

കാലം ക്രൂരതയുമായി പൊരുത്തപ്പെടുകയാണോ?
അക്ഷരജാലകം | എം.കെ. ഹരികുമാർ
"എ ഷോർട്ട് ഹിസ്റ്ററി ഒഫ് നിയേർലി എവരിതിങ്' എന്ന പുസ്തകം എഴുതിയ അമെരിക്കൻ -ബ്രിട്ടീഷ് ഗ്രന്ഥകാരൻ ബിൽ ബ്രൈസീൺ നമ്മൾ ചരിത്രത്തിൽ അപൂർവമായി മാത്രം ഒന്നിച്ചുചേരുന്ന കണികകളാണെന്നു പറയുന്നുണ്ട്. ഒരു നിശ്ചിത സമയത്തേക്കാണ് ഒരണു ഉണ്ടായിരിക്കുന്നത്. അണുക്കളുടെ ഒരു ബൃഹത് സംഹിതയാണ് നമ്മൾ. അതിലൊന്നു പോലും ഒരിക്കലും ജീവനോടെയിരുന്നിട്ടില്ല. എന്നാൽ അതെല്ലാം കൂടി ചേർന്ന് ഒരു വ്യക്തിയായിരിക്കുന്നത് ഒരിക്കൽ മാത്രമാണ്. നമ്മൾ ഇതേ രൂപത്തിൽ ഒരു തവണ മാത്രമാണ് ഉണ്ടായിരിക്കുന്നത്. അതിനായി ഈ അണുക്കൾ ഇതുപോലെ ഒത്തു ചേരുന്നത് ഒറ്റത്തവണ മാത്രം. അതുകൊണ്ട് ജീവനുള്ള ഓരോന്നിന്‍റെയും ജീവിതമെന്നു പറയുന്നത് ഈ പ്രപഞ്ചത്തിന്‍റെ ദീർഘകാലത്തിന്‍റെ പശ്ചാത്തലത്തിൽ അപൂർവമായ ഒരു പ്രതിഭാസമാണ്.
ഒറ്റത്തവണ മാത്രം ജീവിക്കുന്ന ഏതൊരു ജീവിക്കും മഹത്വമുണ്ട്. കാരണം ആ ജീവിതം തന്നെയാണ് അതിന്‍റെ ലഘൂകരണവും അർഥവും. എല്ലാ ജീവികളും ഒറ്റത്തവണ മാത്രമാണല്ലോ ജീവിക്കുന്നത്. ഒരാൾ ഒരിക്കൽ മാത്രമേയുള്ളു. ഒരാളുടെ അനുഭവങ്ങൾ, അതിന്‍റെ വഴികൾ, മഥനങ്ങൾ, സംത്രാസങ്ങൾ, വിഹ്വലതകൾ ഒരിക്കലേയുള്ളു. ഒരാൾ വേറൊരു രീതിയിൽപോലും പിന്നീട് വരുന്നില്ല. മനുഷ്യരെ പോലെയാണ് കഥാപാത്രങ്ങളും. ഒരിക്കലേ വരാനൊക്കൂ. ഷേക്സ്പിയറിന്‍റെ "മാക്ബത്ത്' ഒരിക്കലേ വരൂ. രണ്ടാമത് വന്നാൽ ആദ്യത്തെ മാക്ബത്തിന്‍റെ മൂല്യം തകരും.
ചോരയുടെ വിപ്ലവം സുന്ദരമോ ?
ചെക്ക് എഴുത്തുകാരൻ മിലാൻ കുന്ദേരയുടെ "ദ അൺബിയറബിൾ ലൈറ്റ്നസ് ഒഫ് ബീയിങ്' എന്ന കൃതി ആരംഭിക്കുന്നതു തന്നെ മനുഷ്യന്‍റെ അസ്തിത്വത്തിന്‍റെ അനന്യതയെക്കുറിച്ചുള്ള ചിന്തകളുമായാണ്. നമ്മുടെ അനുഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ അത് വലിയൊരു ഭാരമായിരിക്കും. അതിനെ വേറൊരു രീതിയിൽ കാണാനേ നിവൃത്തിയുള്ളു. ഒരാളുടെ ജീവിതം എത്ര മഹത്തരമായാലും അത് ഒരിക്കലേയുള്ളു. അതുകൊണ്ട് അതിന്‍റെ ഔന്നത്യത്തിനു പ്രസക്തിയില്ലാതാകുന്നു. എന്നാൽ അത് ആവർത്തിക്കുകയാണെങ്കിലോ അതിനോടുള്ള ബന്ധം അവസാനിക്കുകയും ചെയ്യും. ഒരിക്കൽ മാത്രം സംഭവിക്കുന്നതുകൊണ്ടാണ് ചരിത്രം മൂല്യമുള്ളതാകുന്നതെന്ന വാദമാണ് കുന്ദേര ഉയർത്തുന്നത്.
ഫ്രഞ്ചു വിപ്ലവം ആവർത്തിച്ചിരുന്നെങ്കിൽ, അത് യഥാർഥ വിപ്ലവത്തെ അപേക്ഷിച്ച് തരംതാണുപോകുമായിരുന്നു. ആദ്യത്തെ വിപ്ലവത്തിൽ എത്ര തലകൾ വീണു എന്നതല്ല, എത്രപേർക്ക് ജീവിതം നഷ്ടമായി എന്നതല്ല, അങ്ങനെയൊരു രക്തവിപ്ലവം സംഭവിച്ചതാണ് അതിനെ സൗന്ദര്യമുള്ള ഒരേടാക്കുന്നത്. ചോര ചിന്തിയ എല്ലാ വിപ്ലവങ്ങളും റോസാപ്പൂപോലെ സുന്ദരമായാണ് പിന്നീട് വിലയിരുത്തപ്പെടുന്നത്. തലയറ്റ മനുഷ്യരുടെ ശബ്ദങ്ങൾ എവിടെയുമില്ല. കരഞ്ഞവരൊക്കെ ഗൃഹാതുരത്വമായി വീണ്ടെടുക്കപ്പെടുന്നു. രക്തം ഒഴുക്കിയ കലാപങ്ങൾ പിന്നീട് സുഖമുള്ള ഓർമകളായി പുനർജനിക്കുന്നു. നമുക്ക് അതിനോട് വിദൂരമായ ഓർമയുടെ ബന്ധമേയുള്ളു. ഹിറ്റ്ലറുടെ ഒരു ഫോട്ടോ കണ്ടപ്പോൾ തന്‍റെ കുട്ടിക്കാലത്തെക്കുറിച്ച് ഓർമിച്ചുവെന്ന് കുന്ദേര പറയുന്നത് ഈ അർഥത്തിലാണ് മനസിലാക്കേണ്ടത്.
ഹിറ്റ്ലർ ചരിത്രത്തിലെ വിശുദ്ധ പശുവായിക്കഴിഞ്ഞു. അയാൾ ഇപ്പോൾ ഒരു അലങ്കാരവസ്തുവാണ്. ഹിറ്റ്ലർ ഇനി ആരെയും ആക്രമിക്കില്ല. ഹിറ്റ്ലർക്ക് ഇപ്പോൾ പടയാളികളില്ല. അതുകൊണ്ട് ഹിറ്റ്ലർ അനുസരണയുള്ള പശുവായി നമ്മുടെ തൊടികളിൽ മേഞ്ഞു നടക്കുന്നു. തന്‍റെ കുട്ടിക്കാലം യുദ്ധങ്ങളുടേതായിരുന്നുവെന്ന് കുന്ദേര ഓർക്കുന്നു. കുന്ദേരയുടെ കുടുംബത്തിലുണ്ടായിരുന്നവരെല്ലാം ഹിറ്റ്ലറുടെ ക്യാംപുകൾക്കുള്ളിലാണ് വധിക്കപ്പെട്ടത്. ആ കാലം ഇപ്പോഴില്ല. ഇനി ആ കാലം വരികയുമില്ല. അതുകൊണ്ട് കുന്ദേരയ്ക്ക് ആ യുദ്ധകാലത്തോടുള്ള മനോഭാവം മാറി. അദ്ദേഹം തന്‍റെ കുടുംബത്തിൽ, ഹിറ്റ്ലറുടെ ക്രൂരതകളാൽ കൊല്ലപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ച് ഇപ്പോൾ ഓർക്കുമ്പോൾ തീവ്രതയില്ല.
വ്യാജസന്ദേശങ്ങൾ
ലോകസംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതാണ് നമ്മുടെയെല്ലാം വ്യാജധാർമികതയെ സൃഷ്ടിക്കുന്നത്. മനുഷ്യർ ക്രൂരതയുമായി പൊരുത്തപ്പെടാൻ തുടങ്ങുകയാണ്. ഇന്നത്തെ സിനിമകളിൽ, ഏത് ഭാഷയിലുള്ളതായാലും, ക്രൂരത നിറഞ്ഞാടുകയാണ്. ശിരസ് ഛേദിക്കുന്നതും ശരീരഭാഗങ്ങൾ മുറിച്ചുമാറ്റുന്നതും സാധാരണ ദൃശ്യങ്ങളാണ്. പുതിയ കാലത്തിന്‍റെ വ്യാജസന്ദേശമാണിത്.നമ്മുടെ മുന്നിൽ, പതിറ്റാണ്ടുകൾക്ക് മുൻപ് പോരാടിയ മനുഷ്യർ ഇല്ലാത്തതുകൊണ്ട് അവരുടെ വേദനകളും അലങ്കാരവസ്തുക്കളാകുന്നു. ഒറ്റത്തവണ ജീവിക്കുന്ന നമുക്ക് കാലം വ്യാജധാർമികത നൽകുകയാണ്; അത് കാലത്തിന്‍റെ വിശുദ്ധിയായി വിലയിരുത്തപ്പെടുന്നു.
കഥാപാത്രങ്ങളും ജീവിക്കുക തന്നെയാണ്. അവർ കടലാസിൽ ജീവിക്കുന്നതുകൊണ്ട് ജീവിതമല്ലാതാകുന്നില്ല. ജീവിച്ചിരുന്ന എല്ലാവരും കടലാസിലാണിപ്പോഴുള്ളത്. ഷേക്സ്പിയറും മാക്ബത്തും ഇപ്പോൾ ഒരുപോലെ കടലാസിലാണുള്ളത്. അപ്പോൾ കടലാസിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യർ എങ്ങനെ അയാർഥമാകും ? കഥാപാത്രങ്ങൾ ഓർമയുടെ പേടകത്തിലാണുള്ളത്. കടലാസിൽ അവർ യഥാർഥജീവിതമാണ് പയറ്റുന്നത്. അതുകൊണ്ട് എന്താണ് അർഥമാക്കുന്നത് ? മനുഷ്യൻ ഒരേസമയം യാഥാർഥ്യവും സങ്കൽപ്പവുമാണ്; നേരും നുണയുമാണ്. ഫ്രഞ്ച് തത്വചിന്തകനായിരുന്ന ലാ മെറ്റ്ട്രി (1709-1751) പറഞ്ഞു: "മനുഷ്യൻ ഒരു യന്ത്രമാണ്. അതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ കിട്ടുക അസാധ്യമാണ്. ആ വിധത്തിലാണ് അത് സജ്ജീകരിച്ചിരിക്കുന്നത്. മാത്രമല്ല, അതിനെ നിർവചിക്കാനും കഴിയില്ല'.
ഡ്രോൺ മനുഷ്യനേക്കാൾ സ്വതന്ത്രം
മനുഷ്യൻ ഒരു അസംബന്ധമാവുന്നതിന്‍റെ യുക്തിയാണ് ലാ മെറ്റ്ട്രി പറയുന്നത്. അസംബന്ധമാകുന്നതിനും അതിന്‍റേതായ യുക്തിയുണ്ടെന്നാണ് അദ്ദേഹം സമർഥിക്കുന്നത്. മനുഷ്യൻ ഉപയോഗശൂന്യമായ അഭിനിവേശമാണെന്ന് ഇരുപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് തത്വചിന്തകനായ ഷാങ് പോൾ സാർത്ര് പറഞ്ഞത് ലാ മെറ്റ്‌ട്രിയുടെ വാദങ്ങളിൽ നിന്നു പ്രചോദനം നേടിക്കൊണ്ടാണ്. മനുഷ്യൻ തന്‍റെ മിഥ്യകളെ നിർമിക്കുന്നത് സവിശേഷമായ ആസക്തിയും യുക്തിയും ഉപയോഗിച്ചാണ്. ഉപഭോഗത്തിന്‍റെയും ആസക്തിയുടെയും വിദ്വേഷത്തിന്‍റെയും ഫലമായുണ്ടായ പുതിയ ശൂന്യതയാണ്, ഈ സർവതന്ത്ര സ്വാതന്ത്ര്യബോധത്തിന്‍റെ കാലത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ മാനുഷികമായ, മനുഷ്യനിർമിതമായ ശൂന്യതയെന്ന് വിളിക്കാം. മികച്ചതെന്നു നാം തെറ്റിദ്ധരിക്കുന്ന "സ്വാതന്ത്ര്യബോധ'ത്തെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വൈകാരികവസ്തുക്കളുടെ വലിച്ചെറിയലിലൂടെയാണ് സാക്ഷാത്കരിക്കുന്നത്. വലിച്ചെറിയൽ എന്നു പറഞ്ഞത് ഇതു സ്വാഭാവികമായ ഇടപെടൽ അല്ലാത്തതുകൊണ്ടാണ്. ഉള്ളിൽ വരണ്ടുപോയവർ പ്രതികരണം ഞെക്കിപ്പിഴിഞ്ഞ് വലിച്ചെറിയുകയാണ്. വലിച്ചെറിയപ്പെട്ടതിനു ഉടമസ്ഥരുണ്ടാവുകയില്ലല്ലോ.
യഥാർഥത്തിൽ, എല്ലാവരും സ്വാതന്ത്ര്യത്തെക്കുറിച്ച് കുഴച്ചുമറിച്ചു ചിന്തിക്കുന്നതുകൊണ്ട് സ്വാതന്ത്ര്യം വ്യക്തിയിൽ ഭയത്തോടെ ഉൾവലിഞ്ഞിരിക്കുകയാണ്. നമ്മൾ സ്വതന്ത്രരാണെന്ന് ചിന്തിക്കുന്നത് സമാധാനമാണ്. എന്നാൽ സ്വാതന്ത്ര്യം എന്തെന്ന് നമുക്ക് അറിയില്ല. നമ്മൾ അസംഖ്യം വഴികളിൽ അസ്വതന്ത്രരാവുകയും അതിനോടുള്ള അമർഷത്തിൽ നിന്ന് സാങ്കേതികമനുഷ്യരാവുകയുമാണ് ചെയ്യുന്നത്. ടെക്നോളജിയാണ് നമ്മുടെ സ്വാതന്ത്ര്യം വിധിക്കുന്നത്. ഏറ്റവും ഉയർന്ന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നവൻ കൂടുതൽ സ്വതന്ത്രൻ എന്ന നിലയുണ്ടാവുന്നു. സ്വകാര്യ ബസിലോ ടൂവീലറിലോ സഞ്ചരിച്ചു ഒരുകാര്യം നിറവേറ്റുന്നവനേക്കാൾ, ഡ്രോൺ ഉപയോഗിക്കുന്നവൻ കൂടുതൽ സ്വതന്ത്രനാണ്. അത്രയേയുള്ളു സ്വാതന്ത്ര്യം. ഡ്രോണിനാണ് സ്വാതന്ത്ര്യം, മനുഷ്യനല്ല. ഡ്രോൺ നിയമാനുസൃതമായേ പറത്താനാവൂ എന്ന നിലയിൽ പോലും അതു കൂടുതൽ സ്വതന്ത്രമാണ്.
സ്വന്തം ഗാനമോ അഭിനയമോ ചിത്രീകരിച്ചു സ്വയം എഡിറ്റു ചെയ്തു യൂട്യൂബിൽ ഇടുന്നവന്, ഇതൊന്നുമറിയാത്ത സാധാരണ ഫോൺ ഉപയോക്താവിനേക്കാൾ സ്വാതന്ത്ര്യമുണ്ട്. ഗൂഗിൾ, മെറ്റ, ചാറ്റ്ജിപിടി ആപ്പുകളിൽ കൃത്രിമബുദ്ധിയാണല്ലോ പ്രവർത്തിക്കുന്നത്. ഒരാളോട് നേരിട്ട് സംസാരിക്കാനാവില്ല. ഉപദേശിക്കുന്നതും ശിക്ഷിക്കുന്നതുമെല്ലാം യന്ത്രങ്ങളാണ്. കണ്ണില്ലാത്ത ബുദ്ധികേന്ദ്രങ്ങൾ അദൃശ്യതയിൽ നിന്ന് നമ്മെ അഭിസംബോധന ചെയ്യുകയാണ്. ഉപയോക്താവ് ഉത്തരങ്ങൾ നൽകിക്കൊണ്ടിരിക്കണം. ഒരു മനുഷ്യവ്യക്തിയോട് സംസാരിക്കാൻ ഉൽക്കടമായ ആഗ്രഹമുണ്ടാവാം; എന്നാൽ ഈ ഭൂമിയിലെ ഭീകരമായ വിജനതയാണ് നമ്മെ അഭിമുഖീകരിക്കുന്നത്. സെർച്ച് എൻജിനുകൾ മുതൽ ഓൺലൈൻ ഇടപാടുകൾ വരെ ഒരു വ്യക്തിയുമായും സംവദിക്കേണ്ടതില്ല; അതിനെല്ലാം കൃത്രിമബുദ്ധിയുടെ യന്ത്രങ്ങളുണ്ട്.
ശൂന്യതയുടെ ഉത്പാദകർ
മനുഷ്യനോടുള്ള പ്രേമം നമ്മളിൽ ഉദിച്ചസ്തമിക്കാനാണ് വിധി. കണ്ണില്ലാത്ത ഒരു ലോകത്ത് ചെല്ലുമ്പോഴുള്ള അമ്പരപ്പും നിശൂന്യതയും മുരടിപ്പുമാണ് നമ്മെ ബാധിക്കുന്നത്. ഈ നിശൂന്യതയും നിശബ്ദതയും സംവാദരാഹിത്യവും മനുഷ്യശരീരത്തിന്‍റെ അഭാവവും മനസുകളെ വിചിത്രമായ ഒരു ശൂന്യതയുടെ ഉത്പാദകരാക്കുന്നു. മാനവികമായ ശൂന്യതയാണത്. മനുഷ്യൻ തന്നെ മനുഷ്യനെ കുത്തിനിറച്ചുവച്ചിരിക്കുന്ന ശൂന്യത. ഈ ശൂന്യത ഒരാളെ തൊട്ടടുത്ത വ്യക്തിയിൽ നിന്നു പോലും അകറ്റിക്കളയുന്നു. യാതൊന്നിനോടുമുള്ള വൈകാരികബന്ധം ആവശ്യമില്ലാത്ത വെറും ശരീരസാന്നിധ്യങ്ങളായി നാം മാറുന്നു.
വികാരങ്ങൾക്കോ, ചിന്തകൾക്കോ, ആശയങ്ങൾക്കോ ഇടമില്ലാത്ത ശരീരങ്ങൾ എന്ന നിലയിലുള്ള മനുഷ്യന്‍റെ നിലനിൽപ്പ് സൃഷ്ടിക്കുന്ന ഈ പുതിയ ശൂന്യത പക്ഷേ, ഹൈടെക്കാണ്. ഇന്ന് ഒരുവന്‍റെ ലോകം വ്യക്തിപരമായ പ്രപഞ്ചമാണെന്നു അമെരിക്കൻ നോവലിസ്റ്റ് ഡോൺ ഡെലിലോ പറഞ്ഞത് ഈ സന്ദർഭത്തിൽ ശ്രദ്ധിക്കേണ്ടതാണ്. ഈ കാലത്തെ മനുഷ്യരുമായി വൈകാരികബന്ധം ഇല്ലാതെ തന്നെ "ഒന്നാന്തരം'സാംസ്കാരിക ജീവികളാകാൻ രാഷ്ട്രങ്ങളും സ്ഥാപനങ്ങളും നമ്മെ പ്രോത്സാഹിപ്പിക്കുകയാണ്.
സ്നേഹസന്ദേശങ്ങൾ
സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളും ചർച്ചകളും ആളുകളെ കൂടുതൽ അടുപ്പിക്കാനാണെന്ന് തോന്നുമെങ്കിലും, അതിലൂടെ മാനസികമായ അകലം കൂടുകയാണ് ചെയ്യുന്നത്. മറ്റൊരാളുടെ സ്വകാര്യതകളും ജീവിതത്തിലെ സംഭവങ്ങളും വാർത്തകൾ എന്ന പോലെ ഇത്തരം മാധ്യമങ്ങളിൽ നിറയുന്നത് കാണികൾ, സഹപ്രവർത്തകർ, പങ്കാളികൾ എന്നീ നിലകളിൽ പലരെയും അസ്വസ്ഥരാക്കുകയോ അനാവശ്യമായ വിദ്വേഷത്തിലേക്ക് തള്ളുകയോ ചെയ്യുന്നുണ്ട്. സ്ഥിരമായി തന്‍റെ ജീവിതത്തിലെ വിവരങ്ങൾ നവമാധ്യമങ്ങളുടെ മെസഞ്ചർ, ചാറ്റ് സംവിധാനങ്ങൾ വഴി ഒരു സുഹൃത്തിനു അയച്ചുകൊടുക്കുന്നത് സാഹസമായിരിക്കും. ഇത്തരം സന്ദേശങ്ങൾ സ്വീകരിക്കുന്ന വ്യക്തിയിൽ വിമുഖത, അകൽച്ച, വെറുപ്പ് തുടങ്ങിയ വികാരങ്ങളാവും ഉണ്ടാവുക. ക്രമേണ, കൈപ്പറ്റുന്ന സന്ദേശങ്ങളോടു പ്രതികരിക്കാതാവുന്നു. പിന്നീട് അതു തുറന്നു നോക്കാതെയിരുന്നു നീരസം പ്രകടിപ്പിക്കും. തുടർന്നും സന്ദേശം കിട്ടുകയാണെങ്കിൽ അയാൾ വെറുപ്പ് പരസ്യമാക്കും. ഏറ്റവും അടുത്ത സുഹൃത്തുക്കൾപോലും അമിതമായ സ്നേഹസന്ദേശങ്ങൾ കാരണം അകലുന്നു എന്നാണ് ഇതു കാണിക്കുന്നത്. ഇതു മാനുഷികമായ ശൂന്യതയുടെ പ്രത്യക്ഷ ഉദാഹരണമാണ്. ഇതിന്‍റെ ഫലമായി മനുഷ്യൻ അവന്‍റെ സകലസിദ്ധികളും തന്നിൽതന്നെ അടുക്കിവച്ച് കൃത്രിമതൃപ്തി നേടുന്നു എന്നാണ് ഇതിൽ നിന്നു മനസിലാക്കേണ്ടത്. ഒരിക്കൽ മാത്രം ജീവിക്കുന്ന നമുക്ക് അതിന്‍റെ അദ്ഭുതവും ആനന്ദവും ജിജ്ഞാസയും അനുഭവിക്കാനാകുന്നുണ്ടോ ?സിദ്ധികൾ വിദ്വേഷത്താൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഇടുങ്ങിയ ഒരു സാങ്കേതിക കുഴലിലേക്ക് ലോകം ചുരുങ്ങുകയാണെന്ന് ഡെലീലെ പറയുന്നത് ഇതുകൊണ്ടാണ്.
വൈറലാകുന്നതോ കൂടുതൽ ലൈക്കുകൾ കിട്ടുന്നതോ മാത്രമാണ് പലരും ശ്രദ്ധിക്കുന്നത്. ചുറ്റിനുമുള്ള ലോകത്തോട് നിർവികാരത പുലർത്തുന്നതിന്‍റെ പ്രകടരൂപം ഇങ്ങനെയായിരിക്കും. വൈകാരികക്ഷമത കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ഇതു ദൈവരഹിതമായ ഒരാത്മീയതയായി രൂപം കൊള്ളുകയാണ്. ആരാധനാലയങ്ങളിൽ പോകുന്നതും മതത്തിൽ വിശ്വസിക്കുന്നതും വ്യവസ്ഥാപിതമായ ആത്മീയതയാണെങ്കിൽ വ്യക്തിഗതമായ ആത്മീയതയാണ് ഇന്നത്തേത്. അവർ തങ്ങളുടെ യുക്തി ഉപയോഗിച്ചാണ് ആത്മീയതയെ അറിയാൻ ശ്രമിക്കുന്നത്. യുക്തിയിൽ, അതിന്‍റെ അതിരുകളിൽ കൃത്യമായി വിശ്വസിക്കുകയാണ്. എന്നാൽ യുക്തിയും ഒരു കാര്യകാരണ സംവിധാനമാണ്. ഒരു വിമാനം ആകാശത്തിൽ പറക്കുന്നത് യുക്തിയുടെയും ശാസ്ത്രത്തിന്‍റെയും വിജയമാണ്. അത് ആകാശത്തിൽ തകരാറിലാകുന്നത് ശാസ്ത്രത്തിന്‍റെ അപ്പുറമുള്ള മറ്റൊരു മേഖലയാണ്. അവിടേക്ക് ശാസ്ത്രം എത്തുന്നില്ല. ശാസ്ത്രത്തിന്‍റെ പരിധിക്ക് അപ്പുറത്തു നിന്നു മനുഷ്യന്‍റേതല്ലാത്ത മറ്റൊരു ലോകം ആരംഭിക്കുന്നു. അതിനെ വ്യക്തിപരമായി പൂരിപ്പിക്കുന്നവരാണ് ഇന്നത്തെ ദൈവരഹിതമായ ആത്മീയതയുടെ പിന്നിൽ അണിനിരക്കുന്നത്.
രജതരേഖകൾ
1. മാധവിക്കുട്ടി
ഒരു പട്ടി പ്രണയം തരാമെന്ന് പറഞ്ഞാൽ താൻ അതിന്‍റെ കൂടെ പോകുമെന്നു പറഞ്ഞ സാഹിത്യകാരി മാധവിക്കുട്ടി മനുഷ്യത്വത്തിന്‍റെയും സ്നേഹത്തിന്‍റെയും വിലയറിഞ്ഞ സ്ത്രീയായിരുന്നു. അവർ ഓരോ നിമിഷവും സ്ത്രീത്വത്തെ അറിഞ്ഞു. പ്രണയമുണ്ടെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി അവർ എഴുതിയിട്ടില്ല.
2. കടമ്മനിട്ട രാമകൃഷ്ണൻ
മദ്യപിച്ച് നടന്ന കാലത്തെക്കുറിച്ച് കടമ്മനിട്ട കുമ്പസാരിക്കുന്നത് ഇങ്ങനെയാണ്:"ബീഡി വലിച്ച് നടന്ന്, ബീഡി വലിക്കുന്നത് ഹാനികരമാണെന്ന് ബോധ്യമായപ്പോൾ അതുപേക്ഷിച്ചു. മദ്യപിക്കുമായിരുന്നു. ഭീകരമായി മദ്യപിക്കുമായിരുന്നു. അത് ശരിയല്ല എന്ന് തോന്നിയപ്പോൾ അത് ഉപേക്ഷിച്ചു. അന്നത്തെ കാലം, അന്നത്തെ പ്രായം, അന്നത്തെ അവസ്ഥ.'(പ്രശാന്ത് ചിറക്കരയുടെ "പത്ത് വർത്തമാനങ്ങൾ' എന്ന പുസ്തകത്തിൽ നിന്ന്).
3. കെ. കരുണാകരൻ
പി.എ. ബക്കറിന്‍റെ "കബനീനദി ചുവന്നപ്പോൾ' എന്ന സിനിമയ്ക്ക് അവാർഡ് കൊടുക്കാൻ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയസമിതി തീരുമാനിക്കുന്നു. അന്ന് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. അവാർഡ് പ്രഖ്യാപിക്കുന്നതിനു മുമ്പ് കമ്മിറ്റിക്കാർ നക്സലൈറ്റ് ആശയങ്ങളുള്ള ഈ ചിത്രത്തിനാണ് നല്ല സിനിമയ്ക്കുള്ള അവാർഡെന്നും ഇത് കൊടുക്കുന്നതിൽ അനൗചിത്യമുണ്ടോ എന്നും കരുണാകരനോട് ചോദിച്ചു. അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: "നിങ്ങൾ സിനിമ കണ്ടോ. പടം നല്ലതാണെങ്കിൽ അതിനു തന്നെ അവാർഡ് കൊടുക്കണം. ഇതിൽ വേറെ രാഷ്ട്രീയമൊന്നും വേണ്ട.' ഇതാണ് കരുണാകരന്‍റെ ഉന്നതമായ രാഷ്ട്രീയവും ജനാധിപത്യചിന്തയും.
4. എസ്. രമേശൻ നായർ
കവി എസ്. രമേശൻ നായരെ സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലംമാറ്റിയ മുഖ്യമന്ത്രിയാണ് കെ. കരുണാകരൻ. പിൽക്കാലത്ത് തന്‍റെ കൃഷ്ണഭക്തിഗാനങ്ങളുടെ കാസറ്റ് റിലീസ് ചെയ്യിക്കാൻ കരുണാകരനെ സമീപിച്ചപ്പോൾ അദ്ദേഹം അത് ചെയ്യാമെന്ന് സമ്മതിച്ചു. അപ്പോൾ രമേശൻ നായർ ചോദിച്ചു: അങ്ങേയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമേതാണ്, ശ്രീകൃഷ്ണനെക്കുറിച്ചുള്ളത് ? കരുണാകരൻ പറഞ്ഞു: താങ്കൾ എഴുതിയ 'ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ ഉരുകുന്നു കർപ്പൂരമായി, പലപല ജന്മങ്ങൾ നിന്‍റേ കളമുരളിയിൽ സംഗീതമായി' എന്ന ഗാനം'.
5. ജി. കുമാരപിള്ള
1991ൽ അങ്കണം അവാർഡ് ലഭിച്ചതിനെ തുടർന്ന് എനിക്ക് കൂത്താട്ടുകുളത്ത് സി.ജെ. സ്മാരക സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ ഉപഹാരം സമ്മാനിച്ച പ്രമുഖകവി ജി. കുമാരപിള്ള ഇങ്ങനെ പറഞ്ഞു: ഒരിക്കലും മൗലികത കൈവിടരുത്; സ്വതന്ത്രചിന്തയും.