ജീവന്‍റെ ആഘോഷം | അക്ഷരജാലകം

സൂര്യൻ പൊട്ടിത്തെറിച്ചാലും ബാക്റ്റീരിയ ഇവിടെത്തന്നെ കാണും. എന്തെന്നാൽ ഈ ഗ്രഹം അവരുടേതാണ്; അവർ നമ്മെ ജീവിക്കാൻ അനുവദിക്കുന്നുവെന്നു മാത്രം.
Bill Bryson
Bill Bryson

അക്ഷരജാലകം | എം.കെ. ഹരികുമാർ

ഭാരതം ചന്ദ്രനിൽ സ്പർശിച്ചതിന്‍റെ ചരിത്രസന്ദർഭത്തിൽ നിൽക്കുന്ന സമയത്ത് ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങൾ മാറുന്നത് ആലോചിക്കാനാകുമോ? ചാന്ദ്രപ്രഭ നമ്മൾ ക്യാമറക്കണ്ണിലൂടെ അടുത്ത് നിന്നു കണ്ടു. ചന്ദ്രന്‍റെ മണ്ണിൽ നിന്ന് ഭൂമിയെ എങ്ങനെ വീക്ഷിക്കാമെന്നും ഭൂമി എത്ര സുന്ദരമാണെന്നും ഒരു ബഹിരാകാശ സഞ്ചാരത്തിൽ ഭൂമിയുടെ പ്രദേശങ്ങൾ എത്ര വർണാഭമാണെന്നും നാം മനസിലാക്കി. ചന്ദ്രന്‍റെ മണ്ണിൽ നിന്നു ഭൂമിയെ നോക്കിയത് ഒരു ക്യാമറയാണെങ്കിലും, ആ കണ്ണുകൾ നമ്മുടേതുമാണ്. വളരെ അകലെയല്ലാതെ കാണപ്പെട്ട സുന്ദരഭൂമിയിൽ മനുഷ്യർ തമ്മിൽ നിരന്തരം കലഹിക്കുകയാണ്. യാതൊരു ഒത്തുതീർപ്പുമില്ലാതെ മനുഷ്യർ വഴക്കടിച്ച് തമ്മിൽത്തല്ലി കൊല്ലുമ്പോൾ, ഭൂമിയെ ചന്ദ്രന്‍റെ മണ്ണിൽ നിന്ന് നോക്കുമ്പോൾ യോഗാത്മകവും അത്യാനന്ദകരവുമായി തോന്നുന്നത് യാദൃശ്ചികമാണോ? നമ്മുടെ ജീവിതത്തോടുള്ള സമീപനങ്ങളെ പ്രാപഞ്ചികമായ ചന്ദ്രപക്ഷാത്മകമായ അഭിവീക്ഷണങ്ങൾ കൊണ്ട് മറികടക്കാനാവുമോ? അല്ലെങ്കിൽ നമ്മുടെ യോഗാത്മക, അത്യാനന്ദ, ആശ്ചര്യാനുഭവങ്ങൾ ചാന്ദ്രലോകത്തിൽ നിന്നുള്ള നോട്ടങ്ങൾ തന്നെയാകുമോ? നമ്മുടെയുള്ളിലെ വളരെ സൂക്ഷ്മമായ ഐന്ദ്രിയകണങ്ങൾ പ്രാപഞ്ചികമായ ഐന്ദ്രിയതയിലേക്ക് ഉയരുകയാണോ ചെയ്യുന്നത്?

അമെരിക്കൻ, ബ്രിട്ടീഷ് പത്രപ്രവർത്തകനും ശാസ്ത്രഗ്രന്ഥകാരനും യാത്രാ സാഹിത്യകാരനും ഇംഗ്ലീഷ് ഭാഷാ വിദഗ്ധനുമായ ബ്രിൽ ബ്രൈസൺ എഴുതിയ "എ ഷോർട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിങ്' (2003) എന്ന ഗ്രന്ഥം പരിശോധിക്കുന്നത് ഈ സന്ദർഭത്തിൽ കൗതുകകരമായിരിക്കും. ഈ പുസ്തകം വളരെ ജനപ്രീതിയാർജിച്ചതാണ്. പ്രപഞ്ചത്തിന്‍റെ ഉത്ഭവം മുതൽ ആധുനിക നാഗരിക സംസ്കാരം വരെ ഇത് ചർച്ച ചെയ്യുന്നു. ഇതിൽ ജീവശാസ്ത്രവും ഊർജതന്ത്രവും രസതന്ത്രവും കൂടി കലരുന്നുണ്ട്.

ഈ പുസ്തകത്തിന്‍റെ ആമുഖത്തിൽ ബ്രൈസൺ അതിശയിപ്പിക്കുന്ന ഒരു കാര്യം വെളിപ്പെടുത്തുന്നുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം: "കോടിക്കണക്കിന് അണുക്കൾ എങ്ങനെയോ കൂടിച്ചേർന്നിരിക്കയാണ് നിങ്ങളെ സൃഷ്ടിക്കുന്നതിന്, ഈ ക്രമീകരണം വളരെ പ്രത്യേകമാണ്. ഇതിനു മുമ്പ് ഇതുപോലെ ഈ അണുക്കൾ നിങ്ങൾക്കു വേണ്ടി കൂടിച്ചേർന്നിട്ടില്ല. ഈ ക്രമീകരണം ഇതേ രൂപത്തിൽ ഒരിക്കൽ മാത്രമേയുള്ളൂ. അടുത്ത കുറെ വർഷങ്ങൾ ഈ ചെറിയ കണങ്ങൾ യാതൊരു പരാതിയുമില്ലാതെ, എല്ലാ ബാധ്യതകളോടെയും നിങ്ങളെ ഭദ്രമായി നിലനിർത്തുന്നതിൽ സഹകരിച്ച് പ്രവർത്തിക്കുന്നു. നിങ്ങളെ അതുല്യമായ ഈ അവസ്ഥ അനുഭവിപ്പിക്കുകയാണ് ആ കണങ്ങൾ. എന്നാൽ പൊതുവേ ഈ അവസ്ഥ എന്താണെന്ന് മനസിലാക്കി ആസ്വദിക്കപ്പെടുന്നില്ലെങ്കിലും ഇതാണ് അസ്തിത്വം.'

അണുക്കൾ എന്തിനോ വേണ്ടി ഒന്നിക്കുന്നു

എന്തിനാണ് അണുക്കൾ ഈ കുഴപ്പം പിടിച്ച ജോലി ഏറ്റെടുക്കുന്നതെന്നു ചോദിച്ചാൽ ഉത്തരമില്ല. നിങ്ങളായിരിക്കുക എന്നു പറഞ്ഞാൽ അണുക്കളുടെ തലത്തിൽ അത് ഒട്ടും ആഹ്ലാദകരമല്ല. എന്നാൽ രസകരമായ മറ്റൊരു കാര്യം ബ്രൈസൻ ഓർമിപ്പിക്കുന്നത് ഇങ്ങനെയാണ്: "നിങ്ങളെ രൂപീകരിച്ചിരിക്കുന്ന ഈ അണുക്കൾ, അവയുടെ സമർപ്പണ ശ്രദ്ധയിൽ, നിങ്ങളെക്കുറിച്ച് ഓർക്കുന്നേയില്ല; നിങ്ങൾ ജീവിച്ചിരിക്കുന്നതായിപ്പോലും അവ അറിയുന്നില്ല. അവ നിങ്ങളുടെ ശരീരമായിരിക്കുന്ന യാഥാർഥ്യം പോലും അവയ്ക്കറിയില്ല. അവയ്ക്ക് മനസില്ല. അവ സ്വയം ജീവിക്കുന്നു പോലുമില്ല. നിങ്ങളുടെ നിലനിൽപ്പിന്‍റെ ഘട്ടത്തിൽ അവയ്ക്ക് ഒരേയൊരു ആവേഗം മാത്രമേയുള്ളൂ; നിങ്ങളെ നിലനിർത്തുക എന്നു മാത്രം.'

ഒരാളുടെ ജീവിതത്തിന്‍റെ ഒരു ഘട്ടം കഴിയുന്നതോടുകൂടി, അത് ചിലപ്പോൾ 6,50,000 മണിക്കൂറുകളായിരിക്കാം, ഈ അണുക്കൾ അറിയപ്പെടാത്ത കാരണങ്ങളാൽ ശിഥിലമാകുന്നു, അവർ പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങുന്നു മറ്റു വസ്തുക്കളിലേക്ക്. അപ്പോൾ നിങ്ങൾ ഒരു ഓർമ മാത്രമാണ്. കോടിക്കണക്കിനു അണുക്കൾ ഒരിക്കൽ മാത്രം കൂടിച്ചേർന്നതിന്‍റെ ഓർമ.

അണുക്കളോട് നന്ദി പറയാനാണ് ബ്രൈസൺ നിർദ്ദേശിക്കുന്നത്. അണുക്കളാണ് നിങ്ങളെ നിലനിർത്തിയിരിക്കുന്നത്. ഉത്പത്തി മുതൽ നോക്കിയാൽ അനേകം ലക്ഷം കോടി ജീവിവർഗങ്ങൾ ഇവിടെ നിലനിന്നിരുന്നു. എന്നാൽ അവയിൽ ഭൂരിപക്ഷവും ഇപ്പോഴില്ല. "ഭൂമിയിലുള്ള ജീവിതം നിങ്ങൾ വിചാരിക്കുന്നതു പോലെ ഹ്രസ്വം മാത്രമല്ല, ഉഗ്രഭീതിയുളവാക്കുന്ന തരത്തിൽ സൂക്ഷ്മവുമാണ്. "ബ്രൈസൺ ചൂണ്ടിക്കാണിക്കുന്നതു പോലെ ഈ ഗ്രഹം ജീവനെ പ്രോത്സാഹിപ്പിക്കുന്നു, വളർത്തുന്നു; എന്നാൽ ജീവനെ വളരെ വേഗം ഇല്ലാതാക്കുന്നതിലും മുൻപന്തിയിലാണ്.

സൗരയൂഥങ്ങൾ താഴെയും

അമെരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ കാൾ സാഗൻ "കോസ്മോസ്' എന്ന ഗ്രന്ഥത്തിലെഴുതിയ രസകരമായ ഒരു ചിന്ത ബ്രൈസൺ ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ഒരു ഇലക്‌ട്രോണിന്‍റെ ഉള്ളിലേക്ക് സഞ്ചരിക്കാൻ കഴിയുകയാണെങ്കിൽ അതൊരു സ്വതന്ത്ര പ്രപഞ്ചമാണെന്ന് കാണാനാവും. അമ്പതുകളിലെ എല്ലാ ശാസ്ത്രകഥകളും അത് ഓർമിപ്പിക്കും. അതിൽ യഥാർഥ സൗരയൂഥങ്ങൾക്ക് സമാനമായ ഘടനകൾ കാണാം. അനേകം മറ്റു ചെറിയ ഘടകങ്ങളും. അതെല്ലാം അതാതിന്‍റെ പ്രപഞ്ചങ്ങളാണ്, അടുത്ത തലത്തിൽ. അത് അനന്തമായി തുടരുകയാണ്. അതിൽ നിന്ന് പുറത്ത് കടന്നാലും ഈ അനന്ത പ്രപഞ്ചഘടനകൾ തുടരുകയാണ്. ബ്രൈസന്‍റെ പുസ്തകത്തിലെ വിചിത്രമായ ചില നിരീക്ഷണങ്ങൾ ആരെയും പിടിച്ചു നിർത്തും.

നിങ്ങൾ കോടിക്കണക്കിന് അണുക്കളാൽ നിർമിതമാണ്. അത് അനേകം നക്ഷത്രങ്ങളിലൂടെ കടന്നുവന്നതാകാം. അതുപോലെ ദശലക്ഷക്കണക്കിന് ജൈവരൂപങ്ങളിലൂടെ വന്നതാകാം. നിങ്ങൾ അസംഖ്യം അണുക്കളാണ്. മരണത്തോടെ അത് റീസൈക്കിൾ ചെയ്യപ്പെടുന്നു. നമ്മുടെ കോടിക്കണക്കിന് അണുക്കൾ, ഒരു രസികൻ പറഞ്ഞതുപോലെ, അത് ഷേക്സ്പിയറിന്‍റേതുമാകാം - ബ്രൈസൺ എഴുതുന്നു.

ഈ ലോകത്തിൽ ഒരു ജീവന്‍റെ ഉടമയായിരിക്കുന്നതു പോലെ ഭയങ്കരമായ ഭാഗ്യം വേറൊന്നില്ലത്രേ. ഏതൊരു ജീവനുള്ള വസ്തുവിനും ഈ ഭാഗ്യമുണ്ട്. അമൂല്യവും അപൂർവവും അസാധാരണവുമായ നിമിഷങ്ങളാണ് അതിനുള്ളത്. "ഈ ലോകത്ത് ഏതെങ്കിലും തരത്തിലുള്ള ഒരു ജീവനെ ആർജിക്കുന്നത് ഒരു നേട്ടം തന്നെയാണ്. മനുഷ്യർക്കാണെങ്കിൽ ഇരട്ടി ഭാഗ്യമാണുള്ളത്. അസ്തിത്വത്തിന്‍റെ മഹനീയത നമ്മൾ ആസ്വദിക്കുന്നു; മാത്രമല്ല അത് ആസ്വദിക്കുന്നതിനുള്ള ഏകപക്ഷീയമായ സിദ്ധി, പലവിധത്തിൽ നിറവേറുന്നതുകൊണ്ട് നിരന്തരം നന്നാവാൻ കഴിയുന്നു. അത് മനുഷ്യർക്ക് മാത്രമുള്ളതാണ്.'

ഓരോ ജീവനും ഓർമിപ്പിക്കുന്നത്

ജീവനാണ് രഹസ്യവും ഉന്മാദവും. സെർബിയൻ കവി ദേജാൻ സ്റ്റോജാനോവിക് എഴുതി:

"മറ്റൊരു അക്ഷരമാലയുണ്ട്,

ഓരോ ഇലയുടെയും മർമരത്തിൽ,

എല്ലാ നദികളുടെയും ആലാപനത്തിൽ,

എല്ലാ ആകാശങ്ങളുടെയും

മിന്നി മിന്നിയുള്ള പ്രകാശത്തിൽ'.

പ്രപഞ്ചത്തിന്‍റെ ചരിത്രത്തെ, മരണത്തെ, ഓർമകളെ ഓരോ ജീവനും നമ്മുടെ മുമ്പിൽ വയ്ക്കുന്നു. ഈ ജീവൻ ഏത് ജീവിയുടെ രൂപത്തിലും, എത്രയോ ദൈർഘ്യമേറിയ കാലത്തിന്‍റെ സഹനങ്ങളുടെയും അതിജീവനത്തിന്‍റെയും തുടർച്ചയാണ്. സാർവത്രികമായ മരണത്തിന്‍റെയും വംശനാശത്തിന്‍റെയും അപ്രത്യക്ഷതയുടെയും ദുരൂഹതയുടെയും അജ്ഞേയതയുടെയും മുന്നിൽ നമുക്ക് പ്രസാദിക്കാൻ ഒരേയൊരു ഉപാധിയേയുള്ളു - ജീവനാണത്. അത് പൂമ്പാറ്റയായോ പൂച്ചയായോ പല്ലിയായോ കഴുതയായോ ഇരിക്കട്ടെ. അത് ജീവന്‍റെ ആഘോഷമാണ്. കോടാനുകോടി വർഷങ്ങളുടെ ഫലമാണത്. ജീവന്‍റെ ആനന്ദവും ഉത്സാഹവും നിറഞ്ഞ ഒരു കുതിപ്പിനു മുന്നിൽ എല്ലാ ദുരൂഹതകളും അലിഞ്ഞില്ലാതാവുന്നു.

നമുക്ക് അനേകം ചെറുജീവികളെ, സൂക്ഷ്മജീവികളെ കൊല്ലാനാണ് താത്പര്യം. നമ്മുടെ ധാരണയെന്താണ്? ഈ പ്രപഞ്ചം മനുഷ്യനു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന്! ബാക്റ്റീരിയയെ നമ്മൾ നശിപ്പിക്കുകയാണ്. എന്നാൽ ഒരു പ്രധാന കാര്യമുണ്ട്, ബ്രൈസൺ പറയുന്നു, അവ നഗരങ്ങൾ നിർമിക്കുന്നില്ലായിരിക്കാം; അവയ്ക്ക് സാമൂഹ്യജീവിതമില്ലായിരിക്കാം. എന്നാൽ സൂര്യൻ പൊട്ടിത്തെറിച്ചാലും അവ ഇവിടെത്തന്നെ കാണും. എന്തെന്നാൽ ഈ ഗ്രഹം അവരുടേതാണ്; അവർ നമ്മെ ജീവിക്കാൻ അനുവദിക്കുന്നുവെന്നു മാത്രം.

ഉത്തര രേഖകൾ

1) സാധാരണക്കാർ ഫെയ്സ്ബുക്കിൽ സ്വന്തം പുസ്തകങ്ങളെക്കുറിച്ച് എഴുതുന്നതിനെയും പോസ്റ്റുകളിടുന്നതിനെയും ചില പ്രമാണികളായ എഴുത്തുകാർ വിമർശിച്ചു തുടങ്ങിയിട്ടുണ്ടല്ലോ.

ഉത്തരം: ഫെയ്സ്ബുക്ക് എന്ന മാധ്യമം എന്തിനാണെന്ന് ഈ എഴുത്തുകാർക്ക് മനസിലായിട്ടില്ല. അവർ ഇപ്പോഴും പ്രിന്‍റ് മാഗസിന്‍റെ കാലപരിധിയിലും ലേ ഔട്ടിലുമാണുള്ളത്. ഫെയ്സ്ബുക്ക് എന്ന മാധ്യമം കലയാണ്, കലാരൂപമാണ്. മാധ്യമമാണ് കല. അത് വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്‍റെ പ്രഖ്യാപനമാണ്. സ്വന്തം വീട്ടിലെ പൂച്ചയുടെ കളി ഒളിംപിക്സിലെ സ്വർണത്തേക്കാൾ മഹത്തരമാണെന്ന് വിശ്വസിക്കുന്ന മനുഷ്യരുടെ മാധ്യമമാണത്. അവിടെ സ്വന്തം ഫോട്ടോകളിടാം. യാതൊന്നിന്‍റെയും ഭാരമില്ലാതെ, ചരടില്ലാതെ, പിന്തുടർച്ചകളില്ലാതെ പൊട്ടിച്ചിരിക്കാനുള്ള ഇടമാണത്. മാമൂൽപ്രിയരായ, യാഥാസ്ഥിതികരമായ എഴുത്തുകാർ ഇവിടെ വന്ന് പ്രകോപിതരായിട്ട് കാര്യമില്ല.

2) ഫെയ്സ്ബുക്കിൽ എഴുത്തുകാർ സ്വന്തം കൃതികളെപ്പറ്റി പോസ്റ്റിടുന്നതുകൊണ്ട് പ്രയോജനമുണ്ടോ?

ഉത്തരം: കഥാകൃത്ത് ഇന്ദുഗോപന്‍റെ ഒരു പ്രസ്താവന (പ്രസാധകൻ ഓണപ്പതിപ്പ് 2023) ഇങ്ങനെയാണ്: "ഐസ് എഴുതിയപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ഉരുത്തിരിഞ്ഞിരുന്നില്ല. വായനക്കാർക്ക് അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. അത് ഉരുത്തിരിഞ്ഞപ്പോഴും ഞാനവിടെ ഇല്ല. എന്‍റെ പുസ്തകം വാങ്ങി വായിക്കണമെന്ന അഭ്യർഥന ഒരു വായനക്കാരനും അയച്ചിട്ടില്ല. അതിന്‍റെ വിൽപനയ്ക്കു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ തുടരൻ പോസ്റ്റുകളിട്ടു നടന്നിട്ടില്ല. വായനക്കാരുമായി കാര്യമായ ആശയവിനിമയമില്ല.'

കുറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിന്‍റെയും ഏതാനും കഥകൾ ചില ആനുകാലികങ്ങളിൽ വന്നതിന്‍റെയും പേരിൽ വല്ലാതെ അഹങ്കരിക്കേണ്ടതില്ലെന്ന് കഥാകൃത്തിനെ ഓർമിപ്പിക്കട്ടെ. ഇതൊന്നും വലിയ നേട്ടമായി പറയരുത്. ഇന്ദുഗോപന്‍റെ വാക്യങ്ങൾ വായിച്ചാൽ മലയാള സാഹിത്യത്തിൽ ഒരു പുണ്യവാളനെ ലഭിച്ചുവോ എന്ന് ചിന്തിച്ചു പോകും. സമൂഹമാധ്യമങ്ങളെ ആശ്രയിക്കാതെ, ചിലർ ഏതെങ്കിലും പ്രവൃത്തിയിൽ കൂടി ചില്ലറ പ്രശസ്തി നേടുകയും വീമ്പു പറയുകയും ചെയ്യുന്നത് കാണാം. സമൂഹ മാധ്യമം എഴുത്തുകാർക്കും ഉപയോഗിക്കാം. പൗലോ കൊയ്‌ലോ തന്‍റെ പുസ്തകങ്ങളുടെ പ്രചരണത്തിനു ഫെയ്സ്ബുക്കിൽ നിരന്തരം പോസ്റ്റുകളിടുന്നുണ്ട്. സൽമാൻ റുഷ്ദി തന്‍റെ പുതിയ പുസ്തകങ്ങളുടെ പുറംചട്ടകളാണ് എഫ്ബിയിൽ കവർ ഫോട്ടോയായി കൊടുക്കാറുള്ളത്.

3) മലയാള കവിതയിൽ ഇപ്പോഴും ആറ്റൂർ രവിവർമയുടെ സ്വാധീനമുണ്ടോ?

ഉത്തരം: ആറ്റൂരിന്‍റെ വഴിയിലാണ് കൽപ്പറ്റ നാരായണനും മറ്റും നീങ്ങുന്നതെന്ന് കാണാം. അസിം താന്നിമൂട് എഴുതിയ "നടുങ്ങൽ' (ദേശാഭിമാനി ഓണപ്പതിപ്പ്) വായിച്ചപ്പോൾ ആറ്റൂർ സ്വാധീനം നഷ്ടപ്പെട്ടില്ല എന്നു മനസിലായി. മനസിൽ നിന്ന് ഇറങ്ങിപ്പോയ ഒരാളെ തിരിയുകയാണ് കവി. ഒടുവിൽ അവൻ സമാനമനസ്കർക്കൊപ്പം കൂടി എവിടേക്കോ യാത്രയ്ക്കൊരുങ്ങുകയാണ്. ആധുനികതയുടെ കാലത്ത് ഇതുപോലുള്ള വൈകാരിക നിശ്ചലത അനുഭവപ്പെടുത്തിയ കവിതകൾ ഉണ്ടായിരുന്നു. ഏതാനും വരികളിൽ പറയാമായിരുന്ന കാര്യം വല്ലാതെ വലിച്ചു നീട്ടി പറഞ്ഞിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല.

4) എഴുത്തുകാരൻ തന്‍റെ കൃതി എഴുതി പൂർത്തിയാക്കുന്ന നിമിഷമുണ്ടല്ലോ. എപ്പോഴാണ് ഒരു കൃതി അവസാനിച്ചു എന്ന് എഴുത്തുകാരൻ മനസിലാക്കുന്നത്?

ഉത്തരം: ഇതിനെക്കുറിച്ച് സൽമാൻ റുഷ്ദി പറഞ്ഞത് ഇതാണ്: "ഭാവന മുന്നോട്ടു പോകാതാവുമ്പോഴാണ് അത് സംഭവിക്കുന്നത്; ശാരീരികമായി പരിക്ഷീണിതമാകുമ്പോഴല്ല. രചന കൂടുതൽ നന്നാക്കാനാവാതെ വരുന്ന ഒരു ഘട്ടമുണ്ട്. ആ ബിന്ദു ഏതാണെന്നു തിരിച്ചറിയാൻ സാധിക്കണം. ഹെമിംഗ്‌വേ പറഞ്ഞു, ഒരു എഴുത്തുകാരനു വേണ്ട പ്രധാന ഗുണം ജുഗുപ്സയുണ്ടാക്കുന്നത് കണ്ടു പിടിക്കാനുള്ള സിദ്ധിയാണെന്ന്; നല്ലതും ചീത്തയും വേറിട്ട് മനസിലാക്കാനുള്ള കഴിവ്‌.

5) പൗലോ കൊയ്‌ലോയുടെ കൃതികളെക്കുറിച്ച് പൊതുവേ പറയാവുന്ന ആശയം എന്താണ്?

ഉത്തരം: അദ്ദേഹം തന്നെ പറഞ്ഞ ഒരു വാക്യം ഉദ്ധരിക്കാം: "ഏതൊരു ആശീർവാദവും അവഗണിച്ചാൽ അത് പിന്നീട് ഒരു ശാപമായി തീരും.'

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com