ഒരു റഷ്യൻ അപാരത

റഷ്യയിൽ സാർ ചക്രവർത്തിയെ വധിച്ച കല്യായേവ് എന്ന കവിയെക്കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്
ഒരു റഷ്യൻ അപാരത

പ്രഭാവർമ എഴുതിയ 'രൗദ്രസാത്വികം' ഒരു കാവ്യമാണ്, കവിതാസമാഹാരമല്ല. മലയാളത്തിൽ ചെറിയ കവിതകൾ മതി എന്ന ധാരണ ഭൂരിപക്ഷം കവികൾക്കുമുണ്ട്. എന്നാൽ, പ്രഭാവർമ വ്യത്യസ്തമായി ചിന്തിക്കുന്നതിനു തെളിവാണ് അദ്ദേഹം വർഷങ്ങൾക്ക് മുമ്പ് രചിച്ച 'ശ്യാമമാധവ'വും സമീപകാലത്ത് എഴുതിയ 'രൗദ്രസാത്വികവും'. റഷ്യയിൽ സാർ ചക്രവർത്തിയെ വധിച്ച കല്യായേവ് എന്ന കവിയെക്കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്. കല്യായേവിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു രചിച്ച 'ജസ്റ്റ് അസാസിൻസ്' എന്ന നാടകത്തെയും യഥാർഥ ജീവിതത്തിലെ കല്യായേവിനെയും തുലനം ചെയ്തുകൊണ്ട് മനുഷ്യാവസ്ഥയുടെ സങ്കീർണമായ സമസ്യകൾ ആരായുകയാണു കവി.

'പ്രക്ഷോഭത്തിന് ഒരു പ്രത്യേകതരം സ്നേഹം ആവശ്യമാണ്' -ആൽബേർ കമ്യു തന്‍റെ പ്രസിദ്ധമായ 'ദ് റിബൽ' എന്ന ഗ്രന്ഥത്തിൽ എഴുതി. രാഷ്‌ട്രീയകാരണങ്ങളാൽ ഒരു കവിക്ക് കൊലപാതകിയാകാൻ കഴിയുമോ? അയാൾക്ക് യുക്തമായ കാരണങ്ങൾ ഉണ്ടായേക്കാം? അയാൾ അതിന് നിയോഗിക്കപ്പെട്ടവനാകാം. എന്നാലും അയാൾ കൊലപാതകിയായേ പറ്റൂ. ഈ സാഹചര്യം ഒരാളെ ആഭ്യന്തരമായ ഉത്‌കണ്ഠകളിലും വിഷാദങ്ങളിലും നീറിപ്പുകയ്ക്കുമോ? യഥാർഥത്തിൽ കൊലപാതകത്തിന് ഒരു നീതീകരണമുണ്ടോ? രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ കൊലയെ എങ്ങനെയാണ് സാധൂകരിക്കുന്നത് ?ഈ ചോദ്യങ്ങളെല്ലാം കമ്യുവിനെ മഥിച്ചുകൊണ്ടിരുന്നു. എന്തെന്നാൽ കമ്യു മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിൽ വിശ്വസിച്ചു. സ്വാതന്ത്ര്യമില്ലെങ്കിൽ അവന് സ്വന്തം നിലയിലുള്ള തെരഞ്ഞെടുപ്പ് സാധ്യമാവുകയില്ല. കമ്യു വീണ്ടും രേഖപ്പെടുത്തുന്നു:'ഒരു പ്രഭാതത്തിൽ, നിരാശയുടെ അനേകം കറുത്ത രാത്രികൾക്ക് ശേഷം, ജീവിക്കാനുള്ള അദമ്യമായ ആഗ്രഹം നമ്മെ ബോധ്യപ്പെടുത്തുന്നത് എല്ലാം അവസാനിച്ചിരിക്കുകയാണെന്നും സന്തോഷത്തെക്കാൾ യാതനകൾക്ക് യാതൊരു അർഥവുമില്ലെന്നുമായിരിക്കും.'ജീവിതയാതനകൾ സ്ഥിരമായി നിൽക്കുന്നതല്ല, എന്നാൽ അതിന്‍റെ ഒടുവിൽ ശൂന്യതയായിരിക്കും കാത്തുനിൽക്കുന്നത്. അതുകൊണ്ടാണ് കമ്യു പറഞ്ഞത് വിപ്ലവം നിലനിൽക്കണമെങ്കിൽ ഒരു പ്രത്യേക തരം സ്നേഹം വേണമെന്ന്. എന്താണ് ആ സ്നേഹം?'ദീർഘിച്ചതും വേദനാജനകവുമായ സമരമാണത്; സൗഹൃദത്തെ പുനഃസ്ഥാപിക്കുന്നതിനും തിരിച്ചറിവിനുള്ള ഒരു സാക്ഷാത്കാരമാണത്.'

ചരിത്രത്തിലെ വിലാപം

ഈ സമസ്യയിലേക്കാണ് പ്രഭാവർമ നമ്മെ കൂട്ടക്കൊണ്ടുപോകുന്നത്. മലയാളകവിതയുടെ ഒരു വിനിമയമനസ്സാണിത്; അർഥവത്തായ നിമിഷം. ആശയപരമായ സമരങ്ങളുടെയും ബാഹ്യമായ പോരാട്ടങ്ങളുടെയും അടിയിലുള്ള മൗനഭാഷണങ്ങൾ ഈ കൃതിയിലൂടെ ഉയരുന്നു. അത് ചരിത്രത്തിലെ അനേകം വിലാപങ്ങളുടെ ആകെ ശബ്ദമായിത്തീരുന്നു. കൃത്യമായി, തന്‍റെ ഭാവുകത്വപരമായ അലട്ടലുകളെ നയിച്ചുകൊണ്ടുപോകാനും അത് അനുവാചകർക്ക് സുഭഗമായി മനസ്സിലാക്കി കൊടുക്കാനും കവിതയ്ക്ക് കഴിയുന്നു.

സാർവത്രികമായ വിഷാദത്തെയും അസംബന്ധത്തെയും അനുഭവിച്ചുകൊണ്ട് കാവ്യത്തിന്‍റെ ആദ്യശ്ലോകത്തിന്‍റെ അവസാനവരിയിൽ തന്നെ പ്രഭാവർമ ആ ഭീകരസത്യത്തെ വരച്ചുവച്ചു: 'വാനിൽ തലയോട്ടിയായി തങ്ങീ ചന്ദ്രൻ.'ഒരു ആഗോള വിഷയമാണ് ഈ കാവ്യത്തിലുള്ളത്.റഷ്യൻ സോഷ്യലിസ്റ്റ് പാർട്ടി അംഗവും കവിയുമായിരുന്നു ഇവാൻ കല്യായേവ് (1877- 1905). സാർ ചക്രവർത്തി ഗ്രാൻഡ് ഡ്യൂക്ക് സെർജി അലക്സാഡ്രോവിച്ചിനെ വധിക്കാനുള്ള ചുമതല കല്യായേവിനായിരുന്നു. അദ്ദേഹം അതേറ്റെടുത്തു. ഡ്യൂക്ക് ബോൾഷോയി തീയേറ്ററിലേക്ക് വരുമ്പോൾ ബോംബെറിഞ്ഞു കൊല്ലാനായിരുന്നു പദ്ധതി. എല്ലാം തയാറായിരുന്നു. എന്നാൽ ചക്രവർത്തിക്കൊപ്പം രഥത്തിൽ അദ്ദേഹത്തിന്‍റെ ഭാര്യ എലിസബത്ത് ഫ്യോദോറോവ്നയെയും രണ്ട് സഹോദര സന്താനങ്ങളെയും കണ്ടതോടെ കല്യായേവിനു കൈവിറച്ചു. അദ്ദേഹം ആ ഉദ്യമത്തിൽ നിന്ന് പിന്മാറി. ആ കുട്ടികളെ കൊല്ലുന്നത് റഷ്യൻ വിപ്ലവത്തിന് കളങ്കം വരുത്തുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചിന്താഗതി. ഈ സംഭവം കല്യായേവിനെതിരേ സംഘടനയ്ക്കുള്ളിൽ നിന്ന് വിമർശനമുയരാൻ കാരണമായി. എങ്കിലും രണ്ടുദിവസം കഴിഞ്ഞ് കല്യായേവ് , ചക്രവർത്തിയെ ക്രെംലിനിൽ ഔദ്യോഗിക വസതിക്കടുത്തുവച്ച് വധിച്ചു. കല്യായേവിന്‍റെ കവിതകൾ പിന്നീട് സോഷ്യലിസ്റ്റ് റവല്യൂഷണറി പാർട്ടി പ്രസിദ്ധീകരിച്ചു, അയാൾ റഷ്യൻ കവിതയിൽ പിന്നീട് അവഗണിക്കപ്പെട്ടുവെങ്കിലും.

കല്യായേവിന്‍റെ ദുഃഖം

കല്യായേവ് എന്തായിരിക്കും ചിന്തിച്ചിരിക്കുക.? തന്നിലെ കവി ക്രൂരനാണോ ?അതോ താൻ വെറുമൊരു പ്രത്യയശാസ്ത്ര ഉരുക്കുശരീരമോ? കവിതയിൽ ആ സന്ദിഗ്ദ്ധത ഇങ്ങനെ ആവിഷ്കരിക്കുന്നു:

'തന്നിലെങ്ങനെയൊന്നിച്ചൂ

രണ്ടുവേഷവുമൊന്നുപോൽ ? അണിഞ്ഞതൊരുമി,ച്ചപ്പോൾ

അഴിച്ചീടലുമൊപ്പമായ്!

രണ്ടു വേഷങ്ങൾ! എന്നാലീ

രണ്ടിലും കാൺകയില്ല താൻ !

മൂന്നാമതൊരു വേഷം!ആ

വേഷമോ തേടിടുന്നു താൻ!'

ഒരു അജ്ഞാത സുഹൃത്ത് കവിയുടെ അന്തരംഗത്തിലിരുന്ന് നോവിക്കുന്ന ചോദ്യങ്ങൾ ചോദിക്കുകയാണ്. എന്താണ് സ്വാസ്ഥ്യം? ഹൃദയസുഖം തേടി ഏത് ദിക്കിലേക്ക് പോകും?

'കവിയോ താൻ; കലാപത്തിൻ

കനൽത്തേരാളി തന്നെയോ

രണ്ടിലും തോറ്റു പിന്മാറി -

പ്പിരിയും ഭീരു മാത്രമോ?

ഉള്ളി, ലഗ്നിത്തിടും പടർത്തീടും

ധീരവിപ്ളവകാരിയോ?

നാടകത്തിലകപ്പെട്ടു

പോയ കോമാളിവേഷമോ?'

ഈ ചോദ്യങ്ങളാണ് കല്യായേവിനെ അസ്തിത്വദുഃഖത്തിലേക്ക് തള്ളിവിടുന്നത്. കമ്യു നാടകത്തിലൂടെ ഈ അസ്ഥിരമായ തിരഞ്ഞെടുപ്പുകളുടെ തീവ്രസങ്കടങ്ങൾ പകർത്തുകയാണ് ചെയ്തത്. യാതൊന്നും പ്രതീക്ഷിക്കാതെ എല്ലാം കൊടുക്കുന്നതാണ് സ്നേഹമെന്ന് കമ്യു നിർവ്വചിക്കുന്നുണ്ട്. ഇത് ഒരുപക്ഷേ, സാധാരണ ജീവിതത്തിൽ പ്രയാസമായേക്കാം. കാരണം, മനുഷ്യർക്ക് സ്നേഹിക്കാൻ അറിയില്ല എന്ന യാഥാർഥ്യമുണ്ട്. കൊലയ്ക്ക് ശേഷമാവും കൊല്ലാൻ നമുക്ക് അധികാരമുണ്ടോ എന്ന ശാശ്വതമായ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വരുക. ജീവിതത്തിലെ കല്യായേവിന് ദൃഢനിശ്ചയങ്ങളും പ്രതിജ്ഞകളും ഉത്തരവാദിത്തങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടായിരുന്നെങ്കിൽ സാഹിത്യത്തിൽ കല്യായേവ് മറ്റൊരു മാനം തേടുകയാണ്. കമ്യുവിന്‍റെ നാടകത്തിലെ കല്യായേവ് തന്‍റെ കൃത്യാന്തരമായ മഹാവ്യസനത്തിൽ ഉരുകകയാണ്. അയാൾ തന്‍റെ പ്രവൃത്തിയുടെ ദൂരവ്യാപകമായ ഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. സത്യത്തെക്കുറിച്ചുള്ള ധാരണയെ പിളർക്കുന്ന ഒരു പ്രവൃത്തിയിലൂടെ അയാൾ തന്നിൽതന്നെ ഒറ്റപ്പെടുകയാണ്.

ഭ്രാന്തിനും കവിതയ്ക്കുമിടയിൽ

പ്രഭാവർമയുടെ കല്യായേവ് തീവ്രമായ ഒറ്റപ്പെടൽ അനുഭവിക്കുന്നു. അവനവനിൽ തന്നെയുള്ള വിജനതയാണ് ഏറ്റവും ഭീകരം. പ്രഭാവർമ ആ കവിയുടെ വിപ്ലവകരമായ ആവേശങ്ങൾക്ക് ബദലായി ആത്മസംഘട്ടനങ്ങളിലേക്ക് കടന്നു ചെല്ലുന്നു. ഭ്രാന്തിനും കവിതയ്ക്കുമിടയിൽ താൻ എന്താണെന്ന് അയാൾ ആലോചിക്കുകയാണ്. മരിച്ചതിനുശേഷവും കല്യായേവ് എന്ന വസ്തുത നിലനിൽക്കുകയാണ്. അയാളുടെ ആത്മാവിലെ അലച്ചിൽ അവസാനിക്കുന്നില്ല. മരണാനന്തരവും മരിച്ചവനു ജീവിതമുണ്ട്. അത് അവൻ കാണുകയാണെങ്കിലോ? തന്നെ മറ്റുള്ളവർ മരണാനന്തര ലോകത്ത് എങ്ങനെ വീക്ഷിക്കുന്നുവെന്ന് മനസ്സിലാക്കാം.ഫ്രഞ്ച് എഴുത്തുകാരൻ എമിലി സോളയുടെ 'ദ് ഡെത്ത് ഓഫ് ഒലീവിയര്‍ ബികെയ്‌ലി' എന്ന കഥ ഓർക്കുകയാണ്. ഈ കഥയിൽ മരിച്ചവന്‍റെ ലോകത്ത് സംഭവിക്കാവുന്ന ചില കാര്യങ്ങൾ ആവിഷ്കരിക്കുന്നുണ്ട്. ബികെയ്‌ലി എന്ന കഥാപാത്രം സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. അയാൾ താമസിയാതെ മരണപ്പെടുന്നു. എന്നാൽ മരിച്ചു കിടക്കുന്ന തന്‍റെ ശരീരത്തെയും ചുറ്റും കൂടിയ ആളുകളെയും നിരീക്ഷിച്ചുകൊണ്ട് അയാൾ അടുത്തു നിൽക്കുകയാണ്. സെമിത്തേരിയിലേക്ക് ഘോഷയാത്ര പോകുമ്പോഴും അയാൾ അനുഗമിക്കുന്നു. ബികെയ്‌ലിയെ ശവക്കല്ലറയിൽ അടക്കം ചെയ്യുന്നു.എന്നാൽ കല്ലറയിൽ തുരങ്കമുണ്ടാക്കി രക്ഷപ്പെട്ട് അയാൾ വീട്ടിൽ തിരിച്ചെത്തുന്നു. അപ്പോൾ അയാൾ കാണുന്നത് തന്‍റെ സുന്ദരിയായ ഭാര്യ മറ്റൊരാളെ വിവാഹം കഴിക്കാൻ ആലോചിക്കുന്നതാണ്. ബികെയ്‌ലി യാതൊന്നും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങിപ്പോകുന്നു.

ഇതുപോലെയല്ലെങ്കിലും പ്രഭാവർമയുടെ കല്യായേവ് മരണാനന്തരം ഒരു ഗുരുവിനെ കണ്ടുമുട്ടുന്നു. തുടർന്ന് കല്യായേവ് തന്‍റെ പേരിൽ സ്ഥാപിക്കപ്പെട്ട പ്രതിമ കാണുകയാണ്. അപ്പോൾ അയാളുടെ മനസ്സിൽ ഉണരുന്ന ചിന്ത ഇതാണ്: 'ചരിത്രം ഐതിഹ്യവുമായിഴപിണഞ്ഞേറെ

കുരുങ്ങിനിൽക്കുന്നതായറിഞ്ഞു, വെന്നാൽ നേരിൽ

തനിക്കുതാനാരെന്നതറിയാതെയും നിന്നു

ഇനിയെങ്ങുപോകുമെന്നറിയാതൊരേ നിൽപ്പിൽ. '

ഈ അന്യവത്കരണം ,അനാഥത്വം, ചരിത്രത്തിന്‍റെ വിധിയാണ്. മനുഷ്യൻ കടന്നുപോവുകയാണ്. എന്നാൽ തിന്മകൾ ബാക്കിയാവുന്നു.'അകമേ പരിണാമം വരുത്തുന്ന' കവിതയാണിതെന്ന് ഡോ.എം.ലീലാവതി അവതാരികയിൽ നിരീക്ഷിക്കുന്നത് എത്ര ശരിയാണ്!.മലയാളകാവ്യശാഖയിൽ മുഴുനീള കാവ്യത്തിന്‍റെ തിരിച്ചുവരവിനു കളമൊരുങ്ങുകയാണ്. പ്രഭാവർമ അതിനു നിമിത്തമാകട്ടെ. ഉൾക്കനം കൊണ്ട് മലയാളകവിത ഒരു പടി കൂടി മുന്നോട്ടു പോവുകയാണ്. കാവ്യാത്മകചിന്തകളിലൂടെ നമ്മുടെ കവിത മനുഷ്യാസ്തിത്വത്തെ സ്വാധീനിക്കുന്ന മൂല്യങ്ങളെ തേടുകയാണ്.

ഉത്തരരേഖകൾ

1)ഗൃഹാതുരത്വം നമ്മുടെ സാഹിത്യത്തിൽ നിന്ന് ഒഴിഞ്ഞു പോവുകയാണോ ?

ഉത്തരം:പഴയ കാര്യങ്ങൾ ആലോചിക്കുമ്പോൾ അവിടേക്ക് ചെല്ലാൻ തോന്നുന്നത് മനുഷ്യസഹജമാണ്. വീട്ടിൽ നിന്ന് വിട്ടു പോന്നവരുടെ ദുഃഖം എത്ര ആഴമുള്ളതാണ്!.സാഹിത്യം ഈ നഷ്ടത്തെക്കുറിച്ച് ആലോചിക്കുന്നു. എന്നാൽ എപ്പോഴും നഷ്ടസ്വപ്നങ്ങളെപ്പറ്റി ആലോചിക്കുന്നതിൽ അർഥമില്ല. ഭാവിയാണ് നമ്മൾ തേടേണ്ട ഗ്രഹം.

2)പി.വത്സലയെക്കുറിച്ച് വേണ്ട പോലെയുള്ള ഒരു അനുസ്മരണം ഉണ്ടായോ ?

ഉത്തരം: ഉന്നതമായ ഒരു ഓർമപ്പെടുത്തൽ ഉണ്ടായില്ല; വത്സലയുടെ സ്ഥാനവും മഹിമയും വച്ച് നോക്കുമ്പോൾ പ്രത്യേകിച്ചും. എന്നാൽ പി. കെ. ഗോപി എഴുതിയ ലേഖനം 'അഴിച്ചുപണിയുടെ അക്ഷരക്കണക്കുകൾ'(ഒരുമ,ഏപ്രിൽ) ഓർമകളിൽ സ്നാനം ചെയ്യിക്കും. ബംഗാളി സാഹിത്യത്തിൽ മഹാശ്വേതാദേവി ചെയ്തതിനു തുല്യമാണ് വത്സലയുടെ സംഭാവനയെന്ന് ഗോപി അഭിപ്രായപ്പെടുന്നു. ശ്രദ്ധേയമാണിത്. വിശ്വചിന്തയുടെ സൂക്ഷ്മതലങ്ങൾ സ്വാംശീകരിച്ച വത്സല കണ്ണുതുറന്ന് ജീവിതം കാണുന്ന ജ്ഞാനമായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്.

3)മരണത്തെക്കുറിച്ച് ഗാഢമായി ചിന്തിപ്പിക്കുന്ന കഥ ഏതാണ് ?

ഉത്തരം: എസ്. കെ. പൊറ്റക്കാടിന്‍റെ 'പ്രതികാരത്തിന്‍റെ പരിണാമം' എന്ന കഥയിൽ ചിതയിലെരിയുന്ന ശവത്തെപ്പറ്റി വിവരിക്കുന്നുണ്ട്. അവിടെ വച്ച് മനുഷ്യൻ മറ്റെന്തോ ആയി മാറുന്നതായി പൊറ്റെക്കാട് എഴുതുന്നു.

4)എം.സുകുമാരൻ ,എൻ. മോഹനൻ തുടങ്ങിയ കഥാകൃത്തുക്കൾ പതിറ്റാണ്ടുകളോളം എഴുതിയില്ല. ഇത് എന്തുകൊണ്ടാണ് ?

ഉത്തരം:ശരിയായ പ്രചോദനമുള്ളപ്പോഴാണ് എഴുതേണ്ടത്. പ്രചോദനം ഇല്ലാതാകുന്നത് ഒരു കുറ്റമല്ല. ജീവിതാവസ്ഥ അതിന് കാരണമാകാം. എഴുത്തു തുടങ്ങുന്നതു പോലെ എഴുത്ത് നിർത്താനും നല്ലൊരു സമയം തിരഞ്ഞെടുക്കണം.

5)ടെലിവിഷൻ, റീൽസ്, സിനിമ, യൂട്യൂബ് -ദൃശ്യങ്ങളുടെ ഒരു കടൽ രൂപപ്പെടുകയാണല്ലോ.

ഉത്തരം: ദൃശ്യങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ നമ്മുടെ ജീവിതം. എല്ലാം കാണാനുള്ളതാണ്. വീണ്ടും വീണ്ടും കണ്ട് മറക്കുകയാണ്. എന്നാൽ പുറംലോകം നെഗറ്റീവ് ചിന്തകളാണ് നമ്മളിലേക്ക് കൊണ്ടുവരുന്നത്. സംഘട്ടനവും വിഷാദവുമാണ് പുറത്ത്. അതുകൊണ്ട് മനസ്സിലേക്ക് നോക്കുന്നതും നല്ലതാണ്.അത് ഉള്ളിൽ വെളിച്ചം തേടാൻ സഹായിക്കും.

6)എം.എൻ. വിജയനെ എങ്ങനെ കാണുന്നു ?

ഉത്തരം:ഏത് പാതിരാത്രിക്ക് വിളിച്ചാലും എം.എൻ.വിജയന് ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. എപ്പോഴും പൂർണ ബോധത്തോടെയാണ് സംസാരിക്കുക. ചിന്ത ഒരു സ്വഭാവമായിരുന്നു. ഒരു കലാചിന്തകനും തത്ത്വചിന്തകനുമായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്‍റെ 'സമൂഹവും മനഃശാസ്ത്രവും' എന്ന ലേഖനത്തിലെ ഈ ഭാഗം അത് വ്യക്തമാക്കുന്നു:'ഒരു തിരമാല ക്ഷണികമായ ശാശ്വതികത്വമാണെന്നും ഒരു തിരമാലയെപ്പോലെ മറ്റൊരു തിരമാലയില്ല എന്നും ഒരു തിരമാല ഒരു വ്യക്തിത്വമാണ് എന്നും ഓരോ മനുഷ്യനും ഒരു തിരമാലയാണ് എന്നും ലോകത്തിന്‍റെ വലിയ സമുദ്രത്തിൽ അടിച്ചുകൊണ്ടിരിക്കുന്ന അനേകം തിരമാലകളാണ് അവരുടെ കഥകൾ, ഈ സമുദ്രത്തിൽ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നുമുള്ള അതുല്യമായൊരു ബോധം ഒരു ജാപ്പനീസ് ചിത്രകാരനുണ്ട്. അതുകൊണ്ട് അയാൾ ഒരു കടൽ വരയ്ക്കുന്നില്ല. അയാൾ ഒരു തിരമാത്രം വരച്ചിട്ട് ഇതാണെന്‍റെ കടൽ എന്ന് പറയുന്നു. ഇത് കലയിലെ ഒരു സങ്കേതമാണ്. അല്ലെങ്കിൽ ജീവിതത്തിന്‍റെ ഒരു വീക്ഷണമാണ്.'

7)സ്വയം അറിയുക എന്ന് പറഞ്ഞാൽ എന്താണ് ?

ഉത്തരം: സ്വയം അന്വേഷിക്കുമ്പോഴാണല്ലോ സ്വയം അറിയുന്നത്. മഹാനായ ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞു :'സമയം കിട്ടുകയാണെങ്കിൽ,ഒരു പൂവിനെയോ നിങ്ങളെത്തന്നെയോ നിങ്ങളുടെ ചിന്തകളെയോ നിരീക്ഷിക്കുക. സ്വന്തം മനസ്സിലെ വികാരങ്ങൾ, പ്രതികരണങ്ങൾ എല്ലാം നിരീക്ഷിക്കുക. അതാണ് സ്വയം അറിയുന്നതിന്‍റെ തുടക്കം. സ്വയം അറിയാത്ത ഒരാൾക്ക് ശാന്തി ലഭിക്കണമെന്നില്ല.'

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com