മഹാനായ ഇന്ത്യൻ തത്ത്വചിന്തകനും മിസ്റ്റിക്കുമായ രജനീഷിന്‍റെ (ഓഷോ) പ്രഭാഷണങ്ങളിൽ വളരെ കാതലായ, പുകപടലങ്ങൾ കൊണ്ടു മൂടിയ നമ്മുടെ ബോധത്തെ വീണ്ടെടുക്കുന്ന ചില ആശയങ്ങൾ കാണാം. മനസിനെ കണ്ടെത്തുന്നത് മഹത്തായ ആത്മീയവിചാരങ്ങളിൽ പരമപ്രധാനമാണെന്ന് അദ്ദേഹം അറിയിക്കുന്നു. ഭൂരിപക്ഷം പേർക്കും ഇതാവശ്യമില്ലായിരിക്കാം. ഭൂരിപക്ഷത്തിനും മനസിന്‍റെ ശുദ്ധാവസ്ഥ അറിയേണ്ട കാര്യമില്ല. മനസിനെ എങ്ങനെയെല്ലാം ദുഷിപ്പിക്കാം, ചീത്തയാക്കാം എന്നു സദാസമയവും ആലോചിക്കുന്നവരുണ്ട്.
മനസ് ഒരു കുരങ്ങനെ പോലെയാണെന്നു പറയാറുണ്ട്. കുരങ്ങൻ അനാവശ്യമായി ചലിച്ചുകൊണ്ടിരിക്കും. ആവശ്യാനുസരണമല്ല അവന്‍റെ പ്രതികരണങ്ങൾ. അതുപോലെയാണത്രേ മനസ്. അത് എപ്പോഴും അതിനു തന്നെ അപരിചിതമായ ചിന്തകളിലും കർമ്മങ്ങളിലും ഇടപെടുന്നു.
ഓഷോയുടെ വാക്കുകൾ ഇതാണ്: "നിങ്ങളുടെ മനസ് അതിനെത്തന്നെ എടുത്തു കാണിക്കുകയാണ്, എപ്പോഴും. അത് യാഥാർഥ്യവുമായി എപ്പോഴും ഇടപഴകുന്നു, അതിന് ഒരു നിറവും രൂപവും ആകൃതിയും കൊടുക്കുന്നു. ഒരു വസ്തു എന്താണെന്ന് കാണാൻ നിങ്ങളെ മനസ് അനുവദിക്കുകയില്ല. അത് എന്താണോ കാണാൻ ആഗ്രഹിക്കുന്നത് അത് കാണാൻ മാത്രമേ അനുവദിക്കൂ. കുറെ വർഷങ്ങൾക്കു മുമ്പ് ശാസ്ത്രകാരന്മാർ പറഞ്ഞിരുന്നത് നമ്മുടെ ഇന്ദ്രിയങ്ങളും മനസും യാഥാർഥ്യത്തിലേക്ക് തുറക്കുന്ന പാലങ്ങൾ മാത്രമാണെന്നായിരുന്നു. അതിനപ്പുറം ഒന്നുമില്ലത്രേ. എന്നാൽ ഇപ്പോൾ ആ ധാരണ മാറി. ഇപ്പോൾ അവർ പറയുന്നത് നമ്മുടെ ഇന്ദ്രിയങ്ങളും മനസും യാഥാർഥ്യത്തിലേക്കുള്ള വാതിലുകളല്ല, അതിനെതിരേയുള്ള കാവലാണ് എന്നാണ്. ഈ കാവലിലൂടെ നിങ്ങളിലേക്ക് വരുന്ന യാഥാർഥ്യം വെറും 2 ശതമാനമാണ്. 98 ശതമാനം യാഥാർഥ്യവും പുറത്ത് ഭദ്രമായുണ്ട് '.
മനസ് ഒരു ഏജന്‍റ്
ധ്യാനം എന്ന് പറയുന്നത് ഒരു കാര്യത്തെക്കുറിച്ചുള്ള ചിന്തയല്ല. വളരെ സങ്കീർണമായ ഒരു കാലമാണിത്. ഡിജിറ്റൽ ഉപകരണങ്ങളും ചിഹ്നങ്ങളും പ്രതീതി യാഥാർഥ്യങ്ങളും അദൃശ്യമായ അധികാരകേന്ദ്രങ്ങളും അങ്ങേയറ്റത്തെ ആത്മസംഘർഷങ്ങളുമാണ് ഈ കാലം മനുഷ്യരിൽ കുത്തിവച്ചു കൊണ്ടിരിക്കുന്നത്. അതേസമയം നിശ്ചയമായും നല്ല ഷോപ്പിങ് അനുഭവങ്ങളും ആശുപത്രി സൗകര്യങ്ങളും യാത്രാവിനോദങ്ങളുമുണ്ട്. പണമുണ്ടാക്കാനുള്ള സൗകര്യം കാൽ നൂറ്റാണ്ട് മുൻപത്തേക്കാൾ 250 മടങ്ങ് വർധിച്ചു.
ധ്യാനം യാഥാർഥ്യത്തെക്കുറിച്ചുള്ള ധാരണകളെ ഒഴിവാക്കി വസ്തുക്കളെ അതിന്‍റെ തനത് സ്വഭാവത്തിൽ അഭിദർശിക്കുന്ന സിദ്ധിയാണ്.
ഓഷോ ചോദിക്കുന്നു, "എന്തുകൊണ്ടാണ് മനസ് എല്ലാറ്റിലും ഇടപെടുന്നത്? കാരണം, മനസ് സമൂഹത്തിന്‍റെ സൃഷ്ടിയാണ്. നിങ്ങളിൽ സമൂഹത്തിന്‍റെ ഒരു ഏജന്‍റുണ്ട്. അത് നിങ്ങളുടെ സേവനത്തിനുള്ളതല്ല. നിങ്ങളുടെ മനസ് തന്നെയാണ്. മനസ് നിങ്ങൾക്കെതിരെയുള്ള ഒരു ഗൂഢാലോചനയാണ്'.
ഓഷോയുടെ ഈ അഭിപ്രായം വളരെ ശരിയാണെന്ന് ഇന്നത്തെ മാധ്യമ ലോകം പൊതുവിലും ഇന്‍റർനെറ്റ്, ടെലിവിഷൻ മാധ്യമങ്ങൾ വിശേഷിച്ചും സ്ഥിരീകരിക്കുന്നുണ്ട്. എല്ലാറ്റിലേക്കും മനസ് പാഞ്ഞു ചെല്ലുകയാണ്. അനാവശ്യ കാര്യങ്ങളിലെല്ലാം നമ്മൾ അഭിപ്രായം പറയണം. ഒരു സിനിമാ നടന്‍റെ പത്രസമ്മേളനവും അതിനെ തുടർന്നുണ്ടാവുന്ന സംഭവങ്ങളും എന്തിനാണ് നാടൊട്ടുക്ക് ചർച്ച ചെയ്യുന്നത്? എല്ലാവരും അവനവനെ വിട്ടിട്ട് ഹൃദയശൂന്യമായ, കിരാതമായ, ശബ്ദബഹുലമായ ഒരു ലോകത്തിലേക്ക് എടുത്തുചാടുകയാണ്. എല്ലാവരും ക്രിമിനോളജിസ്റ്റുകളും ജുഡീഷ്യൽ ആക്റ്റിവിസ്റ്റുകളുമാണ്. ഈ ചർച്ചകളും അഭിപ്രായങ്ങളും ചീത്തവിളികളും പുച്ഛ നാവുകളും നമുക്കെന്തെങ്കിലും പുതിയ അറിവ് നൽകുന്നുണ്ടോ? ശാശ്വതമായ നമ്മുടെ മുന്നേറ്റത്തിനും സഹജീവി സ്നേഹത്തിനും എന്തെങ്കിലും നന്മകൾ പകരാൻ ഇന്നത്തെ മാധ്യമ ലോകം ഉപകരിക്കുന്നുണ്ടോ?
എല്ലാ ആശയസംവാദങ്ങളെയും അവർ അടിച്ചമർത്തുകയാണ്. എവിടെയും പോർവിളിയും വെല്ലുവിളിയുമാണ്. ജയിക്കാനായി ജനിച്ചവരാണ് എല്ലാവരും. ഓരോ വ്യക്തിയും അലക്സാണ്ടർ ചക്രവർത്തിയാവുകയാണ്. ഇതല്ലേ ഏറ്റവും വലിയ അശാന്തി?
സമൂഹം സൃഷ്ടിച്ച മനസ് നമ്മളിലിരുന്ന് ഓരോന്ന് ആജ്ഞാപിക്കുന്നു. നമ്മൾ അതിന്‍റെ പിന്നാലെ പായുന്നു, ഏറ്റുമുട്ടുന്നു, പരിക്ക് പറ്റുന്നു; വിഷാദത്തിന്‍റെ ഓഹരി കൈപ്പറ്റി നശിക്കുന്നു. ഈ മനസ് നമ്മുടേതായ യാതൊന്നും കണ്ടെത്തുന്നില്ല. അത് സമൂഹത്തെയാണ് സേവിക്കുന്നത്. ഈ സമൂഹം തന്നെ പലതരം ഗ്രൂപ്പുകളുടെ ഒരു കൂട്ടമാണ്. അതിനു ഒരൊറ്റ മുഖമല്ല, പല മുഖങ്ങളുണ്ട്. സമൂഹം പലതാണ്. പലതരം അണുവ്യവസ്ഥകളാണ് സമൂഹം.
മനസിനെ നിരീക്ഷിക്കുക
ഓഷോ പറയുന്നു: "നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെങ്കിൽ നിങ്ങളുടെ മനസ് അതിന്‍റെ ഏജന്‍റായി പ്രവർത്തിക്കും. നിങ്ങൾ ഒരു ഹിന്ദുവാണെങ്കിൽ നിങ്ങളുടെ മനസ് ഹിന്ദുവാണ്. നിങ്ങൾ ബുദ്ധിസ്റ്റാണെങ്കിൽ നിങ്ങളുടെ മനസും ബുദ്ധിസ്റ്റാണ്. എന്നാൽ യാഥാർഥ്യം ക്രിസ്ത്യാനിയോ ഹിന്ദുവോ ബുദ്ധിസ്റ്റോ അല്ല; യാഥാർഥ്യം അതിന്‍റെ നിലയിൽ അത് മാത്രമാണ്, മറ്റൊന്നുമല്ല. നിങ്ങൾ ഏജന്‍റുമാരായ മനസുകളെ ഉപേക്ഷിക്കുകയാണെങ്കിൽ വേറൊരു മനസ് ഉയർന്നു വരും'.
ഈ ഏജന്‍റുമാരായ മനസുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? മനസിനെ വെറുതെ നിരീക്ഷിക്കാൻ ഓഷോ ആവശ്യപ്പെടുന്നു. നമ്മൾ നടക്കുകയാണെങ്കിൽ നടക്കുന്നത് നിരീക്ഷിക്കുക. ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് നിരീക്ഷിക്കുക. ഈ നിരീക്ഷണം തുടർന്നാൽ, നമ്മൾ ഉറങ്ങുന്നതും നിരീക്ഷിക്കാമത്രേ.
മനസിനു അതിന്‍റെയൊരു ശുദ്ധാവസ്ഥയുണ്ട്. നമ്മൾ അതിലേക്ക് മാലിന്യം കയറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. തീവ്രമായ വിഷാദവും കോപവും മനസിലേക്ക് വരുന്ന നിമിഷത്തിൽ നമുക്ക് ആലോചിക്കാനാവുമോ ഇതെല്ലാം മനസിന്‍റെ തന്നെ വസ്തുക്കളാണെന്ന്? ആലോചിച്ചാൽ മനസിലാകും, അതെല്ലാം പല പ്രേരണകളാൽ മനസ് സൃഷ്ടിച്ചെടുത്തതാണ്. നമ്മുടെ മനസിൽ നമ്മളില്ലല്ലോ. നമ്മൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത ഒരു മനസ് നമ്മളിലുണ്ട്. അതിലേക്ക് പ്രവേശിക്കാനാണ് ദാർശനിക ഋഷിമാർ ശ്രമിച്ചിട്ടുള്ളത്. അത് ലോകജീവിതത്തിന്‍റെ ഹൃദയത്തിൽ മുഴങ്ങുന്ന അസുലഭമായ സംഗീതം കേൾപ്പിക്കും. ഓഷോ പറയുന്നത് മനസ് എത്രമാത്രം മലിനീകരിക്കപ്പെട്ടു എന്ന് തിരിച്ചറിയണമെന്നാണ്. നമുക്ക് അന്യമായ എന്തെല്ലാം വസ്തുക്കൾ, വികാരങ്ങൾ നാം നമ്മുടേതായി തെറ്റിദ്ധരിച്ചു മുന്നോട്ടുപോകുന്നു.
ഇതാണ് യാഥാർഥ്യത്തെ തെറ്റിദ്ധരിക്കാൻ ഇടയാക്കുന്നത്. ഭൂതകാലത്തിലെ അനേകം ചിന്തകൾ നമ്മോടൊപ്പം പോരുകയാണ്. അതെല്ലാം നമ്മുടെയുള്ളിൽ സ്ഥിരമായി നിലയുറപ്പിച്ച് നമ്മെ മാറ്റിമറിച്ചിരിക്കുന്നു. ഭൂതകാല ചിന്തകളാണ് നമ്മൾ എന്ന നില വന്നിരിക്കുന്നു. "ഞാനാരാണ്' എന്ന ചോദ്യത്തിന് എത്രയോ പഴക്കമുണ്ട്. എന്തല്ല ഞാനെന്ന് അറിയാനുള്ള യാത്രയുമാണത്. ഞാൻ എന്താണ് എന്നു തിരയുമ്പോൾ എന്‍റേതല്ലാത്തതെല്ലാം മാറ്റിവയ്ക്കേണ്ടി വരും.
ഓഷോ പറയുന്നുണ്ട്, നിങ്ങളോട് ഒരു മുറിയിലേക്ക് നോക്കാൻ പറഞ്ഞാൽ നിങ്ങൾ ചുമരുകളിലേക്ക് നോക്കുമെന്ന്. ചുമരുകളല്ലല്ലോ ആ മുറി. മുറിയുടെ വശങ്ങളാണ് ചുമരുകൾ. ചുമരുകൾക്കിടയിലുള്ള ഇടമാണ് മുറി. എന്നാൽ ഈ ഇടം ചുമരുകളില്ലാതെ കാണാനാവില്ല. നാമോരോരുത്തരം ഇതുപോലൊരു മുറിയാണ്. നമ്മെ തിരിച്ചറിയാൻ ആ ചുമരുകൾ മാത്രമേയുള്ളു. അതിനുള്ളിലെ ഇടം എങ്ങനെ പുറം ലോകം കാണും? നിങ്ങൾ ശൂന്യമായ ഒരിടമാണ് എന്നറിയുകയാണെങ്കിൽ രക്ഷപ്പെട്ടു. എന്നാൽ ആ ഒഴിഞ്ഞ ഇടം എന്ന നിലയിൽ സ്വയം മനസിലാക്കാൻ പ്രയാസമാണ്. അല്ലാത്തപക്ഷം നിങ്ങൾ മറ്റു പലതുമായി സ്വയം സങ്കൽപ്പിക്കും. ഒരാളുടെ നാമവും രൂപവുമെല്ലാം ചുമരുകളെ പോലെയാണ്; അതിരുകളാണത്. നമ്മൾ എന്താണോ ചിന്തിക്കുന്നത് അത് നമ്മുടെ ചുമരുകളാണ്; അതിരുകൾ തന്നെ.
മനസിൽ സമാധാനമില്ല
ഒരിക്കൽ ഒരാൾ ഓഷോയോടു ചോദിച്ചു, എങ്ങനെയാണ് സമാധാനമുള്ള ഒരു മനസ് ലഭിക്കുകയെന്ന്. ഓഷോ പറഞ്ഞു, സമാധാനമുള്ള മനസ് എന്ന ഒരു കാര്യം മനസിനില്ലെന്ന്; അതിനെക്കുറിച്ച് കേട്ടിട്ടില്ലെന്ന്. മനസ് ഒരിക്കലും സമാധാനപരമല്ല; ഒരു മനസും സമാധാനമല്ല. മനസിന് ഒരിക്കലും സമാധാനത്തോടെ, നിശബ്ദമായി തുടരാനാവില്ല. മനസിന്‍റെ അടിസ്ഥാന സ്വഭാവം അലട്ടലാണ്, ചിന്താക്കുഴപ്പമാണ്. മനസിനു വ്യക്തതയില്ല; കാരണം, മനസ് സ്വാഭാവികമായിത്തന്നെ അലങ്കോലമാണ്, മേഘാവൃതമാണ്.
വ്യക്തത കിട്ടണമെങ്കിൽ മനസ് ഉണ്ടാകാൻ പാടില്ല. സമാധാനം വേണമെങ്കിൽ മനസ് വേണ്ടെന്ന് വയ്ക്കണം. നിശബ്ദത വേണമെങ്കിൽ മനസുണ്ടായിരിക്കരുത്. മനസിന് അസുഖകരമായത് എന്താണോ അതിനെ ഒഴിവാക്കുകയാണ് മാർഗം. നിങ്ങൾ മനസല്ല എന്നറിയുക. ഇതാണ് ധ്യാനത്തിന്‍റെ ലക്ഷ്യം. നിങ്ങളിലേക്ക് ഒഴുകിവരുന്ന മലിനജലത്തിന്‍റെ പൈപ്പ് അടച്ചു കൊടുക്കുകയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഉത്തരരേഖകൾ
1) എഴുത്തുകാരുടെ അഭിമുഖങ്ങൾ കൊണ്ട് വല്ല പ്രയോജനവുമുണ്ടോ?
ഉത്തരം: എഴുത്തുകാരുടെ അഭിമുഖങ്ങൾ കൃത്രിമമാണ്. പുസ്തക റിവ്യൂകൾ പോലെയാണത്. റിവ്യൂകൾ പൊക്കിയെഴുതാനുള്ളതാണെന്ന ധാരണയാണ് ഇന്നുള്ളത്. ആരുടെ പുസ്തകമാണോ റിവ്യു ചെയ്യുന്നത് അയാളെ പുകഴ്ത്താൻ വേണ്ടിയാണ് അതെഴുതുന്നത്. ഇന്ന് അഭിമുഖങ്ങളിൽ പൊതുവേ ഗൗരവമേറിയ ഒരു ചോദ്യമോ ഉത്തരമോ ഉണ്ടാകാറില്ല. സ്വന്തം അടഞ്ഞ ലോകത്തെ വർത്തമാനങ്ങൾ മാത്രം.
വി. ഷിനിലാലുമായി ജിഗീഷ് കുമാരൻ ചെയ്ത അഭിമുഖം (പച്ചമലയാളം, നവംബർ) ഇതിനു ഉദാഹരണമാണ്. നമ്മുടെ ചുറ്റുമുള്ള യാതൊന്നും ഈ അഭിമുഖത്തിലില്ല. അതൊന്നും എഴുത്തുകാരനെ അലട്ടുന്നില്ല! എന്തൊരു വിചിത്രമായ ലോകം.
2) എഴുത്തുകാരന് ഇന്നു നിലപാടുണ്ടോ?
ഉത്തരം: നിലപാടില്ല എന്നു മാത്രമല്ല, നിലപാടില്ലെന്ന കാര്യം ഉറക്കെ വിളിച്ചു പറയുകയും ചെയ്യും. യാതൊന്നിനോടും വിയോജിക്കുകയില്ല. യാതൊന്നിനെക്കുറിച്ചും അഭിപ്രായം പറയില്ല. ഇതാണ് സുരക്ഷിതമായ ഇടനാഴി. ഇങ്ങനെ ചെയ്താൽ പ്രയോജനമുണ്ടെന്ന് കണ്ട് അത്തരക്കാർ കൂടിവരികയാണ്.
3) ഇന്ന് സ്വതന്ത്രമായി അഭിപ്രായം പറയുന്നവർ കുറ്റിയറ്റ വർഗമായോ?
ഉത്തരം: സ്വതന്ത്രചിന്തകരെ കാണാനില്ല. എല്ലാവരും രാഷ്‌ട്രീയക്കാരാണ്. ചില റിട്ടയേഡ് പ്രൊഫസർമാർ ഇപ്പോൾ സ്വതന്ത്രചിന്തയുടെ കൊടി പാറിക്കാൻ ശ്രമിക്കുന്നുണ്ട്. എഴുത്തുകാർക്ക് സ്വാതന്ത്ര്യം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ബി. രാജീവൻ, ഇ.വി. രാമകൃഷ്ണൻ തുടങ്ങിയവർക്ക് സ്വാതന്ത്ര്യം കൊണ്ട് എന്താണ് പ്രയോജനം?
4) "ജീവിതത്തിന്‍റെ നഗ്നത' എന്നു പ്രയോഗിച്ചാൽ അശ്ലീലമാകുമോ?
ഉത്തരം: അശ്ലീലമായാൽ എന്താണ് കുഴപ്പം? ഭാഷയ്ക്കാണോ അശ്ലീലം? നമ്മുടെ വീക്ഷണങ്ങൾക്കല്ലേ? ജീവിതം നഗ്നമാണല്ലോ. ഷൂസിലോ, ഷർട്ടിലോ ജീവിതം ഒതുങ്ങുന്നില്ല. പി.കെ. ഗോപിയുടെ മനോഹരമായ കവിത "അഗ്നിയുടെ മാറിടം (പ്രഭാതരശ്മി, സെപ്റ്റംബർ, 2023) വായിച്ചു. ഈ വരികൾ നോക്കൂ:
"ആകാശത്തിൽ പറക്കുന്നതിനേക്കാൾ
ഏത് ദേശത്തിന്‍റെയും പതാകയ്ക്കിഷ്ടം,
പിച്ചിച്ചീന്തിയ നഗ്നതയ്ക്കു മേൽ
പറ്റിപ്പിടിച്ചിരിക്കാനാവും.
മനുഷ്യപ്പിശാചുകളെ
പ്രസവിക്കല്ലേയെന്ന്
ഗർഭപാത്രങ്ങൾക്ക് മേൽ കൈവച്ച്
അവർ എത്ര ദൈവങ്ങളെയാവും
പ്രാർഥിച്ചിട്ടുണ്ടാവുക?'
ഇത്രയും നഗ്നമായി എഴുതുമ്പോഴാണ് ഒരു കവിയെ നമ്മൾ അനുഭവിക്കുന്നത്.
5) മറ്റുള്ളവരുടെ വിമർശനങ്ങൾ കേട്ട് ഒരു എഴുത്തുകാരന് മികച്ച കൃതി എഴുതാനാകുമോ?
ഉത്തരം: വിമർശനം എഴുത്തുകാരനെ നന്നാക്കില്ല. അത് വിമർശനത്തിന്‍റെ ലക്ഷ്യമാകാനുമിടയില്ല. വിമർശനം വായനയുടെ ഉന്നതമായ പ്രതികരണമാണ്. എഴുത്തുകാരൻ അതൊന്നും കേൾക്കരുതെന്നാണ് ഈ വർഷം നൊബേൽ പ്രൈസ് ലഭിച്ച യോൺ ഫോസെ പറയുന്നത്.
"നിങ്ങൾ നിങ്ങളെ തന്നെ കേൾക്കുക; മറ്റുള്ളവരെ വേണ്ട. നിങ്ങൾക്ക് എന്താണ് തോന്നുന്നത് അത് എഴുതുക. നിങ്ങൾ ആഗ്രഹിക്കുന്നതോ നിങ്ങൾക്ക് ഉണ്ടായിരുന്നതോ എഴുതരുത്. നിങ്ങളോടൊപ്പം നടക്കുക. നിങ്ങളുടെയുള്ളിൽ മുഴങ്ങുന്ന സ്വരവും ദർശനവും ശ്രദ്ധിക്കുക'.
6) സച്ചിദാനന്ദൻ ഭക്തി കവിതകളും ലാറ്റിനമേരിക്കൻ കവിതകളും പരിഭാഷപ്പെടുത്തുന്നുണ്ടല്ലോ?
ഉത്തരം: സച്ചിദാനന്ദന് എല്ലാ ഭാവുകത്വവും വേണം. ദളിത്, സ്ത്രീ, ഭക്തി, ആധുനിക, ഉത്തരാധുനിക ഭാവുകത്വമെല്ലാം അദ്ദേഹം കൂട്ടിക്കുഴയ്ക്കുകയാണ്. സ്വന്തമായി ഒരു അഭിരുചിയില്ലാത്ത കലാശാലാ കവികൾക്കെല്ലാം ഈ പ്രശ്നമുണ്ട്.
7) വൈശാഖന്‍റെ "ചില നേരങ്ങളിൽ' (മാതൃഭൂമി ഓണപ്പതിപ്പ്, 2023) എന്ന കഥ വായിച്ചോ?
ഉത്തരം: റെയ്‌ൽവേ ഉദ്യോഗസ്ഥനായിരുന്ന വൈശാഖൻ ഏതായാലും ഇത്തവണ കഥയിൽ റെയ്‌ൽവേ യാത്ര ഉൾപ്പെടുത്തിയിട്ടുണ്ട്. റെയ്‌ൽവേയിൽ നിന്നു പ്രചോദനം ഉണ്ടാകില്ലെന്ന് കുറ്റം പറഞ്ഞവർക്ക് ഇനി അടങ്ങാം.
എം. ഹരിത എഴുതിയ "സങ്കടക്കണ്ണുള്ള മെലിഞ്ഞ പെണ്ണുങ്ങൾ' എന്ന കഥ "മെട്രൊ വാർത്ത' ഓൺലൈനിൽ വായിച്ചു. ഈ കാലഘട്ടത്തിലെ പെൺജീവിതത്തിന്‍റെ നിസഹായമായ സാരിയിൽ തൂങ്ങി മരണത്തിന്‍റെ നിശബ്ദമായ കരച്ചിൽ കഥയിൽ നിന്നുയരുന്നുണ്ട്.