വോട്ടെടുപ്പും വിമർശനവും

ഗുണത്തെ നിർണയിക്കാൻ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായമല്ല നോക്കേണ്ടത്.
Albert Camus

ആൽബേർ കമ്യു

file photo

Updated on

അക്ഷരജാലകം|എം. കെ. ഹരികുമാർ

കഴിഞ്ഞ വർഷത്തെ അല്ലെങ്കിൽ കഴിഞ്ഞ 25 വർഷത്തെ മികച്ച 25 കൃതികൾ കണ്ടെത്താൻ വോട്ടെടുപ്പ് നടത്തിയാൽ മതിയോ? അങ്ങനെ ചിന്തിക്കുന്നവരുണ്ട്. ചിലർ ഈ മാർഗം സ്വീകരിച്ച് കൃതികൾ തെരഞ്ഞെടുത്തതായി വായനക്കാരെ അറിയിക്കുകയും ചെയ്തിരുന്നു.

എങ്ങനെയാണ് ഇത് സാധ്യമാകുന്നത്? ഗുണത്തെ നിർണയിക്കാൻ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായമല്ല നോക്കേണ്ടത്. പാലിൽ വെള്ളം ചേർന്നിട്ടുണ്ടോ എന്നറിയാൻ അത് പരിശോധിക്കാനാകണം. അതിന് ശാസ്ത്രീയ മാർഗം ആവശ്യമാണ്. അത് വോട്ടിട്ട് തീരുമാനിക്കാനാവില്ല. പ്രതിനിധികളെ തെരഞ്ഞെടുക്കാൻ വോട്ടിനിട്ട് അഭിപ്രായം തേടാം.

എന്നാൽ, സ്വാമി വിവേകാനന്ദനാണോ വിജയ് മല്യയാണോ ജ്ഞാനി എന്നന്വേഷിക്കാൻ വോട്ടിനിടുന്നത് തെറ്റായ ജനാധിപത്യ അവബോധമാണ്. അതിൽ യുക്തിയില്ല. അത് ചെയ്യാവുന്നതല്ല. ജനാധിപത്യം ഒരു സാങ്കേതികതയാണ്. എല്ലാ ജനങ്ങളുടെയും മനസിലിരിപ്പു നോക്കിയല്ല അതു നിശ്ചയിക്കുന്നത്. പൊതു കാര്യങ്ങളിൽ അഭിപ്രായം പറയാവുന്ന ഇടങ്ങളിൽ മാത്രമേ ജനാധിപത്യമുള്ളൂ.

ഒരു ക്രിമിനൽ കേസിന്‍റെ വിധി അറിയാൻ, ജനാധിപത്യ രാജ്യമായതുകൊണ്ട്, വോട്ടിനിട്ടാൽ മതിയോ? ജനാധിപത്യം ഒരു സംവിധാനമായി ഉപരിഘടനയിൽ പ്രവർത്തിക്കുന്നു. എന്നാൽ ആന്തരികമായി ജനാധിപത്യത്തിനല്ല, ഗുണമേന്മയ്ക്കാണ് പ്രാധാന്യം. മെട്രൊ സ്റ്റേഷൻ പണിയാൻ മികച്ച എൻജിനീയർ ആരാണെന്നറിയുന്നത് ഉദ്യോഗസ്ഥന്മാർക്കിടയിൽ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചല്ല; അവിടെ വ്യക്തിയുടെ ഗുണമാണു നോക്കുന്നത്. ഗുണം എങ്ങനെയാണു കണ്ടുപിടിക്കുന്നത്? അതിനു ഭൂതകാലം നോക്കണം. പരിചയം നോക്കണം. അറിവ് അളക്കണം. അപ്പോഴാണ് വിജയ് മല്യയുമായി യാതൊരു താരതമ്യവുമില്ലാത്ത ശുഭ്രനക്ഷത്രമാണ് സ്വാമി വിവേകാനന്ദനെന്നു തിരിച്ചറിയുന്നത്.

ഗുണം തമസ്കരിക്കപ്പെടുന്നു

എന്നാൽ, ജനാധിപത്യത്തിന്‍റെ തെറ്റായ വ്യാഖ്യാനത്തിലൂടെ അതിനെ ഒരു രോഗമായി കാണുന്നവർ ഗുണത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിച്ചിരിക്കുകയാണ്. ഗുണം നോക്കേണ്ട, തങ്ങളുടെ ഇഷ്ടം നടപ്പാക്കാൻ വേണ്ടി വോട്ടെടുപ്പ് എന്ന അടവ് പ്രയോഗിച്ചാൽ മതി എന്ന ചിന്തയിൽ എത്തിച്ചേർന്നിരിക്കുന്നു. ഗുണത്തെ ചർച്ചയാക്കുന്നില്ല. സാഹിത്യ കൃതിയുടെ മഹത്വം അതിന്‍റെ സാഹിതീയ മൂല്യത്തിലാണ്. കാളിദാസന്‍റെ "മേഘസന്ദേശം' ലോകത്തിൽ തന്നെ മികച്ച കാവ്യങ്ങളിലൊന്ന് എന്ന നിലയിൽ പരിഗണിക്കപ്പെടുന്നത് വോട്ടെടുപ്പിന്‍റെ ഭാഗമായല്ല. അത് വോട്ടിനിടാൻ കഴിയില്ല. കാരണം അത് സാഹിതീയ മൂല്യത്തിന്‍റെ കൃത്യമായ വിചാരങ്ങളിലൂടെ കാലത്തെ മറികടക്കുന്ന കൃതിയാണ്. കാലത്തിന്‍റെ പരീക്ഷണമാണ് സാഹിത്യത്തെ വിജയിപ്പിക്കുന്നത്. അതിന് ഭാഷ, സംസ്കാരം, ക്രാഫ്റ്റ്, ദീർഘവീക്ഷണം, കാലാതിവർത്തിയായ മൂല്യം തുടങ്ങി പല തലങ്ങളിലും മികവ് പുലർത്തേണ്ടതുണ്ട്. ഇതെല്ലാം പാലിച്ചിട്ടുണ്ടോ എന്ന് നോക്കുന്നത് ഈ രംഗത്ത് വിദഗ്ധരായ വിമർശകരാണ്. ഇതിന്‍റെ പിറവിക്ക് പിന്നാലെ ബൗദ്ധികവും സർഗാത്മകവുമായ ഉന്നത ദർശനം എന്താണെന്നറിയുന്ന ഒരാൾ പ്രായോഗികമായ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയില്ല.

"മേഘസന്ദേശ'മാണോ "ഗീതാഞ്ജലി'യാണോ മികച്ചതെന്ന് മനസിലാക്കാൻ ബാലറ്റ് പേപ്പർ പോരാ എന്നാണ് ഈ പറഞ്ഞതിന്‍റെ അർഥം. എന്നാൽ ഒരു മാസം മുമ്പ് ചിലർ കഴിഞ്ഞ 25 വർഷത്തെ പുസ്തകങ്ങൾ വോട്ടിനിട്ട് തെരഞ്ഞെടുത്തപ്പോൾ അവിടെ സാഹിത്യ കൃതിയുടെ വിശേഷപ്പെട്ട അന്തഃസത്തയെ കൊല്ലുകയാണ് ചെയ്തത്. ആനന്ദിന്‍റെ കൃതി പോലും ആ ലിസ്റ്റിൽ കടന്നു വന്നില്ല. ഇന്നലെ പ്രസിദ്ധീകരിച്ചതും പ്രസാധകർ ഉന്തിത്തള്ളി "മുൻനിര'യിൽ എത്തിച്ചതുമായ പൊള്ളയായ കൃതികളാണ് ആ ലിസ്റ്റിൽ ഇടം പിടിച്ചത്. ഇത് കലയെ ജനാധിപത്യപരമായി വിലയിരുത്തുന്നതിന്‍റെ അപകടമാണ്. കഴിഞ്ഞ 25 വർഷത്തെ കൃതികൾ തെരഞ്ഞെടുക്കാൻ രാഷ്‌ട്രീയ അടിമത്തമില്ലാത്ത, സ്വതന്ത്രരായ എഴുത്തുകാരെയും വായനക്കാരെയും കണ്ടെത്തുകയായിരുന്നു വേണ്ടിയിരുന്നത്.

ആരോടും ശത്രുത പുലർത്താത്തവർ ഇന്നും മലയാള സാഹിത്യത്തിലുണ്ട്. അവർ പക്ഷേ പൊതുവേദിയിൽ എത്തുന്നുണ്ടാകില്ല. രാഷ്‌ട്രീയപക്ഷവും വിധേയത്വവും ഇല്ലാത്തതു കൊണ്ട് അവരെ ക്ലിക്കുകളിൽ കാണില്ല. അതുകൊണ്ടുതന്നെ സാഹിത്യോത്സവങ്ങളിലോ വലിയ സമ്മേളനങ്ങളിലോ അവരെ കാണുന്നുണ്ടാവില്ല. അവരെ പൊതുവേദിയിൽ കാണാത്തതു കൊണ്ട് അവർ ജീവിച്ചിരിക്കുന്നില്ല എന്ന് വിധിയെഴുതുന്ന അഭിനവ പത്രപ്രവർത്തന രീതി തെറ്റാണ്.

സാഹിത്യവും രാഷ്‌ട്രീയ പക്ഷപാതവും

ജേണലിസത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. അരികുകളിലേക്ക് ഒതുങ്ങിപ്പോവുന്നവരെ ഉൾക്കൊള്ളേണ്ടതുണ്ട്. പൂർവ കാലഘട്ടത്തിലെ ആ മൂല്യങ്ങളെല്ലാം അതേപടി പിന്തുടരുന്നവരെയല്ല, ആധുനികമായ അവബോധം നേടിയവരെയാണ് സമീപിക്കേണ്ടത്. അരികുകളിൽ ഒതുങ്ങിപ്പോയവരെ, മറ്റു കാരണങ്ങൾ കൊണ്ട് അപ്രസക്തമായവരെ ജനശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്.

ജേണലിസം അതിനുള്ളതാണ്. വിജയിച്ചവരെ പിന്നെയും പിന്നെയും വിജയിപ്പിക്കാൻ ഒത്താശ ചെയ്യുന്നതല്ല ജേണലിസം. അറിയപ്പെടാത്തവരെ, യഥാർഥ പ്രതിഭകളെ കണ്ടുപിടിക്കാൻ ജേണലിസത്തിൽ നിഷ്പക്ഷമായ, വളരെ ഉയർന്ന കാഴ്ചപ്പാടുണ്ടാവണം. രാഷ്‌ട്രീയ പക്ഷപാതമാണ് ഇന്നത്തെ മലയാള സാഹിത്യത്തെ ഭരിക്കുന്നത്. ചിലർ അടുത്ത ഗവൺമെന്‍റിനെ ആരു നയിക്കുമെന്നതിന്‍റെ അടിസ്ഥാനത്തിൽ പുതിയ കൂട്ടുകെട്ടുണ്ടാക്കുകയും ആ നേതാക്കളുടെ കൈയിൽ പുസ്തകം കൊടുത്ത് ഫോട്ടൊയെടുത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുമാണ്.

എഴുത്തിന്‍റെ ആദർശവും മാനവും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരു പുസ്തകം എഴുതിയ ശേഷം അത് ചില നേതാക്കളുടെ വീടുകളിൽ കൊണ്ടുപോയി കൊടുത്തു ഫോട്ടൊയെടുത്ത് ഫെയ്സ്ബുക്കിൽ ഇടുന്നതിൽ ഇന്നു മുതിർന്ന എഴുത്തുകാരും പിന്നിലല്ല. നിങ്ങളുടെ പുസ്തകം ഉന്നയിക്കുന്ന ആശയം, ജീവിത വീക്ഷണം, സമരം തുടങ്ങിയവയുമായി ചേർന്നു പോകുന്ന ഒരാൾക്കാണ് നിങ്ങൾ പുസ്തകം സമ്മാനിക്കേണ്ടത്. നിങ്ങൾ എഴുതിയ പുസ്തകത്തിൽ ഒരാശയവുമില്ലെങ്കിൽ നിങ്ങൾക്ക് എന്തു വേണമെങ്കിലും ചെയ്യാം. നിങ്ങൾ എന്താണോ പറയാൻ ശ്രമിച്ചത് അതിനെ കേൾക്കുന്ന ഒരാൾക്കായിരിക്കണം കൊടുക്കേണ്ടത്. നിങ്ങൾ എഴുതിയ പുസ്തകങ്ങൾ സമ്മാനിക്കുന്നതിന്‍റെ വലിയ അർഥമാണത്. അത് വായിക്കുന്നവർക്കുള്ളതാണ്. അതിനു പകരം നിങ്ങൾക്ക് പ്രശസ്തി കിട്ടാൻ വേണ്ടി സംഘടനകളുടെ നേതാക്കൾക്ക് പുസ്തകം കൊടുക്കുമ്പോൾ നിങ്ങൾ സ്വയം വഞ്ചിക്കുകയാണ്. നിങ്ങൾ എഴുതിയ ആശയങ്ങളെയും വഞ്ചിക്കുകയാണ്.

എഴുത്തുകാരൻ ചിതറിയ സാമൂഹിക ഘടനയിൽ നിന്ന്, അവ്യക്തമായ മനുഷ്യബന്ധങ്ങളിൽ നിന്ന്, അറിയത്തക്കതല്ലാത്ത മാനസികാവസ്ഥകളിൽ നിന്ന് ഒരു ക്രമമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ആ ക്രമം പൂർണമായും യുക്തിയിൽ നിബന്ധിച്ചതാകണമെന്നില്ല. എന്തെന്നാൽ ചുറ്റും കാണുന്ന സാമൂഹ്യ ചലനങ്ങളിൽ അവ്യക്തമാക്കപ്പെട്ടിരിക്കുന്ന പലതുമുണ്ട്. അറിയാനാണ് എഴുതുന്നത്; എല്ലാം അറിഞ്ഞതുകൊണ്ടല്ല. ആ നിലയ്ക്ക്, നിങ്ങൾ എഴുതിയതിൽ ജീവിതത്തെ സ്പർശിക്കുന്ന ഏതെങ്കിലും അനുഭവത്തിന്‍റെ അർത്ഥമറിയാനുള്ള ശ്രമമുണ്ടെങ്കിൽ അത് ഒരു കടങ്കഥ അവശേഷിപ്പിക്കുന്നുണ്ട്. നിങ്ങൾ ആ പുസ്തകം അഭിരുചിയോ താല്പര്യമോ ഇല്ലാത്ത ഒരാൾക്ക് കേവലം ഒരു ഫോട്ടൊയ്ക്ക് വേണ്ടി സമർപ്പിക്കുമ്പോൾ നിങ്ങളുടെ എഴുത്തുജീവിതമാണ് താഴെ വീണുടയുന്നത്.

സാഹിത്യവിമർശനം സഹൃദയത്വത്തിൽ

സാഹിത്യ വിമർശനത്തിന് അത്യാവശ്യമായിട്ടുള്ളത് സഹൃദയത്വമാണ്. എന്നാൽ സഹൃദയത്വം വിലയ്ക്ക് വാങ്ങാനാവില്ല. അത് സ്വയം അനുഭവിക്കേണ്ടതാണ്. മികച്ച കൃതികളെ സ്വയം വായിച്ചും പൂർവ്വകാല കൃതികളുടെ മികച്ച വായനാനുഭവം സ്വരൂപിച്ചുമാണ് ഒരു വിമർശകൻ തന്‍റെ ആസ്വാദന ശേഷിയെ കുറ്റമറ്റതാക്കേണ്ടത്. സഹൃയത്വമില്ലെങ്കിൽ വിമർശനമെഴുതുന്നത് അതിന്‍റെ ധാർമികതയ്ക്ക് എതിരാണ്. ആസ്വാദനത്തിൽ നിന്നാണ് ഒരാൾ വിമർശകനാകുന്നത്. വിമർശകനിൽ ഒരു തിരുത്തൽ ശക്തി പ്രവർത്തിക്കുന്നു. അത് നിലവിലിരിക്കുന്ന ആസ്വാദന ബോധത്തിന്‍റെ ധാർമികതയ്ക്കെതിരേ പ്രവർത്തിക്കാനുള്ളതാണ്. ആസ്വാദനത്തിൽ നിന്നാണ് ഒരാൾ വിമർശകനാവുന്നത്.

വിമർശകനിൽ ഒരു തിരുത്തൽ ശക്തി പ്രവർത്തിക്കുന്നു. അത് നിലവിലിരിക്കുന്ന ആസ്വാദന ബോധത്തിന്‍റെ ജീർണതയ്ക്കെതിരേ പ്രവർത്തിക്കുന്ന ജന്മവാസനയാണ്. അങ്ങനെയാണ് വിമർശകൻ ഉണ്ടാവുന്നത്. കുറേ വിശിഷ്ടമായ സാഹിത്യകൃതികൾ ഉള്ളതുകൊണ്ടല്ല വിമർശനം ഉണ്ടാകുന്നത്. വിമർശകനായിത്തീരുന്നതിന്‍റെ ആവശ്യകതയിലാണ് വിമർശനമുള്ളത്. ദുഷിച്ച് ഉപയോഗശൂന്യവും ആവർത്തന ബഹുലവുമായ ആഖ്യാനങ്ങൾക്കെതിരെ സത്യസന്ധതയുടെ ബലത്തിൽ മാത്രമാണ് വിമർശകൻ പോരാടുന്നത്. ഒരു പുതിയ ബോധ്യം അല്ലെങ്കിൽ മൂല്യം, സാഹിത്യാനുഭവം അവതരിപ്പിക്കുകയാണ് വിമർശകന്‍റെ ലക്ഷ്യം.

ചീത്തയെ ചീത്ത എന്നു വിളിക്കണം

പൂർവകാല സാഹിത്യകൃതികൾ പഠിച്ചുകൊണ്ടിരിക്കുന്നതല്ല ലഹരി; അതിനെ വ്യത്യസ്തമായി വായിക്കുകയും അനുഭവിക്കുകയും ചെയ്യുന്നതിലാണ്. വിമർശകൻ ഈ പ്രക്രിയയിൽ സ്വയം വായിക്കുകയാണ്. സ്വന്തം ആത്മാവിനെ വായിക്കുകയാണ്. അതല്ലാതെ വേറൊരു വായനയില്ല. തന്നെ മൂടിയ ചിന്തകളുടെയും സമരങ്ങളുടെയും സമസ്യങ്ങളുടെയും തലത്തിലാണ് അയാളുടെ സാഹിത്യജീവിതം പ്രസരിക്കുന്നത്. അയാൾ വായിക്കുകയും ചിന്തിക്കുകയും പരിവർത്തനപ്പെടുകയും ചെയ്യുകയാണ്.

ജീവിതത്തെ മുന്നോട്ടുള്ള ഒരു യാത്രയായി അയാൾ വീക്ഷിക്കുന്നു. ചീത്ത അഭിരുചിയിൽ നിന്ന് ആത്മീയവും ഉന്നതവുമായ സഹൃദയത്വത്തിലേക്കുള്ള യാത്രയാണത്. ചീത്തയെ ചീത്ത എന്ന് വിളിച്ചു വിമർശിക്കേണ്ടത് സാഹിത്യത്തോടും വായനക്കാരോടുമുള്ള കടമയാണ്. ചീഞ്ഞ സാഹിത്യസംസ്കാരത്തെ തോൽപ്പിച്ചുകൊണ്ട് മാത്രമേ പുതിയതിനെ പരിചയപ്പെടുത്താനാവുകയുള്ളൂ. ഗതാനുഗതികത്വം ശാപമാണ്. എല്ലാകാലത്തും അധ്വാനിക്കാത്ത, കാര്യക്ഷമതയില്ലാത്ത, അലസരായ, വിവേചനബുദ്ധിയില്ലാത്ത, മറ്റുള്ളവർ പറഞ്ഞുതരുന്ന യാഥാർഥ്യത്തെ അതേപടി നോക്കി കാണുന്ന എഴുത്തുകാരുണ്ട്.

അവർ അനാകർഷകവും പലവട്ടം പറഞ്ഞതുമായ പ്രമേയങ്ങളെ ആഴം കുറഞ്ഞ മട്ടിൽ എഴുതിക്കൊണ്ടിരിക്കും. അവർ പുസ്തകങ്ങൾ തുടരെ എഴുതിക്കൊണ്ടിരിക്കും. അവർ ഒരു കാലഘട്ടത്തെ ദുഷിപ്പിക്കുകയാണ് ചെയ്യുന്നത്. പുതിയ തലമുറയുടെ വായനയെയും ചിന്തയെയും അവർ തെറ്റായി സ്വാധീനിക്കുന്നു. പുതിയത് തിരിച്ചറിയാൻ സാധിക്കാത്ത വിധം അവർ പഴയ അഭിരുചിയുടെ ചപ്പുചവറുകൾ യുവമനസുകളിലേക്ക് ഒഴുക്കിവിടും. ഇതിനെതിരെ നിലകൊള്ളേണ്ടത് വിമർശകന്‍റെ ബാധ്യതയാണ്.

അക്കാദമിക് രംഗത്തുള്ളവർ

എന്നാൽ വിമർശകന്‍റെ ഈ യുദ്ധത്തിൽ അക്കാദമിക് രംഗത്തുള്ള വിമർശകരോ അധ്യാപകരോ പങ്കെടുക്കുന്നില്ല. അവരുടെ മാമൂൽ അനുസരിച്ചുള്ള പഠനങ്ങളും വിദ്യാർഥികളെ ഉദേശിച്ചുള്ള വിലയിരുത്തലുകളും സാഹിത്യരംഗത്ത് യാതൊരു മാറ്റവും സൃഷ്ടിക്കുന്നില്ല. അവർ പാടിപ്പതിഞ്ഞ അഭിരുചിയുള്ള കൃതികളെ നിലനിർത്തുകയോ പലതവണ വായിച്ച കാര്യങ്ങളെ ആവർത്തിക്കുകയോ ആണ് ചെയ്യുന്നത്. കാരണം അവർക്ക് യാതൊരു മാറ്റവും പ്രശ്നമല്ല. അവർ ഒരു മാറ്റത്തിനു വേണ്ടി എഴുതുന്നില്ല. അവർക്ക് അതിന്‍റെ ആവശ്യമില്ല.

അവർ ഭവഭൂതി ഒരു പഠനം, തകഴി ഒരു അന്വേഷണം, കുട്ടനാടിന്‍റെ സാഹിത്യ പശ്ചാത്തലം തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുത്തു പരമാവധി വിവരങ്ങൾ ശേഖരിച്ച് നേരത്തെ തന്നെ സൃഷ്ടിക്കപ്പെട്ട അഭിരുചി ഒന്നു കൂടി സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. അവർ ഒരു ഏജന്‍റിനെ പോലെയാണ് പെരുമാറുന്നത്. അവർക്ക് യഥാർഥമായ സാഹിത്യാഭിരുചിയുടെ രോമാഞ്ചമില്ല.

അവർ കൃതികളിലൂടെ സഞ്ചരിച്ച് പുതിയ അർഥം കണ്ടെത്താൻ താല്പര്യപ്പെടുന്നില്ല. അവർക്ക് പൂർവകാലത്തെ പണ്ഡിതന്മാർ എഴുതിയത് വീണ്ടും എഴുതിക്കൊണ്ടിരുന്നാൽ മതി. അതുകൊണ്ട് അക്കാദമിക് രംഗത്തുള്ള വിമർശകരും യഥാർഥ വിമർശന കലാകാരനും തമ്മിൽ വലിയ വ്യത്യാസമുണ്ട്. യഥാർഥ വിമർശനകലാകാരൻ തന്‍റെ അഭിരുചിയുടെയും വർധിച്ച താല്പര്യത്തിന്‍റെയും പ്രലോഭനത്തിലാണ് എഴുതുന്നത്. അത് വിമർശകന് വിധിയും അനുഭവവുമാണ്. എതിരിടലും ആക്രമണവും ജ്ഞാനസമ്പാദനവും ഒരുമിച്ച് പ്രവർത്തിക്കുകയാണ്. പ്രസക്തി നഷ്ടപ്പെട്ട ഭാഷയെ, അർത്ഥത്തെ, ചിന്തയെ എതിർക്കാത്തയാളെ വിമർശകനായി പരിഗണിക്കരുത്.

രജതരേഖകൾ

1) കവിത

പവിത്രൻ തീക്കുനി എഴുതിയ "അന്ന' (പ്രഭാതരശ്മി, ഫെബ്രുവരി) വ്യക്തിഗതമായ അനുഭവത്തിൽ നിന്ന് ഊറി വന്ന വാഗ്മയങ്ങളുടെ സമുച്ചയമാണ്. കവി സമൂഹത്തിന്‍റെ ബഹളങ്ങളിൽ നിന്ന് തന്‍റെ കവിതയെ വേർപെടുത്തിയെടുക്കുന്നു, ഗാഢമായ ഓർമകളിലൂടെ, ഉപ്പിന്‍റെ സ്വാദുള്ള ചിന്തകളിലൂടെ.

"ഉറക്കം

ഒരാൾ മാത്രമുള്ള

ഒരു രാജ്യമാവാം

മരണവും!

ആ രാജ്യത്തിന്‍റെ

സുരക്ഷ

അരൂപികളായ

കിനാവുകളിലായിരിക്കാം.

....

അവളിലെ മൗനങ്ങൾക്ക്

ചിറകുകൾ വഴികൾ ഒരുക്കുന്നു

പ്രണയത്തിന്‍റെ

ഗർഭത്തിൽ

മരിച്ച കുട്ടികളേ മാപ്പ്

കണ്ടുമുട്ടുമ്പോൾ

ഒരാൾ മരിക്കുന്ന

അദ്ഭുതമേ'.

വാക്കിന്‍റെ തീയിൽ കവി സ്വയം അന്വേഷിക്കുകയാണ്. തന്‍റെ ഉടലിൽ വീണ അറിവുകൾക്കായി തിരയുകയാണ്.

2) പി. സോമൻ

ക്രാന്തദർശികളായ ബുദ്ധിജീവികളുടെ സ്ഥാനത്ത് ഇന്ന് നിർമിത ബുദ്ധിയും അൽഗോരിതവും ഗൂഗിൾ മാപ്പും കടന്നു വന്നിരിക്കുകയാണെന്നും അതോടെ ബുദ്ധിജീവികൾക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും പി. സോമൻ "ബുദ്ധിജീവികളുടെ പതനം' (പ്രഭാതരശ്മി, ഫെബ്രുവരി) എന്ന ലേഖനത്തിൽ എഴുതിയിരിക്കുന്നതിനോട് യോജിക്കുന്നില്ല. അൽഗോരിതവും ഡേറ്റയും മെറ്റാ എഐയും ഈ ലോകം ഭരിക്കുന്നു. അതിനുമപ്പുറമുള്ള ഒരു ലോകമാണ് വരാൻ പോകുന്നത്. അതുകൊണ്ട് എങ്ങനെയാണ് ബുദ്ധിജീവികൾക്ക് പ്രസക്തിയില്ലാതാവുന്നത്?

ആശയങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നവർക്ക് വിമർശിക്കാനും കഴിയും. മനുഷ്യൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവൻ സ്വന്തം ബുദ്ധി ഉപയോഗിച്ച് അനീതിയെ എതിർക്കുകയാണ് വേണ്ടത്. മനുഷ്യൻ നിഷ്ക്രിയനാവുകയും അവൻ വെറും ഉദ്യോഗം നോക്കിയാവുകയും ചെയ്യുന്നതാണ് വിനയായത്. ഒരു വ്യക്തിയാവുകയും അതിന്‍റെ വൈകാരികക്ഷമതയിൽ പരമാവധി ജീവിക്കുകയുമാണ് ചെയ്യേണ്ടത്.

3) ടി.പി. രാജീവൻ

അന്തരിച്ച കവി ടി.പി. രാജീവൻ "ദി കുറുക്കൻ' എന്നൊരു കവിത എഴുതിയത് ഓർക്കുന്നു. ഈ കവിതയുടെ പേരിൽ അദ്ദേഹത്തിനെതിരെ ഔദ്യോഗികതലത്തിൽ വിമർശനമുണ്ടായി.

"തേഞ്ഞിപ്പലം അംശം

ദേശം സർവകലാശാല വളപ്പിൽ

101 കുറുക്കന്മാരിൽ

ചട്ടുകാലൻ ഓരിക്കുറുക്കനെ കാണാനില്ല.

അവസാനമായി കാണുമ്പോൾ

ഒരു യുജിസി പ്രൊഫസറുടേതായിരുന്നു വേഷം.

....

നന്നായി വായിക്കുമായിരുന്നു

അസാന്മാർഗിയോ

അരാജകവാദിയോ ആയിരുന്നില്ല.

എത്ര ഓരിയിട്ടാലും തളരില്ലായിരുന്നു.

സെൻട്രൽ ലൈബ്രറി പരിസരത്ത്

അലിഞ്ഞു തിരിയുന്ന പശുക്കൾ

അയവിറക്കി:

വേനലിൽ ഒലിപ്രത്തോ നീരോൽപ്പലത്തോ പോയി

ഒന്നോ രണ്ടോ വെള്ളരിക്ക വാങ്ങി തിന്നും

കർക്കിടകത്തിലെ

കറുത്ത വാവിന് കിട്ടിയാൽ

രണ്ടു കോഴിക്കുഞ്ഞുങ്ങളെയും

പൊരിച്ചു തിന്നും'.

തീക്ഷ്ണമായ പരിഹാസമായിരുന്നു രാജീവന്‍റെ കവിതയുടെ സത്ത. കവി ചിലപ്പോൾ വിമർശകനുമാണ്. സ്വാഭാവികമായും ഇതിനെ എതിർക്കുന്നവരുണ്ടായി. ഇതാണ് ബുദ്ധിജീവിയുടെ റോൾ. എപ്പോഴും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുക. ഒരാൾ കവിയായിരുന്നാൽ പോരാ, ജീവിക്കുകയും വേണം.

4) ലക്ഷ്മി തിയെറ്റർ

മൂവാറ്റുപുഴയിലെ "ലക്ഷ്മി' തിയെറ്ററിനെക്കുറിച്ച് ഗൃഹാതുരതയോടെ ഹൃദ്യമായി എഴുതിയ എം.കെ. ചന്ദ്രശേഖരന്‍റെ ലേഖനം "ഒരു കാലഘട്ടത്തിന്‍റെ ഓർമ്മയായി മാറിയ ലക്ഷ്മി' (കലാപൂർണ, ഫെബ്രുവരി) പഴയ കാലങ്ങളിലേക്ക് നയിച്ചു. "ചന്ദ്രലേഖ'യിലെ നായികയായ ടി.ആർ. രാജകുമാരിയെ വശീകരിക്കാൻ മൂവാറ്റുപുഴയിലെ ഒരു വ്യവസായി കോടമ്പാക്കത്ത് പോയി താമസിച്ച് നിരാശനായി മടങ്ങിവന്ന കഥ ചന്ദ്രശേഖരൻ വിവരിക്കുന്നുണ്ട്.

5) നാഗരികപ്പെണ്ണ്

സാജോ പനയംകോട് എഴുതിയ "രതിയുടെ ജംഗ്ഷനിൽ ഒരു പെൺകുട്ടി' (പ്രസാധകൻ, ഫെബ്രുവരി) എന്ന കവിത ആധുനിക മനുഷ്യന്‍റെ അലട്ടുകളെ ആവിഷ്കരിക്കുന്നു. നഗരത്തിൽ ഒരു പെണ്ണിനെ നിർവചിക്കുകയാണ് കവി. പരുക്കൻ ഭാഷയിലെഴുതിയ ഈ കവിതയ്ക്ക് പുതുമയുണ്ട്. കവിതയെ പാരമ്പര്യത്തിൽ നിന്നു പറിച്ചുമാറ്റുന്ന രചനയാണിത്.

"സൂര്യൻ നഗരത്തിലിടയ്ക്കിടെ മിന്നിമായും

ചെറു കഷ്ണങ്ങളായിരുട്ടിൽ രതി പതയും

തുണ്ട് വെട്ടം തല ചരിഞ്ഞു നോക്കവെ

കുനിഞ്ഞ് നിൽക്കുന്നവർ,

കുത്തിയിരിക്കുന്നവർ, കാലു കവച്ചവർ

എല്ലാമെഴുന്നേറ്റ് ഒന്നുമറിയാത്തവരാകും

മുദ്രാവാക്യം വിളിച്ചും ബേക്കറിയിൽ കേക്കിന്‍റെ

ജാതി നോക്കിയും ലോട്ടറിയെടുത്തും

ബാറിൽ കുടിച്ച് പേ പിടിച്ചും ബീഫ് തിന്നും

ബസിൽ നുഴഞ്ഞുകയറിയും

.....

സ്വർഗത്തിലെത്തിക്കാമെന്ന് തോളിൽ തട്ടി

സമാധാനിപ്പിച്ച് പല പല ആയുധങ്ങൾ

എടുക്കുന്ന ദൈവങ്ങളുമൊപ്പം.

ഈ പെണ്ണിനെ പെണ്ണ് എന്നാണ്

എല്ലാവരും വിളിച്ചതത്രേ.

അവൾ തന്‍റെ കൊടുംമരച്ചില്ലയിലെ

ഗുഹയിലെ നിറവെളിച്ചത്തിന്‍റെ ഹാളിൽ

കാടോളം വളർന്ന ഒരിലയാണെന്ന് ആരുമറിഞ്ഞില്ല.

ചായക്കടക്കാരൻ പോലും'.

6) ആൽബേർ കമ്യു

ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു "ദ് റിബൽ' എന്ന കൃതിയിൽ എഴുതി:

"നമ്മുടേത് ശരിക്കും കുറ്റകൃത്യങ്ങളുടെ കാലമാണ്. നമ്മുടെ കുറ്റവാളികൾ നിസഹായരായി സ്നേഹത്തിനു വേണ്ടി യാചിക്കുന്ന കുട്ടികളല്ല; മറിച്ച് അവർ മുതിർന്നവരാണ്. അവർക്ക് പൂർണമായും ഒഴിവുകഴിവുണ്ട്, തത്വചിന്തയുണ്ട്. അത് എന്തിനുവേണ്ടിയും ഉപയോഗിക്കാം. കൊലപാതകികളെ നീതിന്യായം പറയുന്നവരാക്കാനും അതിനു കഴിയും'.

7) പ്രേമം

പണ്ട് പ്രേമിക്കുന്നവർക്ക് വേഗം കുറവായിരുന്നു. അവർക്ക് വേഗം കൂട്ടാൻ ഉപകരണങ്ങളില്ലായിരുന്നു. ട്രങ്ക് കോൾ ബുക്ക് ചെയ്ത് ആര് പ്രേമിക്കാനാണ്! ഇൻലൻഡിൽ പ്രേമം എഴുതി അറിയിച്ചാലും മറുപടി കിട്ടാൻ വൈകും, എന്നാൽ ക്ഷമ നശിക്കില്ലയിരുന്നു. എന്നിട്ടും പ്രേമിച്ചു, ഒച്ചിഴയുന്നതു പോലെ. ഇപ്പോൾ പ്രേമത്തിന് ഇന്‍റർനെറ്റ് വേഗമാണ്. അതിവേഗത്തിൽ പ്രേമിച്ചാൽ ഒരു കുഴപ്പമുണ്ട്. അതിവേഗം അത് അവസാനിപ്പിക്കേണ്ടി വരും. കാരണം, ദഹിക്കാത്തത് ഛർദിക്കുന്നത് സ്വാഭാവികം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com