലകളിലും എഴുത്തുകാരെ എത്തിച്ച് വിദ്യാർഥികളുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കുന്ന ക്യാംപസ് ഔട്ട്റീച്ച് പരിപാടി കെഎൽഎഫ് ഓൺ ദി മൂവും ഇതോടൊപ്പം നടക്കും. വേദികൾക്കപ്പുറമുള്ള ലോകവുമായി സാഹിത്യോത്സവത്തെ ബന്ധിപ്പിക്കാനും പുതിയ തലമുറയിലേക്ക് വായനാസംസ്കാരം എത്തിക്കാനുമാണ് പത്താം വാർഷികത്തിൽ ലക്ഷ്യമിടുന്നതെന്ന് കെഎൽഎഫ് ചീഫ് ഫെസിലിറ്റേറ്റർ രവി ഡി.സി പറഞ്ഞു.