വാക്കുകൾ കടന്നു ചെല്ലാത്ത ഇടങ്ങൾ

പ്രത്യക്ഷത്തിൽ നിർമലമായത് അങ്ങനെയല്ല മറ്റൊരാൾക്ക് അനുഭവപ്പെടുന്നതെന്ന് കവി സാക്ഷ്യപ്പെടുത്തുന്നു. ഈ അറിവ് നമ്മുടെ സമൂഹത്തിൽ ജനാധിപത്യപരമായി നിലനിൽക്കുന്നതല്ല.
വാക്കുകൾ കടന്നു ചെല്ലാത്ത ഇടങ്ങൾ

എ. അയ്യപ്പൻ "രതിനിർവേദം' എന്ന കവിതയിൽ ഇങ്ങനെ എഴുതി:

"നിർമലമായ നിന്‍റെ കണ്ണുകൾ

രണ്ടു നഖങ്ങളാണെന്ന്

ഞാനറിഞ്ഞു.

അരുതേ, അരുതാത്ത

വസന്തത്തിലേക്ക് വരരുതേ

മരിക്കും'.

ആധുനിക നഗരിയിലെ പ്രണയം, സ്നേഹം, മമത, അനുതാപം തുടങ്ങിയ വികാരങ്ങളെ ആത്മാവിൽ നിന്നു പ്രതിഫലിപ്പിക്കുകയാണ് കവി. തുടർന്ന് അദ്ദേഹം ആ അനുഭവത്തിന്‍റെ അഗാധതകളിലേക്ക് ചെല്ലുന്നു:

"ഇതൊരു കാട്ടിന്നുരുട്ട്

ഒരു മൃഗം

എന്നെ ചുംബിക്കുകയാണ്

വസന്തത്തിന്‍റെ

നാനാവർണാഭരണങ്ങൾ

രുചിക്കുകയാണ്

മൃഗീയമായ തത്വദീക്ഷയ്ക്ക്

ഇരയാവുകയാണ്;

ഒരു വ്യാഘ്രത്തിന്‍റെ ചിരിയിലൂടെ'.

പ്രത്യക്ഷത്തിൽ നിർമലമായത് അങ്ങനെയല്ല മറ്റൊരാൾക്ക് അനുഭവപ്പെടുന്നതെന്ന് കവി സാക്ഷ്യപ്പെടുത്തുന്നു. ഈ അറിവ് നമ്മുടെ സമൂഹത്തിൽ ജനാധിപത്യപരമായി നിലനിൽക്കുന്നതല്ല. പുതിയൊരു കണ്ടത്തിലാണിത്. ഒരു ഖനനം. നമ്മൾ പരിചയച്ചതു മാത്രം എഴുതിക്കൊണ്ടിരിക്കുന്നവരുണ്ട്. ചിലർ അങ്ങനെയാണ്. അവർ പഠിച്ചതെല്ലാം ജീവിതകാലമത്രയും ആവർത്തിച്ചുകൊണ്ടിരിക്കും.

അമ്മയെ വണങ്ങണം, സൂര്യോദയം, സൂര്യാസ്തമയം എന്നിവ സുന്ദരമാണ്, പക്ഷിയുടെ പാട്ട് കേൾക്കാൻ രസമാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാത്രം എന്നും എഴുതിക്കൊണ്ടിരിക്കുന്നവരുണ്ട്. എന്നാൽ ആന്തരിക ജ്ഞാനമുള്ളവർ കണ്ടതിനും കേട്ടതിനും അപ്പുറം പോകുന്നു. സർഗാത്മകഥയുടെ കാതൽ ഇതാണ്. ഒരു കവി എപ്പോഴും മറ്റുള്ളവർക്ക് പ്രിയങ്കരമായ വിധത്തിൽ മുൻകൂട്ടി തീരുമാനിച്ച്, നിയമങ്ങളെ മുന്നിൽക്കണ്ട്, ഒത്തുതീർപ്പിന്‍റെ കച്ചയണിഞ്ഞു പ്രതികരിക്കുകയാണെങ്കിൽ അയാളുടെ പ്രതിഭ അനക്കമറ്റു എന്നാണർഥം. കവിയോ, എഴുത്തുകാരനോ സ്വയമറിയാതെ തന്നെ ഒരു രോഗാവസ്ഥയിലേക്കു നീങ്ങാം. ആ രോഗം അയാളെ പ്രബുദ്ധനാക്കും, പ്രക്ഷുബ്ധനാക്കും.

പ്രകമ്പനങ്ങൾ ഉള്ളിൽ

എന്തെന്നാൽ, പൊതുവായ ലോകാനുഭവങ്ങളെ മറികടന്ന് അയാൾ ചിലതെല്ലാം കാണുകയാണ്. വിചിത്രവും വിഭ്രാമകവുമായ ഒരു ലോകം നമ്മുടെ ബാഹ്യമായ പെരുമാറ്റങ്ങൾക്കടിയിൽ സ്പന്ദിക്കുന്നുണ്ടെന്ന് അയാൾ ഉറപ്പുവരുത്തുന്നു. അന്യമായതെന്താണോ, അതിൽ നിന്ന് ഒരു ജീവിയെ സ്വതന്ത്രമാക്കുന്നത് രോഗമാണെന്ന് ഓസ്ട്രിയൻ കവി റിൽക്കേ പറഞ്ഞത് ഇതിനോട് ചേർത്തുവച്ച് കാണണം. അതുകൊണ്ട് ഒരു പ്രതിഭാശാലി തനിക്കു രോഗമുണ്ടാകാൻ ഒത്താശ ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്. നിശ്ചലവും നിസഹായവുമായ ഒരു ജീവിതാവസ്ഥയിൽ നിന്ന് നമ്മെ ചലനാത്മകമാക്കാൻ ഇത് വേണം.

പ്രകമ്പനങ്ങൾ ഉള്ളിൽ സംഭവിച്ചുകൊണ്ടിരിക്കണം. ഒരേതരം വിലയിരുത്തലുകൾ, പഠനങ്ങൾ, ചിന്തകൾ നമ്മെ നിരായുധരാക്കുകയാണ്. എഴുത്തച്ഛനെക്കുറിച്ച്, കവിത്രയത്തെക്കുറിച്ച്‌, ചങ്ങമ്പുഴയെക്കുറിച്ച് ധാരാളം എഴുതപ്പെടുന്നുണ്ടെങ്കിലും അതെല്ലാം നിശ്ചലതയിൽ പരാജിതസ്വരങ്ങളായി മുഴങ്ങുകയാണ്. ഒരു പുതിയ കണ്ടെത്തലുമില്ല. ഒന്നിൽപ്പോലും ഒരു നല്ല വാചകമില്ല. എല്ലാം ചവച്ചരച്ചു ഭക്ഷിച്ചവ മാത്രം. സ്വന്തം നിശ്ചലതയോട് കലഹിക്കുന്നവനായിരിക്കണം കലാകാരൻ. അയാളുടെ രോഗവും കലാപവും അവനുവേണ്ടിയല്ല; ചരിത്രത്തിൽ കുഴിച്ചുമൂടപ്പെട്ട സത്യങ്ങൾക്കും അനുഭവങ്ങൾക്കും വേണ്ടിയാണ്.

കഴുതകളെ എഴുതിത്തള്ളരുത്

അയാൾ ചിലതു വീണ്ടെടുത്ത് നമുക്കു നൽകുന്നു. നമ്മുടെ കണ്ണുകൾ അതുവരെ കാണാത്ത ചില കാഴ്‌ചകൾ കാണുന്നു. ഇത് നേട്ടമല്ലേ? നമ്മെ കാഴ്ചയുള്ളവരാക്കാനായി എഴുത്തുകാരൻ സ്വയം കുത്തി നോവിക്കുന്നു. കലാകാരൻ ഒത്തുതീർപ്പുകൾക്ക് നിന്നുകൊടുക്കരുതെന്ന് പറയുന്നത് അതുകൊണ്ടാണ്. എന്നാൽ ഇപ്പോൾ കാണുന്നതെന്താണ്? സ്വതന്ത്രമായി ചിന്തിക്കുന്നവരെ കാണാനില്ല. എഴുത്തുകാരും പ്രഭാഷകരും സംഘടനകളിൽ പോയി മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കഴുതകളെപ്പോലെ ചുമക്കുന്നു.

കഴുതകൾ പോകുന്ന വഴിയേ പോയാൽ എളുപ്പത്തിൽ ലക്ഷ്യത്തിൽ എത്തിച്ചേരാമെന്നു പറയുന്നവരുണ്ട്. ചില ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിൽ കഴുതകളെ വിശ്വസിക്കുന്നവരെക്കുറിച്ച് ഒരു കഥയുണ്ട്. ദുർഘട മലനിരകളും താഴ്വാരങ്ങളും നദികളുമുള്ള ഇടങ്ങളിൽ ദൈർഘ്യം കുറഞ്ഞ പാത കണ്ടെത്താൻ കഴുതകളെ സമീപിച്ചാൽ മതിയെന്നാണ് അവരുടെ വിശ്വാസം. കഴുതയുടെ മുതുകിൽ ഒരു ഭാരം കെട്ടിവയ്ക്കുന്നു. അതിന്‍റെ പിന്നിൽ നിന്ന് അതിനെ മുന്നോട്ടു നയിക്കുന്നു. കഴുത ഒരു വഴി തെരഞ്ഞെടുക്കുകയാണപ്പോൾ. അവിടെ അതിനു മുമ്പ് ഒരു വഴിയുണ്ടായിരുന്നില്ല. എന്നാൽ കഴുത ഏറ്റവും ദൈർഘ്യം കുറഞ്ഞ വഴി തന്‍റെ "ബുദ്ധി' കൊണ്ട് കണ്ടെത്തുമത്രേ. ഈ രീതി അവലംബിക്കുന്നവർ വിദ്യാസമ്പന്നർക്കിടയിലുമുണ്ടത്രേ, നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ടി. എന്നാൽ യഥാർഥ കലാകാരൻ കഴുതയെപ്പോലെ ദൈർഘ്യം കുറഞ്ഞ പാത കണ്ടെത്താൻ ശ്രമിക്കുന്നില്ല. അയാൾ തന്‍റേതായ നിലയിൽ ജീവിച്ചു എന്ന് ഉറപ്പുവരുത്താൻ യത്നിച്ചുകൊണ്ടിരിക്കും. നാവ് നഷ്ടപ്പെട്ട അനേകായിരം അനുഭവങ്ങളെ ജപിച്ചു വരുത്താൻ അയാൾ മനനത്തിലേർപ്പെടുന്നു. അതാണ് അയാളുടെ രോഗം.

അയ്യപ്പന്‍റെ "രതിനിർവേദം' എന്ന കവിത നമ്മുടെ സൗന്ദര്യസങ്കല്പത്തെ, ആചാരത്തെ, കീഴ്‌വഴക്കത്തെ, ധാരണയെ പിളർത്തി അതിനുള്ളിൽ എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കുകയാണ്. എത്ര ഭംഗിയായാണ് നാം ചതിക്കപ്പെടുന്നതെന്നും സ്വയം ചതിക്കുന്നതെന്നും അറിയാൻ നമ്മുടെ ഭാഷയെത്തന്നെ അവിശ്വസിക്കണം. ഭാഷ നമ്മെ ശരിക്കും പ്രതിനിധാനം ചെയ്യുന്നുണ്ടോ? നമ്മൾ ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും നമ്മുടേതു തന്നെയല്ലെന്നതാണ് വാസ്തവം. സത്യത്തിന്‍റെ ഏതാനും കിലോമീറ്ററുകൾക്കകലെ സത്യവുമായി സാദൃശ്യമുള്ള ചില വാക്കുകളിൽ തപ്പിത്തടഞ്ഞു വീഴുകയാണ് നാം ചെയ്യുന്നത്. റിൽക്കേ പറഞ്ഞത് എല്ലാ വസ്തുതകളും നമുക്ക് സ്പർശയോഗ്യമോ വിവരിക്കാവുന്നതോ അല്ലെന്നാണ്.

ഇനിയും ചിലത് വിവരിക്കാൻ വേറേ വാക്കുകള്‍ വേണം. അത്തരം അനുഭവങ്ങളുള്ളവർ അത് പറഞ്ഞാലല്ലേ അറിയൂ. റിൽക്കേ എഴുതുന്നു: മിക്ക അനുഭവങ്ങളും പറയാനാകാത്തതാണ്. അത് സംഭവിക്കുന്നത് ഇതുവരെയും വാക്കുകൾ പ്രവേശിച്ചിട്ടില്ലാത്ത ഒരിടത്താണ്. കലാസൃഷ്ടികൾക്കും അപ്പുറത്താണ് ആ അനുഭവങ്ങൾ. ദുർഗ്രഹമായ ആ അസ്തിത്വങ്ങൾ നമ്മുടെ ചെറുതും മാറിക്കൊണ്ടിരിക്കുന്നതുമായ ജീവിതത്തിന്‍റെ സമീപത്തു തന്നെ നിലനിൽക്കുന്നു.

സ്വാതന്ത്ര്യത്തിന്‍റെ ചിറകറ്റ പക്ഷി

അയ്യപ്പന്‍റെ "രതിനിർവേദം' വാക്കുകൾ ചെന്നെത്താത്ത ഇടങ്ങളെ പൂരിപ്പിക്കുകയാണ്. അതിന്‍റെ യഥാർഥ ഭാഷ അയ്യപ്പൻ ഉപയോഗിച്ചതാണോ എന്നറിയില്ല. ഒരുപക്ഷേ, അദ്ദേഹം സാധ്യമായത്, ഏറ്റവും അടുത്ത് നിൽക്കുന്നത് തെരഞ്ഞെടുത്തതാവാം. അപ്പോഴും അനുഭവങ്ങൾ ബാക്കി നിൽക്കുകയാണ്. നിർമലമായ കണ്ണുകളെ നഖങ്ങളായി അയ്യപ്പൻ അനുഭവിക്കുന്നത് എന്തുകൊണ്ടാണ്? വാക്കുകൾ കടന്നുചെന്നിട്ടില്ലാത്ത ചില ഇടങ്ങൾ അയ്യപ്പന്‍റെ വൈകാരിക ലോകത്തുണ്ട്. അതറിയാനാണ് അയ്യപ്പൻ ഭ്രാന്തമായി അലഞ്ഞത്. ഒരു യഥാർഥ കവി സമൂഹത്തിന്‍റെ ചിന്തകളുടെ ചതുരവടിവിനകത്ത് മുട്ടയിട്ട് വിരിയിക്കാൻ താല്പര്യപ്പെടുകയില്ല. കീഴടങ്ങലും ഒത്തുതീർപ്പും വലിയ ആദർശങ്ങളായി കൊണ്ടുനടക്കുന്നവർ അങ്ങനെ ചെയ്യുമായിരിക്കും.

സമൂഹത്തിന്‍റെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ചിന്തകളുടെ മൂശയ്ക്കകത്ത് സുരക്ഷിതത്വം തേടുന്നവർക്കാണ് പുരസ്കാരങ്ങൾ നൽകപ്പെടുന്നത്. എന്തുകൊണ്ടെന്നാൽ, ആ പുരസ്കാരങ്ങൾ മിണ്ടാതെയും ചിന്തിക്കാതെയും പമ്മിക്കൂടി കഴിഞ്ഞുകൊള്ളാമെന്ന ഉടമ്പടിയുടെ പ്രകടിതരൂപമാണ്. പുരസ്കാരങ്ങളുടെ എണ്ണം കൂടുമ്പോൾ കവിക്ക്, കലാകാരന് ഒരു വലിയ മാറ്റം സംഭവിക്കുന്നു; അയാൾ നല്ലപോലെ അലങ്കരിച്ച ഒരു കൂട്ടിനകത്ത് ആരുടെയോ താളത്തിനൊത്ത് എന്തൊക്കെയോ പുലമ്പിക്കഴിയുന്ന ഒരു തത്തയെപ്പോലെ പലർക്കും പ്രിയങ്കരമാകുന്നു.

വർത്തമാനം പറയുന്ന തത്തയുടെ അടുത്തേക്ക് മാറ്റത്തിന്‍റെയും പരിവർത്തനത്തിന്‍റെയും ഇന്ധനം തേടി ആരെങ്കിലും പോകുമോ? സ്വാതന്ത്ര്യത്തിന്‍റെ ചിറകുകൾ നഷ്ടപ്പെട്ട തത്തകൾ അപ്പോഴും പലരേയും രസിപ്പിച്ചുകൊണ്ടിരിക്കും. അത് സ്വാതന്ത്ര്യം തേടി പറന്നു പോകില്ല എന്നതുകൊണ്ട് വീട്ടുടമസ്ഥരും സന്ദർശകരും അതിനെ കൊഞ്ചിക്കാൻ സമയം കണ്ടെത്തും. ആ കൊഞ്ചൽ ഒരു വിനോദമാണെന്ന് ആർക്കാണ് അറിയാത്തത്?

ഉത്തര രേഖകൾ

1) യാത്രാവിവരണങ്ങൾ കൂടുതൽ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എന്താണ് ഇതിനെ വായനയിലേക്ക് ആകർഷിക്കുന്ന ഘടകം?

ഉത്തരം: എല്ലാവരും ഇപ്പോൾ സഞ്ചാരികളാണ്. എത്രയോ സ്ഥലങ്ങൾ കാണാനുണ്ട്! ഏതെങ്കിലും ഒരു ചരിത്ര സ്മാരകത്തെ കെട്ടിപ്പിടിച്ച് നിന്ന് ഫോട്ടോയെടുക്കുന്നതും അത് പ്രസിദ്ധീകരിക്കുന്നതുമാണ് ഇന്ന് യാത്രാവിവരണം. കഴിഞ്ഞ തലമുറകളിലെ എഴുത്തുകാരിൽ ഭൂരിപക്ഷവും അധികമൊന്നും സഞ്ചരിച്ചിട്ടില്ല. ഒ.വി. വിജയൻ കോട്ടയത്ത് താമസിക്കുന്ന അവസരത്തിൽ, ഒരു സ്വകാര്യ സംഭാഷണത്തിൽ എഴുതിക്കാണിച്ചത് താൻ ഇന്ത്യ കണ്ടിട്ടില്ല എന്നാണ്; പണവും വാഹനവും ഉണ്ടായിരുന്നെങ്കിൽ താൻ ഇന്ത്യ കാണുമായിരുന്നു എന്ന്. വിജയൻ ഇന്ത്യ കണ്ടിരുന്നെങ്കിൽ നല്ലൊരു പുസ്തകം ഉണ്ടാകുമായിരുന്നു.

സമീപകാലത്ത് എം. ജി. രാധാകൃഷ്ണൻ എഴുതിയ "എം.പി. നാരായണപിള്ളയുടെ കാശിയിൽ' എന്ന ലേഖനം ശ്രദ്ധേയമാണ്. നാരായണപിള്ളയെയും കാശിയെയും അടുത്തറിയാൻ സഹായിക്കുന്ന ഈ ലേഖനത്തിന് അപൂർവമായ ഭംഗിയുണ്ട്. കാശി എം.പി. നാരായണപിള്ളയുടെ ഭൂതമാണ് എന്ന വാക്യം മനോഹരമാണ്. "ഒരിക്കൽ കാശിയിൽ പോയാൽ ഒരു ആയുസിൽ എഴുതാനുള്ളത് കിട്ടുമെന്ന്' നാരായണപിള്ള പറഞ്ഞത് രാധാകൃഷ്ണൻ ഉദ്ധരിക്കുന്നുമുണ്ട്.

2) യുക്രെയ്‌ൻ- റഷ്യ യുദ്ധം, ഇസ്രയേൽ- ഹമാസ് സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ ഇവിടെ കവിതകൾ ഉണ്ടാകുന്നില്ലല്ലോ?

ഉത്തരം: കവികൾ പഴയതു പോലെയല്ല; അവർക്ക് കൃത്യമായ രാഷ്‌ട്രീയവും ലക്ഷ്യങ്ങളുമുണ്ട്. അധികാരത്തിലിരിക്കുന്നവർക്കു വേണ്ടി ശബ്ദിക്കുന്നവരാണ് നല്ലൊരു പങ്കു കവികളും എഴുത്തുകാരും. യുക്രെയ്നു വേണ്ടി ശബ്ദിച്ചാൽ പ്രയോജനമില്ല.

മണിപ്പുർ കലാപത്തെ അനുസ്മരിപ്പിക്കുന്ന ഒരു കഥ എം. നന്ദകുമാർ എഴുതിയത് (കഠാരയുടെ രാത്രി, മാതൃഭൂമി ഓണപ്പതിപ്പ്, 2023) തീക്ഷ്ണമാണ്. തന്‍റെ ഭാര്യയെ കലാപകാരികൾ കൊന്നതിന്‍റെ ഓർമകളുമായി ജീവിക്കുന്ന ഒരു സാധു യുവാവിന്‍റെ ചിത്രം അതിലുണ്ട്. ഒരിടത്ത് കഥാകൃത്ത് ഇങ്ങനെ എഴുതുന്നു: "നിന്‍റെ കാതിലെ ലോഹ കമ്മലിലെ കിലുക്കങ്ങൾ ചോരയിൽ കുതിർന്ന് ഉലഞ്ഞു. പിന്നെ അത് ഓടയിലേക്ക് ഉരുണ്ടുവീണു. ചെളിവെള്ളത്തിന്‍റെ ഒഴുക്കിൽ താണു'. ഇന്നത്തെ ചില രാഷ്‌ട്രീയ കഥയെഴുത്തുകാരെപ്പോലെ തീരെ മനുഷ്യസ്നേഹമില്ലാത്തയാളല്ല നന്ദകുമാറെന്ന് ഈ കഥ തെളിയിച്ചു.

3) ഗാന്ധിജി അഹിംസ കൊണ്ട് ഉദ്ദേശിക്കുന്നത് സാർവത്രികമായ അക്രമരാഹിത്യമാണോ?

ഉത്തരം: ആചാര്യ കൃപലാനി ഇതിനെക്കുറിച്ച് പറഞ്ഞത് ഇതാണ്: "അനീതിയെ എതിർക്കാതിരിക്കാനല്ല, അതിനെ എതിർക്കാനാണ് ഗാന്ധിജി അഹിംസ ഉപയോഗിക്കുന്നത്. എതിർപ്പിൽ മരണമോ പരുക്കോ ഉണ്ടാകരുതെന്ന് ഗാന്ധി ആഗ്രഹിക്കുന്നു. എന്നാൽ മറ്റു മാർഗമില്ലാതെ വന്നാൽ അഹിംസാവാദി ജീവൻ വെടിയുക തന്നെ വേണമെന്ന് അദ്ദേഹം അർഥമാക്കുന്നുണ്ട്.

4) എഴുത്തുകാരനു ഒരു മതമുണ്ടോ?

ഉത്തരം: ഒരു വലിയ എഴുത്തുകാരന്‍റെ മതം പുസ്തകങ്ങളും എഴുത്തുകാരും ചേർന്ന ലോകമാണ്. മഹാനായ ഫ്രഞ്ച് എഴുത്തുകാരൻ സാർത്ര് പറഞ്ഞു: "ഞാൻ എന്‍റെ മതം കണ്ടെത്തി. അത് ഒരു പുസ്തകത്തേക്കാൾ വലുതായി ഒന്നുമല്ല. എനിക്ക് ലൈബ്രറിയാണ് ആരാധനാലയം'.

എന്നാൽ സാഹിത്യം എന്ന മതമുണ്ട്. ഷേക്സ്പിയർ, ഇബ്സൻ, കാളിദാസൻ തുടങ്ങിയവരാണ് ദൈവങ്ങൾ. സാഹിത്യം എന്ന മതത്തിന് ഏകദൈവമല്ല, ബഹുദൈവമാണ് അഭികാമ്യം. ഡിവൈൻ കോമഡി, മേഘസന്ദേശം പോലെയുള്ള മതഗ്രന്ഥങ്ങളാണ് സാഹിത്യത്തിനുള്ളത്.

5) ചിലർ വളച്ചുകെട്ടിയും മനുഷ്യബുദ്ധിയെ തകർത്തും വിചിത്രമായ ഗദ്യം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്?

ഉത്തരം: സാഹിത്യാസ്വാദനം ഒരു വലിയ സംഭവമാണ്. എംഎ, പിഎച്ച്ഡി ബിരുദങ്ങൾ നേടുകയോ, രാഷ്‌ട്രീയാധികാരത്തിന്‍റെ ഭാഗമാവുകയോ, സാംസ്കാരിക സംഘടനകളെ നയിക്കുകയോ ചെയ്താൽ ആസ്വാദക മനസ് ഉണ്ടാകില്ല. അത് ഒരു വലിയ സിദ്ധിയാണ്. ആസ്വാദന ബോധമില്ലാത്തവർ എഴുതുമ്പോൾ അത് വക്രീകരിക്കപ്പെടും.

ഒഎൻവിയെക്കുറിച്ച് ആലങ്കോട് ലീലാകൃഷ്ണൻ എഴുതിയ ലേഖനം (ഭൂമിക്കൊരു ചരമഗീതം@40, പ്രഭാതരശ്മി, ഒക്റ്റോബർ 2023) വായിച്ചാൽ ഇത് ബോധ്യപ്പെടും. ഈ ഭാഗം നോക്കുക: "മരണത്തെ കൊണ്ടുപോയാലും ജീവിതത്തെ പ്രണയിപ്പിക്കുന്ന അസാധാരണമായ പ്രത്യാശയുടെ ബലം ഏതു വിശിഷ്ട ദുരന്താവബോധത്തിലും ഒഎൻവി സന്നിവേശിപ്പിച്ചു'.

വല്ലതും മനസിലായോ?

മരണത്തെ കൊണ്ടുപോയാലോ? എവിടേക്ക്?

ജീവിതത്തെ പ്രണയിപ്പിക്കുകയോ? പ്രണയം എന്ന വികാരത്തെ ഈ ലേഖകൻ കൊന്നിരിക്കയല്ലേ ഈ പ്രയോഗത്തിലൂടെ? പ്രണയം സ്വർഗീയമായ വികാരമാണ്. അതില്ലാത്തവരാണ് പ്രണയിപ്പിക്കാൻ നടക്കുന്നത്.

പ്രത്യാശയുടെ ബലമോ? ഇതെന്താ ഗുസ്തി മത്സരമാണോ? പ്രത്യാശയുടെ ബലം ദുരന്താവബോധത്തിൽ സന്നിവേശിപ്പിച്ചു എന്ന്! ഒരു സ്റ്റുഡിയോയിലിരുന്ന് യാന്ത്രികമായി സന്നിവേശിപ്പിക്കാനുള്ളതല്ല പ്രത്യാശ.

ഇതിൽ നിന്നു മനസിലാകുന്നത് ലീലാകൃഷ്ണന് ഗദ്യമെഴുതാൻ അറിയില്ല എന്നാണ്. ഇങ്ങനെയല്ലല്ലോ ഗദ്യം എഴുതേണ്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com