കേസരിയുടെ പ്രിയപ്പെട്ട പുസ്തകം

കുറെ പേരെ കുറ്റവാളികളായി സൃഷ്ടിച്ചെടുക്കേണ്ടത് നിയമവാഴ്ചയിൽ അഹങ്കരിക്കുന്ന സമൂഹങ്ങളുടെ അനിവാര്യമായ ഉത്തരവാദിത്വമായിരിക്കുന്നു
കേസരിയുടെ പ്രിയപ്പെട്ട പുസ്തകം

എം. കെ. ഹരികുമാർ

മലയാള പത്രപ്രവർത്തനത്തിന്‍റെയും സാഹിത്യ വിമർശനത്തിന്‍റെയും ആചാര്യന്മാരിലൊരാളായ കേസരി ബാലകൃഷ്ണപിള്ള തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സമ്പൂർണ കൃതികളുടെ ഒടുവിൽ ആ പ്രസ്താവന ഇങ്ങനെ ചേർത്തിരിക്കുന്നു: "എന്‍റെ മനസിനെയും ഭാവനയെയും ഏറ്റവുമധികം ആകർഷിച്ചിട്ടുള്ള പുസ്തകം അമെരിക്കൻ ധർമവാദിയും കവിയുമായ ഹെൻറി ഫ്രെഡറിക് അമീലിന്‍റെ "അമീൽസ് ജേർണൽ ഇൻടൈം' എന്നതാണ്. "ഓരോ പൂവും ഒരിക്കൽ മാത്രമാണ് ഉണ്ടാകുന്നതെന്നും അതാകട്ടെ അതി സൂക്ഷ്മതലത്തിൽ സൗന്ദര്യത്തിന്‍റെ പൂർണതയെ പ്രതിനിധാനം ചെയ്യുന്നുവെന്നും അമീൽ കുറിച്ചത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. "ഞാൻ ദൈർഘ്യമേറിയ, വിക്റ്റർ യുഗോയുടെ "പാവങ്ങൾ' വായിച്ചു. അതിന്‍റെയുള്ളിലെ നിയാമകമായ ആശയമെന്താണെന്ന് അന്വേഷിച്ചു. സമൂഹം ചില ഭയാനകമായ തിന്മകൾ സൃഷ്ടിക്കുന്നു - വ്യഭിചാരം, ജീവിക്കാനായി ഒരിടമില്ലാതിരിക്കുക, തെമ്മാടികൾ, കള്ളന്മാർ, കുറ്റവാളികൾ, നിഷേധികളുടെ സംഘങ്ങൾ, യുദ്ധം, വേലിക്കെട്ടുകൾ. നിയമത്തെയും അഭിപ്രായത്തെയും മാനുഷികവത്ക്കരിക്കുകയാണ് നമ്മുടെ മുന്നിലുള്ള ജോലി. അടിച്ചമർത്തപ്പെടുന്നവരെ ഉയർത്തിക്കൊണ്ടു വരികയും ഒരു സാമൂഹ്യമായ പരിഹാരം ഉണ്ടാവുകയുമാണ് പ്രധാനം'- അമീൽ കുറിക്കുന്നു.

കുറെ പേരെ കുറ്റവാളികളായി സൃഷ്ടിച്ചെടുക്കേണ്ടത് നിയമവാഴ്ചയിൽ അഹങ്കരിക്കുന്ന സമൂഹങ്ങളുടെ അനിവാര്യമായ ഉത്തരവാദിത്വമായിരിക്കുന്നു. ഒരു കുറ്റവാളി വ്യക്തിപരമായി ദയ അർഹിക്കുന്നില്ല. എന്തെന്നാൽ അവർ കുറ്റം ചെയ്തല്ലോ. അവന്‍റെ തലച്ചോറിലെ നീതിന്യായ വ്യവസ്ഥയ്ക്ക് തകരാർ സംഭവിച്ചിരിക്കുന്നു. വളരെ ഒതുങ്ങി, ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സ്വയം അനുകരിച്ച്, കൈയും തലയും ശരീരത്തിനുള്ളിലേക്ക് തന്നെ വലിച്ചെടുത്ത് ജീവിക്കുന്ന ഒരു പുത്തൻ സാമൂഹ്യപരിഷ്കൃത വ്യവസ്ഥയിൽ കുറ്റവാളികൾ മറ്റുള്ളവരുടെ ഇടങ്ങൾ നിർണയിക്കുന്നു. കുറ്റം ചെയ്യാത്തവർക്കെല്ലാം യാതൊന്നും ചെയ്യാതെ തന്നെ ഒന്ന് ഉയർന്നിരിക്കാൻ അത് അവസരം നൽകുന്നു. അമീൽ പറയുന്നത് അതിന് സാമൂഹ്യപരിഹാരം വേണമെന്നാണ്.

ഓട്ടം ഒരു പരീക്ഷണം

"എല്ലാ അണുക്കളും എല്ലാറ്റിന്‍റെയും ഹൃദയത്തിലുണ്ട്. വലിയ കുറ്റവാളികളും വലിയ നായകന്മാരും നമ്മുടെ തന്നെ വ്യത്യസ്ത രൂപങ്ങളാണ്. തിന്മ സ്വയം വളരുകയാണ്. എന്നാൽ നന്മയ്ക്ക് വേണ്ടത് പ്രയത്നവും ധീരതയുമാണ്' -അമീലിന്‍റെ വാക്കുകൾ. നമ്മളിൽ എല്ലാമുണ്ടെന്നറിഞ്ഞാൽ കുറച്ചൊക്കെ ശാന്തമാകാൻ കഴിയും. അട്ടഹസിച്ച്, അലറി, നിലവിട്ട്, തുടൽ പൊട്ടിച്ച് ഓടിയാൽ സമീപത്തു തന്നെയുള്ള മതിലിൽ ചെന്നിടിക്കുമെന്ന് അറിയുമ്പോഴാണ് ശരിയായ ശാന്തത കൈവരുന്നത്. വലിയ ഓട്ടം ഒരു പരീക്ഷണമാണ്. വേഗതയേറിയ ഓട്ടം ആപൽക്കരമാണ്. വേഗതയിൽ ജീവിതം പെട്ടെന്ന് തീർന്നു പോകും. വേഗത മൂർഛിച്ച് അധികം ദൂരെയല്ലാതെ നിലനിൽക്കുന്ന മതിലിൽ ചെന്നിടക്കും. അതോടെ വേഗത മിഥ്യയായിരുന്നുവെന്ന് മനസിലാകും. പത്തു വയസുള്ള ഒരു കുട്ടി അതിവേഗതയിൽ കുതിച്ച് 60 വയസിലേക്ക് പോകേണ്ട.

"എല്ലാത്തിന്‍റെയും അടിത്തട്ടിൽ വിഷാദമാണുള്ളത്, എല്ലാ നദികളുടെയും അന്തിമ ബിന്ദു കടലായിരിക്കുന്നതുപോലെ. ഒന്നും നിലനിൽക്കാത്ത ഒരു ഒരു ലോകത്തിൽ ഇങ്ങനെയല്ലാതെ വരുമോ? നമ്മൾ സ്നേഹിച്ചതും സ്നേഹിക്കാൻ പോകുന്നതുമെല്ലാം നശിക്കും. അങ്ങനെയാണെങ്കിൽ മരണം തന്നെയായിരിക്കുമോ ജീവിതത്തിന്‍റെ രഹസ്യം?അനശ്വരമായ വിഷാദത്തിന്‍റെ ഇരുട്ട്, ഏറെക്കുറെ പൂർണമായി, എല്ലാ പ്രബുദ്ധമനസുകളെയും പൊതിയുകയാണ്, രാത്രി ഈ പ്രപഞ്ചത്തെ പൊതിയുന്നപോലെ. "പ്രവചനാത്മകമായ എഴുത്താണ് അമിലിന്‍റേത്. പഴയ നിയമത്തിലെ സഭാപ്രസംഗകനെ പോലെ, റോമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസിനെ പോലെ ശാശ്വതമായ മുഴക്കങ്ങളെ ഉൾക്കൊള്ളുന്ന സത്യങ്ങൾ, അപ്രിയ സത്യങ്ങൾ തുറന്നു പറയുന്നു. മാനവരാശിയുടെ ചരിത്രപരവും ബൗദ്ധികവുമായ മുന്നേറ്റത്തെ പോലും റദ്ദ് ചെയ്യുന്ന സത്യങ്ങൾ പുറത്തു പറയേണ്ടതുണ്ട് എന്ന് അവർ ചിന്തിച്ചിരുന്നു. സ്നേഹത്തിന്‍റെ മരണമല്ല, സ്നേഹിക്കപ്പെടുന്നവരുടെയും സ്നേഹിക്കുന്നവരുടെയും മരണമാണ് സത്യമായിട്ടുള്ളത്. മരണമാണ് സത്യമായിട്ടുള്ളത്. അതേസമയം സ്നേഹിക്കുന്നത് ഒരു ദിവ്യമായ അനുഭൂതിയാണ്.

ജീവിതത്തിന്‍റെ പ്രധാന ആഭിമുഖ്യം ഹൃദയത്തിലാണ്. ആത്മാവിന്‍റെ ജീവദായകമായ കാര്യം സന്തോഷമാണ്. ദുഃഖമാകട്ടെ, മനുഷ്യ മനസിന്‍റെ കുഴപ്പങ്ങളുടെ ഫലമായുണ്ടാകുന്ന ആസ്മയാണ്. സന്തോഷത്തിന്‍റെ മൂല്യം അമീൽ ചൂണ്ടിക്കാണിക്കുന്നത്, ജീവിതദുഃഖത്തിന്‍റെ കടലിൽ ഒറ്റപ്പെടുന്നവരിൽ തന്നെ അപാരമായ സ്നേഹശക്തിയും സന്തോഷവുമുണ്ടെന്ന് ധ്വനിപ്പിക്കാനാണ്. മനുഷ്യൻ ഒരു അടച്ചിട്ട മുറിയാണ്. താക്കോൽ പക്ഷേ, അവന്‍റെ കൈയിലുണ്ട്. എന്നാൽ അത് തുറക്കാൻ നമുക്ക് മാത്രമേ കഴിയൂ. വിഷമിപ്പിക്കുന്ന ഈ സമസ്യ മറികടക്കുന്നവർക്ക് സന്തോഷം ലഭിക്കും. സന്തോഷം വേണമെന്ന നിശ്ചയത്തിലൂടെ ഒരാൾക്ക് സ്വന്തം ഇരുട്ടറകളെ മറികടക്കാനാവും. ഇത് നമ്മുടെ മാത്രം തിരഞ്ഞെടുപ്പാണ്. നമ്മുടെ ദുരിതങ്ങളിൽ നിന്ന് സന്തോഷത്തിലേക്ക് എത്താൻ പ്രത്യക്ഷത്തിൽ വഴികളില്ലായിരിക്കാം. എന്നാൽ ഹൃദയത്തിൽ അതിനുള്ള വഴികൾ എഴുതിവച്ചിട്ടുണ്ട്. "

സന്തോഷം എവിടെ നിന്നു വരുന്നു?

ഭൗതികവാദിയായ ഒരു തത്ത്വജ്ഞാനിക്ക് സൗന്ദര്യം യാദൃശ്ചികമാണ്. എന്നാൽ ആത്മീയവാദിയായ തത്ത്വജ്ഞാനിക്ക് സൗന്ദര്യം നിയമമാണ്, തത്ത്വമാണ്, വസ്തുക്കളുടെ പ്രാപഞ്ചികമായ അടിത്തറയാണ്. അവിടെ ഓരോ രൂപവും ഉറവിടത്തിലേക്ക് മടങ്ങിപ്പോകുന്നു, യാദൃച്ഛികതയുടെ ശക്തി ക്ഷയിക്കുന്നതോടെ -അമീൽ സൂചിപ്പിക്കുന്നു. സൗന്ദര്യം ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിൽ കാണുന്നവരുണ്ട്. അവർക്ക് ഉപയോഗത്തോടെ സൗന്ദര്യവും നശിക്കും. ഒരു പെൺകുട്ടി സുന്ദരിയാണെന്ന് കണ്ട് അവളെ സ്വന്തമാക്കി മാദകമായ വശ്യതയിൽ മുങ്ങിയെഴുന്നേറ്റാൽ ഉടനെ ആ സൗന്ദര്യബോധം നഷ്ടപ്പെടും. പിന്നീട് മറ്റൊരു ഉത്തേജനം വേണം. ആത്മീയ സൗന്ദര്യം ബാഹ്യതകളിലല്ല, ആന്തരികതകളിലാണ്. അവിടെ രൂപങ്ങൾ പ്രത്യക്ഷതകൾ മാത്രമാണ്.

"നമ്മൾ തിന്മയാണ്, കോപമാണ്, അസന്തുഷ്ടിയാണ്. "അമീലിന്‍റെ തുറന്നു പറച്ചിൽ എത്ര സത്യസന്ധമാണ്!. നമുക്ക് എവിടെയാണ് സന്തോഷിക്കാൻ നേരം ? സന്തോഷിക്കുമ്പോഴും നാം സ്വയം അലങ്കോലമുണ്ടാക്കും. അതിൽ തന്നെ വേദനാജനകവും വെറുപ്പിക്കുന്നതുമായ എന്തെങ്കിലുമുണ്ടോ എന്ന് തിരഞ്ഞുകൊണ്ടിരിക്കും. എല്ലാ ഭൗതിക സൗകര്യങ്ങളും ഉണ്ടായിട്ടും സുഖം കിട്ടാത്തവരുണ്ട്. അവർ അന്യരെ ദ്രോഹിക്കാൻ ശ്രമിക്കും. അവർ യാതൊന്നിലും തൃപ്തിയുള്ളവരല്ല. എന്തെല്ലാം നേട്ടങ്ങൾ ഉണ്ടെങ്കിലും അതിന്‍റെ ഓർമകളെ നശിപ്പിച്ച് അസ്വസ്ഥതയും കലഹവും തേടുന്നവരുണ്ട്. സന്തോഷം എവിടെ നിന്നു വരുന്നു ?നമുക്ക് നമ്മെക്കുറിച്ച് വളരെ കുറച്ചു മാത്രമേ അറിയാവൂ. നാം എങ്ങനെ പ്രതികരിക്കുമെന്ന് മുൻകൂട്ടി പറയാനാവില്ലല്ലോ. നമ്മുടെ ഭാഷ പോലും പ്രവചിക്കാനാവില്ല. ഭാഷ നമ്മെ തിരഞ്ഞെടുക്കുകയാണ്.

നമ്മെക്കുറിച്ച് വളരെ കുറച്ചു മാത്രം അറിയുന്നതിന്‍റെ കാരണം ഇങ്ങനെ വിശദീകരിക്കുന്നു: "നമ്മളിൽ നിന്നു തന്നെ ഒരു ശരിയായ അകലത്തിൽ നിൽക്കാനുള്ള പ്രയാസമാണ് കാരണം. ശരിയായ വീക്ഷണകോൺ കിട്ടുന്നില്ല. അങ്ങനെ വന്നാൽ വിശദാംശങ്ങൾ നമ്മെ സഹായിക്കും. സ്വയം നോക്കാൻ പഠിക്കണം, സാമൂഹ്യമായും ചരിത്രപരമായും ;നമ്മുടെ ആപേക്ഷികമായ മൂല്യത്തെക്കുറിച്ച് ശരിയായ അറിവ് നേടണമെങ്കിൽ, ജീവിതത്തെ സമഗ്രമായി നോക്കി കാണണമെങ്കിൽ, ചുരുങ്ങിയത് ഒരു ജീവിതഘട്ടത്തെക്കുറിച്ചെങ്കിലും പഠിക്കണം. സയം എന്താണ്, എന്തെല്ല എന്ന് അറിയാനാഗ്രഹിക്കുന്നുവെങ്കിൽ പ്രത്യേകിച്ചും.

സ്വയം പ്രകാശിപ്പിക്കുക

ഒരാളുടെ മുഖത്ത് ഒരു ഉറുമ്പ് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുകയാണെങ്കിൽ, ഒരു ഈച്ച ഒരാളുടെ നെറ്റിയിൽ കയറിയിരിക്കുകയാണെങ്കിൽ അവരെ ആ പ്രാണികൾ സ്പർശിക്കുന്നുണ്ട്, തീർച്ച. എന്നാൽ അവരെ കാണുന്നില്ല. ഒറ്റനോട്ടത്തിൽ മുഴുവൻ ശരീരത്തെയും അവ ഒരിക്കലും ആലിംഗനം ചെയ്യുന്നില്ല' -അമീൽ നിരീക്ഷിക്കുന്നു. സ്വയം വിമർശിച്ചും, കൈവന്ന മൂല്യങ്ങളിൽ സന്തോഷിച്ചും സമഗ്രമായ ജീവിതത്തെ അറിയാത്തിടത്തോളം ജീവിതനിരൂപണം അർഥവത്താകുകയില്ല. പലതരത്തിലുള്ള സംഘർഷങ്ങളും വിഷമങ്ങളും വ്യക്തിയിൽ അസന്തുഷ്ടി ജനിപ്പിക്കുമെങ്കിലും അതിൽ ഒരു ഗുരുവിന്‍റെ ഉപദേശമടങ്ങിയിരിക്കുന്നു. അപകടകരമായ പാലങ്ങളിലൂടെ യാത്ര ചെയ്യാതിരിക്കാനുള്ള നിർദ്ദേശം അതിലുണ്ട്. മുറിഞ്ഞവന് മാത്രമേ മുറിവില്ലാത്തവരുടെ സൗഖ്യം മനസിലാവുകയുള്ളു.

കല ജീവിക്കുന്നത് പ്രത്യക്ഷതകളിലാണ്. പ്രത്യക്ഷതകൾ ആത്മീയവീക്ഷണങ്ങളാണ്, ഉറച്ചു പോയ സ്വപ്നങ്ങളാണ്. കവിത പ്രകൃതിയെ നമ്മളിലേക്ക് കൊണ്ടുവരുന്നു. എന്താണ് പ്രകൃതി? വികാരത്തിന്‍റെ സ്പർശനമേറ്റ ഓർമയാണത്. ജീവിതത്തോട് ചേർന്ന് കമ്പനം ചെയ്യുന്ന പ്രതിബിംബമാണത്. നമ്മുടെ മനസിന്‍റെ ഒരു മാതൃകയാണ്. നമ്മളിൽ കവിതയുണ്ട്. നമ്മൾ പ്രകൃതിയാകയാൽ കവിതയുമാണ്. കവിതയുടേതായ ആന്തരിക മനസ് നമ്മളിൽ തന്നെ കണ്ടെത്താനുള്ള അറിവാണ് കവിതയായിത്തീരുന്നത്. യഥാർഥ കവിത ആത്മാവിന്‍റെ പ്രകടനമാണ്. അത് വസ്തുക്കളിലേക്ക് സ്വയം ഇറങ്ങി ചെല്ലുന്നു. അത് സ്വയം മറക്കുന്നു. എന്താണ് ആത്മാവെന്ന് ചിന്തിച്ച് കഷ്ടപ്പെടേണ്ട; അത് മതങ്ങളിൽ പറയുന്ന ആത്മാവല്ല. മനുഷ്യവ്യക്തിയുടെ സഹജമായ ആത്മീയതാണ്. സ്വയം പ്രകാശിപ്പിക്കുക എന്നാണ് അർഥം.

സത്യം കൊണ്ട് തന്നെ സത്യത്തെ കൊല്ലുമെന്ന് അമീൽ പറയുന്നു. കൂടുതൽ പഠിക്കാനാണെന്ന നാട്യത്തിൽ ഒരു ശില്പത്തെ ഇടിച്ചുപിടിച്ചു നോക്കുന്നത് വ്യർഥമാണ്. പാണ്ഡിത്യ പ്രകടനത്തിന്‍റെ ചീത്തവശമാണിത്. ഒരു വസ്തുവിനെക്കുറിച്ച് പഠിക്കുകയാണെന്ന് പറഞ്ഞ് അതിന്‍റെ ചില ഭാഗങ്ങൾ മാത്രം കാണുന്നവന് പരിമിതിയുണ്ട്. മൂന്നു ഗുണങ്ങൾ ഒരു വിമർശകനുണ്ടായിരിക്കണം. വസ്തുക്കളെയും മനുഷ്യരെയും മൂന്നു രീതിയിൽ നോക്കണം. ഒന്ന്, വസ്തുവിനെ യഥാർഥമായ തലത്തിൽ. അത് എങ്ങനെയാണോ കാണപ്പെടുന്നത് ആ നിലയിൽ കാണണം. രണ്ട്, അത് എങ്ങനെ ആയിരിക്കാമെന്ന് വിശകലനം ചെയ്യുന്നതാണ് അടുത്തഘട്ടം -മറ്റൊരു സാധ്യത. മൂന്ന്, അത് എങ്ങനെ ആയിരിക്കണം എന്ന് ചിന്തിക്കണം. അതിനെക്കുറിച്ച് നമുക്കുള്ള വീക്ഷണം.

ഉത്തരരേഖകൾ

1) ഇടശേരിയുടെ ചരമത്തിന്‍റെ അമ്പതാം വാർഷികത്തിൽ കോളെജ് പിഎച്ച്ഡി ഡോക്റ്റർമാരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് സ്മാരക സമിതി സെമിനാർ നടത്തിയതിനെ എങ്ങനെ കാണുന്നു?

ഉത്തരം: ഇടശേരി വലിയൊരു കവിയാണ്. ഇനിയും വേണ്ടപോലെ അദ്ദേഹത്തിന്‍റെ രചനകളെ മലയാളികൾ മനസിലാക്കിയിട്ടില്ല. എന്നാൽ ഇടശേരിയെ സ്മരിക്കാൻ നടത്തുന്ന സെമിനാർ ഡോക്റ്റര്‍മാർ കൈയടക്കിയത് കണ്ട് അതിശയിച്ചു പോയി. പിഎച്ച്ഡി അധ്യാപകരുടെ വാക്കുകളിൽ സൗന്ദര്യാനുഭൂതിയില്ല. സാഹിത്യകൃതിയെ സൗന്ദര്യാനുഭവമായി കാണുന്നതിന് പകരം അവർ ഗവേഷണത്തിനുള്ള വിഷയമായി കാണുന്നു. ഇത് വിരസവും ഭാഗികവും പ്രതിലോമവുമാണ്. ഇടശേരി ഇതൊക്കെ പൊറുക്കുമോ?

2) മലയാള കഥയിലെ ആത്മീയമായ ധാര ഇല്ലാതാവുകയാണോ ?

ഉത്തരം: വർഷങ്ങൾക്കു മുമ്പ് ഋഷി ജി. നടേഷ്, എസ്. രാമകൃഷ്ണൻ, വിക്റ്റർ ലീനസ്, ജയനാരായണൻ തുടങ്ങിയവർ എഴുതിയ കഥകൾ മനസിൽ തെളിഞ്ഞു വരികയാണ്. മതാത്മകമായ ആത്മാവല്ല ഇത്. വ്യക്തിഗതമായ മനനം, ആത്മഗതം എന്നിവയെല്ലാം ആത്മീയമാണ്. സിസ്റ്റർ ഉഷാ ജോർജ് എഴുതിയ "സോളോ അമോറിസ്' (ബാഷോ ബുക്സ്, കോഴിക്കോട് ) ദൈവത്തെ അന്വേഷിക്കുന്ന ആത്മാവിന്‍റെ കഥകളാണ്. സോളോ അമോറിസ് എന്ന് പറഞ്ഞാൽ ലാറ്റിൻ ഭാഷയിൽ സ്നേഹം മാത്രം എന്നാണർഥം. നിരീശ്വരവാദിയാണ് യഥാർഥ ദൈവ വിശ്വാസി എന്ന് സമർഥിക്കുന്ന കഥയാണ് "ദൈവവും നിരീശ്വരവാദിയും'. കഠിനമായി അധ്വാനിക്കുന്നത്, പാവപ്പെട്ടവരെ സഹായിക്കുന്നത്, ഏത് പ്രശ്നത്തിനു നടുവിലും സന്തോഷത്തോടെ ഇരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ദൈവികതയല്ലാതെ മറ്റെന്താണ് എന്ന് കഥയിൽ ചോദിക്കുന്നു. പ്രവർത്തിയിലാണല്ലോ ദൈവം.

3) സ്നേഹമാണോ വെറുപ്പാണോ ശക്തം?

ഉത്തരം : സ്നേഹം തന്നെയാണ് വെറുപ്പ് എന്ന് രാജൻ. സി.എച്ച് "വെറുപ്പായി' (ആശ്രയ മാതൃനാട്, ഏപ്രിൽ) എന്ന കവിതയിൽ എഴുതിയത് വിഭിന്നമായ ഒരു നോട്ടമാണ്. വെറുക്കപ്പെട്ടവനായി ജീവിച്ച ഒരുവൻ മരിച്ചപ്പോൾ വെറുത്തവരെല്ലാം മൃതദേഹത്തിനടുത്ത് വന്നു തലകുനിച്ചു നിന്നുവത്രേ.

"ഒരു ശവത്തെയും

ഇങ്ങനെ സ്നേഹിച്ചു

വെറുക്കരുത്.

എന്തിനാണിങ്ങനെ?

വെറുത്തു സ്നേഹിക്കാമായിരുന്നില്ലേ ?

വെറുപ്പിനോളം തീക്ഷ്ണമാകുമോ സ്നേഹം?'

ഈ കാലം സ്നേഹത്തെ വെറുപ്പായി മനസിലാക്കുകയും വെറുപ്പായി ആവിഷ്കരിക്കുകയും ചെയ്യുകയാണ് എന്ന ചിന്ത ശ്രദ്ധേയമായി.

4) ജി. ദേവരാജൻ മാസ്റ്ററെക്കുറിച്ച് മകൾ ശർമിളാ അശോക് എഴുതിയ "സ്നേഹസംഗീത സാന്ദ്രം' (പ്രഭാതരശ്മി, മാർച്ച്) വായിച്ചുവോ ?

ഉത്തരം: ആ ലേഖനം ദേവരാജൻ എന്ന സംഗീത സംവിധായകനെ അടുത്തറിയാൻ സഹായിച്ചു. ദേവരാജന്‍റെ 10 പാട്ടുകൾ തിരഞ്ഞെടുത്താൽ അതിലൊന്ന് "ശാലിനി എന്‍റെ കൂട്ടുകാരി' എന്ന ചിത്രത്തിലെ "ഹിമശൈല സൈകത ഭൂമിയിൽ' എന്ന ഗാനമായിരിക്കുമെന്ന് ശർമിള പറയുന്നു. ദേവരാജൻ എഴുതിയ ഒരു ഗാനവും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. അത് പൂവുകളെക്കുറിച്ചാണ്. അവസാന വരികൾ ഇങ്ങനെയാണ്:

"നിങ്ങൾ മരിക്കില്ല; നിങ്ങടെ ചോരയിൽ

ഇന്നു നൂറായിരം പൂക്കൾ വിരിഞ്ഞല്ലോ;

പുൽക്കുടിൽ തോറുമെൻ പുല്ലാങ്കുഴലിലും

ഉൾക്കുളിർ പാകുവാൻ പുഞ്ചിരിതൂകുമോ ?'

ദേവരാജന്‍റെ ആദർശവും ലക്ഷ്യവും സ്പഷ്ടമാക്കുന്ന വരികൾ.

5) ഈ മഹാപ്രപഞ്ചത്തിലെ മനുഷ്യൻ എന്ന നിസാര ജീവിയെപ്പറ്റി ബഷീർ ഉൾപ്പെടെയുള്ളവർ എഴുതിയിട്ടുണ്ട്? എങ്ങനെ വീക്ഷിക്കുന്നു?

ഉത്തരം: അത് ഒരു അതീന്ദ്രിയ ദർശനമാണ്. മനുഷ്യനെ ഏറ്റവും ചെറുതായി കാണാൻ സിദ്ധി വേണം. പ്രമുഖ അമെരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ കാൾ സാഗൻ പറഞ്ഞു: "പ്രപഞ്ചം നമ്മുടെയുള്ളിലാണ്. നമ്മൾ ഉണ്ടാക്കപ്പെട്ടിരിക്കുന്നത് നക്ഷത്രങ്ങളിലെ വസ്തുക്കൾ കൊണ്ടാണ്. പ്രപഞ്ചത്തിന് സ്വയം അറിയാനുള്ള ഒരു വഴിയാണ് നമ്മൾ'. മനുഷ്യശരീരത്തിലെ മൂലകങ്ങൾ നക്ഷത്രങ്ങളിലുള്ളതാണെന്ന് അദ്ദേഹം കണ്ടെത്തുന്നു.

9995312097

mkharikumar33@gmail. com

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com