
വസ്തുവിന്‍റെ ദുരൂഹമായ ജീവിതത്തെ തേടുന്ന കവിത
എം. കെ. ഹരികുമാർ/ അക്ഷരജാലകം
കാൽപനികതയുടെ നിത്യപരിചിതമായ, ചിന്താമുക്തമായ ആവർത്തനങ്ങളിൽ നിന്നും, ആധുനികതയുടെ അപരിചിതമായ പദസംയോജനങ്ങളുടെയും അച്ചടക്കരഹിതമായ വിഷയവൈവിധ്യങ്ങളുടെയും കാലുഷ്യത്തിൽ നിന്നും മലയാള കവിത മുന്നോട്ട് കുതിച്ചു കഴിഞ്ഞു. ആധുനിക കവികൾ നിന്നിടത്തു തന്നെ നിൽക്കുകയാണ്. അവരുടെ പരീക്ഷണങ്ങൾ തുടങ്ങിയിടത്തേക്ക് തിരിച്ചുപോവുകയാണ്. ഓരോ വിഷയവും കിട്ടുന്ന മുറയ്ക്ക് അതിനെക്കുറിച്ച് എഴുതി തങ്ങളുടെ സ്ഥിരം നിർമാണ രീതി പരിചയപ്പെടുത്തുന്നതിനപ്പുറത്ത് പുതിയ ലോകവുമായി സംവദിക്കുന്നില്ല. ആ കവികൾ ഒരേസമയം വ്യക്‌തികളെക്കുറിച്ചും ചരിത്ര സംഭവങ്ങളെക്കുറിച്ചും എഴുതി, അവർ അതിന്‍റെ ഭാഗമാണെന്ന വ്യാജധാരണയിൽ.
വാക്കുകൾ വിചിത്രമായി കൂട്ടിയോജിപ്പിച്ച്, കവിതയെ ഭാഷാശാസ്ത്രപരമായ വ്യാഖ്യാനത്തിലേക്കും ഗവേഷണത്തിലേക്കുമാണ് പലരും തള്ളിവിട്ടത്. ഈ നിശ്ചലത അല്ലെങ്കിൽ നിഷ്കളങ്കത മലയാളകവിതയിൽ പല ഇടങ്ങളിൽ കാണാം. എന്നാൽ അതിന് നേതൃപദവി നഷ്ടപ്പെട്ടിരിക്കുകയാണ്. ചില ആനുകാലികങ്ങൾ പരിചിതമായ സംസ്കാരം എന്ന നിലയിൽ തുടരെ പ്രസിദ്ധീകരിക്കുന്നതിനപ്പുറത്ത് അത്തരം കവിതകളിൽ ആകർഷിക്കത്തക്കതായി ഒന്നുമില്ല.
കവിത ഓരോ കാലത്തും പ്രധാനമാണ്. അത് കാലത്തിന്‍റെ സംവേദനമായി മാറണം. യുഗചേതന എന്ന യാഥാർഥ്യമുണ്ട്. ഭാഷയിലൂടെ കവിത മാറിക്കൊണ്ടിരിക്കണം. എന്നാൽ അത് ഭാഷയുടെ മാറുന്ന ടോൺ ശേഖരിച്ച് സൂക്ഷിച്ചുവയ്ക്കാനുള്ള ഒരു പ്രദർശനശാലയല്ല. കവിത യാതൊന്നിന്‍റെയും പ്രചാരണ ദൗത്യം ഏറ്റെടുക്കുന്നില്ല. കവിത സമകാലിക സംസ്കാരത്തിനോ, ജീവിതത്തിനോ എതിരല്ല; അതുകൊണ്ടു തന്നെ കവിത ഒളിഞ്ഞിരിക്കരുത്. കവിതയ്ക്ക് ഒളിച്ചു പാർക്കാൻ അവകാശമില്ല. ഈ ലോകത്തെ കണ്ടുകൊണ്ട് കവിത പുറത്തേക്കു വരണം. ലോകത്തിലെ ചലനങ്ങളെയും വ്യഥകളെയും ബാധിക്കാത്തവിധം ഓടി രക്ഷപ്പെടാനുള്ള ഇടമല്ല കവിത. കവിത കവി തന്നെയാകണം. കവിയിൽ കാണുന്ന വൈരുധ്യവും വ്യഥയും അലങ്കോലവും കവിതയിലുണ്ടാകും. കവി അതൊന്നും മറച്ചുവയ്ക്കരുത്.
കവി ഒരു വില്ലെജ് ഓഫിസറെ പോലെയോ, ഡോക്റ്ററെ പോലെയോ ഉപയോക്താക്കളുടെ ആവശ്യത്തിനൊത്ത് സേവനം ചെയ്യാൻ വേണ്ടി ചെത്തിമിനുക്കിയെടുത്ത വ്യക്തിത്വമല്ല. കവിക്ക് അങ്ങനെ ആരെയും സേവിക്കാനാവില്ല. കവി സ്വതന്ത്രനാകുന്നതോടെ ജ്ഞാനമാണ് പ്രസരിക്കുന്നത്. സമകാലിക സമൂഹത്തിന് പലവിധ കെട്ടുപാടുകൾ മൂലം സ്വതന്ത്രമാകാനും ജ്ഞാനം നേടാനും പരിമിതികളുണ്ട്. അതുകൊണ്ടാണ് അവർ ഗുരുക്കന്മാരെ തേടിപ്പോകുന്നത്.
പല കൂട്ടങ്ങളും കൂട്ടുചേരലുകളും കടപ്പാടുകളും കീഴടങ്ങലുകളും സാമൂഹ്യജീവികളായ മനുഷ്യർ നേരിടുന്നു. അവരുടെ കാഴ്ചപ്പാടുകൾ പലരും കവർന്നെടുത്തതാണ്. അവർക്ക് വിധേയത്വത്തോടെ മാത്രമേ ജീവിക്കാനാകൂ. വിദ്യാഭ്യാസത്തിന്‍റെയും രാഷ്‌ട്രീയത്തിന്‍റെയും ഫലമായി സാമൂഹികജീവിയായ മനുഷ്യൻ സ്വാഭിപ്രായം പ്രകടിപ്പിക്കാൻ വേറെ ഐഡന്‍റിറ്റി തേടണം. സമൂഹമാധ്യമങ്ങളിൽ അത് കാണാം. ഒരാൾ താനാരാണെന്ന് മറച്ചുവയ്ക്കുകയോ അല്ലെങ്കിൽ വേറൊരു കള്ള ഐഡന്‍റിറ്റി പരസ്യപ്പെടുത്തുകയോ ചെയ്തുകൊണ്ട് ഇഷ്ടമുള്ളത് എഴുതാം.
ചില ബ്ലോഗ് എഴുത്തുകാർ അത് മുൻകാലങ്ങളിൽ ചെയ്തിട്ടുണ്ട്. പൊട്ടിയ കലം, നിരക്ഷരൻ, വിശാലമനസ്കൻ, ചോറും കറിയും, ചിത്രകാരൻ, കാലമാടൻ തുടങ്ങിയ വ്യാജ ഐഡന്‍ററ്റികൾ സ്വീകരിച്ച ബ്ളോഗ് എഴുത്തുകാരെ ഓർക്കുകയാണ്. ആരാണ് ഇതൊക്കെ എഴുതിയതെന്ന് സാധാരണക്കാർക്ക് കണ്ടെത്താനാവില്ല. പ്രകോപനപരമായ ആശയങ്ങൾ എഴുതാൻ വ്യാജപ്പേര് വേണം. അത് അത്യാവശ്യമാണ്. ജനാധിപത്യത്തിൽ വൈവിധ്യത്തിനാണ് പ്രാധാന്യം. എല്ലാവരും ടെലിവിഷൻ അവതാരകരെ പോലെ വടിവൊത്ത ഭാഷയിൽ മാത്രമേ സംസാരിക്കാവൂ എന്ന് പറയാനാവില്ല. ചിലപ്പോൾ "രാജമാണിക്യം' ഭാഷയും വേണം. ഭാഷ വൈവിധ്യത്തെയാണ് ഉൾക്കൊള്ളുന്നത്. പല മലയാളങ്ങളുണ്ട്. ഏകമാന മലയാളം മാത്രമല്ല ഉള്ളത്.
വാർത്ത വായിക്കുന്നവരുടെ ഭാഷയല്ല കേരളത്തിലുള്ളവരുടെ ഭാഷാവൈവിധ്യത്തെ നിശ്ചയിക്കുന്നത്. പ്രാദേശിക ഭാഷാഭേദങ്ങളും വ്യക്തിപരമായ ഭാഷയുമുണ്ട്. ഒരാൾ ഉപയോഗിക്കുന്ന അസുഖകരമായ വാക്കുകൾ അയാളുടേത് മാത്രമാണ്. അത് വൈവിധ്യമാണ്. ഇഷ്ടമുള്ളവർ കേട്ടാൽ മതി. ഭാഷ ഉപയോഗിക്കാൻ സ്വാതന്ത്ര്യം വേണം. മറ്റുള്ളവർക്ക് ഇഷ്ടമുള്ള രീതിയിൽ മാത്രം സംസാരിക്കാൻ കഴിയണമെന്നില്ല. മുള്ളും മുനയും മൂർച്ചയുമുള്ള വാക്കുകൾ ഉപയോഗിക്കുന്നത് വ്യക്തികളുടെ ഇഷ്ടമാണ്. കവിതയുടെ ഭാഷയുടെ തത്വചിന്ത ഇതാണ്. കവിത ഒരു വലിയ ഭാഷണമാണ്. അത് ജനസാമാന്യത്തിന്‍റെ നിർമിതിയല്ല. ജനസാമാന്യത്തിനു നഷ്ടപ്പെട്ടതാണത്. സ്വാതന്ത്ര്യം നഷ്ടപ്പെട്ട സമൂഹത്തെ സ്വാതന്ത്ര്യം നൽകി ഉണർത്തുകയാണ് കവിത ചെയ്യുന്നത്. കവികളുടെ ഭാഷ, ചിലപ്പോൾ മൂർച്ചയേറിയ ആയുധമാകാം, വിധ്വംസകമാകാം. ആ ഭാഷ ഒരു അസ്ത്രമാണ്. അത് പല ജീർണിച്ച ലോകങ്ങളെയും തുളച്ചു കടന്നുപോകാനുള്ളതാണ്.
ഇന്നത്തെ കവിത ഉത്തര- ഉത്തരാധുനികമായ ഭാഷയിലാണ് സംസാരിക്കുന്നത്. അത് വസ്തുവിന്‍റെ ബാഹ്യസൗന്ദര്യത്തെയല്ല വിവരിക്കുന്നത്. ബാഹ്യസൗന്ദര്യത്തെ പ്രകീർത്തിച്ച കവികൾ മുമ്പും ഉണ്ടായിരുന്നു. അവർ കൺമുന്നിൽ കണ്ടത് എഴുതുകയായിരുന്നു. ഒരു പെണ്ണിനെ കണ്ടാൽ അവൾക്ക് ആലില വയറുണ്ടോ എന്നും താമരയിതളിനു സമാനമായ കണ്ണുകളുണ്ടോ എന്നും നോക്കുന്നത് ബാഹ്യരൂപത്തിൽ മതിമറക്കുന്ന കവിയുടെ സംസാരമായി കാണുക. എന്നാൽ ഇന്നത്തെ കവികൾ അവരുടേതായ നോട്ടത്തിനു പ്രാധാന്യം കൊടുക്കുന്നു. സമൂഹം ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ സമൂഹം താലോലിക്കുന്ന സൗന്ദര്യസങ്കല്പങ്ങൾക്ക് പകരം കുറെക്കൂടി കടന്നുകാണാനാണ് ഇന്നത്തെ കവികൾ ശ്രമിക്കുന്നത്.
മത്സ്യമായി പിറന്നാൽ ദുർമരണം ഉറപ്പാണ്. ആർക്കും മത്സ്യത്തെ കൊന്നു തിന്നാം. അപ്പോൾ മത്സ്യത്തിന്‍റെ ഭാഷ എന്തായിരിക്കും. രാജേഷ് നന്ദിയംകോടിന്‍റെ "ജലഭാഷ' (കൊഴഞ്ഞ മണ്ണ്) എന്ന കവിത നോക്കൂ:
"വേനൽ അവസാനിക്കാൻ പോകുന്നു എന്ന
സന്തോഷ വാർത്ത അവറ്റകളോട്
പറയണമെന്ന് തോന്നി.
പക്ഷേ ഏതു ഭാഷയിൽ
ഞാനവരോട് മിണ്ടും?
പരസ്പരമിണചേർന്ന്
പാറ്റാൻ പോകുന്ന മഴപെയ്ത്തിൻ
ആർദ്രമായ ഋതുജലം
അവരെ ഏതിടങ്ങളിലേക്കൊക്കെ
ഒഴുക്കി വിടുമെന്നറിയാമോ?
ഒഴുകിയും നീന്തിയും
ചൂണ്ടക്കൊളുത്തിൽ കോർക്കാതെയും
വലക്കണ്ണികളിൽ കുടുങ്ങാതെയും
ഓരോരോ ഋതുക്കളിലേക്ക് കാലം
അവറ്റകളെ കരുതിവയ്ക്കുന്നു'.
മീനിന്‍റെ ഭാഷയെക്കുറിച്ചാണ് കവി എഴുതുന്നത്. ഇത് പുറമെ കാണുന്ന മീനിന്‍റെ ജീവിതമല്ല; യഥാർഥ്യത്തിനടിയിൽ വേറെന്തോ നിലനിൽക്കുന്നു എന്ന ചിന്തയാണ്. ജീവതത്വപരമായ നിഗൂഢാർഥമാണ് കവി തേടുന്നത്. ഇതാണ് സമകാലിക കവിതയിലെ അർഥവത്തായ നിമിഷം. യാഥാർഥ്യവും ഉണ്മയും തമ്മിൽ അകലമുണ്ടെന്ന സൂചനയാണിത്. വസ്തുവിന് അനേകം ആന്തരജീവിതങ്ങളുണ്ട്. ഏതൊരു വസ്തുവും നമ്മെ കബളിപ്പിക്കുകയാണ്. അത് യഥാർഥത്തിൽ എന്താണോ അതല്ലെന്ന ധ്വനി അതിന്‍റെ പ്രകൃതം അന്വേഷിക്കുന്നവർക്ക് മുന്നിൽ അനാവൃതമാകുന്നു.
ദസ്തയെവ്സ്കി "ദ് ഡയറി ഓഫ് എ റൈറ്റർ' എന്ന പുസ്തകത്തിൽ എഴുതി: "പുതിയതെന്ന് സൃഷ്ടിക്കാനാവാത്ത വിധത്തിൽ പഴക്കമേറിയ ഒരു വിഷയവുമില്ല'. ഏത് പഴയ വസ്തുവും ആശയവും ചിന്തിക്കുന്ന മനസിലൂടെ പുതിയതായി മാറുന്നു. ഇന്നത്തെ സാഹിത്യകൃതികളെക്കുറിച്ച് എഴുതിയാൽ മാത്രമേ ഇന്നത്തെ വിമർശകനാകൂ എന്ന ധാരണ തെറ്റാണ്.
ഷേക്സ്പിയറെക്കുറിച്ചോ എഴുത്തച്ഛനെക്കുറിച്ചോ എഴുതിയാലും മതി. എഴുതുമ്പോൾ ആ വസ്തുവിനെ പുതിയതായി ദർശിക്കണം. അത് ആര്, എങ്ങനെ, ഏതു വസ്തുവിനെ നോക്കുന്നു എന്നതിനാണ് പ്രസക്തി. നോട്ടക്കാരന്‍റെ മനസിന്‍റെ മാനം നിർണായകമാണ്. നോക്കുന്നതിലൂടെ കാലത്തെ മറികടക്കുകയാണ്. വസ്തുവിന്‍റെ രഹസ്യാത്മകമായ അവസ്ഥയെ അറിയുകയാണ് പ്രധാനം. ചിത്രകലയിലും ഇതിനാണ് മുൻഗണന. ഫ്രഞ്ച് പെയിന്‍റർ റെന്വെയുടെ "ബോക്വറ്റ് ഓഫ് ക്രിസാന്തിമംമ്സ്' എന്ന ചിത്രത്തിലെ പൂക്കൾ നേരിട്ട് കാണുമ്പോഴുണ്ടാകുന്ന വികാരമല്ല പ്രതിഫലിപ്പിക്കുന്നത് ; അതിനപ്പുറമുള്ള അതിന്‍റെ മാർദ്ദവവും സംഗീതവും സാന്നിധ്യവും വിലോലതയുമാണ് അനുവാചകനിലേക്ക് സംക്രമിക്കുന്നത്. വസ്തു കാണപ്പെടുന്നതിനേക്കാൾ വിചിത്രമായ അതിന്‍റെ ആന്തര അസ്തിത്വം ആരായുകയാണ് കലയിൽ പ്രാമുഖ്യം നേടുന്നത്. പുതിയ കവിതയും ആ വഴിക്കാണ് നീങ്ങുന്നത്.
പി. എ. അനീഷ് എഴുതിയ "കിളി കൊത്തിയ പേരയ്ക്ക തിന്നുമ്പോൾ' (കടുവ) എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:
"കിളി കൊത്തിയ
പേരയ്ക്ക തിന്നുമ്പോൾ
ചിറകിലൂടെ കാലത്തിലേക്ക്
സഞ്ചരിക്കുന്നു
പേരയ്ക്കയോടൊപ്പം
പറക്കലിന്‍റെ
സ്വാതന്ത്ര്യം കൂടിയകത്താക്കുന്നു.
ചിന്തകളിൽ ഒരാകാശം
തുറന്നു വരുന്നു
മേഘങ്ങളിൽ കായ്ച്ചു നിൽക്കുന്ന
ഭൂമിയുടെ ഹരിതം,
ദേശാന്തരങ്ങൾ കടന്ന്
വെയിലും മഴയുമറിഞ്ഞ്
തിരിച്ചെത്തുന്ന ഓർമകൾ. '
ഇത് ജീവതത്വപരമായ വിചാരണയാണ്. കിളി, പേരയ്ക്ക തുടങ്ങിയ വസ്തുക്കളെ കവി മറ്റൊരു യാഥാർഥ്യമാക്കി മാറ്റുകയാണ്. ഉപയോഗത്തിനപ്പുറമുള്ള ഭ്രമിപ്പിക്കുന്ന, ദുർഗ്രഹമായ, അസ്പൃശ്യമായ, അതിഭൗതികമായ സാന്നിധ്യമാണ് വസ്തുവിനെ കവിയിലേക്ക് അടുപ്പിക്കുന്നത്. ഭാവന ചെയ്യുന്നതാണെന്ന് തോന്നും;
എന്നാൽ ഇത് യാഥാർഥ്യമാണ്. നാം പുറമേ കാണുന്ന യാഥാർഥ്യമല്ല, ആന്തരിക യാഥാർഥ്യം.
രാജൻ സി. എച്ച് എഴുതിയ "പെണ്ണാവുന്ന രാത്രികൾ' (പാമ്പായും പറവയായുമുള്ള ഉപമകൾ) എന്ന കവിതയിലെ ഈ വരികൾ ചിന്തിപ്പിക്കും.
"പെണ്ണുങ്ങളുടെ രാത്രികൾ
ആണുങ്ങളുടെ രാത്രികളല്ല.
അവയ്ക്ക് തിളക്കം കുറവാണ്.
എളുപ്പം പുലർന്നു പോകുന്നവ.
അടഞ്ഞ വീട്ടകമായവ.
നക്ഷത്രങ്ങളില്ലാത്തവ
ഇരുണ്ടവ.
വീട്ടകങ്ങളിൽ കൊളുത്തിക്കാട്ടേണ്ടവ.
ഒറ്റക്കിറങ്ങിപ്പോകാനാവാത്തവ.
കഴുകിക്കമഴ്ത്തിയവ.
ഘടികാരത്തിൽ ഉറങ്ങിപ്പോയവ.
ഒച്ചയനക്കമറ്റവ.
ചിലപ്പോഴൊക്കെ പുള്ളായിച്ചിലച്ച്
അകന്നുമാഞ്ഞവ.
അഴിഞ്ഞു വീണ മുടിയായവ.
ഓർക്കാതെ മസിൽ പിടിച്ചവ. '
ഓരോ വസ്തുവിനും കവി മറ്റൊരു ലോകം കണ്ടെത്തുന്നു. മറ്റൊരു ജീവിതമാണത്. അത് നമ്മെ സംഭ്രമിപ്പിക്കും. എന്താണ് ഇത് സൂചിപ്പിക്കുന്നത്? വസ്തുവിൽ നമ്മെ നടുക്കുന്ന ചിലതുണ്ട്. വിജി അമ്പലപുരത്തിന്‍റെ "തലയറ്റ കവിതകൾ' (ആത്മകലഹങ്ങൾ) അസാമ്പ്രദായിക, പുതിയ വഴി തേടുന്ന രചനകളാണ്. ഒരു ഭാഗം ഇങ്ങനെയാണ്:
"മറവിരോഗിയിൽ
ഓർമ പോലെ
എന്തിനോ പെയ്ത്
തോരുന്നു, മഴ!'
"മുള്ളുകൾ മാത്രം വിളയുന്ന
വൃക്ഷമാകുന്നു, കാലം! അല്ലെന്നാണെങ്കിൽ
കാണൂ, അനുഭവിക്കൂ;
കാലവൃക്ഷത്തിൽ നിന്നും
അടർന്നടർന്ന് വീഴുന്ന
നിസംഗതയുടെ ഈ സമയമുള്ളുകൾ.'
മറവി, കാലം, ഓർമ, മഴ തുടങ്ങിയവയ്ക്കെല്ലാം ആന്തരിക ജീവിതമുണ്ട്, അത് കവിയുടേതുമാണ്.
1) ധ്യാൻ തർപ്പൺ
ധ്യാനശീലനും സംഗീതകാരനും ഗ്രന്ഥകാരനുമായ ധ്യാൻ തർപ്പൺ എഴുതിയ "സാക്ഷീപദം' (വിങ്സ് ഒ വിങ്സ്) വീണ്ടുവിചാരത്തിന്‍റെയും വിചിന്തനത്തിന്‍റെയും ധ്യാനബിന്ദുക്കൾ തേടിയുള്ള യാത്രയാണ്. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ ഇതൊരു തർപ്പണമാണ്. ജീവിതത്തിലെ ഒരു നിമിഷം പോലും ഉണർവിലേക്ക് നയിക്കാത്തതായില്ല എന്നാണ് ധ്യാൻ സൂചിപ്പിക്കുന്നത്. അതിനു വേണ്ടത് അവനവനോടുള്ള സത്യസന്ധതയാണ്. മനസിന്‍റെ കോലാഹലങ്ങളിൽ നിന്ന് വിട്ട് പ്രവൃത്തിയിൽ സ്നേഹത്തോടെ മുഴുകുകയാണെങ്കിൽ ധ്യാനപൂർണമായ സന്തോഷം കിട്ടും. മനസിനെ "മൈൻഡ്' ചെയ്യാതിരിക്കുക. അപ്പോൾ മനസ് സ്വതന്ത്രമായിക്കൊള്ളും. അതാണ് നിറമനസ്. അതാണ് ധ്യാനം.
ധ്യാൻ എഴുതുന്നു: "സന്തോഷമായിരിക്കുന്നവൻ ഓർക്കുന്നു പോലുമില്ല താൻ സന്തോഷമായിരിക്കുന്നുണ്ടെന്ന്. സന്തോഷത്തെപ്പറ്റി ചികഞ്ഞുകൊണ്ടിരിക്കുന്നവൻ എല്ലായ്പ്പോഴും "എങ്ങനെ?' എന്ന് ആരാഞ്ഞുകൊണ്ടിരിക്കുന്നു'. ഓഷോയുടെയും സെൻ ബുദ്ധിസ്റ്റുകളുടെയും "മൈൻഡ്ഫുൾ' ഉണർവ്വുകളെ ഓർത്തുകൊണ്ടാണ് ധ്യാൻ തന്‍റെ സ്വതന്ത്രമായ ധ്യാനചിന്തകൾ അവതരിപ്പിക്കുന്നത്. ധ്യാനം ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടലല്ലെന്നും അത് ജീവിതത്തിലേക്കുള്ള രക്ഷപ്പെടലാണെന്നും വിവരിക്കുന്നു.
2) സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി സമകാലിക പ്രശ്നങ്ങളെ അപഗ്രഥിച്ചു കൊണ്ട് എഴുതുന്ന ലേഖനങ്ങളിൽ ചിന്തയുടെ തിളക്കം കാണാം. അദ്ദേഹം എഴുതിയ "സമരവും സംസ്കാരവും' (ജനയുഗം, മാർച്ച് 28) എന്ന ലേഖനത്തിൽ ആധ്യാത്മിക സംസ്കാരമുണ്ടാവാൻ അവനവനിലെ തിന്മകളോട് സമരം ചെയ്യണമെന്ന് അറിയിക്കുന്നു. ബാഹ്യമോ ആഭ്യന്തരമോ ആയ സമരം കൂടാതെ ഒരു സംസ്കാരവും ഉണ്ടാവുകയോ നിലനിൽക്കുകയോ ചെയ്തിട്ടില്ല എന്നാണ് ശക്തിബോധിയുടെ സുചിന്തിതമായ അഭിപ്രായം. സമരങ്ങൾക്ക് പ്രസക്തിയുണ്ട്. വൈക്കത്ത് വഴി നടക്കാൻ അവകാശം ലഭിച്ചത് സമരത്തിലൂടെയാണല്ലോ. ആ സമരം സംസ്കാരത്തിലേക്കുള്ള വഴിതുറക്കലാണ്.
3) രജികുമാർ പുലാക്കാട്
രജികുമാർ പുലാക്കാടിന്‍റെ "സിലബസിൽ ഇല്ലാത്ത ഒരു ചോദ്യം'(സുജിലി) എന്ന കഥാസമാഹാരത്തിൽ സമകാലിക വിഷയങ്ങളെ സ്വതസിദ്ധമായ ധാരണയോടെ ആവിഷ്കരിക്കുന്ന രചനകളാണുള്ളത്. സാഹിത്യകലയെക്കുറിച്ച് സ്വയം മനനം ചെയ്തു സ്വരൂപിച്ച ആശയങ്ങളാണ് രജികുമാറിനുള്ളത്. അദ്ദേഹം സമകാലിക സാഹിത്യസംഭവങ്ങളെപ്പറ്റി പ്രതികരിക്കുന്നതും ഈ നിലവാരത്തോടെയാണ്. അദ്ദേഹത്തിന്‍റെ കഥകളിൽ കൃത്രിമത്വമില്ല; സരളമാണത്. അത് മനുഷ്യനുമായി സംവദിക്കാൻ യോഗ്യമാണ്.
4) പ്രണയം
പ്രണയിക്കുക, പ്രണയകവിത എന്നെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നവർ വാസ്തവത്തിൽ പ്രണയിക്കുന്നില്ല; പ്രണയം എന്ന ആശയത്തെപ്പറ്റി ആലോചിക്കുകയും പ്രണയിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. പ്രണയിക്കുന്നു എന്ന് പറയേണ്ടി വരുന്നത് പ്രണയമില്ലാത്തതുകൊണ്ടാണ്. മനസിലെ ശൂന്യതയ്ക്ക് പകരമായി വാക്കിനെ പ്രതിഷ്ഠിക്കുകയാണ്. എന്നാൽ വാക്കിന് ആര്, ആരെ പ്രണയിക്കുന്നുവെന്നോ അത് യഥാർഥമാണെന്നോ അറിയില്ല. വാക്ക് നിർവ്വേദത്തിലാണ്. മറ്റുള്ളവരിൽ നിലനിൽക്കുന്ന പ്രണയം എന്ന മൂല്യത്തെ വാണിജ്യപരമായി ഉപയോഗിക്കുകയാണ് പ്രണയക്കാരുടെ പദ്ധതി.
5) കാക്കനാടൻ
"മലയാളത്തിലെ നവീനകഥയുടെ ശില്പിയെ മറന്നോ?' (റീഡേഴ്സ് ഫോക്കസ് വാർഷികപ്പതിപ്പ്, മാർച്ച്) എന്ന പേരിൽ ഡോ. റഷീദ് പാനൂർ എഴുതിയ ലേഖനത്തിനു പ്രസക്തിയുണ്ട്. മലയാളകഥയിൽ ആധുനികതയുടെ പിതാവ് എന്ന സ്ഥാനം കാക്കനാടനുള്ളതാണെന്ന അഭിപ്രായം ചർച്ച ചെയ്യേണ്ടതാണ്. ആൾവാർ തിരുനഗറിലെ പന്നികൾ, മഴയുടെ ജ്വാലകൾ, ശ്രീചക്രം, അശ്വത്ഥാമാവിന്‍റെ ചിരി തുടങ്ങിയ കഥകൾ പരീക്ഷണാത്മകമായ മൂല്യത്തെ പ്രതിഷ്ഠിക്കുകയാണ്. എന്നാൽ ഇപ്പോഴത്തെ മിക്കവാറും വായനക്കാർക്ക് കാക്കനാടൻ കഥകളുടെ സംവേദനക്ഷമത എന്തെന്ന് അറിയില്ല എന്നാണ് തോന്നുന്നത്. ആന്തരികമായ അനുഭവം നഷ്ടപ്പെട്ട സാഹിത്യോത്സവങ്ങൾക്ക് കാക്കനാടൻ ഒരു വിദൂര നക്ഷത്രമായി നിലകൊള്ളും. കാക്കനാടന്‍റെ കഥകൾ ആസ്വദിക്കാനാവുന്നില്ലെന്ന് ഒരു മുതിർന്ന കഥാകൃത്ത് പറഞ്ഞത് സമീപകാലത്താണ്. പൊതുബോധത്തെ പൊളിച്ചടുക്കിയ കഥാകൃത്താണ് കാക്കനാടൻ. അദ്ദേഹത്തെ നയിച്ചത് കലയാണ്.
6) പ്രദീപ് രാമനാട്ടുകര
പ്രദീപ് രാമനാട്ടുകര കഴിവുള്ള കവിയാണ്. എന്നാൽ അദ്ദേഹം എഴുതിയ "പൂവാലൻ'(യുവധാര, മാർച്ച്) എന്ന കവിത പിതൃനിന്ദയായോ എന്ന് സംശയം.
"അച്ഛനു വേണ്ടിയായിരുന്നു
പൂവാലനെ കൊന്നത്.
വാതിലടച്ചിരുന്ന്
അച്ഛൻ പൂവാലനെ
തിന്നു തീരും വരെ
ഞാൻ പുറത്തു കോഴിയിറച്ചിയുടെ മണം തിന്നു'.
എന്നാൽ കവിത എഴുതിയ ശേഷം കവി ദു:ഖിക്കുന്നു. "അക്ഷരങ്ങളിൽ കാണുന്ന ചോര എന്‍റേതാണ്' എന്ന് കുമ്പസാരിച്ചത് ഉചിതമായി.
7) കൈലാസ് തോട്ടപ്പള്ളി
പ്രചാരണപരമായ കവിതയാണ് കൈലാസ് തോട്ടപ്പള്ളിയുടെ "ചരൽ വാരുന്നവർ'(മാധ്യമം). ചരൽ വരുന്ന പെണ്ണുങ്ങളെ സ്നേഹത്തോടെ ഓർക്കുകയാണ് കവി. സംഗീതാത്മകത താനേ ജനിക്കുകയാണ്.
"മണ്ണുവാരിയുടഞ്ഞ കട്ടമേൽ
കക്കവാരി കണക്കുതീർത്തവർ
കുട്ടനാട്ടിലെ പെണ്ണിവർ ധീരരാം
പട്ടം കിട്ടാത്ത പ്രൗഢ ജന്മങ്ങൾ'.