സാഹിത്യോത്സവങ്ങളുടെ കേരളം

ഇന്ത്യയില്‍ സാഹിത്യ നഗരം എന്ന പദവി ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമായി കോഴിക്കോട്
Abundant literature festivals of Kerala
സാഹിത്യോത്സവങ്ങളുടെ കേരളം
Updated on

വിജയ് ചൗക്ക് | സുധീർ നാഥ്

മലയാള ഭാഷ ക്ലാസിക് പദവി ലഭിച്ചതും രാജ്യത്തെ മറ്റു ഭാഷകൾക്കൊപ്പം തല ഉയർത്തി നിൽക്കുന്നതുമാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ സാഹിത്യോത്സവങ്ങൾ നടക്കുന്നത് എന്നത് മലയാള ഭാഷയ്ക്ക് അഭിമാനിക്കാവുന്നതാണ്. ഇപ്പോൾ കേരളത്തിൽ 75ഓളം സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. എല്ലാ വർഷവും സാഹിത്യോത്സവങ്ങളുടെ എണ്ണത്തിൽ വർധനവ് സംഭവിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എല്ലാ സാഹിത്യോത്സവങ്ങളിലും നൂറുകണക്കിന് സാഹിത്യകാരന്മാരാണ് ചർച്ചകളിലും മറ്റും പങ്കെടുക്കുവാൻ എത്തുന്നത്. എല്ലായിടത്തും ആയിരക്കണക്കിന് ജനങ്ങൾ ഇവരെ കേൾക്കാനും എത്തുന്നു എന്നുള്ളത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തോ മറ്റൊരു ഭാഷയ്ക്കോ ലഭിക്കാത്ത ഒരു ഭാഗ്യമാണ് മലയാള ഭാഷയ്ക്ക് ലഭിച്ചിരിക്കുന്നത്. പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ല എന്നുള്ളത് തെറ്റായ ഒരു നിരീക്ഷണമാണ് എന്നാണ് പറയേണ്ടിയിരിക്കുന്നത്. നല്ല കഥകൾ വായിക്കപ്പെടുന്നുണ്ട് എന്നുള്ളതിന്‍റെ ഏറ്റവും വലിയ തെളിവാണ് തുടക്കക്കാരനായ അഖിൽ പി. ധർമ്മജൻ എഴുതിയ റാം കെയറോഫ് ആനന്ദിയുടെ വിജയം.

മുൻകാലങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളെക്കാൾ കൂടുതൽ ഇന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. മുൻപൊക്കെ വളരെ കുറച്ച് എഴുത്തുകാർ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത് നൂറുകണക്കിന് എഴുത്തുകാരിലേക്ക് എത്തിനിൽക്കുകയാണ്. കേരളത്തിൽ നടക്കുന്ന സാഹിത്യോത്സവങ്ങൾക്ക് എഴുത്തുകാരുടെ വർധനവിൽ ഒരു പങ്കുണ്ട് എന്നുള്ളത് വിസ്മരിക്കാനും സാധിക്കില്ല. സാഹിത്യോത്സവങ്ങളുടെ വേദികളിൽ പോയാൽ യുവജനങ്ങളാണ് കൂടുതൽ എത്തുന്നത് എന്ന് കാണാൻ സാധിക്കും.

കേരളത്തിൽ അങ്ങോളമിങ്ങോളം സാഹിത്യോത്സവങ്ങൾ നടക്കുന്നുണ്ടെങ്കിലും കോഴിക്കോട്ട് നടക്കുന്ന സാഹിത്യോത്സവങ്ങൾക്കാണ് പകിട്ട്. അതുകൊണ്ടാണ് കോഴിക്കോട് നഗരത്തിന് യുനെസ്കോ സാഹിത്യ നഗരി എന്ന പദവിയും നൽകിയത്. ഇന്ത്യയില്‍ സാഹിത്യ നഗരം എന്ന പദവി ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമായി കോഴിക്കോട്. 2023 ഒക്ടോബര്‍ 31നാണ് കോഴിക്കോടിനെ സാഹിത്യ നഗരമായി യുനെസ്‌കോ അംഗീകരിച്ചത്. കേരളത്തിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ കോഴിക്കോടുള്ള ജനങ്ങൾ സാഹിത്യത്തെ സ്നേഹിക്കുന്നുണ്ട് എന്നുള്ളതിന്‍റെ തെളിവാണ് ഏറ്റവും കൂടുതൽ സാഹിത്യോത്സവങ്ങൾ കോഴിക്കോട് നടക്കുന്നത് തന്നെ. ഡിസി കിഴക്കേമുറി ഫൗണ്ടേഷനാണ് കോഴിക്കോട് സാഹിത്യ നഗരമാക്കി മാറ്റുവാൻ പ്രധാന പങ്ക് വഹിച്ചത്. സാഹിത്യത്തിൽ സമ്പന്ന പാരമ്പര്യമുള്ള കൊൽക്കത്തയെ മറികടന്നാണ് കോഴിക്കോടിന് സാഹിത്യ നഗരി പദവി ലഭിച്ചത്, അത് സാധ്യമാക്കാൻ കോഴിക്കോട് കടപ്പുറത്ത് ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ ഒരുക്കുന്ന കേരള ലിറ്ററി ഫെസ്റ്റിവലിന്‍റെ പ്രചരണം ഒരു മുഖ്യ കാരണമാണ്. കോഴിക്കോടുള്ള ജനപ്രതിനിധികളും, ജനങ്ങളും, സാഹിത്യകാരന്മാരും കോഴിക്കോട് സാഹിത്യ സദസുകൾക്ക് നൽകുന്ന പ്രോത്സാഹനം മറ്റൊരു കാരണമാണ്.

കേരള ലിറ്റററി ഫെസ്റ്റിവൽ കോഴിക്കോട് ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ ആരംഭിച്ചതോടു കൂടി കേരളത്തിൽ തലങ്ങും വിലങ്ങും അത്തരം സാഹിത്യ ഉത്സവങ്ങൾക്ക് വേദിയാവുകയായിരുന്നു. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും സാഹിത്യ ഉത്സവങ്ങൾ നടക്കുന്നുണ്ട്. കേരളത്തിലെ പ്രധാന പത്ര സ്ഥാപനങ്ങൾ അവരുടെ സ്വന്തം നിലയിൽ സാഹിത്യോത്സവങ്ങൾ നടത്തുന്നു. എന്തിനേറെ പറയുന്നു കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികളും സാഹിത്യ ഉത്സവങ്ങൾ നടത്തുന്നുണ്ട്. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ 20 വർഷം മുൻപ് കുരുക്ഷേത്ര ആരംഭിച്ച അന്താരാഷ്‌ട്ര പുസ്തകോത്സവത്തോടൊപ്പം വലിയ സാഹിത്യോത്സവവും ഇപ്പോൾ നടക്കുന്നു.

രാജ്യത്തെ പ്രധാന സാഹിത്യോത്സവങ്ങളിൽ ഒന്നായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കേരള ലിറ്ററി ഫെസ്റ്റിവൽ മാറിയപ്പോൾ മലയാള നാട്ടിൽ നിയമസഭയിൽ പോലും സാഹിത്യോത്സവങ്ങൾ നടക്കുന്നു എന്നുള്ളത് ദേശീയതലത്തിൽ പോലും ചർച്ചയാണ്. കേരളത്തിലെ പ്രധാന പല വായനശാലകൾ കേന്ദ്രീകരിച്ച് സാഹിത്യോത്സവം നടക്കുന്നു എന്നുള്ളത് കേരളത്തിന്‍റെ സാക്ഷരതയുടെ ശക്തി വിളിച്ചോതുന്നതാണ്. കേരളത്തിൽ നടക്കുന്ന സാഹിത്യോത്സവങ്ങളിലേക്ക് പങ്കെടുക്കുവാൻ എത്തുന്ന പ്രമുഖരായ സാഹിത്യകാരന്മാർ കേരളത്തിലെ ജനങ്ങളുടെ സാഹിത്യ തത്പരതയെ കുറിച്ച് വാനോളം പുകഴ്ത്തുന്നത് പ്രശസ്തമാണ്.

മലയാള പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ എണ്ണത്തിലും ഗണ്യമായ വർധന സമീപ കാലത്ത് സംഭവിച്ചിട്ടുണ്ട്. അതേസമയം കേരളത്തിലെ മാസികകളും വാരികകളും പത്രങ്ങളും വലിയ പ്രതിസന്ധി നേരിടുകയുമാണ്. എല്ലാ പ്രസിദ്ധീകരണങ്ങളുടേയും വരിക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുന്നു എന്നുള്ളതാണ് അതിന് കാരണം. ഒരുകാലത്ത് ലക്ഷക്കണക്കിന് കോപ്പികൾ അച്ചടിച്ചിരുന്ന ജനപ്രിയ വാരികകൾ നിർത്തേണ്ടി വന്ന ദയനീയ സാഹചര്യം കേരളത്തിലാണ് സംഭവിച്ചത് എന്നത് ദയനീയമാണ്. രാജ്യ തലസ്ഥാനത്തെ വാർത്തകൾ അറിയിച്ചു കൊണ്ടിരുന്ന രണ്ടു പ്രമുഖ മലയാള ദിനപത്രങ്ങളിൽ ഒന്ന് അച്ചടി നിർത്തി. ഇപ്പോഴും അച്ചടി തുടരുന്ന മാധ്യമ സ്ഥാപനം വലിയ നഷ്ടം സഹിച്ചാണ് അത് തുടരുന്നത് എന്നത് യാഥാർഥ്യമാണ്.

കവിത, കഥ, നാടകം, ലേഖനം. നോവൽ, നോവല്ലേറ്റ് തുടങ്ങിയ മേഖലകളിലാണ് കൂടുതൽ സാഹിത്യ പ്രേമികൾ എത്തുന്നത്. പുതുതായി എഴുതി തുടങ്ങുന്നവരിൽ ചിലർ മികച്ച നിലവാരവും പുലർത്തുന്നുണ്ട് എന്നുള്ളത് പറയാതിരിക്കുവാൻ സാധിക്കില്ല. കോവിഡ് കാലത്ത് വളരെ വേഗതയിലാണ് എഴുത്തുകാർ നമ്മുടെ മലയാളക്കരയിൽ മുളച്ചു പൊന്തിയത്. ഓർമ്മകളിൽ വന്ന ഒട്ടേറെ നല്ല കഥകൾ ഒട്ടേറെ നല്ല സിനിമകൾ ഒട്ടേറെ നല്ല ചിത്രങ്ങൾ എല്ലാം ഉണ്ടായത് മഹാമാരി കാലത്താണ് എന്നുള്ളത് ശ്രദ്ധേയമാണ്. മഹാമാരിയുടെ കാലത്ത് സമൂഹത്തിൽ ഒട്ടേറെ വ്യക്തികളെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നത് പോലെ ഒട്ടേറെ നല്ല. സൃഷ്ടികൾ ലഭിച്ചിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ഓർമ്മ പുസ്തകങ്ങളാണ് ഏറ്റവും കൂടുതൽ കൊവിഡിന് ശേഷം ഇറങ്ങിയിട്ടുള്ളത് എന്ന് കാണുവാൻ സാധിക്കും.

സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. എന്നാൽ സംസ്കൃതത്തിൽ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് കാവ്യം അഥവാ സാഹിത്യം ജനിക്കുന്നത്. യുവ എഴുത്തുകാർ ആദ്യം പരീക്ഷിക്കുന്നതും കാവ്യം രചിച്ചു കൊണ്ടാണ്. മലയാള ഭാഷ പഠിച്ചു കഴിഞ്ഞാൽ ഉടനെ കവിതകൾ എഴുതുന്ന എത്രയോ പേർ ഇന്ന് നമ്മുടെ ക്യാമ്പസുകളിൽ ഉണ്ട്. കാലങ്ങൾ ആയി സാഹിത്യ രംഗത്ത് എത്തുന്നവർ കവിതകളിലൂടെയാണ് രംഗപ്രവേശം ചെയ്യുന്നതെന്ന് കാണാവുന്നതാണ്.

സാഹിത്യം എന്ന പദത്തിന് പ്രചാരം ലഭിച്ചത് പതിനാലാം നൂറ്റാണ്ടിൽ വിശ്വനാഥന്‍റെ സാഹിത്യദർപ്പണം എന്ന ഗ്രന്ഥത്തിലൂടെയാണ്. മലയാളത്തിലെ സാഹിത്യ രൂപങ്ങളിൽ നോവലും ചെറുകഥയും ഒഴികെ മറ്റുള്ളവയെല്ലാം തന്നെ തനതായ നാടൻ കലാ രൂപങ്ങളുടെ പരിഷ്കരണമാണ്. സാഹിത്യം എന്നാൽ നഷ്ടമാകുന്നവയെ ഭാവനയിലൂടെ തിരികെ പിടിക്കുന്ന ഒരു ഘടകമാണെന്ന് പറയാം. ശബ്ദവും അർഥവും ചേരുമ്പോഴാണ് സാഹിത്യം ജനിക്കുന്നത്. അതിനാൽ നമ്മുടെ നാടൻ വരമൊഴികൾ സാഹിത്യത്തിന്‍റെ പാതയെ ഏറെ സഹായിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com