കാക്കനാടനും ഇന്നത്തെ കഥാലോകവും

ഓരോ അക്ഷരത്തിനും ഓരോ വാക്കിനും ശക്തി പകരുന്നത് ഈ ഭൂമിയും ഈ മണ്ണും ഈ പുഴയും ഈ കായലും പച്ചത്തഴപ്പുകളുമാണെന്നാണ് എന്‍റെ വിശ്വാസം.' - കാക്കനാടൻ ഒരു അഭിമുഖത്തിൽ പറഞ്ഞതാണിത്.
കാക്കനാടനും ഇന്നത്തെ കഥാലോകവും

"ഒരു കലാകാരന്‍റെ കാര്യത്തിൽ അയാളെ പ്രകൃതിയുടെ ഘടകങ്ങൾ വളരെയേറെ സ്വാധീനിക്കുന്നു. അതിൽ വെള്ളത്തിനു ഒരു വലിയ പങ്കുണ്ട്. ഞാൻ കൊല്ലത്ത് താമസിക്കുമ്പോൾ, അഷ്ടമുടിക്കായലിനെപ്പോലെ തന്നെ എന്നെ അറബിക്കടലും സ്വാധീനിക്കുന്നു.

വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലമാണ്. ഓരോ അക്ഷരത്തിനും ഓരോ വാക്കിനും ശക്തി പകരുന്നത് ഈ ഭൂമിയും ഈ മണ്ണും ഈ പുഴയും ഈ കായലും പച്ചത്തഴപ്പുകളുമാണെന്നാണ് എന്‍റെ വിശ്വാസം.' - കാക്കനാടൻ ഒരു അഭിമുഖത്തിൽ പറഞ്ഞതാണിത്. അസ്തിത്വവാദം, ശൂന്യതാവാദം, വ്യക്തിവാദം, സറിയലിസം തുടങ്ങി പാശ്ചാത്യ ആശയ, രചനാ സങ്കേതങ്ങളെല്ലാം സ്വാനുഭവത്തിലൂടെ അറിഞ്ഞു പരീക്ഷണത്തിലേർപ്പെട്ട അസാധാരണ കഥാകൃത്താണ് കാക്കനാടൻ. അദ്ദേഹത്തിന്‍റെ കഥകൾ ഒരു കാലഘട്ടത്തിന്‍റെ പ്രക്ഷുബ്ധമായ അന്തരംഗമായിരുന്നു. അദ്ദേഹം രചനയിൽ പാരമ്പര്യത്തിൽ നിന്ന് വഴിമാറി നടന്നു. കലയിൽ സൗന്ദര്യത്തിന്‍റെ അപൂർവമായ അറിവുകൾ ആവിഷ്കരിച്ചു.

ബർമൂദാ ത്രികോണമോ?, ആൾവാർ തിരുനഗറിലെ പന്നികൾ, ശ്രീചക്രം, മഴയുടെ ജ്വാലകൾ തുടങ്ങി എത്രയോ കഥകൾ അദ്ദേഹം എഴുതി. ഓരോ കഥയും സർഗാത്മകകലാകാരന്‍റെ ഏകാന്ത സഞ്ചാരത്തിന്‍റെ തീക്ഷ്ണമായ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളായിരുന്നു. ഒരു കഥ എന്തിനെഴുതണമെന്ന് ചിന്തിക്കാനറിയാവുന്ന കഥാകൃത്തായിരുന്നു കാക്കനാടൻ. അദ്ദേഹം സാഹിതീയമായ രഹസ്യങ്ങളുടെ ഒരു സംഘാതമായിരുന്നു. മാന്യമായ തൊഴിലും സിനിമാബന്ധങ്ങളും മാധ്യമ സ്വാധീനവുമുള്ളതു കൊണ്ട് ഒരു കഥ എഴുതിയേക്കാം, അതിന്‍റെ പ്രശസ്തി കൂടി പോരട്ടെ എന്ന് ചിന്തിച്ചയാളല്ലായിരുന്നു കാക്കനാടൻ. അദ്ദേഹം എന്തെങ്കിലും എഴുതിയാൽ അത് ദൈവത്തിന്‍റെയും ശ്രദ്ധാകേന്ദ്രമാവുമായിരുന്നു. വാക്കുകളെ അദ്ദേഹം തന്‍റെ അദമ്യമായ പ്രപഞ്ചപൂരണത്തിനുള്ള നൃത്തമാക്കി മാറ്റുമായിരുന്നു. ഭാഷയിലൂടെ അന്യഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാൻ പ്രബുദ്ധത നേടുകയായിരുന്നു അദ്ദേഹം.

വായിക്കുന്നവന്‍റെ കഥ

സാഹിത്യരചന മാത്രമല്ല വായനയും ഒരു പ്രധാന ഘടകമാണല്ലോ. ഇന്ന് എത്ര എഴുത്തുകാർ വായിക്കുന്നു? മലയാളത്തിലെ പഴയ കഥാകൃത്തുക്കളെ പോലും വായിക്കേണ്ട ആവശ്യമില്ലെന്ന് കരുതുന്നവരാണ് അധികവും. തങ്ങൾക്ക് രാഷ്‌ട്രീയസ്വാധീനവും പണവുമുണ്ട്. അതുകൊണ്ടു തങ്ങൾ ചവർ കഥ എഴുതിയാലും വാരികയുടെ കവർ പേജിൽ പടം അച്ചടിച്ച് വരുമെന്ന് ഹുങ്കുള്ള കുറെ എഴുത്തുകാരങ്കിലും ഇന്നുണ്ട്. എഴുത്തുകാരൻ ലുങ്കിയുടുത്ത് ചാഞ്ഞു കിടക്കുന്ന പടങ്ങൾ കാണാനല്ല വായനക്കാർ കാത്തിരിക്കുന്നത്. എഴുത്തുകാരൻ സുന്ദരനായാൽ പോരല്ലോ. തങ്ങൾക്ക് ആന്തരികമായ വെളിച്ചം നൽകുന്ന ഒരു വാചകമെങ്കിലും കിട്ടുമോ എന്നാണ് അവർ നോക്കുന്നത്.

കാക്കനാടൻ പറയുന്നത് നോക്കൂ. അദ്ദേഹം തന്‍റെ കലാസങ്കേതങ്ങളും രൂപങ്ങളും എല്ലാം മാറ്റിവെച്ച് പ്രകൃതിയിലേക്ക് ആണ്ടിറങ്ങുകയാണ്. തന്നെ വെള്ളം സ്വാധീനിച്ചു എന്നു തുറന്നു പറയുകയാണ്. യാതൊരു സംഘടിത കൂട്ടത്തിലും ചേരാതെ തന്‍റെ സർഗാത്മക ഭാവനകൾക്ക് നിസംഗതയും നിഷ്കളങ്കതയും നർമവും നൽകിയ കാക്കനാടൻ ആത്മനിന്ദയുടെയും അന്വേഷണത്തിന്‍റെയും പഥങ്ങളിൽ സ്വയം അന്വേഷിച്ചു. സ്വയം നിരാകരിച്ചുകൊണ്ട് ഈ ലോകവുമായുള്ള ബന്ധം പരിശോധിക്കുന്നു. ഒരു കലാകാരന്‍റെ നിർവ്യാജമായ ലോകബന്ധങ്ങൾ സൃഷ്ടിയിൽ പ്രധാനമാണ്.

രചനയോട് തീവ്രമായ അഭിനിവേശമുള്ള ഒരാൾ സ്വന്തം പ്രതിഛായയിൽപോലും വിശ്വസിക്കുന്നില്ല. എഴുത്തുകാരന് പ്രതിഛായ മറ്റുള്ളവർ കൊടുക്കുന്നതല്ല; അത് ചതിക്കുഴിയാണ്. പ്രസാധകരും അവാർഡ് മുതലാളിമാരും നൽകുന്ന പ്രതിഛായയല്ല എഴുത്തുകാരന്‍റേത്. വളരെയൊന്നും ആഘോഷിക്കപ്പെടാത്ത ജയനാരായണൻ ഒരു കാലത്ത് എറണാകുളത്ത് എഴുത്തുകാരുടെ സൗഹൃദസംഘങ്ങളിലെ സാന്നിധ്യമായിരുന്നു. അദ്ദേഹം "നീലപ്പക്ഷി' എന്ന കഥയെഴുതിയപ്പോൾ അത് സഹൃദയരെ ആകർഷിച്ചു. എന്നിട്ടും യാതൊരു വേലത്തരങ്ങളുമില്ലാതെ, ആൾക്കൂട്ടത്തിൽ അന്യനായി അലഞ്ഞു. പ്രസ് ക്ലബ് റോഡിലെ പുസ്തകശാലകളിൽ ഒറ്റയ്ക്ക് കയറിയിറങ്ങുന്നത് വൈകുന്നേരങ്ങളിലാണ്. മാൽക്കം ലൗറിയുടെയോ കസൻദ് സാക്കിസിന്‍റെയോ പുസ്തകങ്ങൾ കണ്ടാൽ വാങ്ങും. അത് നിധിപോലെ ലോഡ്ജിൽ കൊണ്ടുപോയി വായിക്കും. യഥാർഥ ആർത്തി അതാണ്. പുസ്തകങ്ങൾ വായിച്ച് അത് സൂക്ഷിച്ചു വയ്ക്കുന്നു.

പ്രമേയത്തോട് ആത്മബന്ധമില്ല

ലോകത്തിലെ വിവിധ ദേശങ്ങളിലുള്ളവർ എങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയാനുള്ള ആഗ്രഹം ജയനാരായണനിൽ പ്രകടമായിരുന്നു. ലാറ്റിനമേരിക്കൻ സാഹിത്യകാരനായ കാബ്റേറ ഇൻഫന്‍റോ, ആഫ്രിക്കൻ സാഹിത്യകാരനായ ബ്രേറ്റൻ ബ്രേറ്റൻബാക് തുടങ്ങിയവരുടെ കൃതികൾ ഞാൻ കണ്ടത് ജയനാരായണന്‍റെ മുറിയിൽ ചെന്നപ്പോഴാണ്. എന്നാൽ ഇന്ന് എത്ര എഴുത്തുകാരാണ് ഇതുപോലെ മറ്റു കൃതികൾ വായിക്കുന്നത്?

ഇവർക്ക് ലോകത്ത് ചെറുകഥ എന്ന കലയിൽ പരീക്ഷിച്ച വിവിധ രൂപങ്ങളും ഭാഷാപരമായ തരംഗങ്ങളും എന്താണെന്ന് അറിയില്ല. ഇവർ തങ്ങളുടെ പഴയ വർത്തമാനങ്ങളും നിസാരമായ കാര്യങ്ങളും ആവർത്തിച്ച് എഴുതി നമ്മെ ബോറടിപ്പിക്കുകയാണ്. കാക്കനാടൻ അഷ്ടമുടിക്കായൽ, അറബിക്കടൽ എന്നൊക്കെ പറയുമ്പോൾ തെറ്റിദ്ധരിക്കേണ്ട; അദ്ദേഹം വെള്ളമല്ല പ്രമേയമായി സ്വീകരിക്കുന്നത്. അറബിക്കടലിൽ ഒറ്റയ്ക്ക് തോണി തുഴയുന്നതോ അഷ്ടമുടിക്കായലിൽ നിന്ന് മീൻ പിടിച്ചു കറി വയ്ക്കുന്നതോ അല്ല അദ്ദേഹം എഴുതുന്നത്. വെള്ളം, നമ്മൾ വിചാരിക്കാത്ത തലത്തിലാണ് കാക്കനാടനിൽ സ്വാധീനമൂല്യമാകുന്നത്. ഒരു വലിയ മനസ് അങ്ങനെയാണ്. വെള്ളം വെള്ളത്തിന്‍റെ രൂപത്തിലല്ല കാക്കനാടനിൽ സർഗാത്മക ഭാവനകളായി രൂപാന്തരപ്പെടുന്നത്. പ്രകൃതിവസ്തുക്കളെ തന്‍റെ ആന്തരിക പരീക്ഷണശാലയിൽ മറ്റൊന്നാക്കി മാറ്റാൻ കാക്കനാടനറിയാം.

എന്നാൽ കാക്കനാടന്‍റെ പ്രകൃതിബോധവും സ്വാധീനമൂല്യവും പുതിയ കഥാകൃത്തുക്കളിൽ കാണുന്നില്ല. മലയാള കഥ ഇന്ന് ചീട്ടുകൊട്ടാരം പോലെ തകർന്നിരിക്കുകയാണ്. മികച്ച ഒരു കഥയുണ്ടാകുന്നില്ല. എഴുതുന്ന വിഷയത്തോട് ആത്മബന്ധമുള്ള കഥാകൃത്തുക്കളെ കാണാനില്ല. പലരും പത്രാധിപർ കൊടുക്കുന്ന വിഷയത്തിനനുസരിച്ച് കഥ എഴുതുകയാണ്. പത്രാധിപർ കരടിയെ കേന്ദ്ര കഥാപാത്രമാക്കൂ എന്ന് പറഞ്ഞാൽ ഉടനെ കഥാകൃത്ത് കരടിയെ കാമുകനാക്കി അവതരിപ്പിക്കുകയാണ്! പത്രാധിപർ പുലിയെ കഥാപാത്രമാക്കൂ എന്ന് പറഞ്ഞാൽ കഥാകൃത്ത് പുലിയെ പിടിച്ചു കറി വയ്ക്കുന്ന കഥ എഴുതുകയാണ്. പത്രാധിപർ കിണറിനെക്കുറിച്ച് എഴുതൂ എന്ന് പറഞ്ഞാൽ കഥാകൃത്ത് പാതാള കരണ്ടിയുമായി കിണറ്റിലേക്ക് ഇറങ്ങുകയാണ്. എന്താണോ എഴുതുന്നത് അത് നമ്മെക്കൊണ്ട് എഴുതിപ്പിക്കണം; നമ്മൾ എഴുതാൻ ശ്രമിക്കരുത്. അപ്പോൾ കൃത്രിമത്വമുണ്ടാകും. വില്യം ഫോക്നർ പറഞ്ഞത് ഇതാണ്: "ഒരു കലാകാരൻ പിശാചുക്കൾ വളർത്തുന്ന ജീവിയാണ്. എന്തുകൊണ്ടാണ് പിശാചുക്കൾ അവനെ തിരഞ്ഞെടുത്തതെന്ന് അവനു പോലും അറിയില്ല.'

കഥ കലാനുഭവമാകണം

സമീപകാലത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഇ. സന്തോഷ്കുമാർ, വി.ജെ. ജയിംസ്, ജി.ആർ. ഇന്ദുഗോപൻ, ടി.ഡി. രാമകൃഷ്ണൻ തുടങ്ങിയവർ എഴുതിയ കഥകൾ ശരാശരിക്കും താഴെയായിരുന്നു. വായനക്കാരെ ആകർഷിക്കാനുള്ള സത്യസന്ധത അവരുടെ കൃതികളിൽ കണ്ടില്ല. വായനക്കാരന്‍റെ മനസിലേക്ക് കയറാൻ കഥയ്ക്ക് കഴിയുന്നില്ല. അശോകൻ ചരുവിൽ കുറെ കഥകൾ എഴുതിയെങ്കിലും എല്ലാം വക്രീകരിക്കപ്പെട്ടതാണ്. കഥ എഴുതുന്നതിനു മുമ്പ് തന്നെ ഒരു ഫോർമുല പരീക്ഷിക്കുന്നതായി തോന്നി. ചില കഥാപാത്രങ്ങളെ നിറത്തിന്‍റെയും വലിപ്പത്തിന്‍റെയും പേരിൽ വിവരിച്ച് ബോഡി ഷെയ്മിങ് നടത്തുന്നതായി കണ്ടു. അശോകനു ജീവിതത്തെ സമീപിക്കാൻ പ്രയാസമാണ്. അദ്ദേഹത്തിനു തന്‍റെ രാഷ്‌ട്രീയം പറയാനുള്ള ഒരു ഉപാധി മാത്രമാണ് കഥ. കഥ എന്ന കലാനുഭവത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നതു പോലുമില്ല.

എം.ടിയുടെ ദുഃഖത്തിന്‍റെ താഴ്വര, രക്തം പുരണ്ട മൺതരികൾ തുടങ്ങിയ കഥകൾ നോക്കൂ. കഥ പറയുന്നതിലുള്ള ആത്മാർഥത കാണാം. സി.വി.ശ്രീരാമനു മാത്രമേ "ക്ഷുരസ്യധാര' എന്ന കഥ എഴുതാനാവൂ. ടി. പത്മനാഭന്‍റ "കത്തുന്ന ഒരു രഥചക്രം' നമ്മെ അലട്ടിക്കൊണ്ടിരിക്കും. എന്നാൽ പി.എഫ്. മാത്യൂസ്, സി.വി. ബാലകൃഷ്ണൻ, അയ്മനം ജോൺ, ഉണ്ണി. ആർ തുടങ്ങിയവർ ചെറുകഥ എന്ന കലാരൂപത്തെ സമീപിച്ചു പരാജയപ്പെട്ടിരിക്കുകയാണ്. വായനക്കാരനെന്ന നിലയിൽ പറയട്ടെ, കഥയെഴുതാൻ ബുദ്ധിയോ കുബുദ്ധിയോ അല്ല വേണ്ടത്; നിഷ്കളങ്കതയാണ്. നിങ്ങൾക്കറിയാവുന്ന ഏറ്റവും സത്യസന്ധമായ വാക്യമാണ് എഴുതേണ്ടതെന്ന് ഹെമിങ്‌വേ പറഞ്ഞിട്ടുണ്ട്. സത്യവുമായി ബന്ധമുണ്ടെങ്കിലേ അത് എഴുതാനൊക്കൂ. വെറുതെ ബുദ്ധിപരമായ നാട്യം വേണ്ട. മനുഷ്യമനസിനോട് നിഷ്കളങ്കമായി പെരുമാറുക.

ഇ. ഹരികുമാർ എഴുതിയ "പച്ചപ്പയ്യിനെ പിടിക്കാൻ', ശ്രീപാർവതിയുടെ "പാദം' തുടങ്ങിയ കഥകൾ ഞാൻ സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട്. അദ്ദേഹം കഥ പറയുന്ന രീതി ആരെയും ആകർഷിക്കും. രക്തത്തിൽ അലിഞ്ഞ അനുഭവങ്ങളാണ് ഹരികുമാർ അതിമനോഹരമായി എഴുതുന്നത്. വി.പി. ശിവകുമാർ മൂന്നു കഥാപാത്രങ്ങൾ, ഭാരത മാതാവ് തുടങ്ങിയ കഥകൾ എഴുതി. വ്യക്തിഗതമായ വ്യർഥതകളെ ആത്യന്തികമായ ആത്മപരിശോധനയിലേക്കും മടുപ്പിലേക്കും കൊണ്ടുപോയി. യു.പി. ജയരാജിന്‍റെ മഞ്ഞ്, ബിഹാർ, ഓക്കിനാവയിലെ പതിവ്രതകൾ തുടങ്ങിയ കഥകൾ എത്ര തീവ്രമാണ്! ഇന്ത്യയുടെ ഇരുണ്ട കാലത്തെ അത് ഓർമിപ്പിക്കുന്നു. പാവപ്പെട്ടവരെ ജന്മിമാർ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള കലാപമാണ് മിക്ക കഥകളും. വായനക്കാർ ഈ കലാപത്തോട് യോജിക്കണമെന്നില്ല. എന്നാൽ അവർ ഇതിൽ കാണുന്നത് കഥയുടെ സൗന്ദര്യമാണ്; ഭാഷയുടെ വജ്ര ശോഭയാണ്.

കഥ വായനാനുഭവത്തെ എങ്ങനെയെല്ലാം സജീവമാക്കുന്നുവെന്ന് ജയരാജിന്‍റെ കഥയുടെ പാരായണവേളയിൽ മനസിലാകും. ഇപ്പോൾ മലയാളകഥ ഒരു വാർത്തയല്ല. പണ്ട് എം.ടി "ഷെർലക്' എഴുതി എന്ന് കേൾക്കുന്നത് ഒരു വാർത്തയും വിശേഷവുമായിരുന്നു. ഇന്ന് കഥാകൃത്തുക്കൾക്ക് മനസിൽ ഓർക്കാനും ആലോചിക്കാനും പറ്റിയ ഒരു വിഷയവും അവതരിപ്പിക്കാനില്ല.

ഉത്തരരേഖകൾ

1) തമിഴ് എഴുത്തുകാരൻ ജയമോഹൻ "മഞ്ഞുമ്മൽ ബോയ്സ്' മലയാളികളുടെ പെറുക്കിത്തരം തുറന്നു കാട്ടുകയാണെന്ന് പറഞ്ഞല്ലോ. എങ്ങനെ നിരീക്ഷിക്കുന്നു?

ഉത്തരം: തമിഴ്നാട്ടിൽ ഇപ്പോൾ പ്രദർശിപ്പിക്കുന്ന മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നീ ചിത്രങ്ങളാണ് മറ്റു തമിഴ് സിനിമകളെ അപേക്ഷിച്ച് മുന്നിൽ. ഈ സന്ദർഭത്തിൽ വംശീയ വിദ്വേഷം പറഞ്ഞാൽ ആളുകൾ കേൾക്കും. ഉച്ചത്തിൽ പറഞ്ഞാൽ ചർച്ച ചെയ്യും. ടൂറിസ്റ്റുകൾ മദ്യപിക്കുന്നതാണ് കുഴപ്പമെങ്കിൽ അത് സർക്കാരാണ് നോക്കേണ്ടത്. മദ്യം കൈയിലുണ്ടോ എന്ന് പരിശോധിച്ചു ഉറപ്പു വരുത്തണം. എന്നിട്ടാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കേണ്ടത്. മദ്യപിക്കരുതെന്ന് പഠിപ്പിക്കാൻ സിനിമ എടുക്കണ്ട. കല സന്ദേശം പകരാനുള്ളതല്ല; സന്ദേശം വേണ്ടവർക്ക് മതപരമായ പുസ്തകങ്ങളൊക്കെ വായിക്കാം.

2) മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നീ ചിത്രങ്ങൾ എങ്ങനെ വിജയിച്ചു?

ഉത്തരം: വിനോദത്തിന്‍റെ പുതിയ ഫോർമുല വന്നു. തണ്ണീർ മത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങൾ ആ മാറ്റം കുറിച്ചു. പുതിയ രീതിയിൽ സിനിമ എങ്ങനെയെടുക്കണമെന്ന് മലയാളത്തിലെ നവസംവിധായകർ മനസിലാക്കിയിരിക്കുന്നു. സിനിമയിൽ സാഹിത്യം വേണ്ട; നാടകവും വേണ്ട. വലിയ ടെക്സ്റ്റ് ആവശ്യമില്ല. അതിന്‍റെ കാലം കഴിഞ്ഞു. ചെറിയ പ്രശ്നങ്ങൾ സ്വാഭാവികമായി പറഞ്ഞാൽ മതി. പ്രേക്ഷകനെ ഒരു നഗരത്തിലേക്ക് കൊണ്ടുപോവുകയാണ്. അവിടെ നടക്കുന്ന കാര്യങ്ങൾ അവന് നേരിൽ കാണിച്ചു കൊടുക്കുന്ന രീതിയാണ് പ്രധാനം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും സ്കൂൾ ഓഫ് ഡ്രാമയുമൊന്നും ഇവിടെ വേണ്ട.

3) മൾബറി എന്ന പ്രസാധനശാലയുടെ സാരഥിയായിരുന്ന ഷെൽവി വിടവാങ്ങിയിട്ട് വർഷങ്ങളായി. ഷെൽവിയെക്കുറിച്ച് സുഹൃത്ത് കെ. സുരേന്ദ്രൻ എഡിറ്റ് ചെയ്ത പുസ്തകം കണ്ടോ ?

ഉത്തരം: അത് കണ്ടു, വായിച്ചു. വളരെ ആവശ്യമായിരുന്നു ഈ പുസ്തകം (ഓർമ, ഷെൽവി, മൾബറി, സായി ബുക്സ് തേഞ്ഞിപ്പലം). ഷെൽവിയെ പരിചയമുണ്ടായിരുന്നവരും സുഹൃത്തുക്കളും എഴുതിയ കുറിപ്പുകൾ നന്നായിട്ടുണ്ട്. ഷെൽവിയുടെ ലേഖന ഭാഗങ്ങളും കവിതകളും ഇതിൽ വായിക്കാം. എന്നാൽ ഷെൽവിയുടെ കവിതകൾ സുഹൃത്തുക്കളും മറന്നു. അത് ഓർമിപ്പിച്ചത് നന്നായി. ഷെൽവി കവിതയെക്കുറിച്ച് പറഞ്ഞത് ശ്രദ്ധിക്കൂ:

"വാക്കുകളിൽ പുനസൃഷ്ടിക്കുന്നത് മാത്രമല്ല കവിത. കവിത എവിടെയും വായിക്കാം. പുരാതന ഗോവയിൽ, സ്മിത പാട്ടീലിന്‍റെ ചിദംബരക്കണ്ണുകളിൽ, ഗോളടിക്കാനാവാതെ നിരാശനായി മടങ്ങിവന്നു തലയ്ക്ക് കൈയും കൊടുത്തു കരയുന്നവനിൽ, എം.ടിയുടെ നിർമാല്യത്തിൽ, ടി. പത്മനാഭന്‍റെ കഥകളിൽ, അഴകാർന്ന പേനകളിൽ, ബാലചന്ദ്രന്‍റെ ശബ്ദത്തിൽ, മമ്മൂട്ടി യിൽ, എന്‍റെ ആസ്ട്രേകളിൽ (ഒന്നിനു മനുഷ്യരൂപം, മറ്റേതൊരു പഴക്കൂട കഴുത്തിലണിഞ്ഞ ബാലിക)'.

4) യേശുദാസ് ശരിക്കും ഏത് സംഗീത സംവിധായകന്‍റെ ഗായകനാണ്?

ഉത്തരം: ഏത് സംഗീത സംവിധായകനും ഏറ്റവും തൃപ്തി നൽകുന്ന ഗായകനാണല്ലോ യേശുദാസ്. എന്നാൽ ശരിക്കും യേശുദാസ് ദേവരാജൻ മാഷിന്‍റെ ഗായകനാണ്. ദേവരാജൻ ഒരു മിസ്റ്റിക് സംഗീതസംവിധായകനാണ്. അദ്ദേഹത്തിന്‍റെ ചില ഗാനങ്ങൾ അപാരതയിൽ ചെന്നണയുകയാണ്. അത് പാടാൻ ഒരു ഗായകനാന്ന് ഉണ്ടായിരുന്നത്, അത് യേശുദാസാണ്. നിത്യകാമുകീ ഞാൻ നിൻ മടിയിലെ, രാക്കുയിലിൻ രാജസദസിൽ, എന്‍റെ വീണക്കമ്പിയെല്ലാം തുടങ്ങിയ ഗാനങ്ങളിൽ ദേവരാജൻ മാഷ് സൃഷ്ടിച്ചിരിക്കുന്ന മിസ്റ്റിക് ഭാവപൂർണത അപാരമാണ്. അത് വേറെയാര് പാടും ?

5) കലാപരമായ അനുഭവം അല്ലെങ്കിൽ ആനന്ദം നമ്മുടെ വ്യക്തിപരമായ മനോനിലയെ ആശ്രയിച്ചാണോ നില നിൽക്കുന്നത്?

ഉത്തരം: ഇക്കാര്യത്തിൽ ജർമൻ തത്ത്വചിന്തകനായ ഷോപ്പനോർ പറഞ്ഞത് ഇതാണ്: "കലാകാരൻ വ്യക്തിപരമായ പ്രശ്നങ്ങളിൽ നിന്ന് കലാപരമായ അനുഭവത്തെ, ആനന്ദത്തെ സ്വതന്ത്രമാക്കുകയാണ്. കലാപരമായ കാഴ്ച എവിടെയായാലും ഒരുപോലെയാണ്. സൂര്യാസ്തമയം ജയിലിൽ നിന്നു നോക്കിയാലും കൊട്ടാരത്തിൽ നിന്ന് നോക്കിയാലും ഒന്നു തന്നെ'.

വ്യക്തിപരമായ പ്രശ്നങ്ങളൊന്നും നോക്കാതിരുന്നാൽ, പരമാവധി ശാന്തി നൽകാൻ ഏതു വസ്തുവിനും കഴിയുമത്രേ. ഒരു വിയോജിപ്പുണ്ട്. പ്രേക്ഷകന്‍റെ മനസ് അങ്ങനെയല്ല. അവൻ മനസിൽ മുറിവുകളുമായി സൂര്യാസ്തമയം കണ്ടാൽ അത് അവന്‍റെ മനസിൽ വേദനയുണ്ടാക്കും.

Trending

No stories found.

Latest News

No stories found.