ദേശാടനക്കിളികൾ കരയാറുണ്ട്...
മരിച്ചു വീഴുന്ന ഫ്ളെമിംഗോ പക്ഷികളെ തേടി ഒരു യാത്രMetro Vaartha

ദേശാടനക്കിളികൾ കരയാറുണ്ട്...

മരിച്ചു വീഴുന്ന ഫ്ളെമിംഗോ പക്ഷികളെ തേടി ഒരു യാത്ര

ഹണി വി.ജി.

മേയ് മാസം തിളയ്ക്കുന്നു.

കത്തുന്ന വെയിൽ.

സീവുഡ്സിൽ നട്ടുച്ചയ്ക്ക് ട്രെയിനിറങ്ങിയപ്പോൾ തന്നെ ഒരു കുപ്പി തണുത്ത വെള്ളം വാങ്ങി കുടിച്ചു.

കൂട്ടുകാരൻ വണ്ടിയുമായി വരാം എന്ന് പറഞ്ഞപ്പോൾ കരുതിയത് കാറായിരിക്കും എന്നാണ്. കക്ഷി പഴയ ടൂവീലറിൽ ആക്സിലേറ്റർ കൂട്ടി ചിരിച്ച് കാത്തു നിൽക്കുന്നു. കാതിന് പുറകിലൂടെ വിയർപ്പു ചാലുകൾ. തിരിച്ചു പോയാലോ എന്നോർത്തു. പക്ഷേ, ഫ്ളെമിംഗോ പറവകൾ മരിച്ചു വീഴുന്നു എന്ന് കേട്ടപ്പോൾ കാരണം തിരക്കി പോവാതിരിക്കാനും തോന്നിയില്ല....

പിങ്ക് നിറമുള്ള പക്ഷികൾ

ദേശാടനക്കിളികൾ കരയാറുണ്ട്...
മരിച്ചു വീഴുന്ന ഫ്ളെമിംഗോ പക്ഷികളെ തേടി ഒരു യാത്രMetro Vaartha

സൂര്യൻ ഉച്ചസ്ഥായിയിൽ ജ്വലിക്കുന്നു. 40 ഡിഗ്രി ചൂട്. ചങ്ങാതി കൂസലില്ലാതെ മൂളിപ്പാട്ടും പാടി വണ്ടിയോടിക്കുകയാണ്. വഴിയരികിൽ നവി മുംബൈ ഫ്ളെമിംഗോ നഗരമാണെന്ന് വിളിച്ച് പറയുന്ന നിറയെ ബോർഡുകളും പ്രതിമകളും.

സീവുഡ്സിൽ നിന്ന് കൃതിമ തടാകവും പാർക്കും സ്ഥിതി ചെയ്യുന്ന ജ്വൽ ഓഫ് നവി മുംബൈയുടെ പരിസരത്തേക്ക്. അവിടെ കൃതിമ തടാകത്തിൽ രണ്ടായിരത്തോളം ഫ്ളെമിംഗോ പക്ഷികൾ. ഒരൽപ്പം ദൂരെയാണ്. തടാകത്തിന്‍റെ പത്തിലൊന്ന് ഭാഗം മാത്രം കൈയടക്കിയിരിക്കുന്ന പക്ഷികൾ.

ഇതാദ്യമായാണ് പാർക്കിന്‍റെ സമീപത്തുള്ള തടാകത്തിൽ പക്ഷികൾ വരുന്നതെന്ന് ചങ്ങാതി പറഞ്ഞു. പൊള്ളുന്ന ചൂടിൽ ഒരു പടമെടുക്കാൻ തോന്നിയില്ല.

ചങ്ങാതി വീണ്ടും വണ്ടി സ്റ്റാർട്ടാക്കി. സീറ്റ് ചുട്ട് പഴുത്തിരിക്കുന്നു. തൊണ്ട വരളുന്നു. പാം ബീച്ച് പാത കുറുകെ കടന്ന് ടി.എസ്. ചാണക്യ എന്ന ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ മുംബൈ ക്യാംപസിന്‍റെ പുറകിലുള്ള തടാകത്തിലെത്തി.

തടാകമാകെ പിങ്ക് മയം. ലക്ഷക്കണക്കിന് ഫ്ളെമിംഗോ പക്ഷികൾ അച്ചടക്കത്തോടെ ഭക്ഷണം കൊത്തി തിന്നുന്നു. ആൽഗെകളാണ് ഈ പക്ഷികളുടെ പ്രധാന ഭക്ഷണം. ഈ ആൽഗെകളാണ് ഫ്ളെമിംഗോ പറവകൾക്ക് പിങ്ക് നിറം സമ്മാനിക്കുന്നത്.

കലപില കൂട്ടി ലക്ഷക്കണക്കിന് പക്ഷികൾ ഇങ്ങനെ ഒരുമിച്ച് നിൽക്കുന്നത് ഇതാദ്യമായാണ് കാണുന്നത്. ഉച്ച വെയിലിൽ ഫോണിന്‍റെ സ്ക്രീൻ പോലും കാണാൻ കഴിയാത്ത അവസ്ഥയിൽ പായാരം പറഞ്ഞു നടന്നു നീങ്ങുന്ന രാജഹംസങ്ങളെ നോക്കിനിന്നു.

നീണ്ട കാലുകൾ, നീണ്ട കഴുത്ത്. തലകീഴായി വെച്ച് വെള്ളത്തിൽ പരതിയാണ് തീറ്റ. ഏറ്റവും കലപില കൂട്ടുന്ന പക്ഷിക്കൂട്ടങ്ങൾ ഇവയാണെത്രേ.

മറ്റു രാജ്യങ്ങളിൽ നിന്നു പറന്നെത്തുന്ന പക്ഷികൾ ആദ്യം കച്ചിൽ എത്തുകയും അവിടെ നിന്ന് താനെയിലും പരിസരങ്ങളിലും തമ്പടിച്ചിക്കുകയുമാണ് പതിവ്.

തിക്കിത്തിരക്കി നിൽക്കുന്ന പക്ഷികളെ കണ്ടു മതിയാവും മുമ്പ് ചങ്ങാതി വിളിച്ചു, ''വാ പോകാം''.

ഡിപിഎസ് തടാകം

ദേശാടനക്കിളികൾ കരയാറുണ്ട്...
മരിച്ചു വീഴുന്ന ഫ്ളെമിംഗോ പക്ഷികളെ തേടി ഒരു യാത്രMetro Vaartha

വെയിലത്ത് നിർത്തിയ വണ്ടിയിൽ നിന്നു പുകയുരുന്നതു പോലെ തോന്നി. അതിലാണ് യാത്ര ചെയ്യേണ്ടതെന്ന ചിന്ത എന്നെ അസ്വസ്ഥനാക്കി.

ചുട്ടുപഴുത്ത സീറ്റിലിരുന്ന് യാത്ര തുടർന്നു. ചൂടു കാറ്റ് മുഖത്തേക്കടിക്കുന്നു. പ്രൗഢഗംഭീരമായ നവി മുംബൈ മുനിസിപ്പാലിറ്റി ആസ്ഥാന മന്ദിരത്തെ തൊട്ട് ഡിപിഎസ് താടാകത്തിലേക്ക് പാഞ്ഞു.

ഏതോ പാട്ട് തനിയെ ഉറക്കെ പാടി നിലാവിൽ കുളിച്ച് നടക്കുന്ന മട്ടിലാണ് സുഹൃത്തായ സാരഥിയുടെ സ്കൂട്ടറോട്ടം. എൻആർഐ കെട്ടിട സമുച്ചയങ്ങളെത്തും മുൻപ് ഇഷ്ടൻ നടുറോഡിൽ, പൊരി വെയിലിൽ വണ്ടി നിർത്തി.

റോഡിൽ നിന്ന് ഉയർന്നു വരുന്ന ചൂടു കാറ്റ് നോക്കി നിൽക്കുന്ന എന്‍റെ ശ്രദ്ധ ഇടത് വശത്തേക്ക് ഗൈഡ് ചങ്ങാതി ക്ഷണിച്ചു- ഡിപിഎസ് തടാകം. വറ്റി വരണ്ട് മരിക്കാറായ ജലാശയം. മണൽപ്പരപ്പിന്‍റെ അറ്റത്ത് ഏതോ ഓർമത്തെറ്റ് പോലെ ഇത്തിരി വെള്ളം. അതിൽ പരിഭവമൊളിപ്പിച്ച് കൊത്തിച്ചികഞ്ഞ് കുറച്ച് ഫ്ളെമിംഗോ പക്ഷികൾ....

ഒരു ഡസനോളം പക്ഷികൾ മരിച്ചു വീണ് ദേശശ്രദ്ധയാകർഷിച്ച അതേ സീവുഡ്‌സിൽ വേലിയേറ്റത്തിന്‍റെ വെള്ളം വരേണ്ട വഴികളടച്ച് ഒരു തടാകത്തിനെ ദരിദ്രമാക്കിയ, ഹൃദയം നുറുങ്ങുന്ന കാഴ്ച.

കാഴ്ച കാണാൻ തീർത്ത ടവറിൽ ഇപ്പോൾ പൊരിവെയിലത്ത് പ്രണയം പങ്കുവയ്ക്കുന്ന കമിതാക്കൾ മാത്രം. കാഴ്ചക്കാർ ഡിപിഎസ് തടാകം ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു!

തടാകത്തിലേക്കു നിർബാധം വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ സർക്കാർ ഏജൻസിയായ സിഡ്‌കോ ഉത്തരവാദിത്വമേറ്റതായിരുന്നു.

മുംബൈ തടാകത്തെ രക്ഷിക്കാൻ മലയാളി സമാജം

സംസാരിച്ചു കൊണ്ടിരിക്കേ സീവുഡ്സ് മലയാളി സമാജത്തിന്‍റെ പ്രവർത്തകർ തടാകക്കരയിലെത്തി.

കഴിഞ്ഞ വർഷം ഫ്ളെമിംഗോ പക്ഷികളുടെ സംരക്ഷണത്തിനായി നിരവധി ഉദ്യമങ്ങൾ നടത്തിയ സംഘടനയാണു സീവുഡ്സ് മലയാളി സമാജം. ബോട്ട് ജെട്ടി നിർമാണത്തിന്‍റെ മറവിൽ വേലിയേറ്റ സമയത്ത് വെള്ളമിറങ്ങേണ്ട വഴികൾ അടച്ചതാണ് ഈ ദുര്യോഗത്തിന് കാരണമെന്ന് സമാജത്തിലെ പ്രകൃതിസ്നേഹികൾ പറയുന്നു. തങ്ങൾ നിരന്തരം വന്നു കൊണ്ടിരുന്ന തടാകം വറ്റിയതിനെത്തുടർന്ന് താളം തെറ്റിയ പത്തോളം ഫ്ളെമിംഗോ പക്ഷികളാണ് ഈയടുത്ത് മരിച്ച് വീണതെന്ന് സമാജത്തിന്‍റെ സെക്രട്ടറി രാജീവ് നായർ പറഞ്ഞു.

തടാകങ്ങൾ വേലിയേറ്റങ്ങളിൽ വറ്റാതെ സൂക്ഷിക്കുക എന്നത് ഗവൺമെന്‍റിന്‍റെ ധാർമിക ഉത്തരവാദിത്വമാണെന്ന് സീവുഡ്സ് സമാജം പ്രവർത്തക അമൃത ഗണേഷ് അയ്യർ പറഞ്ഞു.

ഭേന്ദ്ഖൽ, ബെൽപാഡ, പാൻജെ, ഡിപിഎസ് തടാകം, ടി.സ്. ചാണക്യ തടാകം, ഭാണ്ഡുപ്പ് താടകം തുടങ്ങിയ സ്ഥലങ്ങൾ ഈ പക്ഷികൾക്ക് താനെ കഴിഞ്ഞാൽ രണ്ടാം വീടാണെന്ന് ബിജി ബിജു പറഞ്ഞു. സമാജത്തിന്‍റെ മറ്റൊരു സജീവ പ്രവർത്തകയാണ് ബിജി.

ചതുപ്പു നിലങ്ങളിൽ മതിയായ കടൽ വെള്ളം ചെന്നെത്താനുള്ള വഴിയൊരുക്കാൻ സിഡ്കോയോട് അപേക്ഷിക്കുന്ന മെമ്മോറാണ്ടം തയാറാക്കാനൊരുങ്ങുകയാണ് സമാജമെന്ന് സെക്രട്ടറി പറഞ്ഞു.

ദേശാടനക്കിളികളുടെ കണ്ണീർ

ദേശാടനക്കിളികൾ കരയാറുണ്ട്...
മരിച്ചു വീഴുന്ന ഫ്ളെമിംഗോ പക്ഷികളെ തേടി ഒരു യാത്രMetro Vaartha

വെയിലു കൊണ്ട് മയങ്ങുമെന്നുറപ്പായപ്പോൾ തിരിച്ചു പോകാനുറച്ചു. രാജീവ് നായർ തന്‍റെ കാറിൽ സ്റ്റേഷനിൽ കൊണ്ടാക്കാമെന്നേറ്റപ്പോൾ ഹൃദയം തുടിച്ചു. ഗൈഡ് ചങ്ങാതി അപ്പോൾ വെയിലത്ത് കത്തുന്ന സ്കൂട്ടർ ഏതോ കവിത മൂളി സ്റ്റാർട്ടാക്കുന്ന തിരക്കിലായിരുന്നു.

ഞങ്ങൾക്കു മുകളിലൂടെ ഒരു പറ്റം ഫ്ളെമിംഗോകൾ ധൃതിപൂണ്ട് പറക്കുന്നുണ്ടായിരുന്നു.... ദേശാടനക്കിളികൾ കരയാറില്ലെന്നൊക്കെ പറയുന്നത് വെറുതെ....

Trending

No stories found.

Latest News

No stories found.