നമ്മുടെയുള്ളിൽ മറ്റൊരാൾ

അപാരവും സുന്ദരവുമായ ഒരു വസ്തുവിന്‍റെ അടുത്തിരിക്കുന്നതിന്‍റെ വികാരത്തെ അതിന്‍റെ തായ് വേര് വരെ പോയി ചികഞ്ഞെടുക്കുകയാണ് കഥാകൃത്ത്.
നമ്മുടെയുള്ളിൽ മറ്റൊരാൾ
Updated on

കൊളമ്പിയൻ സാഹിത്യകാരനായ ഗാർസിയ മാർകേസിന്‍റെ 'സ്ലീപ്പിങ് ബ്യൂട്ടി ആൻഡ് ദ് എയർപ്ളെയിൻ' എന്ന പേരിൽ ഒരു കഥയുണ്ട്. വിമാനത്തിൽ വച്ച് ഒരു സുന്ദരിയായ യുവതിയെ കണ്ടുമുട്ടുന്നതും യാത്രയുടെ അവസാനം അവളെ വേർപിരിയുന്നതുമാണ് ഇതിന്‍റെ പ്രമേയം. മാർകേസിന്‍റെ യൂറോപ്യൻ പര്യടനത്തിന്‍റെ ഓർമകളിൽ നിന്നുണ്ടായ കഥയാണിത്. ഈ കഥയിലുടനീളം യാത്രികനായ വൃദ്ധകഥാപാത്രത്തിനു തന്‍റെയടുത്തിരിക്കുന്ന യുവതിയോട് തോന്നുന്ന വികാരം വിവരണാതീതമാണ്. താൻ ജീവിതത്തിൽ ഇതുവരെയും ഇതുപോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ് ആ കഥാപാത്രം പറയുന്നത്. ഇടയ്ക്ക് അവൾ ഉറക്കത്തിലേക്ക് അമർന്നപ്പോൾ വൃദ്ധൻ ഉത്ക്കണ്ഠാകുലനായി. അവളൊന്നു ഉണർന്നു കാണാൻ അയാൾ അതിയായി ആഗ്രഹിക്കുന്നു. അവളുടെ നിദ്രയെ അയാൾ ഉറ്റുനോക്കുകയായിരുന്നു. ഈ ലോകത്തിൽ സുന്ദരിയായ ഒരു സ്ത്രീയെക്കാൾ മനോഹരമായി ഒന്നും തന്നെയില്ലെന്ന് ഈ കഥയിലാണ് മാർകേസ് എഴുതിയിരിക്കുന്നത്. എത്ര ഗാഢവും തീവ്രവും ശുദ്ധവും അഗാധവുമാണ് ഒരു പെണ്ണിനോട് ഒരാൾക്ക്, അയാൾ വയസനാണെങ്കിൽ പോലും, തോന്നുന്ന വികാരം എന്നു മനസിലാവും.

അപാരവും സുന്ദരവുമായ ഒരു വസ്തുവിന്‍റെ അടുത്തിരിക്കുന്നതിന്‍റെ വികാരത്തെ അതിന്‍റെ തായ് വേര് വരെ പോയി ചികഞ്ഞെടുക്കുകയാണ് കഥാകൃത്ത്. ആ യുവതി അയാളെ യാത്ര തീരും വരെ ആകർഷിച്ചു കൊണ്ടിരുന്നു. പ്രേമം ഒരാവേശവും അറിവും ധ്യാനവുമാണ്. അവളുടെ തൊട്ടടുത്ത് മറ്റൊരു സീറ്റിൽ കിടക്കുമ്പോൾ അയാൾ അവർക്കിടയിലുള്ള അകലത്തെക്കുറിച്ച് ബോധവാനായിരുന്നു. അപ്പോൾ അയാൾ ജാപ്പനീസ് നോവലിസ്റ്റ് യസുനാരി കവാബത്തയുടെ നോവലിലെ സുന്ദരികളെക്കുറിച്ച് ഓർക്കുകയാണ്. ലഹരിക്കടിപ്പെട്ട് ഉറങ്ങുന്ന സുന്ദരിമാരെ വെറുതെ നോക്കിക്കൊണ്ടിരിക്കാൻ മാത്രം അവിടുത്തെ ചില വയസന്മാർ വലിയ തുക നൽകുമത്രേ. അവർക്ക് ആ സുന്ദരികളെ തൊട്ടുതലോടാൻ താല്പര്യമില്ല. അവർ ഉറങ്ങിക്കിടക്കുന്നത് കണ്ടുകൊണ്ടിരിക്കുന്നതാണ് സുഖം. ആ വൃദ്ധർ അതിലൂടെ സ്വർഗീയമായ ആനന്ദം നേടും. പോയ്പോയ ജീവിതത്തെ, അതിന്‍റെ നഷ്ടങ്ങളെ അവർ ഓർമകളിലൂടെ ശുദ്ധീകരിക്കുന്നത് ഇങ്ങനെയാവാം. കഥയിൽ, യാത്രയുടെ ഒടുവിൽ അവൾ ഉണർന്നപ്പോൾ വൃദ്ധൻ വലിയ പ്രതീക്ഷയോടെ അവളെ നോക്കി.

പുൽവേരുകൾ പിഴുതു മാറ്റുമ്പോൾ

എന്നാൽ അവൾ തിരിഞ്ഞു നോക്കുകയോ അഭിവാദ്യം ചെയ്യുകയോ ഉണ്ടായില്ല. അവൾ തീർത്തും അപരിചിതയെ പോലെ, യാദൃശ്ചികമായ ഒരു സമാഗമത്തിന്‍റെ ഓർമകളെല്ലാം മായ്ച്ചു കളഞ്ഞ് പ്രകൃതിയുടെ നിഗൂഢതകളിലേക്ക് അപ്രത്യക്ഷമാകുകയാണ്, ഇറങ്ങിപ്പോവുകയാണ്. ഒരു ചെറിയ സംഭവമാണെങ്കിലും എല്ലാം ദൈവത്തിന്‍റെ സമയമാണല്ലോ. ഒരുവളെ കാണാനും അവളെ കുറച്ച് നേരമെങ്കിലും നോക്കാനും ആരാധിക്കാനും കഴിഞ്ഞത് തന്നെ വൃദ്ധന് ഭാഗ്യമായി തോന്നുകയാണ്.

ഒരു കഥാകൃത്ത് എന്ന നിലയിൽ മാർകേസ് മനുഷ്യമനസിലെ ചലനങ്ങൾ, ഇളക്കങ്ങൾ, തൃഷ്ണകൾ എല്ലാം പുൽവേരുകൾ സഹിതം പറിച്ചെടുക്കുകയാണ്. മനുഷ്യൻ ജീവിക്കുന്നത് ഇങ്ങനെയാണ്. അവന്‍റെ ജീവിതം പുറമേ നോക്കുമ്പോൾ കാണുന്നതല്ല; അവൻ ഓരോ നിമിഷവും ഇത്രയധികം തീവ്രമായി ഒട്ടിച്ചേരുന്നു, വസ്തുക്കളോട്. വസ്തുക്കളുമായുള്ള ഇഴുകിച്ചേരൽ അവനെ കുഴയ്ക്കുകയോ ത്രസിപ്പിക്കുകയോ ചെയ്യുന്നു.

ഏതിനോടെങ്കിലുമുള്ള ഉൾക്കടമായ വികാരമാണ് കഥയാകുന്നത്. ആ വികാരം ഒരു വിനിമയമാണ്. അതിനുള്ള ശ്രമമാണ് വാക്കുകളിൽ വിടരുന്നത്. മാർകേസ് ഒരിക്കൽ ഇങ്ങനെ പറഞ്ഞു: നമ്മുടെ പൂർവകാലത്തിലെ ,പതിനായിരം വർഷത്തെ സാഹിത്യത്തെക്കുറിച്ച് അവ്യക്തമായ ഒരു ധാരണയെങ്കിലുമില്ലാതെ എങ്ങനെ ഒരാൾ ഒരു നോവൽ എഴുതുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലുമാവുന്നില്ല. എഴുതാൻ ഒരു കൃത്യമായ ദിനചര്യ വേണം; എന്തെന്നാൽ പ്രചോദനം ആകാശത്തു നിന്നു കിട്ടില്ല. ഓരോ വാക്കിലും, ആഴ്ചയിലെ ഓരോ ദിവസവും നിങ്ങൾ പ്രവർത്തിക്കണം.'

ശരീരത്തിനുള്ളിൽ ഒരു കടൽ

സാഹിത്യരചനയിൽ രേഖീയമായ കഥപറച്ചിലിന് ഒരു പ്രസക്തിയുമില്ലത്രേ. കഥ പറയാൻ കഴിഞ്ഞേക്കും. എന്നാൽ എഴുതുമ്പോൾ ഒരു ക്രാഫ്റ്റ് പരമപ്രധാനമാണ്. ഒരു കഥ എങ്ങനെ എഴുതണമെന്നതാണ് വലിയ ചോദ്യം. അതിനു ക്രാഫ്റ്റ് ആവശ്യമാണ്. 'ക്രാഫ്റ്റിനു തീവ്രമായ ഏകാഗ്രതയും അച്ചടക്കവും വേണം ;ചിത്രകലയിലും സംഗീതസൃഷ്ടിയിലും വേണ്ടതുപോലെ.' -അദ്ദേഹം പറഞ്ഞു. ഒരു എഴുത്തുകാരൻ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ആശയങ്ങളുടെ, ചിന്തകളുടെ മൂശയിലേക്ക് പതിക്കരുതെന്നാണ് മാർകേസ് നൽകുന്ന സൂചന. എഴുത്തുകാരൻ സ്വയം കണ്ടെത്തുകയാണ് ഈ ലോകത്തെ. സർക്കാരോ, മാധ്യമങ്ങളോ സഞ്ചരിക്കുന്ന പാതയിലൂടെയല്ല അയാൾ യാഥാർഥ്യത്തെ സമീപിക്കുന്നത് .' സ്ലീപ്പിങ് ബ്യൂട്ടി ആൻഡ് ദ് എയർപ്ളെയ്ൻ' എന്ന കഥയിൽ, പെൺകുട്ടിയോടൊപ്പം സഞ്ചരിക്കുന്ന സാധാരണ വൃദ്ധന്മാർ ചിന്തിക്കാത്ത വഴിയിലൂടെയാണ് കഥ നീങ്ങുന്നത്. ചിലപ്പോൾ, അങ്ങനെ ചിന്തിക്കുന്നവർ കണ്ടേക്കാം. എന്നാൽ അവർ അത് പുറത്തു പറയില്ല. ഒന്നും സംഭവിക്കാത്ത പോലെ, നിർവികാരതയെ ആവാഹിച്ച ആമയെ പോലെ, നമുക്ക് മുന്നിലൂടെ നീങ്ങുന്നുണ്ടാവും. ഒരു ശരീരത്തിനുള്ളിൽ പ്രക്ഷുബ്ധമായ ഒരു കടലോ, കാട്ടിലൂടെ വിശന്നലയുന്ന സിംഹമോ ഉണ്ടെന്ന് ആരും തന്നെ അറിയണമെന്നില്ല. ഒരു വൃദ്ധന് തന്‍റെ അടുത്തിരിക്കുന്ന യുവതിയോട് അങ്ങനെയൊന്നും തോന്നാൻ പാടില്ലെന്ന് നിയമ, സംസ്കാര സംഹിതകൾ പറയുന്നു. ഭരണഘടനകൾ നിലനിൽക്കുകയാണ്.

എന്നാൽ മാർകേസിന്‍റെ കഥാപാത്രം ആ വിലക്കുകൾ മറികടന്ന് മനസിലെ മണലാരണ്യത്തിൽ അങ്ങകലെ തളിർത്തു കണ്ട ഒരു ചെടിയുടെ അടുത്തേക്ക് ഓടുകയാണ്. അയാളുടെ ആഭ്യന്തരജീവിതത്തിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് അതാവശ്യമാണ്. അയാൾ തന്‍റെ യുള്ളിലെ അഗ്നിസ്ഫുലിംഗങ്ങളെ നേർക്കുനേർ കാണുകയാണ്. വൃദ്ധന് ആ യാഥാർഥ്യത്തെ ഒഴിവാക്കാനാവില്ല. അയാൾക്ക് സമൂഹം വച്ചുനീട്ടിയ യാഥാർഥ്യമല്ലത്. അയാളുടെ വ്യാഖ്യാനവും അനുഭവവുമാണത്. അത് അയാളിൽ നിന്നു ഒഴിഞ്ഞു പോകുന്നതല്ല. 'ഞാൻ ഈ ലോകത്തെ വ്യാഖ്യാനിക്കുന്നു; ദിവസേനയുള്ള ജീവിതാനുഭവത്തെയും ലോകത്തെക്കുറിച്ചുള്ള അറിവിനെയും വ്യാഖ്യാനിച്ചുകൊണ്ട് കല സൃഷ്ടിക്കുന്നു; ഇക്കാര്യത്തിൽ മുൻധാരണകളൊന്നും എനിക്കില്ല.' മാർകേസ് പറഞ്ഞു .

ജീവിതത്തെ വ്യാഖ്യാനിക്കുന്ന കഥാകൃത്ത്

മുൻധാരണകളും ആസൂത്രണവും ഒരു മികച്ച കഥ സൃഷ്ടിക്കാൻ പര്യാപ്തമല്ല. ഏതൊരു വാക്യവും തന്‍റെ ജീവിതാനുഭവമാണെന്നു മാർകേസ് തുറന്നു പറയുന്നു. മുകളിൽ സൂചിപ്പിച്ച കഥയും അദ്ദേഹത്തിന്‍റെ നേരനുഭവമാണ്. ഒരു സംഭവത്തിനു തൊട്ടു പിന്നാലെ എഴുതണമെന്നില്ല; ഒരു വിമാന യാത്രാനുഭവത്തിന് ശേഷം രണ്ട് ദശാബ്ദം കഴിഞ്ഞായിരിക്കും അത് ഒരു കഥയായി വികസിക്കുന്നത്. എഴുതാനും സർഗാത്മകമായ ആവിഷ്കാരം നേടാനും പറ്റിയ ഒരു കാലമുണ്ടാവണം. അതിനായി ആ അനുഭവം കാത്തു നിൽക്കുകയാണ്.

'ജീവിതത്തിൽ നിറയെ സ്വാഭാവിക വസ്തുക്കളാണ്. എന്നാൽ നശ്വരജീവിതമുള്ള നമുക്ക് അത് കണ്ടെത്താനാവുന്നില്ല. കവികളുടെ സിദ്ധി സാധാരണത്വത്തിൽ അസാധാരണത്വത്തെ കണ്ടുപിടിക്കുന്നതിലാണ്. ഈ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിക്കുന്നു.' -അദ്ദേഹത്തിന്‍റെ വാക്കുകൾ. ആരും കാണാത്ത യാഥാർഥ്യത്തെ അദ്ദേഹം കണ്ടുപിടിക്കുന്നുവെന്ന് അവകാശപ്പെടുന്നില്ല. തനിക്കറിയാവുന്ന ,തന്‍റെ സമീപത്തുള്ള, തനിക്ക് വഴങ്ങുന്ന ഒരു യാഥാർഥ്യത്തെ അദ്ദേഹം കണ്ടെത്തുകയാണ് , അതിനെ തന്‍റേതായ നിലയിൽ വ്യാഖ്യാനിച്ചുകൊണ്ട്. ലോകത്തെക്കുറിച്ചുള്ള അറിവ് ഇതിൽ പ്രധാനമാണ്. അതുപോലെ തന്നെ സാഹിത്യരചനയെക്കുറിച്ചുള്ള അവബോധവും പ്രധാനമാണ്.

എഴുത്തുകാരനു തന്നിൽ തന്നെ പലതും തിരയേണ്ടതുണ്ട്. തന്നിലെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന അന്വേഷണം ആവശ്യമാണ്. ഇത് ഒരു സ്ഥാപനമോ വ്യവസ്ഥയോ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നതല്ല. വാക്കുകളെ മറ്റുള്ളവരുടെ പ്രേരണയിലും സ്വാധീനത്തിലുമല്ലാതെ അടുക്കി നിർത്തുമ്പോഴാണ് ഇത് പ്രകടമാകുന്നത്. എല്ലാ പുസ്തകങ്ങളിലും ഈ ആത്മാംശമുണ്ട്. കഥാപാത്രങ്ങൾ എഴുത്തുകാരന്‍റെ ആൾട്ടർ ഈഗോ (നമ്മുടെയുളളിലെ മറ്റൊരാൾ)യുടെ ഭാഗമാണെന്ന് മാർകേസ് നിരീക്ഷിക്കുന്നുണ്ട്. ഓർമകളും അറിവുകളും നിരീക്ഷണങ്ങളും ചിന്തകളുമാണ് ആൾട്ടർ ഈഗോയെ സൃഷ്ടിക്കുന്നത്. ഒരു കൃത്യം ചെയ്യുമ്പോൾ നമ്മോട് തന്നെ അതിന്‍റെ ശരിതെറ്റുകളെക്കുറിച്ച് പറയുന്ന മറ്റൊരാളുണ്ട്. പലപ്പോഴും ആ ശബ്ദത്തെ നാം കീഴ്പ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാൽ ആ കലാകാരൻ ആ ശബ്ദത്തെ ശ്രദ്ധിക്കണം. അയാൾക്ക് ചെയ്യാനാവാത്തത് , ചിന്തിക്കാനാവാത്തത് ആൾട്ടർ ഈഗോ ചെയ്യുന്നു.

ഉത്തര രേഖകൾ

1)ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം ഡോ.എസ്.കെ. വസന്തനു ലഭിച്ചിരിക്കുകയാണല്ലോ ?

<ഉത്തരം: പതിറ്റാണ്ടുകളായി സാഹിത്യ പ്രവർത്തനം നടത്തുന്ന എല്ലാവർക്കും പുരസ്കാരം കിട്ടുകയില്ല. എസ്. കെ. വസന്തന് ഇപ്പോഴെങ്കിലും ലഭിച്ചു. എന്നാൽ അദ്ദേഹം ആധുനിക കാലഘട്ടത്തിലെ സാഹിത്യാസ്വാദകനാണെന്നു പറയാനാവില്ല. അദ്ദേഹത്തെപ്പോലെ സാഹിത്യചരിത്രത്തിലും ഗവേഷണത്തിലും താല്പര്യമുള്ളവർ ഉണ്ടാകാൻ ഈ പുരസ്കാരം സഹായകമാകുമായിരിക്കും.

2)ടി.ആർ എന്ന കഥാകൃത്തിനെ ഇപ്പോൾ വായിക്കാറുണ്ടോ?

<ഉത്തരം: അദ്ദേഹത്തിന്‍റെ 'നാം നാളെയുടെ നാണക്കേട്,' 'കോനാരി,' 'പട്ടണത്തിൽ പോവാൻ,' 'ജാസക്കിനെ കൊല്ലരുത്' തുടങ്ങിയ കഥകൾ സമീപകാലത്ത് വീണ്ടും വായിച്ചു. അദ്ദേഹത്തിന്‍റെ കഥയിൽ നിന്ന് ഇന്നത്തെ വായനക്കാർക്ക് എന്തെങ്കിലും ഗ്രഹിക്കാൻ കഴിയുമോ എന്ന് സംശയമാണ്. കഥയിലൂടെ ടി. ആർ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന വസ്തുത ദുരൂഹമായി അവശേഷിക്കുകയാണ്.

3)കവിതയുടെ ഒഴുക്ക് പ്രധാനമല്ലേ ?

<ഉത്തരം: നിശ്ചയമായും ഒഴുക്ക് പ്രധാനമാണ്. വള്ളത്തോളിന്‍റേത് ഒരൊഴുക്കാണ്. ചങ്ങമ്പുഴയുടേതും കുഞ്ഞിരാമൻ നായരുടേതും വ്യത്യസ്തമായ ഒഴുക്കാണ്. അവർക്കുപോലും ആ ഒഴുക്കിനെ പ്രതിരോധിക്കാനാവില്ല.

4)കവിത ഒരാശയം പ്രചരിപ്പിക്കുന്നത് തെറ്റല്ലേ ?

<ഉത്തരം: കവിത വികാരമാണ് വിനിമയം ചെയ്യുന്നത്. അത് ആശയമായി പൊന്തിക്കിടക്കുന്നത് വേറിട്ട രുചി സൃഷ്ടിക്കാൻ പര്യാപ്തമല്ല. അജിത്രി എഴുതിയ 'നീതിയുള്ള ചുമകൾ' (ഗ്രന്ഥാലോകം ,ഒക്റ്റോബർ )എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:

'ലോക്കപ്പ് തൊട്ടുണർന്ന താക്കോലിന്‍റെ

കൊഞ്ചൽ പോലെ

എലികളുടെ

ദീർഘസഞ്ചാരമുള്ള

ഫയൽ മുറി'

ഇവിടെ താക്കോലിന്‍റെ ശബ്ദവും എലികളുടെ സഞ്ചാരവും താരതമ്യം ചെയ്യാവുന്ന വസ്തുതകളാണോ ?ഇതിലൂടെ ഒരു വികാരമോ സന്ദേശമോ വായനക്കാർക്ക് ലഭിക്കുമോ? അനിതാ വിശ്വം 'ഉൾക്കടൽ'(പ്രസാധകൻ,നവംബർ )എന്ന കവിതയിൽ എഴുതുന്നത് നോക്കൂ :

'വിരഹമേ, നീ രോമമില്ലാത്ത മാർജ്ജാര

വ്യഥപോലെയിന്നും തണുത്ത നീറ്റം

തലചുറ്റിവീഴും വരേയ്ക്ക് തൻ വാൽ തിന്നു

ചുഴലുന്ന വൃത്തങ്ങൾ തന്നെ ശീലം.'

വിരഹത്തെ മാർജ്ജാരന്‍റെ രോമമില്ലാത്ത വ്യഥയോട് ഉപമിക്കുന്നു!.വായനക്കാരൻ എന്ത് ചെയ്യും ?

അവനിത് ഭാവന ചെയ്യാനൊക്കുമോ ?

5)ഇന്നത്തെ കവിതയിൽ സാമാന്യബുദ്ധിക്ക് ഇടമില്ലെന്നാണോ ?

<ഉത്തരം: കവിത ക്ലീഷേയാകുന്ന, ആവർത്തനവിരസമാകുന്ന ഒരു സാഹചര്യമുണ്ട് .പുതുതായി ഒന്നും പറയാനില്ല. പഴയ ചില കവിതകള്‍ക്കൊപ്പിച്ചു പലരും എഴുതുകയാണ്. ഒരു ഭാഷാശൈലി അനുകരിക്കപ്പെടുകയാണ്. എന്നാൽ കുഞ്ഞപ്പ പട്ടാന്നൂർ എഴുതുമ്പോൾ ഒരു ജീവിതവും രാഷ്ട്രീയവും ഉരുത്തിരിയുന്നു. പെയ്ത്തുകാലം (കലാപൂർണ ,ഓണപ്പതിപ്പ്)എന്ന കവിതയിലെ വരികൾ ഇതാണ്: 'പ്രണയാതുരം മഴകൾ പെയ്ത കാലമുണ്ടായിരുന്നു

രോഷാകുലം മഴകൾ പെയ്ത

കാലമുണ്ടായിരുന്നു

ഇന്നിതാ രോഗാതുരം മഴകൾ

നിരന്തരം പെയ്യുകയാണ്'

6)മലയാളം നോവലിസ്റ്റുകളിൽ ഏറ്റവും നന്നായി വായിച്ചത്

ആരാണ് ?

<ഉത്തരം: ഏറ്റവും നല്ല വായനക്കാരൻ വിലാസിനി(എം.കെ.മേനോൻ) യാണെന്ന് പറയാം. അദ്ദേഹം ലാറ്റിനമേരിക്കൻ, യൂറോപ്യൻ സാഹിത്യത്തെക്കുറിച്ച് നല്ല ധാരണയുള്ള എഴുത്തുകാരനായിരുന്നു. അദ്ദേഹത്തോട് നേരിൽ സംസാരിച്ചു ബോധ്യപ്പെട്ട കാര്യമാണ്. അദ്ദേഹത്തിന്‍റെ അവകാശികൾ, ഊഞ്ഞാൽ, ഇണങ്ങാത്ത കണ്ണികൾ എന്നീ കൃതികൾ മലയാളസാഹിത്യത്തിൽ തലയുയർത്തി നിൽക്കുകയാണ്.

7)മലയാളത്തിന്‍റെ മഹാനായ സംസ്കൃത സാഹിത്യതത്ത്വചിന്തകനും വിമർശകനും ആരാണ്?

<ഉത്തരം: കൃഷ്ണചൈതന്യ(കെ. കെ. നായർ )യാണത്. അദ്ദേഹം പതിനാറ് ഭാഷകളുടെ ചരിത്രമെഴുതി. സംസ്കൃത സാഹിത്യത്തിലെ തത്ത്വചിന്ത (രണ്ടു വാല്യങ്ങൾ) എന്ന മഹത്തായ പുസ്തകം എഴുതി. അദ്ദേഹത്തിന് പകരം വയ്ക്കാൻ ആരുമില്ല. പാശ്ചാത്യ ,പൗരസ്ത്യ സാഹിത്യചിന്തകളുടെ സംഗമബിന്ദുവായിരുന്നു കൃഷ്ണചൈതന്യ .അദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി എഴുത്തച്ഛൻ പുരസ്കാരം നൽകേണ്ടതാണ്.

8)മനുഷ്യർക്ക് മതം എത്രത്തോളം പ്രധാനമാണ്?

ഉത്തരം: മതം മനുഷ്യന്‍റെ സമാധാനവും സ്നേഹവും സന്തോഷവുമാകണം. സദ്ഗുരു ഇതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: 'ഞാൻ ഒരു മതത്തിലും ഉൾപ്പെടുന്നില്ല. മതം ഒരു വിദേശ ആശയമാണ്, ഇന്ത്യയുടെ കാര്യത്തിൽ. നിങ്ങൾ ഒരു മതത്തിലാണെങ്കിൽ എവിടെയെങ്കിലും വിശ്വസിക്കണം. എന്നാൽ ഈ നാട് എന്നും സത്യാന്വേഷികളുടേതായിരുന്നു. നമ്മൾ ഒന്നിലും വിശ്വസിച്ചിട്ടില്ല, ദൈവമൂർത്തികൾ വന്നപ്പോഴും. ശിവൻ വന്നപ്പോൾ അദ്ദേഹത്തിന്‍റെ പത്നി ലക്ഷക്കണക്കിനു ചോദ്യങ്ങൾ ഉന്നയിച്ചു. ശിവസൂത്രം നിറയെ ചോദ്യങ്ങളാണ് .കൃഷ്ണൻ വന്നപ്പോഴും ആയിരക്കണക്കിന് ചോദ്യങ്ങളുണ്ടായി. എത്ര ദൈവികമായ വ്യക്തിയാണെങ്കിലും ഇവിടെ ഒരു കല്പന പുറപ്പെടുവിച്ചിട്ടില്ല. ആശയസംവാദമാണ് ഇവിടെ ഉണ്ടായത്. നമ്മുടെ നാട്ടിൽ ദൈവം എന്ന ആശയം തന്നെ ഇല്ലായിരുന്നു.'

Trending

No stories found.

Latest News

No stories found.