
ഡോ. സെബാസ്റ്റ്യന്‍ ജോസഫ്
പാലാ രൂപത വക മാര്‍ അപ്രേം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ച് സ്വസ്ഥനായിക്കഴിയേണ്ട ഡോ. തോമസ് മൂലയില്‍ എന്ന വന്ദ്യവയോധികനായ കത്തോലിക്കാ പുരോഹിതന്‍ മലയാളം അക്ഷരമാല പാഠപുസ്തത്തില്‍ തിരികെയെത്തിക്കാൻ 2018 മുതല്‍ കേരളമെമ്പാടും അക്ഷരവഴിയിലൂടെ ചുറ്റിസഞ്ചരിക്കുകയായിരുന്നു.
പാലായില്‍ മാതൃഭാഷാപോഷക സന്നദ്ധ സമിതി എന്നൊരു സംഘടന അദ്ദേഹം രൂപീകരിച്ചു. മലയാളത്തെ സ്നേഹിക്കുന്ന ഭാഷാപണ്ഡിതരും മുഖ്യധാരാ മാധ്യങ്ങളും മൂലയിലച്ചന്‍റെ നിരന്തരമായ വിളികേട്ട് വൈകിയെങ്കിലും ഒപ്പം നിന്നു.
ക്ലൈമാക്സും ആന്‍റി ക്ലൈമാക്സും നിറഞ്ഞ ഒരു സിനിമക്കഥയെ വെല്ലുന്ന സംഭവ പരമ്പരകള്‍ക്കൊടുവില്‍ ഇപ്പോള്‍ അച്ചന്‍ നേതൃത്വം കൊടുത്ത അക്ഷരസമരം വിജയിച്ചിരിക്കുന്നു. ഒന്നാം പാഠപുസ്തകത്തിന്‍റെ ഒടുവിലെ പുറത്ത് അനാകര്‍ഷകമായ നിലയിലാണെങ്കിലും കാല്‍ നൂറ്റാണ്ടിനു ശേഷം അക്ഷരമാല തിരികെ വന്നു. ഈയിടെ പാഠ്യപദ്ധതി ചട്ടക്കൂട് വന്നപ്പോഴുണ്ടായ ആശയക്കുഴപ്പം മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ. അതും പരിഹരിക്കപ്പെടും. ഇപ്പോഴിതാ കത്തോലിക്കാ സഭയുടെ പരമോന്നത ബഹുമതിയായ കെസിബിസി ദാര്‍ശനിക വൈജ്ഞാനിക പുരസ്കാരം നല്‍കി അദ്ദേഹത്തിന്‍റെ ഭാഷാ സേവനങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരത്തിന്‍റെ നിറച്ചാര്‍ത്ത് നല്‍കിയിരിക്കുന്നു.
സര്‍വീസില്‍ നിന്ന് അടുത്തൂണ്‍ പറ്റിക്കഴിയുന്ന ഒരു മലയാളം അധ്യാപകനല്ല അദ്ദേഹം. മലയാളത്തോട് ചെറുപ്പം മുതലുണ്ടായിരുന്ന അഭിനിവേശമാണ് അവശത മറന്നു പ്രവര്‍ത്തിക്കാന്‍ മൂലയിലച്ചനെ പ്രേരിപ്പിച്ചത്. എപ്പോഴും പ്രവര്‍ത്തനനിരതനായ അച്ചന്‍ കുട്ടികള്‍ക്ക് പ്രസംഗപരിശീലനം നല്‍കുന്നതിനിടെയാണ് മലയാളം വായിക്കാനും എഴുതാനും അവര്‍ക്ക് വേണ്ടതുപോലെ കഴിയുന്നില്ല എന്ന് തിരിച്ചറിയുന്നത്. ഇതിന്‍റെ കാരണം തേടി സുഹൃത്തുക്കളായ കോളെജ്, ഹൈസ്കൂള്‍ അധ്യാപകരെ സമീപിച്ചപ്പോള്‍ പ്രൈമറി തലത്തിലാണ് അക്ഷരനാശം സംഭവിക്കുന്നത് എന്ന് ബോധ്യപ്പെട്ടു.
ഇതിനെന്തു പരിഹാരം എന്ന ആലോചനയില്‍ നിന്നാണ് രസകരമായ കളികളിലൂടെ അക്ഷരമാല കുട്ടികളെ പഠിപ്പിക്കുന്ന അക്ഷരക്കുടുക്ക, അക്ഷരക്കൂട്ട്, അക്ഷരമാല ചാര്‍ട്ട് തുടങ്ങിയ വേറിട്ട പഠനസഹായികള്‍ അദ്ദേഹം സ്വയം രചിച്ച് പ്രസിദ്ധീകരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുറംതിരിഞ്ഞു നിന്നപ്പോള്‍ ഈ ഒറ്റയാള്‍പ്പോരാളി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിദ്യാർഥികള്‍ക്ക് അതിന്‍റെ കാല്‍ലക്ഷത്തോളം പ്രതികള്‍ അച്ചടിച്ച് സൗജന്യമായി വിതരണം ചെയ്തു.
ഇതിനിടെ ഡോ. എം.എന്‍. കാരശേരിയുടെ നമ്പര്‍ തേടിപ്പിടിച്ച് അക്ഷരമാലയുടെ പരിതാപകരമായ നിലയെക്കുറിച്ച് പറഞ്ഞപ്പോള്‍ "അക്ഷരമാല പാഠപുസ്തകത്തില്‍ ഇല്ലെന്നോ?' എന്ന് അദ്ദേഹം അദ്ഭുതപ്പെട്ടു. അദ്ദേഹം എഴുതുന്നു: "എന്നെ സമര രംഗത്തിറക്കിയത് മൂലയിലച്ചനാണ്. നേരു പറയാമല്ലോ, ഞെട്ടിച്ചുകളഞ്ഞ ഒരു ഫോണ്‍ വിളിയിലൂടെയാണ് ഫാ. തോമസ് മൂലയില്‍ എന്ന പേര് ഞാന്‍ ആദ്യം കേള്‍ക്കുന്നത്. രണ്ടു പതിറ്റാണ്ടിലധികമായി മലയാള പാഠാവലിയില്‍ മലയാളം അക്ഷരമാല ചേര്‍ക്കുന്നില്ലെന്ന വിവരം ഒരു വൈദികന്‍ പറഞ്ഞതു കൊണ്ടു മാത്രമാണ് ഞാന്‍ വിശ്വസിച്ചത്'.
മാതൃഭൂമിയില്‍ അദ്ദേഹം "വിദ്യാഭ്യാസ മന്ത്രി വായിച്ചറിയാന്‍' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തോടെ ഈ വിഷയം പൊതുമണ്ഡലത്തില്‍ ചര്‍ച്ചയായി. ഭാഷാശാസ്ത്രജ്ഞൻ ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായരാണ് ഈ സമരത്തില്‍ തന്‍റെ ഗുരുസ്ഥാനീയന്‍ എന്ന് അച്ചന്‍ പറയുന്നു.
കുറ്റബോധത്തോടെ പറയട്ടെ, 30 കൊല്ലം കോളെജ് അധ്യാപകനായിരുന്ന ഞാനും അച്ചന്‍റെ ലേഖനത്തിലൂടെയാണ് പ്രശ്നത്തിന്‍റെ ഗൗരവം മനസിലാക്കുന്നത്. രോഗം കലശലാണെന്ന് നല്ല ബോധ്യമുണ്ട്. ചികിത്സിക്കാനും ശ്രമിച്ചു. പക്ഷേ പ്രാഥമിക തലത്തിലാണ് രോഗം എന്ന് തിരിച്ചറിഞ്ഞില്ല.
അക്ഷരമാലയുടെ കാര്യം സര്‍ക്കാരിനുമുന്നില്‍ എത്തിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ എംഎല്‍എമാരായ മാണി സി. കാപ്പനും മോന്‍സ് ജോസഫും അതിന് സന്നദ്ധരായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ടെത്തി നിവേദനം സ്വീകരിച്ചു. നിയമസഭ ഭരണകക്ഷി പ്രതിപക്ഷ ഭേദമെന്യേ അക്ഷരമാലയ്ക്കൊപ്പം നിന്നു. എന്നിട്ടും അക്ഷരമാല പാഠപുസ്തകത്തില്‍ പിറന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രിയെ നേരില്‍ക്കാണാന്‍ മൂലയിലച്ചനും സംഘവും തിരുവനന്തപുരത്ത് നേരിട്ടെത്തി. അക്ഷരമാലയുടെ കാര്യത്തില്‍ ആശങ്ക വേണ്ട എന്ന് മന്ത്രി ഉറപ്പ് നല്‍കി. പിന്നീട് പാലായില്‍ വമ്പിച്ച ജനവലിയെ സാക്ഷിയാക്കി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മന്ത്രി റോഷി അഗസ്റ്റിന്‍റെയും പാല രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്‍റെയും സാന്നിധ്യത്തില്‍ അക്ഷരമാല ചാര്‍ട്ട് ഉയര്‍ത്തിക്കാട്ടി തന്‍റെ പ്രഖ്യാപനം ആവര്‍ത്തിച്ചു.
ഹെഡ്മാസ്റ്റര്‍മാര്‍ക്കുള്ള സര്‍ക്കാര്‍ നിര്‍ദേശം പിന്നാലെ വന്നു. പാഠപുസ്തകത്തിന്‍റെ അവസാന പുറത്തായാലും അക്ഷരമാല അച്ചടിച്ചു വന്നു. പക്ഷേ പാഠ്യപദ്ധതി ചട്ടക്കൂട് വന്നപ്പോള്‍ എസ്‌സിഇആര്‍ടി വിദഗ്ധര്‍ വീണ്ടും പഴയ സിദ്ധാന്തം നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. അവിരാമമായ സമരവീര്യത്തോടെ അതിനെതിരെയും മൂലയിലച്ചന്‍ സമരരംഗത്തുണ്ട്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയുള്ള ചിലരുടെ പിടിവാശിയാണ് ഇനി അവശേഷിക്കുന്ന പ്രശ്നം.
അക്ഷരസമരക്കാലത്ത് മൂലയിലച്ചന്‍ വളര്‍ത്തിയെടുത്ത സൗഹൃദങ്ങള്‍ വളരെ വിപുലമാണ്. മഴ പെയ്തൊഴിഞ്ഞ് ചാറലടങ്ങുമ്പോള്‍ വിവിധ മാധ്യമങ്ങളിലൂടെ സമരകാലത്ത് അദ്ദേഹം എഴുതിയ 500ല്‍പ്പരം ലേഖനങ്ങള്‍ ശേഖരിച്ചുവരികയാണിപ്പോള്‍. 5 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.
മലയാള ഭാഷയ്ക്ക് മിഷനറിമാരുടെ സംഭാവനകള്‍ നിസീമമാണ്. എന്നാല്‍ ആധുനിക കാലത്ത് ഒരു സെക്കുലര്‍ ഇടത്തില്‍ നിന്നുകൊണ്ട് മലയാള ഭാഷയ്ക്കു വേണ്ടി ഫാ. ഡോ. തോമസ് മൂലയില്‍ ഒറ്റയാള്‍പ്പോരാളിയായി നടത്തിയ അക്ഷരസമരത്തിന്‍റെ പ്രാധാന്യം കെസിബിസി യഥാസമയം തിരിച്ചറിഞ്ഞു എന്നത് ശ്രദ്ധേയമാണ്. വേറിട്ടു നടന്നവനെ ചേര്‍ത്തുപിടിക്കുന്ന ഈ നടപടിക്ക് സലാം.
(ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളെജ് മലയാളം വിഭാഗം മുന്‍ അധ്യക്ഷനാണ് ലേഖകൻ. ഫോണ്‍- 9400323132)