

'ഇനി ഞാൻ ഉറങ്ങട്ടെ' ഭാവഗാനത്തിന്‍റെ ഉന്നതിയാർന്ന രൂപം: കെ.എം. ബാലകൃഷ്ണൻ
വടകര: പി.കെ ബാലകൃഷ്ണന്‍റെ വിഖ്യാതമായ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ ഉത്കൃഷ്ടമായ ഭാവഗാനത്തിന്‍റെ ഉന്നതിയാർന്ന രൂപമാണെന്ന് കെ.എം. ബാലകൃഷ്ണൻ പറഞ്ഞു. പയസ്വിനിയുടെ അക്ഷരനിർഝരി എന്ന പ്രതിമാസപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും വെല്ലുന്ന പോരാളിയായ കർണൻ കുലത്തിന്‍റെ പേരിൽ ജീവിതകാലം മുഴുവൻ അപമാനിതനാകുന്ന കാഴ്ച ഈ നോവലിൽ കാണാം.
ദ്രൗപദിയുടെ ധർമ്മരോഷവും ദു:ഖവും വ്യർത്ഥതാബോധവും ആവിഷ്കരിക്കുന്ന ഈ കൃതി ഒരു സ്ത്രീപക്ഷ രചനയായും നമുക്ക് വായിക്കാം.
കെ. വിജയൻ പണിക്കർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം. മുരളീധരൻ, തയ്യുള്ളതിൽ രാജൻ, കണ്ണോത്ത് കൃഷ്ണൻ എന്നിവർ സംസാരിച്ചു. വി. ടി. സദാനന്ദൻ സ്വാഗതവും എൻ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു